ഞായർ പ്രസംഗം, ഏലിയാ സ്ലീവാ മൂശാക്കാലം രണ്ടാം ഞായർ സെപ്റ്റംബർ 18, കുരിശുകളെ സന്തോഷമാക്കാം

ബ്ര. ജോമിറ്റ് തുണ്ടുപറമ്പില്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞ മാതാപിതാക്കളേ,

ആരാധനാക്രമവത്സരത്തില്‍ കര്‍ത്താവിന്റെ രണ്ടാമത്തെ വരവും കുരിശിന്റെ വിജയവും അനുസ്മരിക്കുന്ന ഏലിയാ സ്ലീവാ മൂശാക്കാലത്തിലെ സ്ലീവാക്കാലത്തിലേക്ക് നമ്മള്‍ ഇന്ന് പ്രവേശിക്കുകയാണ്. മനുഷ്യപുത്രന്റെ ആഗമനത്തിനായി കാത്തിരിക്കാനുള്ള ക്ഷണമല്ല, അവന്റെ വരവിനായി ഒരുങ്ങിയിരിക്കാനുള്ള വിളിയാണ് സ്ലീവാക്കാലം നല്‍കുന്നത്.

ഇന്നത്തെ വചനഭാഗത്തിലൂടെ കര്‍ത്താവ് നമ്മോട് ആവശ്യപ്പെടുന്നത് ഒന്നുമാത്രമാണ്. എന്നെ അനുഗമിക്കാന്‍ നീ ഒരുമ്പെട്ടിട്ടുണ്ടെങ്കില്‍ സഹനത്തെ അഭിമുഖീകരിക്കാന്‍ തയ്യാറായിക്കൊള്ളൂ. ഇന്നത്തെ ഒന്നാം വായന, ഇസ്രായേല്‍ ജനം തങ്ങളുടെ ജീവിതത്തില്‍ അനുഭവിച്ച അനേകം നന്മകളെപ്പറ്റി നന്ദി പറയാതെ ജീവിതത്തിലുണ്ടാകുന്ന ചെറിയ കുറവുകളെപ്പറ്റി മറുതലിക്കുന്നതിനെ അവതരിപ്പിക്കുന്നു. രണ്ടാം വായനയില്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ ചിതറിക്കപ്പെട്ട ജനത്തോട്, ഞാന്‍ നല്ലിടയനാകുന്നു എന്നു പറയുന്ന കാരുണ്യവാനായ ദൈവത്തെയാണ് നമ്മള്‍ കണ്ടുമുട്ടുന്നത്. കര്‍ത്താവിങ്കലേക്ക് തിരിയുന്നവര്‍ക്കും സഹനങ്ങളെ ജീവിതത്തില്‍ സന്തോഷത്തോടെ സ്വീകരിക്കുന്നവര്‍ക്കും മാത്രമുള്ളതാണ് രക്ഷ എന്ന് രണ്ടാം വായന നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. പിന്നീട് ലേഖനഭാഗത്തേക്ക് കടന്നുവരുമ്പോള്‍, ഒരു യുവാവ് തന്റെ കുരിശുകളെ ചങ്കോട് ചേര്‍ത്തുനിര്‍ത്തി ഉറക്കെ വിളിച്ചുപറയുകയാണ്: കുരിശിലാണ് രക്ഷ. ഞാന്‍ ക്രൂശിക്കപ്പെട്ടിട്ടുണ്ടെ ങ്കില്‍ അത് മിശിഹായോടെപ്പമാണെന്ന വി. പൗലോസിന്റെ ഹൃദയം തുറന്നുള്ള പ്രഘോഷണം. വി. മത്തായിയുടെ സുവിശേഷം 10-ാം അധ്യായം 34-39 വരെയുള്ള തിരുവചനഭാഗത്തിലൂടെ അവിടുന്ന് ഓര്‍മ്മപ്പെടുത്തുകയാണ്, “സമാധാനമല്ല മറിച്ച് വാളാണ് നിങ്ങള്‍ക്കു വേണ്ടി ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്.”

