ഞായര്‍ പ്രസംഗം, ഉയിര്‍പ്പുകാലം നാലാം ഞായര്‍ മെയ്‌ 08, നിന്റെ ദൗത്യം

ബ്ര. അഗസ്റ്റിന്‍ കാരക്കാട്ട് MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറെ സ്‌നേഹിക്കപ്പെടുന്ന പ്രിയസഹോദരങ്ങളേ,

രക്ഷാകരചരിത്രത്തില്‍ തന്നെ കേന്ദ്രബിന്ദുവായ ഉത്ഥാനരഹസ്യങ്ങളെ അനുസ്മരിക്കുന്ന ഉയിര്‍പ്പുകാലത്തിന്റെ നാലാം ആഴ്ചയിലേക്ക് നാം പ്രവേശിക്കുമ്പോള്‍ ഇന്ന് തിരുസഭാമാതാവ് നമ്മുടെ വിചിന്തനത്തിനായി നല്‍കിയിരിക്കന്നത് തന്റെ ശിഷ്യഗണത്തിന് പ്രേഷിതദൗത്യം ഭരമേല്‍പിക്കുന്ന ഈശോയുടെ ചിത്രമാണ്. തന്റെ ഇഹലോകവാസം അവസാനിപ്പിച്ച് പിതാവിന്റെ സന്നിധിയിലേക്കു പോകുന്ന ക്രിസ്തു, ഇനിയും പൂര്‍ത്തിയാകേണ്ട ദൈവരാജ്യം എന്ന സ്വപ്നം തന്റെ ശിഷ്യരെ ഭരമേല്‍പ്പിക്കുന്ന ഒരു മനോഹരചിത്രമാണ് ഇന്നത്തെ സുവിശേഷം വരച്ചുചേര്‍ക്കുന്നത്. മൂന്നു വര്‍ഷക്കാലം തന്റെ പ്രബോധനങ്ങളിലൂടെയും പ്രവര്‍ത്തികളിലൂടെയും ഭൂവാസികളെ വഴിനടത്തിയ ഉത്ഥിതനായ ക്രിസ്തു, തന്റെ ജനത്തിന്റെ കാലുകള്‍ ഇടറാതിരിക്കാന്‍ തന്റെ പ്രകാശം ശിഷ്യര്‍ക്ക് പകര്‍ന്നു നല്‍കി ഭൂവാസികളെ പ്രകാശിപ്പിക്കാനുള്ള ദൗത്യം അവരെ ഭരമേല്‍പിക്കുകയും ചെയ്യുകയാണ് ഇന്നത്തെ തിരുവചനത്തിലൂടെ. ഈ തിരുവചനഭാഗങ്ങളെ മുന്‍നിര്‍ത്തി പ്രധാനമായും മൂന്ന് ആശയങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.

ഒന്നാമതായി, ഓരോ ക്രിസ്തുശിഷ്യനും വിളിക്കപ്പെട്ടിരിക്കുന്നത് ഓരോ പ്രേഷിതദൗത്യവുമായിട്ടാണ് എന്ന ഓര്‍മ്മപ്പെടുത്തല്‍ ഇന്നത്തെ തിരുവചനങ്ങള്‍ നമുക്ക് നല്‍കുന്നത്. ഇന്നത്തെ എല്ലാ വായനകളും ഈ മനോഭാവം വ്യക്തമാക്കുന്നുണ്ട്. പഠിപ്പിക്കുക, നയിക്കുക, വിശുദ്ധീകരിക്കു ക എന്നീ കര്‍മ്മങ്ങളിലൂടെ ഓരോ ദൈവശുശ്രൂഷകനും തന്റെ പ്രേഷിതദൗത്യം പൂര്‍ത്തിയാക്കുന്നു. എന്നാല്‍ ക്രിസ്തുശിഷ്യരെന്ന നിലയില്‍ ഓരോ ക്രിസ്ത്യാനിയും താന്‍ അനുഭവിച്ചറിഞ്ഞ ക്രിസ്ത്വാനുഭവം, ആദ്ധ്യാത്മികവിശുദ്ധി, സ്‌നേഹം എന്നിവ പങ്കുവയ്ക്കുന്നതിലൂടെ തന്റെ പ്രേഷിതദൗത്യം പൂര്‍ത്തിയാക്കുന്നു. പുണ്യചരിതനായ ജോണ്‍ 23-ാമന്‍ മാര്‍പാപ്പ ഇപ്രകാരം പറയുന്നുണ്ട്: “ഈ ലോകത്തില്‍ ഓരോ വിശ്വാസിയും പ്രകാശത്തിന്റെ ഒരു സ്ഫുലിംഗവും സ്‌നേഹത്തിന്റെ ഒരു കേന്ദ്രവും സഹജീവികളുടെ ഇടയില്‍ ജീവസംദായകമായ പുളിമാവും ആയിരിക്കണം” എന്ന്. അതു തന്നെയാണ് ഇന്ന് കൊറിന്തോസുകാര്‍ക്കെഴുതിയ ലേഖനത്തിലൂടെ വി. പൗലോസ് ശ്ലീഹാ ഊന്നിപ്പറയുന്നതും. “കര്‍ത്താവ് എന്നെ അധികാരപ്പെടുത്തിയിരിക്കുന്നത് നിങ്ങളെ വളര്‍ത്തിയെടുക്കാനാണെന്ന്” (2 കൊറി 13:10).

