
യേശുക്രിസ്തുവിന്റെ സന്ദേശങ്ങളുടെ അന്തഃസത്ത ദൈവരാജ്യമായിരുന്നു. ദൈവരാജ്യം എന്നത് ദൈവത്തിന്റെ ഭരണമാണ്. അത് യേശുവിലൂടെ സമാഗതമായി. ദൈവരാജ്യത്തിന്റെ മക്കളാകാനുള്ള ആഹ്വാനമാണ് തന്റെ പ്രബോധങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും അവിടുന്ന് മനുഷ്യവർഗത്തിനു നൽകിയത്. ദാവീദിന്റെ ഭരണത്തെപ്പോലെ, രാജ്യത്തെപ്പോലെ അതിശക്തമായ ഒരു രാജ്യവും ഭരണവും യേശുമിശിഹാ ഭൂമിയിൽ സ്ഥാപിക്കുമെന്ന പ്രതീക്ഷയാണ് ശിഷ്യരെ ആദ്യഘട്ടത്തിൽ നയിച്ചത്.
ഇന്നത്തെ സുവിശേഷഭാഗം ഒരു വഴിത്തിരിവാണ്. തന്റെ രാജ്യം ഐഹികമല്ല എന്നും താൻ പീഡാസഹനത്തിലൂടെയും മരണത്തിലൂടെയും കടന്നുപോകേണ്ടിവരുമെന്നും എന്നാൽ, പുനരുത്ഥാനത്തിലൂടെ താൻ മരണത്തിന്മേൽ വിജയം വരിക്കുമെന്നും അവിടുന്ന് ശിഷ്യരെ അറിയിച്ചു. പക്ഷേ, ശിഷ്യന്മാർക്ക് ഇത് ഗ്രഹിക്കാൻ കഴിയുന്നില്ല.
ബുദ്ധി കൊണ്ട് വിശ്വാസക്കണ്ണുകളാൽ നാം ഗ്രഹിച്ച സത്യത്തെ മനസ്സ് കൊണ്ടും ഹൃദയം കൊണ്ടും ജീവിതം കൊണ്ടും പുൽകുന്നതാണ് ദൈവികത. എന്നാൽ, നാം തിരിച്ചറിഞ്ഞ സത്യത്തിന്റെ എതിർദിശയിലേക്ക് ബോധപൂർവം പോകുന്നതാണ് പൈശാചികത. സത്യം നേരേ മുൻപിൽ നിൽക്കുമ്പോഴും അതിന് പുറംതിരിഞ്ഞു നിൽക്കുന്നതാണ് തിന്മ നിറഞ്ഞ ഹൃദയകാഠിന്യം.
സി. എസ് ലൂയിസ് പറഞ്ഞത് ശ്രദ്ധേയമാണ്: “ഈ ഭൂമിയിൽ രണ്ടുതരത്തിലുള്ള മനുഷ്യരാണുള്ളത്. ദൈവഹിതം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നിറവേറണമെന്നു പ്രാർഥിക്കുകയും തദനുസാരം ജീവിക്കുകയും ചെയ്യുന്നവരാണ് ആദ്യത്തെ കൂട്ടർ; അവർ സ്വർഗം കരസ്ഥമാക്കും. എന്നാൽ, രണ്ടാമത്തെ കൂട്ടർ ‘നിങ്ങളുടെ ഹിതം ഭൂമിയിലെപ്പോലെ തന്നെ നരകത്തിലും നിറവേറട്ടെ’ എന്ന് ദൈവം പറയുന്ന കൂട്ടരാണ്.
ദൈവഹിതത്തിനു പ്രതിബന്ധം സൃഷ്ടിക്കുന്ന ചിന്തകളെയും ബന്ധങ്ങളെയും മോഹങ്ങളെയും നമുക്ക് ഉപേക്ഷിക്കാം. ദൈവഹിതത്തെ സ്നേഹപൂർവം അനുസരിക്കുന്ന ദൈവമക്കളായി നമുക്ക് ജീവിക്കാം.
ഫാ. ജോളി കരിമ്പില്‍




