സെപ്റ്റംബര്‍ 11: വി. സ്‌പെരാന്‍ഡിയ

പാപികളുടെ മാനസാന്തരത്തിനുവേണ്ടി കഠിനതപസ്സിന് സന്നദ്ധയായ വിശുദ്ധയാണ് സ്‌പെരാന്‍ഡിയ. 1216 -ല്‍ ഇറ്റലിയിലാണ് അവള്‍ ജനിച്ചത്. കുട്ടിക്കാലത്തുതന്നെ അവളില്‍ തീക്ഷ്ണമായ ദൈവസ്‌നേഹം ജ്വലിപ്പിക്കാന്‍ മാതാപിതാക്കള്‍ക്കു സാധിച്ചു. സാവകാശം അവള്‍ പ്രായശ്ചിത്തപ്രവൃത്തികളുടെ ജീവിതം തെരഞ്ഞെടുത്ത് വീട്ടിലെ ആഡംബരങ്ങള്‍ ഉപേക്ഷിച്ച് കുന്നിന്‍ചെരുവിലെ ഗുഹയില്‍ ഏകാന്തവാസം അനുഷ്ഠിച്ചു.

അങ്ങനെയിരിക്കെ വിശുദ്ധനാടുകള്‍ സന്ദര്‍ശിക്കണമെന്ന് അവള്‍ക്ക് മോഹമുണ്ടായി. പത്തുവര്‍ഷം ദീര്‍ഘിച്ച തീർഥാടനമായിരുന്നു അത്. വിശുദ്ധനാടുകളും റോമിലെ തീര്‍ഥാടനകേന്ദ്രങ്ങളുമെല്ലാം സന്ദര്‍ശിച്ചു. യാത്രയ്ക്കിടയില്‍ കടന്നുചെന്ന ഗ്രാമങ്ങളിലെല്ലാം പഠിപ്പിച്ചു. വലിയ കൂട്ടങ്ങളോട് പ്രസംഗിച്ചു.

യാത്ര പൂര്‍ത്തിയായപ്പോള്‍ സിങ്കോളിയിലെ ബനഡിക്ടൈന്‍ ആശ്രമത്തില്‍ അംഗമാകാന്‍ അപേക്ഷ സമര്‍പ്പിച്ചു. അവളുടെ വിശുദ്ധസ്വഭാവം തിരിച്ചറിഞ്ഞ ആബസ് ഉടന്‍ പ്രവേശനം അനുവദിച്ചു. ഉപവിപ്രവര്‍ത്തനങ്ങളും പ്രായശ്ചിത്തപ്രവൃത്തികളും കഠിനതപസ്ചര്യകളും അനുഷ്ഠിച്ചുകൊണ്ട് സ്‌പെരാന്‍ഡിയ വിശുദ്ധിയില്‍ മുന്നേറി. പില്‍ക്കാലത്ത് സ്‌പെരാന്‍ഡിയ ആബസായി തെരഞ്ഞെടുക്കപ്പെട്ടു. 1276 -ല്‍ അവള്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

മരിച്ച് രണ്ടു വര്‍ഷത്തിനുശേഷം കുഴിമാടം തുറന്നു. മൃതദേഹം സംസ്‌കരിച്ച ദിവസത്തെപ്പോലെയായിരുന്നു. അതിനാല്‍ മൃതദേഹം മറ്റൊരു പെട്ടിയിലാക്കി ആശ്രമദേവാലയത്തിന്റെ പ്രധാന അള്‍ത്താരയ്ക്കു കീഴില്‍ സംസ്‌കരിച്ചു. 1482 -ല്‍ ശരീരം വീണ്ടും പരിശോധിച്ചു. അപ്പോഴും ശരീരം അഴുകിയിരുന്നില്ല. 1525 -ല്‍ പേടകം വീണ്ടും തുറന്നുകണ്ടശേഷം അതിനായി നിര്‍മ്മിച്ച ചാപ്പലിലേക്കു മാറ്റി. 1635, 1768, 1834, 1870, 1952 എന്നീവര്‍ഷങ്ങളിലും പേടകം തുറന്നു പരിശോധനനടത്തി. 1952 -ല്‍ തുറക്കുമ്പോള്‍ ശരീരത്തില്‍ നിന്നും സുഗന്ധം പ്രവഹിച്ചിരുന്നു.

വിചിന്തനം: ‘കര്‍ത്താവിനെ കാത്തിരിക്കുക. ധീരതയോടെ പ്രവൃത്തിക്കുക. നിരാശപ്പെട്ട് ഒരിക്കലും പിന്മാറരുത്. നമ്മുടെ ശരീരത്തെയും ആത്മാവിനെയും ദൈവമഹത്വത്തിനായി സ്ഥിരതയോടെ പ്രതിഷ്ഠിക്കുക.’

ഇതരവിശുദ്ധര്‍: അല്‍മീറൂസ് (+560)/ലിയോണിലെ വിന്‍സെന്റ് (+554)സ്പാനിഷ് രക്തസാക്ഷി/സിനിയോള്‍ (+584)ബങ്ങോറിലെ മെത്രാന്‍/എമിലിയന്‍(+520) ചാവനനിലെ പീറ്റര്‍ (1003-1080) ജോണ്‍ ഗബ്രിയേല്‍ (1802-1840)/ ഡാനിയേല്‍ (+545) ബാങ്കോറിലെമെത്രാന്‍/ ബോഡോ (+670) ടൂളിലെ മെത്രാന്‍.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.