യുദ്ധ ഭീഷണികള്‍ക്കിടയിലും ക്രിസ്തുമസിനായി തയ്യാറെടുത്ത് അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവര്‍

40 വര്‍ഷമായി തുടരുന്ന യുദ്ധ ഭീഷണികള്‍ക്കിടയിലും ഈശോയുടെ ജനനം ആഘോഷിക്കുവാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യാനികള്‍. വന്‍ സുരക്ഷാ സന്നാഹങ്ങള്‍ക്ക്‌ നടുവിലാണ് തിരുപ്പിറവിയുടെ ചടങ്ങുകള്‍ നടക്കുക.

രാജ്യത്തെ ഏക കത്തോലിക്ക ദേവാലയം കാബൂളിലെ ഇറ്റാലിയൻ എംബസിക്കുള്ളിലാണ്. കഴിഞ്ഞ ഞായറാഴ്ച ദേവാലയത്തിനു മുന്നിൽ സ്ഥാപിച്ച ക്രിസ്തുമസ് ട്രീ തെളിയിച്ച് തിരുപ്പിറവിയുടെ നൊവേന ആരംഭിച്ചു. ഡിസംബർ ഇരുപത്തിനാലിന് തിരുപ്പിറവി ശുശ്രൂഷകളും ദിവ്യബലിയും വൈകുന്നേരം നടത്തപ്പെടും.

ഇസ്ലാമിക രാഷ്ട്രമായ അഫഗാനിസ്ഥാനില്‍ മറ്റു മതങ്ങളുടെ ചടങ്ങുകള്‍ നടത്തുന്നതിനു നിയന്ത്രണമുണ്ട്‌. ഭീഷണികള്‍ക്ക് ഇടയിലും പല തരത്തിലുള്ള കാരുണ്യ പ്രവര്‍ത്തികള്‍ ക്രിസ്ത്യന്‍ സമൂഹം നടത്തുന്നുണ്ട്. അന്താരാഷ്ട്ര സന്യാസ സമൂഹമായ ചിൽഡ്രൻ പ്രോ-കാബൂൾ, മിഷ്ണറീസ് ഓഫ് ചാരിറ്റി, ഇന്ത്യൻ ജെസ്യൂട്ട് സമൂഹത്തിന്റെ അഭയാർത്ഥി സേവനങ്ങളും മറ്റ് വിദ്യാഭ്യാസ സാമൂഹിക പദ്ധതികളും അഫ്ഗാനിസ്ഥാനിൽ സജീവമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.