ഫിലിപ്പീൻസിലെ ആന്റിപോളോ കത്തീഡ്രൽ ദൈവാലയത്തിലെ സമാധാനത്തിന്റെയും ശുഭയാത്രയുടെയും അമ്മ 

ഫ്രാൻസിസ് പാപ്പായുടെ ജപമാല മാരത്തോണില്‍ ഇന്നേ ദിവസം ലോകമെമ്പാടുമുള്ള എല്ലാ കുടുംബങ്ങൾക്കും വേണ്ടിയാണു പ്രത്യേകമാം വിധം പ്രാർത്ഥന സമർപ്പിക്കുന്നത്. ഫിലിപ്പീൻസിലെ ആന്റിപോളോ കത്തീഡ്രൽ ദൈവാലയത്തിലാണ് ഇന്ന് പ്രാർത്ഥന നടക്കുന്നത്. ഈ ദൈവാലയത്തിന്റെ പ്രത്യേകതകളാണ് ലൈഫ്ഡേ ഇന്ന് പങ്കുവെക്കുന്നത്.

ഫിലിപ്പീൻസിലെ ആന്റിപോളോയിൽ സ്ഥിതിചെയ്യുന്ന കത്തോലിക്കാ ദൈവാലയമാണ് ആന്റിപോളോ കത്തീഡ്രൽ. ‘അവർ ലേഡി ഓഫ് പീസ് ആൻഡ് ഗുഡ് വോയേജ്’ എന്നും ഈ തീർത്ഥാട കേന്ദ്രം  അറിയപ്പെടുന്നു. ഫിലിപ്പീൻസിലെ ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമാണിത്. സമാധാനത്തിന്റെയും ശുഭയാത്രയുടെയും മാതാവെന്നറിയപ്പെടുന്ന പരിശുദ്ധ കന്യകാ മറിയത്തിന്റെ ചിത്രമാണ് ഈ കത്തീഡ്രലിന്റെ പ്രധാന ആകർഷണീയത. യാത്ര ചെയ്യുന്നവരുടെയും നാവികരുടെയും പ്രത്യേക മധ്യസ്ഥയാണ് ആന്റിപോളോ മാതാവ്. വർഷം തോറും ലക്ഷക്കണക്കിന് വിശ്വാസികളാണ് ഈ ദൈവാലയം സന്ദർശിക്കുവാൻ എത്തിച്ചേരുന്നത്.

ആന്റിപോളോയിൽ ആദ്യം എത്തിച്ചേർന്നത് ഫ്രാൻസിസ്കൻ മിഷനറിമാരായിരുന്നു. എങ്കിലും ആദ്യമായി അവിടെ ദൈവാലയം നിർമ്മിച്ചത് ജെസ്യൂട്ട് മിഷനറിമാരാണ്. 1591 മുതൽ 1768 വരെ ദൈവാലയത്തിന്റെ ഉടമസ്ഥത അവർക്കായിരുന്നു. പിന്നീട് നടന്ന ചൈനീസ് അധിനിവേശത്തിലും തുടരെയുണ്ടായ ഭൂകമ്പത്തിലും ദൈവാലയത്തിനു കേടുപാടുകൾ സംഭവിച്ചു. പിന്നീട് ദൈവാലയത്തിലെ പരിശുദ്ധ കന്യകാ മറിയത്തിന്റെ ചിത്രം അപ്പോഴത്തെ ഗവർണർ ജനറൽ സൂക്ഷിക്കുകയും അതിനു ശേഷം മറ്റൊരു ദൈവാലയം നിർമ്മിക്കുവാൻ മുൻകൈ എടുക്കുകയും ചെയ്തു. പിന്നീട് ഈ ദൈവാലയം അനവധി തീർത്ഥാടകരുടെ ആശ്വാസ കേന്ദ്രമായി മാറി. ഫിലിപ്പീൻസിന്റെ ദേശീയ നായക സ്ഥാനം അലങ്കരിക്കുന്ന സവ്വജ്ഞാനിയും പണ്ഡിതനുമായ ജോസേ റിസാൽ അദ്ദേഹത്തിന്റെ പിതാവുമൊത്ത് 1868 -ൽ ഇവിടം സന്ദർശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജനനസമയത്തുണ്ടായ ചില പ്രതിസന്ധികൾ തരണം ചെയ്യുവാനായി അവർ ലേഡി ഓഫ് പീസ് ആൻഡ് ഗുഡ് വോയേജ് അമ്മയോട് ജോസെയുടെ അമ്മ പ്രാർത്ഥനാ സഹായം അപേക്ഷിക്കുകയും പ്രശ്നങ്ങളൊന്നുമില്ലാതെ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. പിന്നീട് അവർ മകനുമായി ദൈവാലയത്തിൽ വന്ന് അന്നത്തെ നേർച്ച നിറവേറ്റുകയും ചെയ്തു.