രണ്ടാമതായി, ഈശോ തന്റെ പ്രേഷിതദൗത്യം ഭരമേല്‍പിക്കുന്നത് രണ്ട് പ്രസ്താവനകളുടെ മധ്യത്തിലാണ്. “സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരങ്ങളും എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു,” “യുഗാന്ത്യം വരെ ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും” എന്നീ രണ്ട് പ്രസ്താവനകളാണ് ഉത്ഥിതന്‍ ഭരമേല്‍പിച്ച പ്രേഷിതദൗത്യത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുക. അതുകൊണ്ട് ഓരോ പ്രേഷിതദൗത്യവും പരിപൂര്‍ണ്ണമാക്കപ്പെടുക, അവ നാം ദൈവാധികാരത്തിലും ദൈവസാന്നിധ്യത്തിലും പ്രവര്‍ത്തിക്കുമ്പോഴാണ്. ദൈവം പ്രവര്‍ത്തിക്കുന്ന ഓരോ അവസരങ്ങളാണ് ഓരോ പ്രേഷിതപ്രവര്‍ത്തനവും. ഞാനും നിങ്ങളുമൊക്കെ അയക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഓര്‍ക്കുക, നാം പ്രവര്‍ത്തിക്കേണ്ടത് ദൈവാധികാരത്തിലും സാന്നിധ്യത്തിലുമാണ്. അല്ലാതെ, എന്റെയും നിന്റെയും വ്യക്തിതാല്‍പര്യങ്ങള്‍ മറ്റുള്ളവന്റെമേല്‍ അടിച്ചേല്‍പിക്കാനോ, പഠിപ്പിക്കാനോ അല്ല. അതു തന്നെയാണ് ഇന്നത്തെ പഴയനിയമ വചനഭാഗങ്ങളില്‍ വായിച്ചുകേട്ടത്. ദൈവത്തിന്റെ ഹിതത്തിലും സാന്നിധ്യത്തിലും ഇസ്രായേല്‍ ജനത്തെ നയിക്കുന്ന ജോഷ്വായും അസറിയായും. ഇവിടെയെല്ലാം അവരുടെ ദൗത്യം ഫലപ്രാപ്തിയിലെത്തുന്നത് ദൈവാധികാരത്തിലും സാന്നിധ്യത്തിലും ദൈവഹിതത്തിനു കീഴ്‌വഴങ്ങി ജീവിക്കുമ്പോഴാണ്.

മൂന്നാമതായി, ഒരു സുവിശേഷവത്ക്കരണത്തിനു വേണ്ട് അഞ്ച് തലങ്ങളെ നമുക്ക് ഇന്നത്തെ സുവിശേഷത്തില്‍ ദര്‍ശിക്കാനാകും. ഒന്നാമത്തെ തലമെന്നത്, ‘പോകുക’ എന്ന ക്രിസ്തുവിന്റെ ആഹ്വാനമാണ്. ലോകത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും സംസ്‌കാരങ്ങളിലേക്കും ഇറങ്ങിച്ചെന്ന് ദൈവത്തെ പങ്കുവച്ചു നല്‍കുക എന്നതാണ് ആദ്യത്തെ തലമെന്നത്. രണ്ടാമതായി, ‘ശിഷ്യപ്പെടുത്തുന്ന’ തലമാണ്. ഈ തലത്തില്‍ നമുക്കുണ്ടായിരിക്കേണ്ട മനോഭാവം എന്നത് താദാത്മീകരണമാണ്. വ്യക്തിപരമായ സാക്ഷ്യത്തിലൂടെ ക്രിസ്തുശിഷ്യരെ നേടിയെടുക്കാനുള്ള ഒരു ഘട്ടമാണിത്. ‘ജ്ഞാനസ്‌നാനം നല്‍കുക’ എന്നതാണ് മൂന്നാമത്തെ ഘട്ടം. ക്രിസ്തുവിനായി പരിപൂര്‍ണ്ണമായി സമര്‍പ്പിക്കാനുള്ള ഒരു ആഹ്വാനം കൂടിയാണ് ഈ തലത്തിന്റെ കാതല്‍. ‘പഠിപ്പിക്കുക’ എന്നതാണ് നാലാമത്തെ ഘട്ടം. സന്തുലിതമായ ക്രിസ്തീയജീവിതം ഏങ്ങനെ നയിക്കാം എന്നു പഠിപ്പിക്കുകയാണ് ഈ തലത്തില്‍. അവസാനഘട്ടത്തില്‍ സഭയാകുന്ന സമൂഹത്തോട് ചേര്‍ന്നുനില്‍ക്കാനുള്ള ഒരു ആഹ്വാനം ക്രിസ്തു നല്‍കുന്നു. ക്രിസ്തുവിന്റെ സജീവസാന്നിധ്യമുള്ള സഭയിലൂടെ ക്രിസ്തുവിനെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ആഹ്വാനമാണ് ഈശോ ഈ തലങ്ങളിലൂടെ നല്‍കുന്നത്.

