ഞായർ പ്രസംഗം: നോമ്പുകാലം ഏഴാം ഞായർ മാർച്ച് 24, മത്തായി 21: 1-17 ഓശാന തിരുനാള്‍

മിശിഹായില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞവരേ,

ഇന്ന് ഓശാന തിരുനാള്‍. ഒലിവിന്‍ചില്ലകളേന്തി ഓശാന പാടിയ ജറുസലേം നിവാസികള്‍ക്കിടയിലൂടെ ഈശോ മഹത്വപൂര്‍ണനായി ജറുസലേമിലേക്കു രാജകീയപ്രവേശനം നടത്തിയതിന്റെ അനുസ്മരണം. ഏവര്‍ക്കും ഓശാനത്തിരുനാളിന്റെ, കുരുത്തോല തിരുനാളിന്റെ മംഗളങ്ങള്‍ ഏറെ സ്‌നേഹപൂര്‍വം നേരുന്നു. ഇന്ന് നാം നോമ്പുകാലത്തിന്റെ അവസാന ആഴ്ചയിലേക്ക്, ഈശോയുടെ തിരുവത്താഴ പീഡാസഹന-മരണ-ഉത്ഥാനരഹസ്യങ്ങളെ ധ്യാനിക്കുന്ന വിശുദ്ധ വാരത്തിലേക്കു പ്രവേശിക്കുകയാണ്. ഏവര്‍ക്കും അനുഗ്രഹദായകമായ ഒരു വലിയ ആഴ്ചയും ഹൃദയപൂര്‍വം ആശംസിക്കുന്നു.

വി. മത്തായിയുടെ കാഴ്ചപ്പാടില്‍ യേശുവിന്റെ ജറുസലേം പ്രവേശനം, അതായത് ബെത്ഫഗയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര, കഴുതയെയും കഴുതക്കുട്ടിയെയും അഴിച്ചുകൊണ്ടു വരാനുള്ള നിര്‍ദേശം ഇവയെല്ലാം പഴയനിയമ പ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണ്. രണ്ട് പഴയനിയമപ്രവചനങ്ങളാണ് ഈ സംഭവത്തില്‍ നിവര്‍ത്തിയാവുന്നത്. ആദ്യത്തേത്, ഇന്നേ ദിവസം ആദ്യവായനയില്‍ നാം ശ്രവിച്ച ഉത്പത്തി പുസ്തകം 49-ാം അധ്യായം 11-ാം വാക്യം, അവന്‍ തന്റെ കഴുതയെ മുന്തിരിച്ചെടിയിലും തന്റെ കഴുതക്കുട്ടിയെ വിശിഷ്ടമായ മുന്തിരിത്തണ്ടിലും കെട്ടിയിടും. മിശിഹായുടെ രാജകീയപ്രവേശനത്തെക്കുറിച്ചുള്ള ഏറ്റവും പുരാതനമായ അറിയിപ്പായി ഇത് കരുതപ്പെടുന്നു. സുവിശേഷകന്മാര്‍ യേശുവിന്റെ രാജകീയപ്രവേശനത്തെക്കുറിച്ചു തരുന്ന വിവരണങ്ങളില്‍ നിഴലിക്കുന്ന രണ്ടാമത്തെ പഴയനിയ മഭാഗം സക്കറിയ പ്രവാചകന്റെ പുസ്തകം 9-ാം അധ്യായം 9-ാം വാക്യം, ഇതാ നിന്റെ രാജാവ് നിന്റെ അടുക്കലേക്കു വരുന്നു. അവന്‍ വിജയശ്രീലാളിതനും പ്രതാപവാനുമായി കഴുതയുടെ പുറത്ത് – കഴുതക്കുട്ടിയുടെ പുറത്ത് കയറിവരുന്നു. തലമുറകളുടെ പ്രതീക്ഷക ളുടെ സാഫല്യത്തിന്റെയും പ്രവചനങ്ങളുടെ പൂര്‍ത്തീകരണത്തിന്റെയും നിമിഷമാണ് യേശുവിന്റെ രാജകീയപ്രവേശനം. ഇവയുടെ ഹൃദയഭാഗമെന്നു പറയുന്നതോ, നസ്രത്തിലെ യേശു വാഗ്ദാനം ചെയ്യപ്പെട്ട വിമോചകനായ മിശിഹാ ആണെന്നതും.