1954 ജനുവരി 14 -ന് ഫിലിപ്പീൻസ് കാത്തോലിക് ബിഷപ്‌സ് കോൺഫറൻസ് ദൈവാലയത്തെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു. 1983 ജൂൺ 25 -നാണ് കത്തീഡ്രൽ പദവിയിലേക്കുയർത്തിയത്. ദൈവാലയം തീർത്ഥാടകർക്കായി പ്രത്യേകം തുറന്നു കൊടുക്കുന്നത് മെയ് മാസത്തിലാണ്. മെയ് മാസത്തിലെ ഈ ദിവസങ്ങളിൽ വ്യത്യസ്തമായ പല ചടങ്ങുകളും നടത്തുന്നുണ്ട്. അന്റോപോളോയിൽ നിന്നും 33 കിലോമീറ്റർ അകലെയുള്ള ‘കറുത്ത നാസറായെന്റെ’ ദൈവാലയത്തിലേക്ക് ആഘോഷപൂർവ്വം ‘സമാധാനത്തിന്റെയും ശുഭയാത്രയുടെയും മാതാവി’ന്റെ ചിത്രം പ്രദക്ഷിണമായി കൊണ്ടുപോകാറുണ്ട്. ഈ ചടങ്ങിനെ ‘അമ്മ മകനെ കാണുവാൻ പോകുന്ന ചടങ്ങ്’ എന്നാണ് വിശ്വാസികൾ വിശേഷിപ്പിക്കുന്നത്. ‘മകനെ’ സന്ദർശിച്ചു മടങ്ങിയെത്തുന്നതിന്റെ ഭാഗമായി കത്തീഡ്രലിൽ പ്രത്യേകം വിശുദ്ധ കുർബാനയും മറ്റ് ആരാധനകളും ഉണ്ടായിരിക്കുന്നതാണ്. പിന്നീട് മെയ് മാസത്തിന്റെ ആദ്യത്തെ ചൊവ്വാഴ്ചയിലുള്ള കൃതജ്ഞതാ ദിവ്യബലിയോടെ കത്തീഡ്രലിൽ തീർത്ഥാടകർ എത്തിത്തുടങ്ങുന്നു. ഇത് ജൂലൈ മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച വരെ തുടരുന്നതാണ്.