മാനുഷികമായ രീതിയില്‍ ഒരുപക്ഷേ നാമൊക്കെ ചിന്തിച്ചി ട്ടുണ്ടാകണം, കര്‍ത്താവീശോമിശിഹാ എന്താണ് ഈ പറയുന്നത്. സമാധാനത്തിന്റെ ഉടയവന്‍ തന്നെ പറയുകയാണ് നിങ്ങള്‍ എന്നെ അനുഗമിച്ചോ; പക്ഷേ, പ്രതിഫലം വാള്‍ ആണെന്നു മാത്രം. മറ്റൊരു ദിശയില്‍ നിന്നു നോക്കുകയാണെങ്കില്‍ വചനത്തില്‍ പലയിടങ്ങളിലായി സമാധാനരാജാവായ ക്രിസ്തുവിനെ നമ്മള്‍ കണ്ടുമുട്ടുന്നുണ്ട്. യോഹന്നാന്റെ സുവിശേഷം 14: 27 നമ്മെ ഓര്‍മ്മപ്പെടുത്തുന്നു: “ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തന്നിട്ടുപോകുന്നു. ലോകം നല്‍കുന്നതു പോലെയല്ല ഞാന്‍ നല്‍കുന്ന സമാധാനം.” വി. മത്തായി 5:9 പറയുന്നു: “സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും.” പിന്നീട് അവന്‍ നമ്മുടെ സമാധാനമാണെന്ന് വി. പൗലോസ് ശ്ലീഹാ എഫേസോസുകാരെയും ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

പിന്നെ എന്തുകൊണ്ടാണ് പ്രിയമുള്ളവരേ, ഞാന്‍ സമാധാനമല്ല വാളാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് ക്രിസ്തു പറയുന്നത്. അതിന് വ്യക്തമായ ഒരു ഉത്തരം വി. പൗലോസ് ശ്ലീഹാ തിമോത്തിയോസിന് എഴുതിയ ലേഖനം 3:12 നമ്മെ പഠിപ്പിക്കും, “യേശുക്രിസ്തുവില്‍ ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടും.” പ്രത്യേകിച്ച്, മത്തായിയുടെ സുവിശേഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നത്തെ വചനഭാഗം ചേര്‍ത്തുവച്ചു നോക്കുകയാണെങ്കില്‍ കാണാന്‍ കഴിയുന്നത്, ക്രിസ്തീയവിശ്വാസത്തിന്റെ പേരില്‍ പീഢകള്‍ സഹിക്കുന്ന യഹൂദക്രിസ്ത്യാനികളെയാണ്. ഇവരെ ശക്തിപ്പെടുത്താനുള്ള കാലഘട്ടത്തിന്റെ ആവശ്യമെന്ന നിലയിലാണ് മത്തായിയുടെ സുവിശേഷം എഴുതപ്പെട്ടതു തന്നെ.

ഇന്നിന്റെ ലോകത്തോട് ചേര്‍ത്തുവച്ച് ഈ സുവിശേഷഭാഗം ധ്യാനിച്ചാലും നമുക്ക് കാണാന്‍ കഴിയുന്നത്, ക്രിസ്തീയവിശ്വാസത്തിന് എതിരായും ക്രിസ്തീയമൂല്യങ്ങള്‍ക്ക് എതിരായും ഉയര്‍ന്നുവരുന്ന വെല്ലുവിളികളാണ്. ഭ്രൂണഹത്യയായും ദയാവധമായും സ്വവര്‍ഗ്ഗവിവാഹമായും സഭയുടെ മൂല്യങ്ങള്‍ക്കെതിരെ ഇന്നിന്റെ ലോകം ആഞ്ഞടിക്കുമ്പോള്‍ ഇന്നത്തെ സുവിശേഷം നമുക്ക് ഒരു ശക്തിപ്പെടുത്തല്‍ തന്നെയാണ്. ആയതിനാല്‍ പ്രിയമുള്ളവരേ, ക്രിസ്തുവിന്റെ സുവിശേഷം ജീവിക്കാന്‍ നീ ആരംഭിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ സഹനങ്ങളുണ്ടാകും, ഞെരുക്കങ്ങളുണ്ടാകും, ഭിന്നതകളുണ്ടാകും. എന്റെ കുടുംബത്തില്‍, ജോലിയില്‍, ഉത്തരവാദിത്വങ്ങളില്‍, ഞാന്‍ ആയിരിക്കുന്ന എന്റെ ജീവിതാവസ്ഥയില്‍ കുരിശുകളെ തോളോടു തോള്‍ ചേര്‍ത്തുനിര്‍ത്തേണ്ടതായി വരും. ഓര്‍മ്മിക്കുക, നമ്മുടെ ഓരോ കുരിശുകളും സഹനങ്ങളും ക്രിസ്തുവിന് വളരാനുള്ള ഇടങ്ങളാണ്.