ഓശാനത്തിരുനാള്‍ ഇന്ന് നമ്മുടെ ഹൃദയത്തിലേക്ക് കോറിയിടുന്ന പ്രധാന ചിന്ത, ജനക്കൂട്ടത്തിന്റെ ഓശാന ജയ്‌വിളികളാണ്. ‘ഓശാന’ എന്ന പദം ‘ഹോഷിയാന’ എന്ന ഹീബ്രുപദത്തില്‍ നിന്നാണ് രൂപപ്പെട്ടത്. ‘കര്‍ത്താവേ രക്ഷിക്കണമേ’ എന്നാണ് ഇതിന്റെ വാച്യാര്‍ഥം. ഓശാന എന്നത്, ‘ഞങ്ങളെ രക്ഷിക്കാന്‍ വേഗം വരണമേ’ എന്ന് അലമുറയിട്ടുള്ള നിലവിളിയാണ്. ഓശാന ജയ്‌വിളികളാല്‍ യേശുവിനെ എതിരേല്‍ക്കുന്ന ജനക്കൂട്ടം അവനില്‍നിന്ന് ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും എന്നാല്‍ യേശു വാഗ്ദാനം ചെയ്യുന്നതും തമ്മിലുള്ള വൈരുധ്യം ഈ സുവിശേഷഭാഗത്തിന്റെ സൂക്ഷ്മമായ വായനയിലൂടെ നമുക്ക് കണ്ടെത്താന്‍ സാധിക്കും.

രാഷ്ട്രീയവിമോചനവും ഭൗതികസമൃദ്ധിയും നല്‍കുന്നവനുമായ മിശിഹാ ആയിട്ടാണ് ജനക്കൂട്ടം യേശുവിനെ മനസ്സിലാക്കിയത്. എന്നാല്‍ നസ്രത്തിലെ യേശുവിന്റെ വാഗ്ദാനം ആത്മീയവി മോചനവും ജീവന്റെ സമൃദ്ധിയുമാണ്. ആത്മീയവിമോചനം എന്നതുകൊണ്ട് ഇവിടെ അര്‍ഥമാക്കുന്നത് ഒരു മനുഷ്യാത്മാവിന്റെ രക്ഷ തന്നെയാണ്. ജീവന്റെ സമൃദ്ധി എന്നതു കൊണ്ട് അര്‍ഥമാക്കുന്നത്, ഒരുവന്‍ പാപത്തെയും മരണത്തെയും വിജയിച്ച് നിത്യജീവ നിലേക്കു പ്രവേശിക്കുന്നതാണ്. ദൈവം കൂടെയുണ്ടെങ്കില്‍ എല്ലാം സൗഭാഗ്യകരമായിരിക്കുമെന്ന ചിന്ത ഇന്ന് നമ്മുടെ ഇടയില്‍ വല്ലാതെ തഴച്ചുവളര്‍ന്നിരിക്കുന്നു. അതുകൊണ്ടുതന്നെ പലയിടങ്ങളില്‍ രക്ഷ അന്വേഷിക്കുന്ന ഒരു പ്രാര്‍ഥനാസംസ്‌കാരം ഇന്ന് നമ്മുടെ ഇടയില്‍ രൂപപ്പെട്ടുവന്നിരിക്കുന്നത് കാണാന്‍ സാധിക്കും. എന്നാല്‍ ക്രിസ്തുവിലൂടെ സംജാതമാകുന്ന രക്ഷയുടെ നേര്‍ക്കാഴ്ചയാണ് ഈ ഓശാന നമുക്ക് സമ്മാനിക്കുന്നത്. അതിനാല്‍ എന്തിനുവേണ്ടിയാണ് നാം പ്രാര്‍ഥിക്കേണ്ടത് ആത്മീയവിമോചനത്തിനോ അതോ ഭൗതികസമൃദ്ധിക്കും സുരക്ഷിതത്വത്തിനും വേണ്ടിയോ?

