നൈജീരിയയിൽ ആക്രമണം: 43 പേർ കൊല്ലപ്പെട്ടു

നൈജീരിയയിലെ സൊകോട്ടോ സംസ്ഥാനത്തെ ഗൊറോണിയോയിലെ മാർക്കറ്റിൽ തോക്കുധാരികളുടെ ആക്രമണത്തിൽ 43 -ഓളം പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഗോറോണിയോ ലോക്കൽ ഗവൺമെന്റ് ഏരിയയിലെ മാർക്കറ്റിൽ ഒക്ടോബർ 17, ഞായറാഴ്ച ആരംഭിച്ച ആക്രമണം തിങ്കളാഴ്ച രാവിലെ വരെ തുടർന്നുവെന്നാണ് വാർത്താ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.

നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി കൊലപാതകങ്ങളെ തുടർന്ന് കൊള്ളക്കാർക്ക് ഒരു സന്ദേശം അയച്ചു. അതിൽ അവരുടെ ആത്യന്തികമായ നാശത്തിന്റെ സമയം അടുത്തുവരികയാണെന്നും അവർക്ക് ഇനി ഒളിക്കാൻ ഇടമില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷാസേന ഒളിത്താവളങ്ങളിൽ അവർക്കെതിരെ ശക്തമായ തിരിച്ചടി നൽകുന്നതിനാൽ കൊള്ളക്കാർ ഇപ്പോൾ കടുത്ത സമ്മർദ്ദത്തിലാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

സൊകോട്ടോ സംസ്ഥാന ഗവർണർ അമിനു വസീരി താംബുവൽ തിങ്കളാഴ്ച രാവിലെ സൈനിക മേധാവി ജനറൽ ഫാറൂഖ് യഹായയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മുപ്പതോളം പേർ മരിച്ചുവെന്ന നിഗമനത്തിലായിരുന്നു. എന്നാൽ, സംഭവം നടന്ന സ്ഥലത്തെ ആളുകളുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് 43 -ഓളം പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്.

വടക്കുപടിഞ്ഞാറൻ നൈജീരിയയിലുടനീളം കൊള്ളക്കാർ എന്ന് അറിയപ്പെടുന്ന തോക്കുധാരികൾ നിരവധി ആളുകളെ കൊല്ലുകയും മോചനദ്രവ്യത്തിനായി ഡസൻ കണക്കിന് പേരെ തട്ടിക്കൊണ്ടു പോകുകയും ചെയ്യുകയാണ്. ഈ മാസം ആദ്യം, നൈജറിന്റെ അതിർത്തിക്കടുത്തുള്ള സബോൺ ബിർണി ജില്ലയിൽ നടന്ന ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം, കടുനയിലെ കൗറയിലെ മദമൈ ഗ്രാമത്തിൽ കൊള്ളക്കാരുടെ ആക്രമണത്തിൽ കുറഞ്ഞത് 34 പേരെങ്കിലും കൊല്ലപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.