ഞായർ പ്രസംഗം: പെന്തക്കുസ്താ തിരുനാൾ – യോഹ. 20: 19-23 മെയ് 24, പെന്തക്കുസ്താ അനുഭവം

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞവരേ,

മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി കുരിശില്‍ സ്വയം ബലിയായി സമര്‍പ്പിച്ച ഈശോ അതിന്റെ മൂന്നാം ദിവസം സന്തോഷത്തോടെ ഉത്ഥാനം ചെയ്യുകയാണ്. ഈശോയുടെ ഉയിര്‍പ്പിന്റെ 50 ദിവസങ്ങള്‍ പിന്നിടുന്ന ഇന്നേ ദിവസം പരിശുദ്ധ കത്തോലിക്കാസഭ പെന്തക്കുസ്താ ദിനമായി ആചരിക്കുന്നു. അതുപോലെതന്നെ ഇന്നേദിവസം തിരുസഭ അവളുടെ ജന്മദിനം കൂടി ആഘോഷിക്കുകയാണ്. ഏവര്‍ക്കും പെന്തക്കുസ്താ തിരുനാളിന്റെ പ്രാര്‍ഥനകളും ആശംസകളും ഒത്തിരി സ്‌നേഹത്തോടെ നേരുന്നു.

ഇന്നേദിവസം തിരുസഭാമാതാവ് നമുക്ക് വിചിന്തനത്തിനായി നല്‍കിയിരിക്കുന്ന വചനഭാഗം വി. യോഹന്നാന്റെ സുവിശേഷം ഇരുപതാം അധ്യായം 19 മുതല്‍ 23 വരെയുള്ള വാക്യങ്ങളാണ്. ഉത്ഥിതനായ ക്രിസ്തുവിനെ ആദ്യമായി കണ്ട മഗ്ദലന മറിയത്തിന്റെ വാക്കുകള്‍ ശ്രവിച്ചിട്ടും, ശിഷ്യന്മാരുടെ കൂടെ നടന്ന ക്രിസ്തുവിന്റെ വാക്കുകളോര്‍ക്കാതെ യഹൂദരെ ഭയന്ന് കതകടച്ചിരുന്ന ശിഷ്യന്മാരുടെ ഇടയിലേക്ക് ഈശോ പ്രത്യക്ഷപ്പെടുകയാണ്. താന്‍ ഉത്ഥിതനായ ക്രിസ്തുവാണെന്ന് അവര്‍ക്ക് വെളിപ്പെടുത്തിയതിനു ശേഷം അവന്റെ സമാധാനം അവര്‍ക്കു നല്‍കി തന്റെ ആത്മാവിനാല്‍ അവരെ ശക്തിപ്പെടുത്തുകയാണ്. പഴയനിയമ ഇസ്രായേല്‍ ജനതയെ സംബന്ധിച്ച് ഈ തിരുനാള്‍ സീനായ് ഉടമ്പടിയിലൂടെ ദൈവം അവരെ തന്റെ സ്വന്തം ജനമായി തിരഞ്ഞെടുത്തതിന്റെ ഓര്‍മ്മയാചരിക്കുന്ന അവസരമാണെങ്കില്‍ പുതിയനിയമ ഇസ്രായേല്‍ ജനതയായ ക്രൈസ്തവരായ നമ്മെ സംബന്ധിച്ച് ഈ തിരുനാള്‍ പരിശുദ്ധാത്മാവിലുള്ള സഭയുടെ തുടക്കവും നഷ്ടപ്പെട്ടുപോയ ദൈവീകജീവന്റെ വീണ്ടെടുപ്പുമാണ്.