സമാധാനത്തിന്റെയും ശുഭയാത്രയുടെയും മാതാവിന്റെ ചിത്രത്തിൻറെ ചരിത്രം

1626 -ൽ ഫിലിപ്പീൻസ് ഗവർണർ ജനറൽ ആയിരുന്ന ജുവാൻ നിനോ ഡി ടബോറ മെക്സിക്കോയിൽ നിന്നാണ് മാതാവിന്റെ ചിത്രം കൊണ്ടുവന്നത്. പസഫിക് കടലിലൂടെയുള്ള അദ്ദേഹത്തിന്റെ സമാധാനപരവും സുരക്ഷിതവുമായ യാത്രയാണ് ഈ ചിത്രത്തിന് ‘അവർ ലേഡി ഓഫ് പീസ് ആൻഡ് ഗുഡ് വോയേജ്’ എന്ന പേര് നേടിക്കൊടുത്തത്. മാതാവിന്റെ ഈ ചിത്രവുമായി പിന്നീട് നടന്ന ആറു കപ്പൽ യാത്രകളും ഇതിനു ഉറപ്പു നൽകുന്നതായിരുന്നു. ഫിലിപ്പീൻസിലെ ഭക്തർക്കിടയിൽ ഈ ചിത്രത്തിലുള്ള മാതാവിന്റെ രൂപങ്ങളാണ് ഏറ്റവും പ്രസിദ്ധം. 19 ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ ജോസേ റിസാലിന്റെ രചനകളിൽ ഇത് പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. പന്ത്രെണ്ടാം പീയൂസ് മാർപാപ്പയാണ് രൂപത്തെ കിരീടമണിയിച്ച് പരിശുദ്ധ അമ്മയോടുള്ള സഭയുടെ ആദരവ് നൽകിയത്. വെളുത്ത വസ്ത്രം ധരിച്ച്, നീല മേൽക്കുപ്പായവുമണിഞ്ഞ് തലയിൽ സ്വർണ കിരീടവും കൈയ്യിൽ ഒരു ദണ്ഡുമായി നിൽക്കുന്ന പരിശുദ്ധ അമ്മയുടെ നിറം കറുപ്പാണ്. ഇത്തരത്തിൽ കറുത്ത നിറത്തിലുള്ള മരിയൻ രൂപങ്ങൾ വളരെ വിരളമാണ്. ഇതിനാൽ തന്നെയാകണം മനിലയിലെ കറുത്ത നസറായന്റെ ദൈവാലയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള രൂപവുമായി അഭേദ്യമായ ബന്ധം ഈ ചിത്രത്തിനുള്ളത്.

സുനീഷാ നടവയല്‍

മരിയൻ മാരത്തോൺ പ്രാർത്ഥന 6: നിയോഗം – കുടുംബങ്ങള്‍

1. തിരി കൊളുത്തുക

(പരിശുദ്ധ കന്യകാമറിയത്തിൻ്റെ തിരുസ്വരൂപത്തിൻ്റെ മുമ്പിലോ ഛായചിത്രത്തിൻ്റെ മുമ്പിലോ തിരി കത്തിച്ചു കൊണ്ടാരംഭിക്കുക)

2. തിരുവചന ഭാഗം വായന: ലൂക്കാ 18: 1- 8

(വിശുദ്ധ ലൂക്കാ സുവിശേഷം പതിനെട്ടാം അധ്യായം ഒന്നു മുതൽ എട്ടുവരെയുള്ള തിരുവചന ഭാഗം വായിക്കുക)

ഭഗ്‌നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ യേശു അവരോട്‌ ഒരു ഉപമ പറഞ്ഞു:

ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരുന്യായാധിപന്‍ ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു.

ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള്‍ വന്ന്‌ അവനോട്‌, എതിരാളിക്കെതിരേ എനിക്കു നീതി നടത്തിത്തരണമേ എന്നപേക്‌ഷിക്കുമായിരുന്നു.

കുറേ നാളത്തേക്ക്‌ അവന്‍ അതു ഗൗനിച്ചില്ല. പിന്നീട്‌, അവന്‍ ഇങ്ങനെ ചിന്തിച്ചു: ഞാന്‍ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല.

എങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ടു ഞാന വള്‍ക്കു നീതിനടത്തിക്കൊടുക്കും. അല്ലെങ്കില്‍, അവള്‍ കൂടെക്കൂടെ വന്ന്‌ എന്നെ അസഹ്യപ്പെടുത്തും.

കര്‍ത്താവ്‌ പറഞ്ഞു: നീതിരഹിതനായ ആ ന്യായാധിപന്‍ പറഞ്ഞതെന്തെന്ന്‌ ശ്രദ്‌ധിക്കുവിന്‍.

അങ്ങനെയെങ്കില്‍, രാവും പകലും തന്നെ വിളിച്ചു കരയുന്നതന്റെ തെരഞ്ഞെടുക്കപ്പെട്ട വര്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന്‌ അതിനു കാലവിളംബം വരുത്തുമോ?

അവര്‍ക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?