നമ്മുടെ ഓരോ സഹനങ്ങളെയും അനുഗ്രഹങ്ങളാക്കാന്‍ കഴിവുള്ള ഒരു ഇടയന്‍ നമുക്കുണ്ട്. ഈ അടുത്ത കാലത്തിറങ്ങിയ വരയന്‍ എന്ന സിനിമയില്‍ നായകനായ വൈദികന്‍ പറയുന്നത് ഇങ്ങനെയാണ്: “ഒരു വാതിലിലൂടെ നഷ്ടപ്പെട്ടതെല്ലാം ദൈവം മറ്റൊരു വാതിലിലൂടെ തിരിച്ചുതരും” എന്ന്. ക്രിസ്തുവിനു വേണ്ടി നിലകൊള്ളുമ്പോള്‍ നമ്മുടെ എല്ലാ സഹനങ്ങള്‍ക്കുമപ്പുറം പ്രത്യാശയുടെ, കൃപയുടെ, മഹത്വത്തിന്റെ ഒരു Ring ഒളിഞ്ഞുകിടപ്പുണ്ട് എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് നമുക്ക് കടന്നുവരാം. അതുകൊണ്ടാണ് എ.പി.ജെ അബ്ദുള്‍ കലാം പറഞ്ഞുവയ്ക്കുന്നത്: “There is a Ring in Suffering.” അതായത്, Suffering എന്ന വാക്കില്‍ തന്നെ Ring ഒളിഞ്ഞുകിടപ്പുണ്ട് എന്നര്‍ത്ഥം. ഈ രഹസ്യത്തിന്റെ പൊരുള്‍ അറിഞ്ഞതുകൊണ്ടായിരിക്കണം തന്റെ കയ്പ്പു നിറഞ്ഞ കാസായ്ക്കു മുന്നില്‍ ‘എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ’ എന്ന് യേശു പ്രാര്‍ത്ഥിച്ചത്.

ഒരിക്കല്‍ ഒരു വൃക്ഷം മനുഷ്യനോട് സങ്കടപ്പെട്ടു. എത്രയോ വര്‍ഷങ്ങളായി എത്രയോ ചില്ലകള്‍ വെട്ടി എത്ര കുരിശുകള്‍ നിങ്ങള്‍ ഞങ്ങളില്‍ നിന്ന് രൂപപ്പെടുത്തി. എന്നിട്ടും ഇനിയും നിങ്ങളില്‍ നിന്ന് ഒരു ക്രിസ്തുവിനെ ഉണ്ടാക്കാത്തതെന്ത്? അതെ പ്രിയമുള്ളവരേ, എന്നും പെയ്‌തൊഴിഞ്ഞ മഴയായി അവന്‍ പെയ്തുകൊണ്ടേയിരുന്നിട്ടും ഒരിക്കലും നനയാത്ത മണ്ണായി ഞാന്‍ മാറിപ്പോയിട്ടില്ലേ. ആയതിനാല്‍ സഹനങ്ങളെ ദൈവിക ഇടപെടലുകളായി ജീവിതത്തില്‍ സ്വീകരിക്കാന്‍ നമുക്ക് പരിശ്രമിക്കാം. തിളച്ച വെള്ളത്തില്‍ വെന്തുപോകാന്‍ ഇഷ്ടപ്പെടാതെ ചാടി കലത്തിന്റെ വക്കില്‍ കയറിയിരിക്കുന്ന അരിമണിയെപ്പോലെയാകാതെ നിന്റെ ദൈവത്തിനു വേണ്ടി ചോറാകാന്‍ വിളിക്കപ്പെട്ട നീ അതിന്റെ നിയതവഴികളില്‍ വളരാന്‍ പരിശ്രമിക്കുക. എല്ലാ സഹനങ്ങള്‍ക്കുള്ളിലും ഒരു നെല്ലിക്കാപൈതൃകം ദൈവം ഒളിപ്പിച്ചുവച്ചിട്ടുണ്ട്. ആദ്യം കയ്പ്പും പിന്നെ മധുരവും.

