‘വീട്ടില്‍ നിന്ന് അകന്നിരുന്ന സമയങ്ങളില്‍ നെഞ്ചോടു ചേര്‍ത്ത് പിടിച്ചിരുന്നു ആ വചനം’ – ക്രിസ് പ്രറ്റ്

‘എന്നെ ശക്തനാക്കുന്ന യേശുവിലൂടെ എനിക്ക് എല്ലാം ചെയ്യുവാന്‍ കഴിയും’ ഈ വചനം വീട്ടില്‍ നിന്ന് ദൂരെ ആയിരിക്കുമ്പോഴെല്ലാം ഞാന്‍ ആവര്‍ത്തിച്ചു ചൊല്ലുമായിരുന്നു. പറയുന്നത് ക്രിസ്റ്റഫര്‍ മൈക്കള്‍ പ്രറ്റ്. അമേരിക്കയിലെ പ്രശസ്ത നടനായ ക്രിസിന് ഈ വചനവുമായി ആഴമായ ബന്ധം ഉണ്ടായിരുന്നു. അതിനു കാരണമായ സാഹചര്യത്തെ കുറിച്ചു ക്രിസ് പറയുന്നു…

ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ന്ന വ്യക്തിയാണ് ക്രിസ്റ്റഫര്‍ മൈക്കള്‍ പ്രറ്റ്. ഊഷ്മളമായ കുടുംബ ബന്ധത്തിന്റെ കരുതലും സുരക്ഷിതത്വവും നന്നായി മനസിലാക്കിയിരുന്ന, അനുഭവിച്ചിരുന്ന ക്രിസ്സിനു വീട് എന്നാല്‍ സ്വര്‍ഗ്ഗതുല്യമായ അനുഭവം ആയിരുന്നു. അതിനാല്‍ തന്നെ വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്ന കാര്യം ആലോചിക്കുവാനേ കഴിയുമായിരുന്നില്ല. അഭിനയ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ക്രിസ്സിനെ പ്രതിസന്ധിയിലാക്കിയത് ഷൂട്ടിങ്ങിനും മറ്റുമായി ദിവസങ്ങളോളം ചിലപ്പോള്‍ മാസങ്ങളോളം വീട്ടില്‍ നിന്ന് മാറി നില്‍കേണ്ടി വരുന്ന അവസ്ഥയായിരുന്നു. അത് ക്രിസിനെ മാനസികമായി തളര്‍ത്തിയിരുന്നു.

ഇങ്ങനെ ഒരു സാഹചര്യത്തിലൂടെ കടന്നു പോകുന്നതിനു ഇടയില്‍ ആണ് അതിനു ഒരു പരിഹാരവുമായി ക്രിസ്സിന്റെ സഹോദരന്‍ കുള്ളി എത്തുന്നത്. അദ്ദേഹം ക്രിസ്സിനു ഒരു കാര്‍ഡ് സമ്മാനിച്ചു. ഒരു വചനം അടങ്ങിയ കാര്‍ഡ്. എന്നാല്‍ അത് എങ്ങനെ സൂക്ഷിക്കും എന്ന സംശയത്തിനിടയില്‍ ക്രിസ് സഹോദരനോട് തനിക്കു പോക്കറ്റില്‍ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ഒന്നാക്കി അത് തരാമോ എന്ന് ചോദിച്ചു. കാരണം പോക്കറ്റില്‍ തന്നെ വയ്ക്കുമ്പോള്‍ അടുത്ത ദിവസം അത് എവിടെയാണ് എന്ന് തപ്പി നടക്കേണ്ടതില്ലല്ലോ.

അത് നല്ലതാണെന്ന് തോന്നിയ കുള്ളി തടിയില്‍ കൊത്തിയെടുക്കുവാന്‍ തീരുമാനിച്ചു. ചെറിയ കരകൗശല വസ്തുക്കള്‍ ഒക്കെ ഉണ്ടാക്കുന്ന ശീലം അദ്ദേഹത്തിനുണ്ടയിരുന്നതിനാല്‍ തന്റെ അനുജന് മഹോഹരമായ ഒരു സമ്മാനം നിര്‍മ്മിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ പോക്കറ്റില്‍ വയ്ക്കാന്‍ കഴിയുന്ന ഒരു ചെറിയ തടിയില്‍ അദ്ദേഹം ആ വചനം കൊത്തി വെച്ചു ‘ എന്നെ ശക്തനാക്കുവാന്‍ കഴിയുന്ന ക്രിസ്തുവിലൂടെ എനിക്ക് എല്ലാം ചെയ്യാന്‍ സാധിക്കും.’ (ഫിലിപ്പി 4 : 13 )

ആ വചനം കൊത്തിയ ചെറിയ തടിക്കഷണം പിന്നീടുള്ള എല്ലാ ദിവസവും ക്രിസ്സിന്റെ പോക്കറ്റില്‍ തന്നെ ഇരുന്നു. ആ വചനം വീട്ടില്‍ നിന്ന് മാറി നില്‍ക്കുമ്പോള്‍ ഉണ്ടായ വിഷമങ്ങളെയും തന്റെ അഭിനയ ജീവിതത്തിലെ പ്രതിസന്ധികളെയും പതിയെ മാറ്റുവാന്‍ തുടങ്ങി. ‘ആ വചനം എനിക്ക് വലിയ ശക്തി പകരുന്നതായി തോന്നി. എന്റെ അരികില്‍ ഒരു ദൈവം ഉണ്ടെന്നും ഞാന്‍ ഒറ്റയ്ക്കാവുന്നില്ല എന്നും ഉള്ള വിശ്വാസത്തിലേയ്ക്ക് ആ ചെറിയ സമ്മാനം എന്നെ നയിച്ചു’ ക്രിസ് വെളിപ്പെടുത്തുന്നു.

വചനത്തിനു ഒരു ശക്തിയുണ്ട്. വചനത്തെ മുറുകെ പിടിക്കുന്നവരുടെ ജീവിതത്തിലേയ്ക്ക് പരിവര്‍ത്തനങ്ങള്‍ കൊണ്ടു വരാന്‍ വചനത്തിനു കഴിയും. മുറിവുണക്കുവാന്‍, പരിവര്‍ത്തനപ്പെടുത്തുവാന്‍, ബന്ധങ്ങള്‍ കൂട്ടിചേര്‍ക്കുവാന്‍, ആശ്വാസം നല്‍കുവാന്‍, നയിക്കുവാന്‍ ഒക്കെ വചനത്തിനുള്ള ശക്തി വളരെ വലുതാണ്. അതിനാല്‍ വചനത്തിനു നമ്മുടെ ജീവിതത്തിലും ഒരു സ്ഥാനം ഉണ്ടായിരിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.