മഹാകവി ടാഗോറിന്റെ സുന്ദരമായ ഒരു ചിന്തയുണ്ട്. ‘അസ്തമയസൂര്യന്‍ പടിഞ്ഞാറേ ചക്രവാളത്തില്‍ ഭൂമിയോട് വിട പറഞ്ഞ് കടലിനക്കരെ താഴുന്ന സമയം സൂര്യന്‍ പര്യാകുലനായി. കാരണം, കഴിഞ്ഞ പന്ത്രണ്ട് മണിക്കൂര്‍ നേരം താന്‍ ഭൂവാസികളെ പ്രകാശിപ്പിച്ചു. പക്ഷേ ഇനി ആരാണ് ഇവര്‍ക്ക് പ്രകാശമേകുക. ഇവരുടെ സഞ്ചരപാതകളില്‍ കാല്‍ കല്ലില്‍ തട്ടാതെയും കുഴിയില്‍ വീഴാതെയും ആരാണ് പ്രകാശമേകുക. സൂര്യന്‍ തന്റെ ആശങ്കകളൊക്കെയും ചന്ദ്രനെ വിളിച്ചറിയിച്ചു. ചന്ദ്രന്‍ മറുപടി നല്‍കി: സുഹൃത്തേ, സ്വയമേ പ്രകാശിക്കാന്‍ എനിക്ക് കഴിവില്ലെങ്കിലും ആകാശവിതാനത്ത് രാത്രിയുടെ യാമങ്ങളില്‍ ഞാന്‍ ഉയര്‍ന്നുനില്‍ക്കാം. അങ്ങയുടെ പ്രകാശം എന്നിലേക്ക് അയയ്ക്കുക. ഞാന്‍ അവ ഭൂവാസികള്‍ക്ക് പ്രകാശമേകാന്‍ ഭൂമിയിലേക്ക് അയയ്ക്കാം. ഇതു കേട്ട് സൂര്യന്‍ സന്തോഷത്തോടെ ഭൂമിയോട് യാത്ര ചൊല്ലി.’

അതിനാല്‍ പ്രിയസഹോദരങ്ങളേ, ക്രിസ്തുവില്‍ നിന്ന് പ്രകാശം സ്വീകരിച്ച് ആ പ്രകാശത്താല്‍ ഭൂവാസികളെ വഴിനടത്താനുള്ള ദൗത്യമാണ് ഓരോ ക്രിസ്തുശിഷ്യന്റെയും. വിശുദ്ധ കുര്‍ബാനയില്‍ നാം പരസ്പരം സമാധാനം നല്‍കുന്നതു പോലെ ക്രിസ്തുവില്‍ നിന്നു സ്വീകരിക്കുന്ന ക്രിസ്തീയമനോഭാവം തലമുറകളിലേക്ക് പങ്കുവച്ചു നല്‍കുന്നതാണ് ഓരോ ക്രിസ്തുശിഷ്യന്റെയും പ്രേഷിതദൗത്യം. പ്രശസ്ത ദൈവശാസ്ത്രജ്ഞനായ വാള്‍ട്ടര്‍ കാസ്പര്‍ ഇങ്ങനെ പങ്കുവയ്ക്കുന്നുണ്ട്: “ക്രിസ്തുവിജ്ഞാനീയത്തിന്റെ ആരംഭം, നാം വിശ്വസിച്ച, ജീവിച്ച, പ്രഘോഷിച്ച ക്രിസ്തുവിനെ പങ്കുവയ്ക്കുന്നതിലൂടെയാണ്’ എന്ന്. അതുപോലെ ഓരോ വിശുദ്ധ ബലിയും ഈ പ്രേഷിതദൗത്യം മുന്നോട്ട് കൊണ്ടുപോകാനുള്ള ഊര്‍ജ്ജവും ഓജസ്സും നമുക്ക് പ്രദാനം ചെയ്യുന്നു. ഇന്ന് ഈ ദിവ്യബലിയിലൂടെയും നമ്മുടെ ക്രൈസ്തവ പ്രേഷിതധര്‍മ്മം തുടര്‍ന്നുകൊണ്ടു പോകാനുള്ള കൃപാവരവും അനുഗ്രഹവും ദിവ്യകാരുണ്യനാഥന്‍ ചൊരിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

ബ്ര. അഗസ്റ്റിന്‍ കാരക്കാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.