ജൂലൈ 26: വിശുദ്ധ അന്നായും യൊവാക്കീമും

പരിശുദ്ധ കന്യകാമറിയത്തിന്റെ മാതാപിതാക്കളാണ് വി. അന്നായും യൊവാക്കീമും. ഇവരെക്കുറിച്ച് ചരിത്രവും പാരമ്പര്യവും നമുക്ക് നല്കുന്ന അറിവ് വളരെ പരിമിതമാണെങ്കിലും പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെന്ന നിലയില്‍ ഇവര്‍ കത്തോലിക്കാ സഭയുടെ പ്രത്യേക ഭക്തിബഹുമാനങ്ങള്‍ക്ക് പാത്രമാണ്.

വി. അന്നായും യൊവാക്കീമും ദാവീദിന്റെ വംശത്തില്‍പെട്ടവരായിരുന്നു. വാര്‍ധക്യം വരെ ഇവര്‍ സന്താനരഹിതരായിരുന്നുവെന്നാണ് പാരമ്പര്യം നല്കുന്ന സാക്ഷ്യം. ഇവരുടെ പ്രത്യാശാപൂര്‍ണ്ണമായ നിരന്തരപ്രാര്‍ഥനയ്ക്ക് ഉത്തരമായാണ് ദൈവം, ഒരു ശിശുവിനെ നല്കി അവരെ അനുഗ്രഹിച്ചത്.

ഭക്തരായ മാതാപിതാക്കൾ തങ്ങളുടെ സന്താനങ്ങളെ ശൈശവത്തില്‍ തന്നെ ദൈവാലയത്തില്‍ കൊണ്ടുപോയി ദൈവശുശ്രൂഷയ്ക്കായി സമര്‍പ്പിക്കുന്ന ഒരു പതിവ് യഹൂദരുടെയിടയില്‍ ഉണ്ടായിരുന്നു. വിശുദ്ധ ഗ്രന്ഥം വായിക്കുക, ദേവാലയ ഉപയോഗത്തിനാവശ്യമായ തിരുവസ്ത്രങ്ങള്‍ നെയ്യുക തുടങ്ങിയ സത്കൃത്യങ്ങള്‍ അവര്‍ ചെയ്തിരുന്നു. ഈ ആചാരമനുസരിച്ച് വി. അന്നായും യൊവാക്കീമും തങ്ങളുടെ ഏകസന്താനമായ പരിശുദ്ധ മറിയത്തെ ദേവാലയത്തില്‍ സമര്‍പ്പിച്ചുവെന്നാണ് പാരമ്പര്യവിശ്വാസം.

നസ്രത്തിലെ തിരുക്കുടുംബം ഇവരുടേതായിരുന്നു. അന്നായുടെയും യൊവാക്കീമിന്റെയും മരണശേഷം മറിയത്തിന് ലഭിച്ചതാണതെന്നും വിശ്വസിക്കപ്പെടുന്നു. വി. ഗബ്രിയേല്‍, മറിയത്തെ മംഗളവാര്‍ത്ത അറിയിച്ചതും ഇവിടെ വച്ചാണ്. ഈ വിശുദ്ധരെക്കുറിച്ച് വളരെ കുറച്ചു മാത്രമേ നമുക്കറിയാന്‍ സാധിക്കുന്നുള്ളൂവെങ്കിലും, ആദിമക്രൈസ്തവര്‍ ഇവരെ വളരെധികം ബഹുമാനിച്ചിരുന്നു.

വിവാഹിതരുടെയും മാതാക്കളുടെയും വിധവകളുടെയും മധ്യസ്ഥയാണ് വി. അന്ന. സന്താനരഹിതര്‍, ദരിദ്രര്‍, നാവികന്മാര്‍, ശില്പികള്‍ മുതലായവരും ഈ വിശുദ്ധരുടെ മാധ്യസ്ഥ്യം അപേക്ഷിക്കാറുണ്ട്.

വിചിന്തനം: ”ദൈവത്തിന്റെ ദാനങ്ങളില്‍ നിന്നും സൃഷ്ടികളില്‍ നിന്നും ഉയര്‍ന്ന് അങ്ങയില്‍ വിശ്രമിക്കുന്നതുവരെ എന്റെ ഹൃദയം യഥാര്‍ഥവിശ്രമം പ്രാപിക്കുകയോ, പൂര്‍ണ്ണമായി തൃപ്തിയടയുകയോ ചെയ്യുകയില്ല.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.