ഞായർ പ്രസംഗം: മെയ് 31 യോഹ. 16: 12-15, പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞവരേ, ഇന്ന് തിരുസഭ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ ആഘോഷിക്കുന്ന ഈ സുദിനത്തില്‍ തിരുനാളിന്റെ എല്ലാ മംഗളങ്ങളും സ്‌നേഹപൂര്‍വം നേരുന്നു.

പരിശുദ്ധ ത്രിത്വം സഭയുടെ അടിസ്ഥാനപരമായ വിശ്വാസസത്യമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം ഏകനാണ് എന്ന വിശ്വാസമാണ് ഇതിന് ആധാരം. സഭയുടെ പ്രാരംഭഘട്ടത്തില്‍ പരിശുദ്ധ ത്രിത്വത്തിനായി പ്രത്യേകം ഒരു തിരുനാള്‍ ഉണ്ടായിരുന്നില്ല. കാരണം, സഭയുടെ വിശ്വാസവും ആരാധനയും സ്വഭാവത്തില്‍ത്തന്നെ ത്രിത്വത്തില്‍ അടിയുറച്ചതായിരുന്നു. എന്നാല്‍ ഒന്‍പത്-പത്ത് നൂറ്റാണ്ടുകളില്‍ പാശ്ചാത്യ യൂറോപ്പിലെ ചില മഠങ്ങളില്‍ പരിശുദ്ധ ത്രിത്വത്തിനായി പ്രത്യേക ആരാധന ആരംഭിച്ചു. ഇത് പിന്നീട് ഫ്രാന്‍സിലെ ചില പ്രാദേശികസഭകളിലേക്ക് വ്യാപിച്ചു. 1334 ല്‍ പരിശുദ്ധ പിതാവ് ജോണ്‍ 22-ാമന്‍ ഈ തിരുനാള്‍ സര്‍വ സഭയിലും ആചരിക്കാന്‍ ആഹ്വാനം നല്‍കി. ഇപ്പോള്‍ ഈ തിരുനാള്‍ പെന്തക്കുസ്ത കഴിഞ്ഞുവരുന്ന ഞായറാഴ്ച ആചരിക്കപ്പെടുന്നു. ലോകസൃഷ്ടി മുതല്‍ ഇന്നോളം നമ്മെ കാത്തുപരിപാ ലിക്കുന്ന പരിശുദ്ധ ത്രിത്വത്തെ പ്രത്യേകമായി അനുസ്മരിക്കാനും ആരാധിക്കാനും തിരുസഭ നമ്മെ ഈ തിരുനാളിലൂടെ ആഹ്വാനം ചെയുന്നു.

ഇന്ന് തിരുസഭാമാതാവ് നമുക്ക് വിചിന്തനത്തിനായി തന്നിരിക്കുന്നത് വി. യോഹന്നാന്റെ സുവിശേഷം 16-ാം അധ്യായം 12 മുതല്‍ 15 വരെയുള്ള വാക്യങ്ങളാണ്. ഈശോ തന്റെ പീഡാസഹനത്തിനും കുരിശുമരണത്തിനും മുന്‍പായി ശിഷ്യന്മാര്‍ക്ക് പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്ന ഭാഗമാണിത്. ഓരോ ക്രിസ്തുശിഷ്യനും പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ ഈശോ നല്‍കുന്ന ആഹ്വാനമാണിത്. ഈ വചനഭാഗത്തില്‍ ഈശോ രണ്ട് കാര്യങ്ങള്‍ വ്യക്തമാക്കുന്നു. ഒന്ന്, പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം. രണ്ട്, പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള ബന്ധം.

