കോപാകുലരായ കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യാം?

കുട്ടികളിലെ ദേഷ്യവും വാശിയും സ്വാഭാവികമാണെങ്കിലും, അത് നിയന്ത്രണാതീതമായി നിലവിളിയിലേക്കും ആക്രമണസ്വഭാവത്തിലേക്കും മാറുമ്പോൾ കുടുംബത്തിന് അതൊരു വലിയ ബുദ്ധിമുട്ടായി മാറുന്നു. പലപ്പോഴും സ്വന്തം വികാരങ്ങൾ ശരിയായി പ്രകടിപ്പിക്കാൻ കഴിയാത്തതാണ് കുട്ടികളെ ഇതിന് പ്രേരിപ്പിക്കുന്നത്. അതിനാൽ, ഇത്തരം പെരുമാറ്റങ്ങളെ വെറും വാശിയായി തള്ളിക്കളയാതെ, അതിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്തുകയാണ് മാതാപിതാക്കൾ ആദ്യം ചെയ്യേണ്ടത്.

1. കുട്ടിയുടെ കോപം മനസ്സിലാക്കുക

കുട്ടിയുടെ പെരുമാറ്റം പലപ്പോഴും അവരുടെ വികാരങ്ങളുടെ ഒരു പ്രകടനമാണ്. വിഷമം, നിരാശ, ഭയം, ആശയക്കുഴപ്പം തുടങ്ങിയ വികാരങ്ങൾ വാക്കുകളിലൂടെ പറയാൻ കഴിയാതെ വരുമ്പോൾ ചില കുട്ടികൾ അത് കോപത്തിലൂടെയും ആക്രമണത്തിലൂടെയും പ്രകടിപ്പിക്കും. അതിനാൽ അവർ മോശമായി പെരുമാറുന്നു എന്ന് മാത്രം ചിന്തിക്കാതെ, എന്താണ് അവരെ അസ്വസ്ഥരാക്കുന്നതെന്ന് മനസ്സിലാക്കാൻ ശ്രമിക്കണം.

2. കോപിക്കുമ്പോൾ ശാന്തരായിരിക്കുക

കുട്ടി ദേഷ്യപ്പെട്ട് നിലവിളിക്കുമ്പോൾ മാതാപിതാക്കളും ദേഷ്യപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ തിരിച്ചും ദേഷ്യപ്പെടുകയോ ഉച്ചത്തിൽ സംസാരിക്കുകയോ ചെയ്യുന്നത് സ്ഥിതി കൂടുതൽ വഷളാക്കും. അതിനാൽ കഴിയുന്നത്ര ശാന്തമായി പെരുമാറുക. മാതാപിതാക്കൾ സ്വന്തം വികാരങ്ങൾ നിയന്ത്രിക്കുന്നത് കുട്ടിക്കും നല്ലൊരു മാതൃകയാകും.

3. എല്ലാ ആവശ്യങ്ങളും അംഗീകരിക്കരുത്

കുട്ടി കരയുകയോ ദേഷ്യപ്പെടുകയോ ചെയ്താൽ അത് അവസാനിപ്പിക്കാനായി അവർ ആവശ്യപ്പെടുന്നതെല്ലാം നൽകുന്നത് ശരിയായ രീതിയല്ല. അങ്ങനെ ചെയ്താൽ ദേഷ്യപ്പെടുന്നതിലൂടെ കാര്യങ്ങൾ നേടാമെന്ന് അവർ പഠിച്ചേക്കാം. അതിനാൽ സ്നേഹത്തോടെ, എന്നാൽ ഉറച്ച നിലപാടോടെ പെരുമാറണം.

4. നല്ല പെരുമാറ്റത്തെ അഭിനന്ദിക്കുക

കുട്ടി ശാന്തമായി സംസാരിക്കുകയോ തന്റെ വിഷമം വാക്കുകളിലൂടെ പറയുകയോ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയോ ചെയ്യുമ്പോൾ അഭിനന്ദിക്കുക. നല്ല പെരുമാറ്റത്തിന് ലഭിക്കുന്ന പ്രോത്സാഹനം അത് വീണ്ടും ആവർത്തിക്കാൻ അവരെ സഹായിക്കും.

5. പ്രശ്നങ്ങൾ പരിഹരിക്കാൻ പഠിപ്പിക്കുക

കുട്ടി ശാന്തമായിരിക്കുന്ന സമയമാണ് വികാരങ്ങളെക്കുറിച്ച് സംസാരിക്കാൻ ഏറ്റവും നല്ല സമയം. എന്താണ് അവരെ വിഷമിപ്പിച്ചതെന്ന് ചോദിക്കുക. ഒരു പ്രശ്നം വന്നാൽ എങ്ങനെ സംസാരിച്ച് പരിഹരിക്കാമെന്ന് അവരുമായി ചർച്ച ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ദേഷ്യം വരുമ്പോൾ അടിക്കുകയോ നിലവിളിക്കുകയോ ചെയ്യുന്നതിന് പകരം സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ പഠിക്കും.