വിശുദ്ധഗ്രന്ഥത്തിലൂടെ നാം യാത്ര ചെയ്യുമ്പോള്‍ പഴയനിയമത്തിലും പുതിയനിയമത്തിലുമായി രണ്ടുതരത്തിലുള്ള നിശ്വാസങ്ങളെക്കുറിച്ച് നമുക്ക് കാണാന്‍ സാധിക്കും. ഉല്‍പത്തി പുസ്തകം രണ്ടാം അധ്യായം ആറ് മുതല്‍ 15 വരെയുള്ള തിരുവചനങ്ങളില്‍, പിതാവായ ദൈവം ഭൂമിയിലെ പൂഴി കൊണ്ട് മനുഷ്യനെ മെനയുകയും അവന്റെ നാസാരന്ധ്രങ്ങളിലേക്ക് നിശ്വസിക്കുകയും അതുവഴി ദൈവീകജീവന്‍ നല്‍കുകയും ചെയ്തു. എന്നാല്‍, ആദിമാതാപിതാക്കന്മാരുടെ പാപം മൂലം ദൈവീകജീവന്‍ മനുഷ്യനില്‍ നിന്നും നഷ്ടപ്പെട്ടുപോവുകയാണ്. എന്നാല്‍, നഷ്ടപ്പെട്ടുപോയ ദൈവീകജീവന്‍ വീണ്ടെടുക്കുന്നവന്‍ ഈശോയാണ്. യോഹ. 20:22 ല്‍ ഈശോ ശിഷ്യന്മാരുടെമേല്‍ നിശ്വസിച്ചുകൊണ്ട് ഇപ്രകാരം അരുളിച്ചെയ്തു: ”നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍.” ഈശോയുടെ ഈയൊരു നിശ്വാസത്തിലൂടെ നഷ്ടപ്പെട്ടുപോയ ദൈവീകജീവന്‍ ലോകത്തിന് വീണ്ടുകിട്ടുകയാണ്. ആദം നഷ്ടപ്പെടുത്തിയ ദൈവീകജീവന്‍ ഈശോ നേടിയെടുക്കുകയാണ്. അതുകൊണ്ടാണ് യോഹന്നാന്‍ സുവിശേഷകന്റെ പെന്തക്കുസ്തായില്‍ ശിഷ്യന്മാരുടെ ജീവിതത്തില്‍ ഒരു പുതുനവീകരണത്തെ നമുക്ക് കാണാന്‍ സാധിക്കുന്നത്. ഒരുതരത്തില്‍ പറഞ്ഞാല്‍ ഇതൊരു മാമ്മോദീസ തന്നെയാണ്. ഈയൊരു മാമ്മോദീസയിലൂടെ ശിഷ്യന്മാരുടെ പാപങ്ങള്‍ മോചിക്കപ്പെട്ട് അവര്‍ മിശിഹായില്‍ വിശ്വസിക്കുന്നവരും ദൈവമക്കളുമായിത്തീരുന്നു. ദൈവമക്കളായതുകൊണ്ടുതന്നെ മിശിഹായുടെ സഹപൗരരും സ്വര്‍ഗത്തിന് അവകാശികളുമായിത്തീരുന്നു. അതുകൊണ്ടാണ് വി. ജോണ്‍ ക്രിസോസ്റ്റം ഇപ്രകാരം പറഞ്ഞുവയ്ക്കുക: ”പരിശുദ്ധാത്മാവ് വന്നത് നമ്മെ ദൈവത്തിന്റെ മക്കളാക്കാനും സ്വര്‍ഗീയപൗരന്മാരാക്കാനുമാണ്.”

പുറപ്പാടിന്റെ പുസ്തകത്തില്‍ നാം കാണുന്നുണ്ട്, സീനായ് മലയില്‍ വച്ച് പിതാവായ ദൈവം ഇസ്രായേല്‍ ജനത്തിന് പത്ത് കല്‍പനകള്‍ നല്‍കുന്നത്. എന്നാല്‍, പെന്തക്കുസ്താ ദിനത്തില്‍ ദൈവം കല്ലുകളില്‍ എഴുതപ്പെട്ട നിയമങ്ങള്‍ക്കുപരിയായി സ്‌നേഹത്തിന്റെ നിയമങ്ങളും കല്‍പനകളും പാലിക്കാന്‍ നമ്മെ സഹായിക്കുന്ന നിത്യസഹായകനായ പരിശുദ്ധാത്മാവിനെ നമുക്ക് നല്‍കുകയാണ്. നിത്യസഹായകനായ പരിശുദ്ധാത്മാവിനെ സ്വീകരിച്ചിതിനു ശേഷം ശ്ലീഹന്മാരുടെ ഹൃദയത്തില്‍ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പുതിയ അനുഭവം ഉണ്ടാവുകയാണ്. അതുകൊണ്ടാണ് തങ്ങള്‍ ഇന്നലെ വരെ ജീവിച്ച അവസ്ഥ അവര്‍ക്ക് ഒരു ഓര്‍മ്മയായിത്തീര്‍ന്നത്.

