ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ജൂലൈ 01

ലോകത്തിലെ ഏറ്റവും പ്രശസ്തമായ സൈക്കിൾ റേസ് ആയ ‘ടൂർ ദെ ഫ്രാൻസ്’ ആദ്യമായി നടന്നത് 1903 ജൂലൈ ഒന്നിനായിരുന്നു. സൈക്ലിസ്റ്റും ജേർണലിസ്റ്റുമായിരുന്ന ഹെൻറി ദെസ്ഗ്രാങ്ഗ് ആണ് റേസിനു തുടക്കം കുറിച്ചത്. ഹെൻറിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പത്രത്തിന്റെ പ്രചാരണാർഥമാണ് ആദ്യ സൈക്കിൾ റേസ് നടത്തിയത്. ഫ്രാൻസാണ് റേസിന്റെ പ്രധാന വേദി. ലോകത്തിൽ നടക്കുന്ന സൈക്കിൾ റേസുകളിൽ ഏറ്റവും പ്രധാനപ്പെട്ടതും ബുദ്ധിമുട്ടേറിയതും ടൂർ ദെ ഫ്രാൻസാണ്. മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ഈ റേസ് വിവിധ ഘട്ടങ്ങളായാണ് നടത്തുന്നത്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ സമയത്തു മാത്രമേ ടൂർ ദെ ഫ്രാൻസ് നടക്കാതിരുന്നിട്ടുള്ളൂ.

1979 ജൂലൈ ഒന്നിനാണ് സംഗീതാസ്വാദനരംഗത്ത് വിപ്ലവം സൃഷ്ടിച്ച് സോണിയുടെ ആദ്യ വാക്ക്മാൻ വിപണിയിലെത്തിയത്. കൈയിൽ കൊണ്ടുനടക്കാവുന്ന ഓഡിയോ കാസറ്റ് പ്ലെയറായിരുന്നു വാക്ക്മാൻ. നീലയും വെള്ളിയുമായിരുന്നു ആദ്യ വാക്ക്മാന്റെ കളർ. ഹെഡ്സെറ്റും ലെതർ കേസും വാക്കമാനോടൊപ്പമുണ്ടായിരുന്നു. ഒരേസമയം രണ്ടുപേർക്ക് സംഗീതം ആസ്വദിക്കാൻ കഴിയുന്ന വിധത്തിൽ രണ്ട് ഇയർഫോൺ ജാക്കുകളുമായാണ് ആദ്യ വാക്ക്മാൻ വിപണിയിലെത്തിയത്. കൊണ്ടുനടക്കാവുന്ന മിനിയേച്ചർ മ്യൂസിക് പ്ലെയറുകളുടെ ശ്രേണിയിൽ ആദ്യത്തെതായിരുന്നു ഇത്.

2002 ജൂലൈ ഒന്നിനാണ് അന്തർദേശീയ ക്രിമിനൽ കോടതി രൂപംകൊണ്ടത്. 1998 ൽ അന്തർദേശീയ ക്രിമിനൽ കോടതിയെ സംബന്ധിച്ച് രൂപീകരിച്ച റോം സ്റ്ററ്റ്യൂട്സിന്റെ അടിസ്ഥാനത്തിലാണ് കോടതി നിലവിൽവന്നത്. വംശഹത്യ, യുദ്ധ കുറ്റകൃത്യങ്ങൾ, മനുഷ്യവംശത്തിനെതിരെയുള്ള കുറ്റകൃത്യങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കാനും, ശിക്ഷ വിധിക്കാനും അധികാരമുള്ള രാജ്യാന്തര കോടതിയാണിത്. 60 രാജ്യങ്ങൾ റോം സ്റ്ററ്റ്യുട്സ് അംഗീകരിച്ചതിനെ തുടർന്ന് 2002 ജൂലൈ ഒന്നിന് കോടതിയുടെ ആദ്യ സിറ്റിംഗ് നടന്നു. ഇന്നുവരെ 120 ലധികം രാജ്യങ്ങൾ തങ്ങൾക്കുമേലുള്ള കോടതിയുടെ അധികാരത്തെ അംഗീകരിക്കുന്നുണ്ട്. റോമൻ സ്റ്ററ്റ്യൂട്സ് അംഗീകരിക്കുന്ന രാജ്യങ്ങളിൽ 2022 ജൂലൈ മുതൽ നടന്നിട്ടുള്ള കുറ്റകൃത്യങ്ങളുടെ മേലാണ് കോടതിക്ക് അധികാരമുള്ളത്. നെതർലൻഡ്സിലെ ഹേഗ് ആണ് കോടതിയുടെ ആസ്ഥാനം.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.