രണ്ടാമതായി നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ചിന്ത, നഗരത്തെ ഇളക്കിമറിച്ചുകൊണ്ട് കഴുതയുടെ പുറത്ത് ജെറുസലേമിലേക്കു വരുന്ന യേശുവിനെ കണ്ട് തീര്‍ഥാടകര്‍, ആരാണിവന്‍ എന്നു ചോദിക്കുന്ന ചോദ്യവും അതിനുള്ള ജനക്കൂട്ടത്തിന്റെ മറുപടിയുമാണ്. ക്രിസ്തുവിന് ഇരിക്കാന്‍, അവിടുത്തേക്ക് യാത്രചെയ്യാന്‍ നാമൊക്കെ അവനെ വഹിക്കുന്നവരാവുക അല്ലെങ്കില്‍, എത്ര നിസ്സാരരെങ്കിലും അവിടുത്തേക്ക് നമ്മെകൊണ്ട് ആവശ്യമുണ്ട് എന്ന സന്ദേശമാണ് കഴുതക്കുട്ടി നമുക്ക് നല്‍കുന്നതെങ്കില്‍ വിജാതീയരുടെ ഗലീലി, അന്ധകാരത്തില്‍ കഴിയുന്നവരുടെ നാട്, എന്നൊക്കെ അറിയപ്പെട്ടിരുന്ന ഗലീലി എന്ന കൊച്ചുദേശത്തിനും തരാനുണ്ട് നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളും. ഇപ്പോഴിതാ, ഇരുണ്ടദേശത്തു നിന്ന് ഒരു പ്രകാശം. സാധാരണക്കാരുടെ, മുക്കുവരുടെ, കൃഷിപ്പണിക്കാരുടെ സ്വന്തമായ ഒരു പ്രവാചകന്‍. നസ്രായന്‍ മണ്ണിന്റെ മണമുള്ള, കണ്ണീരിന്റെ നനവുള്ള സാധാരണ മനുഷ്യരുടെ ദൈവമാണ്.

സ്‌നേഹമുള്ളവരേ, ഈ ഓശാനയാത്രയ്ക്കു ശേഷം ഒരു യാത്ര കൂടി ബാക്കിയുണ്ട്. അത് കുരിശിന്റെ യാത്രയാണ്. രക്ഷ അത് കുരിശിലൂ ടെയാണ്. അത് തന്നെയാണല്ലോ ഇന്നത്തെ തിരുക്കര്‍മ്മങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നതും. വൈദികനും ജനങ്ങളും ദൈവാലയത്തിനു പുറത്തുപോവുകയും ദൈവാലയവാതിലുകള്‍ അടയ്ക്കപ്പെടുകയും ചെയ്യുമ്പോള്‍ ആദ്യമാതാപിതാക്കള്‍ പാപംമൂലം പറുദീസയില്‍ നിന്ന് പുറന്തള്ളപ്പെട്ടതും സ്വര്‍ഗത്തിന്റെ വാതില്‍ അടയ്ക്കപ്പെട്ടതും നാം അനുസ്മരിക്കുന്നു. വീണ്ടും വൈദികനും വിശ്വാസികളും കുരിശുകൊണ്ട് മൂന്നുതവണ മുട്ടി ദൈവാലയ വാതില്‍ തുറന്ന് അകത്തേക്കു പ്രവേശിക്കുമ്പോള്‍ ഈശോ കുരിശുമരണംവഴി നമുക്കായി സ്വര്‍ഗത്തിന്റെ കവാടം തുറന്നു തന്നത് നാം അനുസ്മരിക്കുന്നു.

വിജയത്തിന്റെ പ്രതീകമായ കുരുത്തോലയേന്തിക്കൊണ്ട് നാം ദൈവാലയത്തിലേക്കു പ്രവേശിക്കുകയും ചെയ്യുന്നു. അതെ, ഓശാന കുരിശിന്റെ വഴിക്കുള്ള ആഹ്വാനമാണ്, ഒരുക്കമാണ്, രക്ഷയിലേക്കുള്ള ക്ഷണമാണ്. അതിനാല്‍ ഓശാന ജയ്‌വിളികളാല്‍ രക്ഷകനായ യേശു വാഗ്ദാനം ചെയ്യുന്ന രക്ഷയിലേക്ക് നമുക്കും കടന്നു ചെല്ലാം. പാപത്തിനു മരിച്ച് സ്വര്‍ഗത്തെ ലക്ഷ്യമാക്കി നമുക്ക് മുന്നേറാം. അതിനായി സര്‍വശക്തനായ ദൈവം നമ്മെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ബ്രദര്‍ അലന്‍ കക്കാട്ട്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.