സീറോ മലങ്കര സെപ്റ്റംബർ 11 മത്തായി 22: 34-40 സുപ്രധാന കല്പനകൾ

ദൈവസ്നേഹവും പരസ്നേഹവുമാണ് ക്രിസ്തീയവിശ്വസത്തിന്റെ അടിസ്ഥാനശിലകൾ. ക്രിസ്തു നൽകിയ സ്നേഹത്തിന്റെ ഈ ഭാഷയാണ് മാനവരാശിയുടെ മുഴുവൻ ഒന്നാം ഭാഷ. സുവിശേഷകർ ഈ ഭാഷയിലുള്ള പ്രവീണ്യം കൊണ്ടു മാത്രമാണ് ലോകത്തെ പരിവർത്തനപ്പെടുത്തിയത്.

ഈ സുവിശേഷഭാഗം നമ്മുടെ അനുദിനജീവിതത്തിൽ അനുഷ്ഠിക്കാൻ സഹായിക്കുന്ന ചില പ്രായോഗികചിന്തകൾ ചുവടെ ചേർക്കുന്നു:

1. എല്ലാവരെയും സ്നേഹിക്കുക: നമ്മൾ മറ്റുള്ളവരെ സ്നേഹിക്കാൻ തുടങ്ങുമ്പോൾ നമ്മുടെ സ്നേഹത്തിന്റെ വഴിയിൽ നിറമോ, സാമ്പത്തിക-വിദ്യാഭ്യാസ-സാംസ്കാരിക പശ്ചാത്തലങ്ങളോ പരിഗണനാ വിഷയങ്ങളായി വരാൻ പാടില്ല. ഇവയെല്ലാം മറികടക്കുന്നതാണ് യേശുവിലുള്ള യഥാർഥ സ്നേഹം.

2. സ്നേഹിക്കുന്നതിൽ ഒന്നാമനാകുക: സ്നേഹിക്കുന്നതിൽ നമുക്ക് മറ്റുള്ളവരുമായി മത്സരിക്കാം. ഒരു വ്യക്തി എന്നെ സ്നേഹിക്കാൻ തുടങ്ങുന്നതിനു മുൻപ് എന്റെ സമീപത്തേക്കു വരുന്ന ആ വ്യക്തിയെ ഞാൻ സ്നേഹിക്കുമെന്ന് തീരുമാനിക്കാം.

3. ശത്രുക്കളെ സ്നേഹിക്കുക: പ്രസംഗിക്കാൻ എളുപ്പവും പ്രായോഗികമാക്കാൻ പ്രയാസമേറിയതുമായ കാര്യം. അനുദിന ജീവിതത്തിൽ നമ്മുടെ ബന്ധങ്ങളിൽ ശത്രുവിന്റെ സ്ഥാനത്ത് വരുന്നവർക്കു വേണ്ടി എന്നും പ്രാർഥിച്ചാൽ അവർ സാവധാനം നമ്മുടെ മിത്രങ്ങളാകും.

4. അയൽക്കാരനെ സ്നേഹിക്കുക: എല്ലാവർക്കും ഒരു നല്ല സമരിയാക്കാരനായി സ്നേഹം പ്രാവർത്തികമാക്കുക. എന്റെ സഹായം ആവശ്യമുള്ള എല്ലാവരും എന്നും എന്റെ അയൽക്കാരാണ്. ക്രിസ്തീയസ്നേഹത്തിന്റെ ഉദാത്തഭാവമാണ് അയൽക്കാരനെ തേടിച്ചെല്ലുന്ന ക്രിസ്തീയവിശ്വാസി.

5. എല്ലാവരിലും യേശുവിന്റെ മുഖം ദർശിക്കുക: നമുക്ക് ദൈവം നൽകിയിരിക്കുന്ന യഥാർഥ മുഖം ദൈവത്തിന്റേതിനു സമാനമാണ്. ആ മുഖം ദൈനംദിന ജീവിതത്തിൽ കണ്ടുമുട്ടുന്ന ഓരോരുത്തരിലും കാണാൻ കഴിയുമെങ്കിൽ മറ്റുള്ളവരെ സ്നേഹിക്കുന്നത് നമുക്ക് എളുപ്പമായിരിക്കും.

6. മറ്റുള്ളവരുമായി താദാത്മ്യപ്പെടുക: നമ്മുടെ പരിശ്രമത്തിലൂടെ വളർത്താൻ കഴിയുന്ന ഒരു കലയും കഴിവുമാണ് സ്നേഹം. മറ്റുള്ളവരുടെ വികാരങ്ങളും വിചാരങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി അവരെ സ്നേഹിക്കുക. ഒരു കൊച്ചുകുട്ടിയെ അതിന്റെ രീതിയിലും പ്രായമായവരോട് അവരുടെ തലത്തിലും പെരുമാറുന്നതിനു സാധിക്കണം.

വിശ്വകവിയായ വില്യം ഷേക്സ്പിയറിന്റെ ‘ഹാംലെറ്റ്’ എന്ന ദുരന്തനാടകത്തിൽ നായകനായ ഹാംലെറ്റ്, തന്റെ പ്രണയിനി ഒഫീലിയായ്ക്ക് ഇപ്രകാരമെഴുതി: “നക്ഷത്രങ്ങൾ അഗ്നിഗോളങ്ങളെന്നു സംശയിച്ചാലും; സൂര്യൻ നിശ്ചലമെന്നു  സംശയിച്ചാലും; സത്യം നുണയെന്നു സംശയിച്ചാലും; നിന്നെ ഞാൻ സ്നേഹിക്കുന്നുവെന്നത് നീ ഒരിക്കലും സംശയിക്കരുത്.”

ജീവിതത്തിൽ ഒഫീലിയായെ സ്നേഹിക്കുന്നതിൽ ഹാംലെറ്റ് പരാജയപ്പെട്ടു. എന്നാൽ, യേശു നമ്മെ സ്നേഹിക്കുന്നതിൽ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. അതുപോലെ നാമും ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കുന്നതിൽ ഒരിക്കലും പരാജയപ്പെടരുത്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.