പരിശുദ്ധാത്മാവിന്റെ വരവിനു ശേഷമാണ് ക്രിസ്തുവിനെക്കുറിച്ചുള്ള പൂര്‍ണ്ണബോധ്യം ശിഷ്യന്മാര്‍ക്ക് കിട്ടുന്നത്. ഈശോ വെളിപ്പെടുത്തിയ എല്ലാ സത്യങ്ങളിലേക്കും ശ്ലീഹന്മാരെ നയിച്ചതും ഉത്ഥിതനായ ക്രിസ്തുവിനെ ലോകത്തിനു നല്‍കാന്‍ ശിഷ്യന്മാര്‍ക്ക് ശക്തിയും പ്രചോദനവും നല്‍കിയതും സഹായകനായ ഈ പരിശുദ്ധാത്മാവ് തന്നെയാണ്. പരിശുദ്ധാത്മാവിന്റെ അഭിഷേകത്താല്‍ ശിഷ്യന്മാരുടെ ജീവിതത്തിലെ മുന്‍ഗണനകള്‍ക്കുപോലും മാറ്റം വരികയാണ്. അതുകൊണ്ടാണ് മൂന്നുതവണ തന്റെ ഗുരുവിനെ തള്ളിപ്പറഞ്ഞ പത്രോസ് ആത്മാവിനെ സ്വീകരിച്ചശേഷം മൂവായിരത്തിലധികം വരുന്ന യഹൂദജനങ്ങള്‍ക്കു മുന്‍പില്‍ ”നിങ്ങള്‍ കുരുശില്‍ തറച്ചുകൊന്ന ക്രിസ്തുവിനെയാണ് ഞാന്‍ പ്രഘോഷിക്കുന്നത്” എന്ന് സധൈര്യം ഏറ്റുപറഞ്ഞത്. പിതാവില്‍ നിന്ന് പുറപ്പെട്ടും പുത്രനാല്‍ ലോകത്തിലേക്ക് അയയ്ക്കപ്പെട്ടും വരുന്ന ദൈവത്തിന്റെ സ്‌നേഹസ്വരൂപമായ ആത്മാവാണ് പരിശുദ്ധാത്മാവ്. അതൊരു ശക്തി മാത്രമല്ല, ത്രിത്വത്തില്‍ മൂന്നാമനായ ദൈവം തന്നെയാണ്. പരിശുദ്ധാത്മാവിന്റെ സഹായം ഒരു പുറംസഹായമല്ല. ദൈവം തന്നെ നമ്മുടെയുള്ളില്‍ വസിക്കുന്നതിന്റെ അനുഭവമാണ്. ഈയൊരനുഭവം സ്വീകരിച്ച വ്യക്തിയെ നടപടി പുസ്തകത്തില്‍ നാം കാണുന്നുണ്ട്. ക്രിസ്തുശിഷ്യരെ അതിക്രൂരമായി കൊന്നൊടുക്കിയ സാവൂള്‍ എന്ന മനുഷ്യന്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനു ശേഷം ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നതും അവന്റെ സഭയെ വളര്‍ത്തുന്നതും അവസാനം ക്രിസ്തുവിനു വേണ്ടി സ്വജീവന്‍ പോലും നല്‍കിക്കൊണ്ട് ധീര രക്തസാക്ഷിയായി മാറുന്നതും നാം കാണുന്നു. ഈ ആത്മാവ് തന്നെയാണ് കല്‍പനകള്‍ പാലിക്കാന്‍ നമ്മെ സഹായിക്കുന്നതും.

