മാതാവിന്റെ പ്രത്യക്ഷീകരണം: മൂന്നാം ദിവസം

ജോബിഷ് പള്ളിത്തോട്‌

വാൽസിംഗാവിലെ മാതാവ്

കത്തോലിക്കാ സഭയിലും മറ്റ് ഇതരസഭയിലും മറ്റു ചില ആംഗ്ലിക്കൻ സഭയിലും ഒരുപോലെ വണങ്ങുന്ന മരിയൻ പ്രത്യക്ഷീകരണമാണ് ഇംഗ്ലണ്ടിൽ നടന്ന വാൽസിംഗാമിലെ പരിശുദ്ധ അമ്മമാതാവിന്റെ പ്രത്യക്ഷീകരണം. 1061 -ല്‍ ഇംഗ്ലണ്ടിലെ വാൽസിംഗാമിലെ റിച്ചെല്‍ടിസ് എന്ന ഒരു ഇംഗ്ലീഷ് വനിതക്കു ലഭിച്ച പരിശുദ്ധ മാതാവിന്റെ ദർശനമാണ് ഈ പ്രത്യക്ഷീകരണം.

പരിശുദ്ധ അമ്മ മാതാവ് ഒരു ആത്മീയ അനുഭവത്തിലൂടെ റിച്ചെല്‍ടിസ് എന്ന ഇംഗ്ലീഷ് വനിതയെ മംഗളവാർത്ത നടന്ന നസ്രത്തിലെ ഭാവനം കാണിച്ചുകൊടുത്തു കൊണ്ട്, ഇതുപോലുള്ള ഒരു ദേവാലയം ആദ്യം ഇവിടെ പണിയണം എന്ന്‌ നിർദ്ദേശം കൊടുത്തു. ആരെല്ലാം ഈ കൊച്ചുദേവാലയത്തിൽ വന്നു പ്രാർത്ഥിക്കുന്നുവോ അവരാരും വെറുംകൈയോടെ തിരിച്ചുപോകില്ല എന്ന മുന്നറിയിപ്പും നൽകി. ഇത് എന്റെ മംഗളവാർത്തയുടെ പുതിയ സ്മാരകമായിരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

മരം കൊണ്ടാണ് ഈ ദേവാലയം പണി തീർത്തിരിക്കുന്നത്. പരിശുദ്ധ ഭവനം എന്ന പേരിലാണ് ഈ ദേവാലയം അറിയപ്പെടുന്നത്. പരിശുദ്ധ അമ്മയോടുള്ള ഭക്തി ശക്തമായി അവിടെ മുഴുവനായി പ്രചരിച്ചിരുന്നു. എന്നാൽ ഈ ദേവാലയം സംരക്ഷിച്ചിരുന്ന രണ്ട് സന്യാസികളെ അന്നത്തെ രാജാവായ ഹെന്റി എട്ടാമൻ വധിക്കുകയും ആ ദേവാലയം നശിപ്പിക്കുകയും ചെയ്തു.

1897 -ല്‍ ലെയോ പതിമൂന്നാമൻ മാർപാപ്പ ഈ ദേവാലയം വീണ്ടെടുക്കുകയും പുതുക്കിപ്പണിയുകയും ചെയ്തു. ഇംഗ്ലണ്ടിലെ നസറത്ത് എന്നറിയപ്പെടുന്ന ഈ ദേവാലയത്തിൽ സെപ്റ്റംബർ മാസം 24 -നാണ് തിരുനാൾ ആഘോഷിക്കുന്നത്. 1954 ആഗസ്റ്റ് പന്ത്രണ്ടാം പീയൂസ് മാർപാപ്പ അവിടത്തെ മെത്രാൻ വഴി ഈ തിരുസ്വരൂപത്തെ സ്വർണകിരീടം അണിയിക്കുകയും ചെയ്തു.

ജോബിഷ് പള്ളിത്തോട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.