3. വിചിന്തനം പങ്കുവയ്ക്കുക

(വചന വായനയ്ക്കു ശേഷം അല്പം നിശബ്ദ വിചിന്തനത്തിനുള്ള സമയം അനുവദിക്കുക. കാർമ്മികൻ താഴെ പറയുന്നതോ തത്തുല്യമായ മറ്റെതെങ്കിലും വ്യഖ്യാനം നൽകുക.)

പ്രിയ സഹോദരി സഹോദരന്മാരേ, പകർച്ചവ്യാധിയുടെ സമയം നമ്മുടെ ജീവിതത്തെ സാരമായി ബാധിച്ചു. പരീക്ഷണങ്ങളുടെ ഈ സമയം വിശ്വാസത്തിനു സാക്ഷ്യം വഹിക്കുവാനും പ്രത്യാശ പരിപോഷിപ്പിക്കുവാനും ആത്മീയവും ശാരീരികവുമായ കാരുണ്യ പ്രവർത്തങ്ങളിൽ ഏർപ്പെടാനുമുള്ള നല്ല അവസരമാണ്.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്നാലും മരണസമയത്തും ശവസംസ്കാര ശുശ്രൂഷയിൽ പോലും അവരോടൊപ്പം സന്നിഹിതരായാൽ കഴിയാത്തതിൻ്റെ തീവ്ര ദുഃഖം നമ്മളിൽ ചിലരിൽ തങ്ങി നിൽക്കുന്നു. കുടുബപരവും സാമൂഹികവുമായ ബന്ധങ്ങൾ കഠിനമായ പരീക്ഷണങ്ങൾക്കു വിധേയമായി. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും കുടുബങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു. ഈ അനുഭവങ്ങളിൽ, ആദിമ ക്രൈസ്തവ സമൂഹം എന്തു ചെയ്തു എന്ന്  അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ മനോഹരമായി വിവരിച്ചിരിക്കുന്നു. “സഭ അവനുവേണ്ടി ദൈവത്തോടു തീക്‌ഷണമായി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു” (അപ്പ. പ്രവ 12 : 5). നമ്മുടെ യാചനകൾ കേൾക്കാനായി ദൈവസന്നിധിയിലേക്കു നമ്മുടെ പ്രാർത്ഥനകൾ ഉയർത്താം.

4. പരിശുദ്ധ മാതാവിൻ്റെ സ്തുതിക്കായുള്ള ഒരു ഗാനം ആലപിക്കുക

5. ജപമാല പ്രാർത്ഥന ചൊല്ലുക

നമ്മൾ ഇപ്പോൾ കത്തിച്ച തിരി മഹാവ്യാധിയുടെ അവസാനത്തിനായി പ്രാർത്ഥിക്കാൻ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഓർമ്മപ്പെടുത്തുന്നു. ഈ പ്രാർത്ഥനാലയത്തിൽ ജാഗ്രതയോടെ വ്യാപരിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു. ശരീരികമായി സന്നിഹിതമാകാൻ കഴിയില്ലങ്കിലും ആത്മീയമായി സ്വഭവനങ്ങളിലും ജോലി സ്ഥലങ്ങളിലും ഇടവക സമൂഹങ്ങളിലും ഇരുന്നു കൊണ്ട് ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തോടു ഈ പരീക്ഷണ കാലങ്ങൾ അതിജീവിക്കാനായി നമുക്കു മദ്ധ്യസ്ഥം തേടാം.

നമുക്കു പ്രാർത്ഥിക്കാം

ഓ പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾ നിൻ്റെ സംരക്ഷണം തേടി നിൻ്റെ പക്കൽ വരുന്നു. ഓ ഭാഗ്യവതിയും മഹത്വപൂർണ്ണയുമായ കന്യകയേ, ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളുടെ അപേക്ഷകളെ നീ തള്ളിക്കളയരുതേ, എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ വിടുവിപ്പിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ

പ്രിയ സഹോദരി സഹോദരന്മാരെ, പരിശുദ്ധ പിതാവിനോടുള്ള  ഐക്യത്തിൽ വലിയ പരീക്ഷണങ്ങളുടെ ഈ നാളുകളിൽ ആദിമ ക്രൈസ്തവ സമൂഹങ്ങളെപ്പോലെ പരിശുദ്ധ കന്യകാമറിയത്തിൻ്റെ മദ്ധ്യസ്ഥതയിലുടെ നമ്മളെ അലട്ടുന്ന കോവിഡ് എന്ന മഹാവ്യാധി അവസാനിക്കുന്നതിനായി നമ്മുടെ പ്രാർത്ഥനകള ദൈവസന്നിധിയിലേക്ക് ഉയർത്താം.

