സെപ്റ്റംബര്‍ 18: കുപ്പര്‍ത്തീനോയിലെ വി. ജോസഫ് (1603-1663)

കുപ്പര്‍ത്തീനോ എന്ന സ്ഥലത്ത് 1603 -ല്‍ ഒരു ദരിദ്രകുടുംബത്തിലാണ് വിമാനയാത്രക്കാരുടെ മധ്യസ്ഥനായി അറിയപ്പെടുന്ന ജോസഫ് ജനിച്ചത്. എട്ടുവയസ്സു  മുതല്‍തന്നെ ജോസഫിന് സമാധിദര്‍ശനങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. അതിനാല്‍ കൂട്ടുകാര്‍ അവനെ വാപൊളിയനും മണ്ടനുമാണെന്നു പറഞ്ഞ് തിരസ്‌കരിച്ചു. ഉപയോഗശൂന്യനും കുടുംബത്തിന് അപമാനവുമാണെന്നു ചിന്തിച്ചുകൊണ്ട് ബന്ധുക്കളും അവനെ പുറന്തള്ളി.

എല്ലാവരാലും തിരസ്‌കൃതനായ ജോസഫിന്റെ യാചനയില്‍ ദയതോന്നി കണ്‍വഞ്ചുവല്‍ സന്യാസികള്‍ ആശ്രമത്തിലെ കഴുതയെ സംരക്ഷിക്കുന്ന ജോലിനല്‍കി സ്വീകരിച്ചു. വിനീതശുശ്രൂഷിയുടെ എളിമ, അനുസരണം, ഭക്തി എന്നിവ മനസ്സിലാക്കി അധികാരികള്‍ ജോസഫിനെ വൈദികവിദ്യാർഥിയാക്കി. മൂന്നുവര്‍ഷം കഴിഞ്ഞ് 25 -ാമത്തെ വയസ്സില്‍ പൗരോഹിത്യവും നല്‍കി.

വേണ്ടതുപോലെ വായിക്കാന്‍ പഠിച്ചിരുന്നില്ലെങ്കിലും ദൈവനിവേശിതമായ വിജ്ഞാനവും ഏതു ദൈവശാസ്ത്രപ്രശ്നവും കൈകാര്യം ചെയ്യാനുള്ള കഴിവും അദ്ദേഹത്തിനു ലഭിച്ചു. പരഹൃദയജ്ഞാനവും പ്രവചനവരവും അദ്ദേഹത്തിനുണ്ടായിരുന്നു. വായുവില്‍ക്കൂടി പറക്കാന്‍ കഴിഞ്ഞിരുന്ന അദ്ദേഹം പള്ളിയുടെ വാതില്‍ക്കല്‍ നിന്ന് ബലിപീഠത്തിലേക്ക് ജനക്കൂട്ടത്തിനുമുകളിലൂടെ പറക്കുന്നത് നിരവധി ആളുകള്‍ കണ്ടിട്ടുണ്ടെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ആശ്രമത്തിനുസമീപം ഉയര്‍ന്ന സ്ഥലത്ത് മൂന്നു കുരിശുകള്‍ സ്ഥാപിതമായിരുന്നു. അവയുടെ ദര്‍ശനത്തില്‍ വായുവിലുയര്‍ന്ന് മധ്യത്തിലെ കുരിശ് ആശ്ലേഷിച്ച് ദീര്‍ഘനേരം നില്‍ക്കുക സാധാരണമായിരുന്നു. ദിവ്യബലിയര്‍പ്പിക്കുമ്പോഴും ഉയര്‍ന്നുപോവുക പതിവായിരുന്നതിനാല്‍ രഹസ്യബലിയര്‍പ്പണമേ അനുവദിച്ചിരുന്നുള്ളൂ. അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാനത്തെ പത്തുവര്‍ഷങ്ങളില്‍ ജോസഫില്‍ നടക്കുന്ന പ്രകൃത്യാതീതസംഭവങ്ങള്‍ കാണാന്‍ പലപ്പോഴും ജനം ആശ്രമത്തില്‍ തിങ്ങിക്കൂടിയിരുന്നതിനാല്‍ അജ്ഞാതമായ ആശ്രമങ്ങളിലേക്ക് അദ്ദേഹത്തെ മാറിമാറി അയച്ചുകൊണ്ടിരുന്നു.

1663 സെപ്തംബര്‍ 18 -ന് ഓസിമോയിലേ ആശ്രമത്തില്‍വച്ച് 61 -ാമത്തെ വയസ്സില്‍ ജോസഫ് നിര്യാതനായി. 1753 -ല്‍ എട്ടാം ക്ലെമന്റ് മാര്‍പാപ്പാ ജോസഫിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

വിചിന്തനം: ‘സകല അപമാനങ്ങളിലും ദ്രോഹങ്ങളിലും നിന്നു നമ്മെ രക്ഷിച്ച്, ഓരോരുത്തര്‍ക്കും അവരവരുടെ പ്രവൃത്തികള്‍ക്കുള്ള പ്രതിഫലം നല്‍കിക്കൊണ്ടിരിക്കുന്ന സ്വര്‍ഗസ്ഥനായ പിതാവിങ്കലേക്കു തിരിയാം.’

ഇതരവിശുദ്ധര്‍: യുമെനെസ് (മൂന്നാം നൂറ്റാണ്ട്) ഗൊര്‍ഡിനായിലെ മെത്രാന്‍/ ഫെറെയോളൂസ് (മൂന്നാം നൂറ്റാണ്ട്) രക്തസാക്ഷി/ ഡോമിനിക് (+1842)/ ഹിഗ്ബാര്‍ഡ്(+690)/മെത്തോഡിയസ് (+311)രക്തസാക്ഷിയായ മെത്രാന്‍/റിച്ചാര്‍ഡിസ് (840-895)/ ഫൈറെയോളൂസ്((+591)ഡോമിനിക്കന്‍ സന്യാസി

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.