പരിശുദ്ധാത്മാവ് ഒരു വ്യക്തിയെ സത്യത്തിലേക്കു നയിക്കുന്നു. വി. യോഹന്നാന്റെ സുവിശേഷം 14-ാം അധ്യായം 51-ാം വാക്യത്തില്‍ ഈശോ പറയുന്നു: ”വഴിയും സത്യവും ജീവനും ഞാനാകുന്നു.” ആത്മാവിനാല്‍ നയിക്കപ്പെടുന്ന വ്യക്തി എപ്പോഴും ഈശോയോട് ചേര്‍ന്നുനില്‍ക്കും. ഇപ്രകാരം ആത്മാവിനാല്‍ നയിക്കപ്പെട്ട് ഈശോയോട് ചേര്‍ന്നുനിന്ന് ദൈവസ്‌നേഹത്താല്‍ നിറയുന്ന മനുഷ്യന്‍ കഷ്ടതകളിലും സഹനങ്ങളിലും ആത്മധൈര്യവും പ്രത്യാശയുമുള്ളവനാണ് എന്ന് പൗലോസ് ശ്ലീഹാ റോമയിലെ സഭയ്ക്ക് എഴുതിയ ലേഖനം അഞ്ചാം അധ്യായം ഒന്നു മുതല്‍ അഞ്ച് വരെയുള്ള വാക്യങ്ങളിലൂടെ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.

ഈശോയുടെ മരണശേഷം യഹൂദരെ ഭയന്ന് ഒളിവില്‍ക്കഴിഞ്ഞ ശിഷ്യന്മാര്‍ പെന്തക്കുസ്ത ദിനത്തില്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചുകഴിഞ്ഞപ്പോള്‍ വന്ന മാറ്റം അപ്പസ്‌തോല പ്രവര്‍ത്തനത്തില്‍ നാം കാണുന്നു. അവര്‍ സധൈര്യം ഈശോയെപ്പറ്റി ലോകമെങ്ങും പോയി പ്രസം ഗിച്ചു. അവിടുത്തേക്കു വേണ്ടി ജീവന്‍ ത്യജിച്ചു. ഇങ്ങനെയുള്ളവരാണ് ക്രിസ്തുവില്‍ സമാധാനം കണ്ടെത്തുന്നത്. എന്നാല്‍, ദൈവാത്മാവിനെ നഷ്ടമാകുക എന്നത് അവിടുന്നുമായുള്ള ബന്ധം മുറിയുക എന്നാണ്. പാപം പരിശുദ്ധാത്മാവിനെ നമ്മുടെ ജീവിതത്തില്‍ നിര്‍വീര്യമാക്കുന്നു; ആത്മാവ് നഷ്ടമാകുന്നു. അത് ദൈവത്തില്‍ നിന്ന് ഒരുവനെ അകറ്റുന്നു.

വി. യോഹന്നാന്റെ സുവിശേഷം 13-ാം അധ്യായം 27-ാം വാക്യത്തില്‍, ഈശോയുടെ കൈയില്‍ നിന്ന് അപ്പം വാങ്ങി ഭക്ഷിച്ച യൂദാസിന് എന്ത് സംഭവിച്ചു എന്ന് കാണാന്‍ സാധിക്കുന്നു. സാത്താന്‍ അവന്റെയുള്ളില്‍ പ്രവേശിക്കുകയും തിരഞ്ഞെടുക്കപ്പെട്ടവന്‍ എന്ന നിലയില്‍ നിന്നും ഒറ്റുകാരന്‍ എന്ന നിലയിലേക്ക് നിപതിക്കുകയും ചെയ്യുന്നു. അതിനാല്‍ സങ്കീര്‍ത്തകന്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നു: ”അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്ന് എടുത്തുകളയരുതേ.” അതിനാല്‍ പൗലോസ് ശ്ലീഹാ ഗലാത്തിയായിലെ സഭയ്ക്ക് എഴുതിയ ലേഖനം അഞ്ചാം അധ്യായം 16-ാം വാക്യത്തില്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നതുപോലെ, ആത്മാവിന്റെ പ്രേരണയനുസരിച്ച് പ്രവര്‍ത്തിക്കണം.