ഇന്നേ ദിനം പ്രത്യേകമായി, ഫിലിപ്പീൻസിലെ ആന്റിപോളോ കത്തീഡ്രൽ ദൈവാലയത്തിലെ സമാധാനത്തിന്റെയും ശുഭയാത്രയുടെയും അമ്മയോട് ചേർന്ന് കുടുംബങ്ങളെയും സമർപ്പിച്ചു നമുക്കു പ്രാർത്ഥിക്കാം.

പരിശുദ്ധ കന്യകാമറിയത്തിൻ്റെ ചിത്രത്തിനു മുമ്പിൽ എരിയുന്ന ഈ തിരികൾ നമ്മുടെ അന്ധകാരത്തിൻ്റെ നിമിഷങ്ങളെ പ്രകാശിപ്പിക്കുകയും വെളിച്ചത്തിൻ്റെ പുതിയ അരുണോദയത്തിലേക്കു നമ്മുടെ ജീവിതങ്ങളെ പരിവർത്തനം ചെയ്യുകയും ചെയ്യട്ടെ.

(ഇപ്പോൾ നമുക്കു ജപമാല പ്രാർത്ഥന ജപിക്കാം. ജപമാലയുടെ അവസാനം ലുത്തിനിയാ, മരിയൻ ഗീതങ്ങൾ എന്നിവ  പാടാവുന്നതാണ്.)

6. പ്രാർത്ഥന

ഓ പരിശുദ്ധ ദൈവ മാതാവേ, ഞങ്ങൾ നിൻ്റെ സംരക്ഷണം തേടി വരുന്നു. ലോകം മുഴുവൻ കഷ്ടപ്പാടുകൾക്കും ഉത്കണ്ഠകൾക്കും ഇരയായിരിക്കുന്ന ഈ ദാരുണ സാഹചര്യത്തിൽ, ദൈവമാതാവും ഞങ്ങളുടെ അമ്മയുമായ നിൻ്റെ പക്കലേക്കു ഞങ്ങൾ ഓടി വരുകയും നിൻ്റെ സംരക്ഷണത്തിൽ അഭയം തേടുകയും ചെയ്യുന്നു.

കന്യകാമറിയമേ, കോറോണ വൈറസ് തീർക്കുന്ന പകർച്ചവ്യാധിക്കിടയിൽ നിൻ്റെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരേ തിരിക്കണമേ. അസ്വസ്ഥരായവരെയും പ്രിയപ്പെട്ടവരുടെ വേർപാടുമൂലം വിലപിക്കുന്നവരെയും ആശ്വസിപ്പിക്കണമേ. പ്രിയപ്പെട്ടവരുടെ രോഗം മൂലം ആകുലചിത്തരായിരിക്കുന്നവരോടും രോഗം പടരാതിരിക്കാൽ പ്രിയപ്പെട്ടവരിൽ നിന്നു അകന്നു  നിൽക്കുന്നവരോടും നീ ചേർന്നു നിൽക്കണമേ. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളാലും സമ്പദ് വ്യവസ്ഥയും തൊഴിലില്ലായ്മയും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളാൽ വിഷമിക്കുന്നവരിൽ  നീ പ്രത്യശ നിറയ്ക്കണമേ.