6. കോപത്തിന് കാരണമാകുന്ന സാഹചര്യങ്ങൾ ശ്രദ്ധിക്കുക

പഠനം, ഉറക്കം, കളി നിർത്തേണ്ട സമയം എന്നിവയിലാണ് കുട്ടികൾ സാധാരണയായി കൂടുതൽ വാശി കാണിക്കാറുള്ളത്. ഇത്തരം സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് കുട്ടികളെ മാനസികമായി തയ്യാറാക്കുന്നത് ദേഷ്യം കുറയ്ക്കാൻ സഹായിക്കും. ഉദാഹരണത്തിന്, കളി നിർത്തുന്നതിന് പത്ത് മിനിറ്റ് മുമ്പ് തന്നെ അവരെ അത് ഓർമ്മിപ്പിക്കാം.

7. ചെറിയ ദേഷ്യപ്രകടനങ്ങളെ അവഗണിക്കാം

കുട്ടികൾ മറ്റുള്ളവരെ ഉപദ്രവിക്കാത്ത തരത്തിലുള്ള ചെറിയ വാശിയോ ദേഷ്യമോ കാണിക്കുമ്പോൾ ചിലപ്പോൾ അത് അവഗണിക്കുന്നത് സഹായിക്കും. എന്നാൽ മറ്റുള്ളവരെ അടിക്കുകയോ സാധനങ്ങൾ നശിപ്പിക്കുകയോ സ്വയം അപകടത്തിലാകുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് അവഗണിക്കരുത്. അത്തരം സാഹചര്യങ്ങളിൽ അവരെയും മറ്റുള്ളവരെയും സുരക്ഷിതരാക്കുകയാണ് പ്രധാന്യം.

8. ദേഷ്യം പതിവാകുന്നുണ്ടെങ്കിൽ കാരണം കണ്ടെത്തുക

പഠനത്തിലെ ബുദ്ധിമുട്ടുകൾ, ഉത്കണ്ഠ, ശ്രദ്ധക്കുറവ്, ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങൾ, അമിതമായ ബഹളം എന്നിവയെല്ലാം കുട്ടികളിൽ ദേഷ്യവും ആക്രമണ സ്വഭാവവും ഉണ്ടാക്കാൻ കാരണമായേക്കാം. അതുകൊണ്ടുതന്നെ അവരുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റങ്ങൾ തുടർച്ചയായി കാണുകയാണെങ്കിൽ, അതിന്റെ ആഴത്തിലുള്ള കാരണം കണ്ടെത്താൻ നമ്മൾ ശ്രമിക്കണം.

9. ആവശ്യമെങ്കിൽ വിദഗ്ധ സഹായം തേടുക

കുട്ടിയുടെ അമിതകോപം കുടുംബത്തിന്റെ സമാധാനം കെടുത്തുന്നുണ്ടെങ്കിൽ ഒട്ടും വൈകാതെ വിദഗ്ധ സഹായം തേടേണ്ടതാണ്. ഒരു ചൈൽഡ് സൈക്കോളജിസ്റ്റിന്റെയോ ഡോക്ടറുടെയോ സഹായത്തോടെ പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്താനും അതിനുള്ള പരിഹാരമാർഗങ്ങൾ മനസ്സിലാക്കാനും കഴിയും. കുട്ടിയുടെ പെരുമാറ്റത്തെ പോസിറ്റീവായി എങ്ങനെ നിയന്ത്രിക്കാമെന്ന് മാതാപിതാക്കൾക്ക് മനസ്സിലാക്കിക്കൊടുക്കാനും ഈ പ്രൊഫഷണൽ സഹായം ഉപകരിക്കും

10. മാതാപിതാക്കളുടെ ക്ഷമയും ശാന്തതയും പ്രധാനമാണ്

കോപാകുലരായ കുട്ടികളെ കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല. ചിലപ്പോൾ മാതാപിതാക്കൾക്ക് ക്ഷമ നഷ്ടപ്പെടുകയും നിരാശ തോന്നുകയും ചെയ്യാം. എന്നാൽ ശാന്തമായും ആത്മവിശ്വാസത്തോടെയും സ്ഥിരതയോടെയും പെരുമാറാൻ ശ്രമിക്കണം. കുട്ടിയുടെ നല്ല പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുകയും തെറ്റായ പെരുമാറ്റത്തിന് വ്യക്തമായ പരിധികൾ നിശ്ചയിക്കുകയും ചെയ്യുന്നത് പ്രധാനമാണ്.

അമിതമായ കോപവും ആക്രമണ സ്വഭാവവും വെറും വാശിയായി മാത്രം കാണരുത്. പലപ്പോഴും അവർക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത വികാരങ്ങളാണ് ഇത്തരം പെരുമാറ്റത്തിന് പിന്നിൽ ഉണ്ടാകുന്നത്. അതിനാൽ കുറ്റപ്പെടുത്തുന്നതിന് പകരം അവരുടെ വികാരങ്ങൾ മനസ്സിലാക്കാനും ശരിയായ രീതിയിൽ പ്രകടിപ്പിക്കാനും സഹായിക്കണം. മാതാപിതാക്കളുടെ ക്ഷമയും സ്നേഹവും സ്ഥിരതയുള്ള സമീപനവും കുട്ടിയുടെ പെരുമാറ്റത്തിൽ വലിയ മാറ്റമുണ്ടാക്കും. ആവശ്യമെങ്കിൽ വിദഗ്ധരുടെ സഹായം തേടുന്നതും നല്ലതാണ്.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.