സ്‌നേഹം നിറഞ്ഞവരേ, ഈയൊരു പരിശുദ്ധാത്മജ്വലനത്തിനു വേണ്ടിയാണ് നാം എല്ലാ ദിവസവും ആഗ്രഹിക്കേണ്ടതും പ്രാര്‍ഥിക്കേണ്ടതും. സന്തോഷങ്ങളും സങ്കടങ്ങളും നൊമ്പരങ്ങളും പ്രതിസന്ധികളും പ്രയാസങ്ങളും പ്രലോഭനങ്ങളുമൊക്കെ കൂടിച്ചേര്‍ന്നിരിക്കുന്ന നമ്മുടെ ഈ ജീവിതയാത്രയില്‍ കരുതലിനായി ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവ് കൂടെയുണ്ട്. സ്വര്‍ഗത്തെ ലക്ഷ്യമാക്കിയുള്ള ഈ യാത്രയ്ക്കിടയില്‍ ആത്മാവിനാല്‍ നാം വീണ്ടും ജ്വലിക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ടാണ് വി. പൗലോസ് അപ്പസ്‌തോലന്‍ തിമോത്തിയോസിനെഴുതിയ രണ്ടാം ലേഖനത്തിന്റെ ഒന്നാം അധ്യായം ആറാം വാക്യത്തിലൂടെ നമ്മോട് ഇപ്രകാരം പറയുക: ”എന്റെ കൈവയ്പ്പിലൂടെ നിനക്ക് ലഭിച്ച ദൈവീകവരം വീണ്ടും ഉജ്വലിപ്പിക്കണം” എന്ന്. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് പെന്തക്കുസ്താ അനുഭവത്തിലൂടെ നാം കടന്നുപോകുമ്പോള്‍ മൂന്ന് കാര്യങ്ങളെക്കുറിച്ച് ആത്മാവ് നമുക്ക് ബോധ്യം നല്‍കുന്നു. പാപത്തെക്കുറിച്ച്, നീതിയെക്കുറിച്ച്, ന്യായവിധിയെക്കുറിച്ച്. ഏശയ്യാ പ്രവാചകന്റെ പുസ്തകം 64-ാം അധ്യായത്തില്‍ ഇപ്രകാരം പറയുന്നു: ”മനുഷ്യന്റെ നീതി മലിനവസ്ത്രം പോലെയാണ്.” പരിശുദ്ധാത്മാവായ ദൈവമാണ് ദൈവീകനീതിയെക്കുറിച്ച് നമുക്ക് ബോധ്യം നല്‍കുന്നത്.

പാപബോധം നഷ്ടപ്പെട്ടുപോയ ഈ ആധുനിക കാലഘട്ടത്തില്‍ ചെയ്യുന്നതിനും പറയുന്നതിനുമെല്ലാം ന്യായീകരണങ്ങള്‍ നിരത്തുമ്പോള്‍ ദൈവത്തിന്റെ നീതിവിധിക്കു മുമ്പില്‍ ഏകനായി നില്‍ക്കണമെന്ന ബോധ്യം നല്‍കി രക്ഷയിലേക്ക് നമ്മെ മുന്നോട്ടുനയിക്കുന്നത് പരിശുദ്ധാത്മാവാണ്. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം അതിന്റെ 706 ല്‍ ഇപ്രകാരം പഠിപ്പിക്കുന്നു: ”പരിശുദ്ധാത്മാവിന്റെ പ്രവഹിക്കല്‍ ചിതറിക്കിടക്കുന്ന ദൈവമക്കളെ ശേഖരിച്ച് അവിടുന്ന് ഒന്നിപ്പിക്കും. അവിശ്വാസികളെ വിശ്വാസികളാക്കാനും അങ്ങനെ ദൈവീകനീതിയില്‍ ബോധ്യപ്പെടുത്താനും ആത്മാവും നമ്മെ സഹായിക്കുന്നു.”

പ്രിയ ദൈവജനമേ, നമ്മുടെ വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും നമ്മുടെ ചുറ്റുമുള്ളവരിലേക്ക് ഈശോയെ കൊടുക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? ആത്മാവിനാല്‍ നിറഞ്ഞ് ലോകത്തിന്റെ മുന്‍പില്‍ ക്രിസ്തുവിന് സാക്ഷ്യം വഹിച്ച ശ്ലീഹന്മാരെപ്പോലെ ലോകം മുഴുവന്‍ ക്രിസ്തുവിനെ നല്‍കാന്‍, ക്രിസ്തുവിന് സാക്ഷ്യം വഹിക്കാന്‍ നമുക്ക് സാധിക്കട്ടെ. അതിനായി ശ്ലീഹന്മാരെപ്പോലെ ഒരു പെന്തക്കുസ്താ അനുഭവം നമുക്കും നേടിയെടുക്കാം. പരിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്നും സഭയിലുള്ള കൂദാശകള്‍ സ്വീകരിച്ചും ആത്മാവിനാല്‍ ശക്തിപ്പെട്ടുകൊണ്ട് സ്വര്‍ഗരാജ്യം പ്രാപിക്കാന്‍ നമുക്കും സാധിക്കട്ടെ. ഇന്ന് ഈ വിശുദ്ധബലി അര്‍പ്പിക്കുമ്പോള്‍ അതിനുള്ള കൃപകള്‍ക്കായി നമുക്ക് പ്രാര്‍ഥിക്കാം. ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ബ്രദര്‍ മെല്‍ബിന്‍ ചക്കാലത്തറയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.