ദൈവമാതാവും ഞങ്ങളുടെ അമ്മയുമായ മറിയമേ, ഈ മഹാവ്യാധി അവസാനിക്കുവാനും പ്രത്യാശയും സമാധാനവും പുതുതായി ഉദയം ചെയ്യുവാനും കരുണയുള്ള പിതാവായ ദൈവത്തോടു ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. രോഗികളുടെയും അവരോടു ബന്ധപ്പെട്ട കുടുംബങ്ങളുടെയും ആശ്വാസത്തിനും അവരുടെ ഹൃദയങ്ങളിൽ ആത്മവിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും കിരണങ്ങൾ വിരിയുവാനും കാനായിൽ നിൻ്റെ ദിവ്യ സുതനോടു അപേക്ഷിച്ചുപോലെ ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണമേ. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി അപകട സാധ്യതകളൾ നിറഞ്ഞ അത്യാഹിത വിഭാഗങ്ങളിൽ മുൻനിരയിൽ ശുശ്രൂഷ ചെയ്യുന്ന ഡോക്ടർമാരെയും നേഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും സന്നദ്ധ പ്രവർത്തകരെയും  സംരക്ഷിക്കണമേ. അവരുടെ വീരോചിതമായ പരിശ്രമങ്ങളെ സഹായിക്കുകയും അവർക്കു ആരോഗ്യവും മഹാമനസ്കതയും  ശക്തിയും നൽകുകയും ചെയ്യണമേ.

ദുഃഖിതരുടെ ആശ്വാസമായ മറിയമേ, ദുരിതത്തിലകപ്പെട്ടിരിക്കുന്ന നിൻ്റെ എല്ലാ മക്കളെയും ആശ്വസിപ്പിക്കുകയും ദൈവം തൻ്റെ സർവ്വശക്തമായ കരം നീട്ടി ഭയാനകമായ ഈ പകർച്ചവ്യാധിയിൽ നിന്നു മോചനം നൽകുന്നതിനായി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമേ, അതുവഴി സാധാരണ ജീവിതത്തിലേക്കു ഞങ്ങൾ മടങ്ങി വരട്ടെ. രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി ഞങ്ങളുടെ ജീവിതയാത്രയിൽ വിളങ്ങി ശോഭിക്കുന്ന മാധുര്യവും സ്നേഹവും കരുണയും നിറഞ്ഞ പരിശുദ്ധ അമ്മേ, ഞങ്ങളെത്തന്നെ നിനക്കു ഞങ്ങൾ  ഭരമേല്പിക്കുന്നു. ആമ്മേൻ

7. സമാപന പ്രാർത്ഥന

പ്രിയ സഹോദരി സഹോദരന്മാരെ, ഇന്നേ ദിനം പരിശുദ്ധ കന്യകാമറിയത്തിൻ്റെ കരങ്ങളിലൂടെ പ്രത്യേകമായി ഫിലിപ്പീൻസിലെ ആന്റിപോളോ കത്തീഡ്രൽ ദൈവാലയത്തിലെ സമാധാനത്തിന്റെയും ശുഭയാത്രയുടെയും അമ്മയോട് ചേര്‍ന്ന് എല്ലാ കുടുംബങ്ങളെയും നാം ദൈവത്തിനു സമർപ്പിച്ചുവല്ലോ. നമ്മുടെ യാചനകൾ അവിടുന്നു ശ്രവിക്കുകയും അവ സാധിച്ചുു തരുകയും ചെയ്യട്ടെ.

8. എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥന

എത്രയും ദയയുള്ള മാതാവേ/ നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‌‌/ നിന്‍റെ സഹായം തേടി/ നിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍/ ഒരുവനെയെങ്കിലും/ നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല/ എന്ന്‌ നീ ഓര്‍ക്കണമെ. കന്യകളുടെ രാജ്ഞിയായ കന്യകേ/ ദയയുള്ള മാതാവെ/ ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ടു/ നിന്‍റെ തൃപ്പാദത്തിങ്കല്‍/ ഞാന്‍ അണയുന്നു‍. വിലപിച്ചു കണ്ണുനീര്‍ ചിന്തി/ പാപിയായ ഞാന്‍/ നിന്‍റെ ദയാധിക്യത്തെ കാത്തു കൊണ്ട്‌/ നിന്‍റെ സന്നിധിയില്‍/ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ/ എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ/ ദയാപൂര്‍വ്വം കേട്ടരുളേണമെ, ആമ്മേന്‍.

ഫാ. ജയ്സൺ കുന്നേൽ MCBS

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.