1996-ല്‍ പ്രമാദമായി മാറിയ മറിയക്കുട്ടി കൊലക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് അപമാനിതനായി കേരളസമൂഹം ചെരുപ്പുമാല ചാര്‍ത്തി ചങ്കുറപ്പിച്ച വൈദികന്‍ ഫാ. ബെനഡിക്ട് ഓണംകുളം, 2000-ല്‍ യഥാര്‍ത്ഥ പ്രതിയുടെ ഭാര്യയും മക്കളും സത്യം ഏറ്റുപറയുന്നതു വരെ കുരിശില്‍ പിടയുകയായിരുന്നു. എന്നാല്‍ ഇന്ന് അതിരമ്പുഴയില്‍ അദ്ദേഹത്തിന്റെ കബറിടത്തിങ്കല്‍ ഭക്തജനപ്രവാഹമാണ്. അത്ഭുതങ്ങളും രോഗശാന്തികളും. അതെ പ്രിയമുള്ളവരേ, നമ്മുടെ സഹനങ്ങളും കുരിശുകളുമെല്ലാം അര്‍ത്ഥവത്താണ്. ജീവിതത്തില്‍ നമ്മുടെയൊക്കെ ക്ഷതങ്ങള്‍ കൊണ്ട് ആരൊക്കെയോ സൗ ഖ്യം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചതുപോലെ.

സ്‌നേഹമുള്ളവരേ, കുരിശുകള്‍ സന്തോഷത്തോടെ സഹിക്കാന്‍ കൃപ തരണമേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. റോസാപ്പൂക്കളെ അതിന്റെ മുള്ളുകളോടു കൂടി ഇഷ്ടപ്പെടുവിന്‍ എന്നു പറഞ്ഞ വി. അല്‍ഫോന്‍സാമ്മയെപ്പോലെ, എന്റെ സഹനങ്ങള്‍ ദിവ്യകാരുണ്യത്തോട് എന്നെ അടുപ്പിക്കുന്നുവെന്നു പറഞ്ഞ് നമ്മുടെ ഈ കാലഘട്ടത്തില്‍ ജീവിച്ച, നമുക്കരോരുത്തര്‍ക്കും മാതൃകയായി ജീവിച്ച അജ്‌നയെപ്പോലെ, നീതിരഹിതമായ ഇന്നിന്റെ ഈ ലോകത്ത് പാവങ്ങള്‍ക്കു വേണ്ടി ജീവന്‍ ഹോമിച്ച ഫാ. സ്റ്റാന്‍ സ്വാമിയെപ്പോലെ എല്ലാ രോഗങ്ങളെയും തിരസ്‌ക്കണങ്ങളെയും കുറ്റപ്പെടുത്തലുകളെയും അനുഗ്രഹങ്ങളാക്കി മാറ്റാം.

ഉളിമുനകള്‍ ഉമ്മ വയ്ക്കാത്ത ഒരു കൊത്തുപണിയും ഇതുവരെ കാലത്തെ അതിജീവിച്ചിട്ടില്ല. മുറിവുകളില്ലാത്ത മുളംതണ്ടില്‍ ഒരിക്കലും സംഗീതം വിരിഞ്ഞിട്ടുമില്ല. സഹനങ്ങളില്‍ നഷ്ടധൈര്യരാകാതെ എന്നും പ്രത്യാശയുള്ളവരായിരിക്കുവിന്‍. ഓരോ കൊടുങ്കാറ്റിനു ശേഷവും പക്ഷികള്‍ പാടുന്നുണ്ട്. നഷ്ടപ്പെട്ട ആടുകള്‍ക്ക് ഇനിയുമുണ്ട് ഇടയന്‍. സുനാമികളെ മറികടന്നും മനുഷ്യര്‍ ജീവിക്കുന്നു; അതും തീരദേശങ്ങളില്‍ തന്നെ. ആയതിനാല്‍ സ്‌നേഹമുള്ളവരേ, സഹനങ്ങളിലെ ദൈവിക ഇടപെടലുകളെ ജീവിതത്തില്‍ സന്തോഷത്തോടെ സ്വീകരിക്കാന്‍ നമുക്ക് സാധിക്കട്ടെ.

‘പനിനീര്‍പ്പൂവുകള്‍ക്കായി പലവട്ടം നിന്നെ ഞാന്‍ വാഴ്ത്തിയിട്ടുണ്ട്. എന്നാല്‍ കണ്ണീര്‍പ്പൂവുകള്‍ക്കായി ഒരുവട്ടം പോലും ഞാന്‍ പാടീട്ടില്ല.’

സഹനത്തെയും സന്തോഷങ്ങളെയും ഒരുപോലെ ചേര്‍ത്തുപിടിച്ച് ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു ജീവിതത്തിനായി ഈ ബലിമധ്യേ നമുക്ക് പ്രാര്‍ത്ഥിക്കാം. സഹനദാസനായ ദൈവം നമ്മെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമ്മേന്‍.

ബ്ര. ജോമിറ്റ് തുണ്ടുപറമ്പില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.