രണ്ടാമതായി, പിതാവും പുത്രനും പരിശുദ്ധാ ത്മാവും തമ്മിലുള്ള ബന്ധം. വി. യോഹന്നാന്റെ സുവിശേഷം 16-ാം അധ്യായം 14, 15 വാക്യങ്ങളില്‍ ഈശോ പറയുന്നു: ”അവന്‍ എനിക്കുള്ളതില്‍ നിന്ന് സ്വീകരിച്ച് നിങ്ങളെ അറിയിക്കും; അങ്ങനെ അവന്‍ എന്നെ മഹത്വപ്പെടുത്തും. പിതാവിനുള്ളതെല്ലാം എന്റേതാണ്.’ ഈശോ ഇവിടെ ത്രിത്വത്തിന്റെ അഭേദ്യമായ ബന്ധത്തെപ്പറ്റി നമ്മെ പഠിപ്പിക്കുന്നു. വിശ്വാസപ്രമാണത്തില്‍ പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവ് എന്ന പ്രയോഗം വളരെ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു. ഇത് ഇവര്‍ മൂവരും തമ്മിലുള്ള ബന്ധത്തെ കാണിക്കുന്നു. മാത്രമല്ല, ഇത് ഒരു വിശ്വാസസത്യമായി സഭ പഠിപ്പിക്കുന്നു. ”ത്രിത്വം ഒന്നാണ്. മൂന്ന് ദൈവങ്ങളല്ല; മൂന്ന് വ്യക്തികളില്‍ ഒരേ ദൈവത്തെ നാം വിശ്വസിക്കുന്നു” എന്ന് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം നമ്മെ പഠിപ്പിക്കുമ്പോള്‍, വി. അഗസ്തീനോസ്, ”പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരേ സ്വഭാവവും മഹത്വവും ഉള്ളവരാണ്” എന്ന അറിവിലേക്ക് നമ്മെ എത്തിക്കുന്നു. ഇതിന്റെ വ്യക്തമായ സംഭവമാണ് ഉല്‍പത്തി പുസ്തകം 18-ാം അധ്യായം ഒന്നു മുതല്‍ എട്ട് വരെയുള്ള ഭാഗത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്.

ദൈവം അബ്രാഹാമിന് മൂന്ന് വ്യക്തികളുടെ രൂപത്തില്‍ പ്രത്യക്ഷനാകുകയും അവന്റെ അതിഥിയായി മാറുകയും ചെയുന്നതാണ് ഈ സംഭവം. പരിശുദ്ധാത്മാവിന്റെ ഒരു വെളിപ്പെടുത്തലായി നമുക്കിതിനെ കാണാം. വി. അഗസ്തീനോസ് പറയുന്നു: ”അബ്രാഹാമിന് മൂന്ന് വ്യക്തികളായി ദൈവം പ്രത്യക്ഷപ്പെട്ടു; എന്നാല്‍ ഒരാളായി സംസാരിച്ചു.” ‘പരിശുദ്ധാത്മാവിന്റെ വീണ’ എന്ന അപരനാമമുള്ള മാര്‍ അപ്രേം, പിതാവായ ദൈവത്തെ സൂര്യനോടും പുത്രനായ ദൈവത്തെ സൂര്യന്റെ ചൂടിനോടും പരിശുദ്ധാത്മാവിനെ സൂര്യന്റെ പ്രകാശത്തോടും വളരെ മനോഹരമായി ഉപമിക്കുന്നു.

മിശിഹായില്‍ പ്രിയപ്പെട്ടവരേ, പരിശുദ്ധ ത്രിത്വം ഒരു കൂട്ടായ്മയാണ്. സഭാമക്കളായ നാം പരിശുദ്ധ ത്രിത്വത്തെ മാതൃകയാക്കി സഭയുടെ കൂട്ടായ്മയില്‍ വളരാന്‍ കടപ്പെടിരിക്കുന്നു. മാമ്മോദീസ സ്വീകരിച്ച നാം ഓരോരുത്തരും ശിരസ്സായ മിശിഹായോട് ചേര്‍ന്നുനില്‍ക്കാന്‍ ആത്മാവ് നമ്മെ സഹായിക്കട്ടെ. ഭിന്നതകളും കലഹങ്ങളും നിറഞ്ഞ ഈ നാളുകളില്‍ പരിശുദ്ധാത്മാവ് നമ്മെ ശക്തിപ്പെടുത്തുന്നതിനായി ഈ ബലിയില്‍ നമുക്ക് പ്രാര്‍ഥിക്കാം. മിശിഹാ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍.

ബ്രദര്‍ നിഖില്‍ തൈപ്പറമ്പില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.