“ആ കുട്ടി എന്റെ മടിയിൽ കിടന്നാണ് മരിച്ചത്”- നോബിൾ ഫ്രാൻസിസിന്റെ മരണത്തെക്കുറിച്ച്…

മരിയ ജോസ്

“ഒരു ഇല കൊഴിയുന്ന ശാന്തതയോടെ അവൻ ഈ ഭൂമിയിൽ നിന്നും യാത്രയായി” – എംഎംബി ബ്രദേഴ്സ് സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ ഫ്രാങ്കോ ബ്രദറിന്റെ വാക്കുകളാണ് ഇത്.

നോബിൾ ഫ്രാൻസിസ് എന്ന 28-കാരനെക്കുറിച്ചാണ് കണ്ഠമിടറിയുള്ള അദ്ദേഹത്തിന്റെ ഈ വാക്കുകൾ. ‘ടോയ്‌ലറ്റിൽ ഉപേക്ഷിക്കപ്പെട്ട നിധി’ എന്ന പേരിൽ ഫാ. ജെൻസൺ ലാസലറ്റ്, നോബിൾ ഫ്രാൻസിസിനെക്കുറിച്ച് തയ്യാറാക്കിയ ലേഖനം ആഗസ്റ്റ്‌ ഏഴാം തീയതി ലൈഫ് ഡേയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ ലേഖനം പ്രസിദ്ധീകരിച്ചതിനുശേഷം ലൈഫ് ഡേയുടെ ടെക്നിക്കൽ ഹെഡ് ഫാ. വിൻസെന്റ് സ്രാമ്പിക്കലിനെ തേടി ഒരു സന്ദേശം എത്തി. അത് എംഎംബി ബ്രദേഴ്സിന്റെ ഇപ്പോഴത്തെ സുപ്പീരിയർ ജനറലിന്റേതായിരുന്നു. നോബിൾ ഫ്രാൻസിസിനെ അവസാനമായി ശുശ്രൂഷിക്കുകയും നല്ല മരണത്തിനായി ഒരുക്കുകയും ചെയ്ത അദ്ദേഹത്തിന് ഈ ലേഖനം കണ്ടപ്പോൾ വിളിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. കാരണം, അദ്ദേഹത്തിനു മുന്നിൽ വിശുദ്ധനായി മരിച്ച നോബിൾ ഫ്രാൻസിസിന്റെ ജീവിതസാക്ഷ്യം ഉണ്ടായിരുന്നു. വിങ്ങുന്ന ഹൃദയത്തോടെ അദ്ദേഹം ആ ചെറുപ്പക്കാരനെക്കുറിച്ച് മനസ്സ് തുറന്നു…

ടോയ്‌ലറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ആ കുഞ്ഞിനെ വളർത്തിയതും വലുതാക്കിയതും എംഎംബി ബ്രദേഴ്സിന്റെ നേതൃത്വത്തിലുള്ള എമ്മാവൂസ് വില്ലയിലായിരുന്നു. ഇരുത്തിയാൽ ഇരിക്കും. അങ്ങോട്ടും ഇങ്ങോട്ടും ആടും. സംസാരമില്ല. മറ്റു ചലനങ്ങളില്ല. എന്നാൽ എല്ലാം അറിയുന്നുമുണ്ട്. 28 വയസു വരെ അവൻ ജീവിച്ചു. 1986 ഡിസംബർ 15-ന് ജനിച്ച് 2014 മാർച്ച് മൂന്നിനാണ് ആ കുഞ്ഞ് മരിക്കുന്നത്. ആ സമയം സ്ഥാപനത്തിന്റെ സുപ്പീരിയർ ആയിരുന്നു ഫ്രാങ്കോ ബ്രദർ.

നോബിളിന്റെ അവസാന നിമിഷത്തെക്കുറിച്ച് അദ്ദേഹം പങ്കുവയ്ക്കുന്നത് ഇപ്രകാരമാണ്: “തമ്പുരാന്റെ സന്നിധിയിലേയ്ക്ക് പോകുന്നതിനു മുമ്പ് ആ കുഞ്ഞിന്റെ കയ്യിൽ പിടിച്ച് ചെകിട്ടോർമ്മ ചൊല്ലിക്കൊടുത്തത് ഞാനായിരുന്നു. അവന് കേൾവിയും കാഴ്ചയും ഒന്നുമില്ലെങ്കിലും ആ ഒരു കൃത്യം നിർവ്വഹിക്കുവാൻ ദൈവം ഉപകരണമാക്കിയത് എന്നെയായിരുന്നു. അവന്റെ ആത്മാവ് തമ്പുരാന്റെ സന്നിധിയിലേയ്ക്കു പോയത് ഒരു ഇല അടർന്നുവീഴുന്ന ശാന്തതയോടെ ആയിരുന്നു. ആ കുഞ്ഞിന്റെ മരണം ഉൾക്കൊള്ളാൻ കുറെ കാലങ്ങളോളം എനിക്ക് സാധിച്ചില്ല. അവൻ ഞങ്ങൾക്ക് ഒരു നിധി തന്നെയായിരുന്നു.” ഉള്ളുലയുന്ന ഒരു വേദന അദ്ദേഹത്തിന്റെ ഈ വാക്കുകളിൽ നിറഞ്ഞിരുന്നു.

എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് എമ്മാവൂസ് വില്ലയിലെത്തിയ ആ കുഞ്ഞിന്റെ മൃതസംസ്കാര ശുശ്രൂഷ അത്യാഡംബരപൂർവ്വമായിരുന്നു എന്നത് ഇന്നും അവർക്ക് സന്തോഷം നൽകുന്നു. അഭിവന്ദ്യ പിതാവിന്റെയും വികാരി ജനറാളിന്റെയും ബ്രദേഴ്‌സിന്റെയും നിരവധിയായ സന്യസ്തരുടെയും സാന്നിധ്യത്തിലായിരുന്നു ആ കുഞ്ഞിന്റെ മൃതസംസ്കാരം. എംഎംബിയിലെ സഹോദരങ്ങളായിരുന്നു അവന്റെ മൃതദേഹം വഹിച്ചുകൊണ്ട് പള്ളിയിലേയ്ക്കു പോയത്. “ഈ ഒരു ലേഖനം ലൈഫ് ഡേയിൽ കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി, ഒപ്പം നന്ദിയും” – അദ്ദേഹം പറഞ്ഞുനിർത്തി.

അധികമൊന്നും സംസാരിച്ചിട്ടില്ല, പ്രവർത്തിച്ചിട്ടില്ലായെങ്കിലും വിശുദ്ധമായ ജീവിതമായിരുന്നു ആ യുവാവിന്റേത്. അതിനു തെളിവാണ് അവൻ്റെ കുഴിമാടത്തിൽ വന്ന് പ്രാർത്ഥിച്ച് കടന്നുപോകുന്നവർക്ക് അവനിലൂടെ ദൈവം ചൊരിയുന്ന അനുഗ്രഹങ്ങൾ. കുഞ്ഞുങ്ങളില്ലാത്ത പല ദമ്പതികൾക്കും ഇന്ന് അവൻ്റെ മദ്ധ്യസ്ഥതയാൽ ദൈവം കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കുകയാണ്.

മരിയ ജോസ്

5 COMMENTS

  1. ബ്രദർ ഫ്രാങ്കോ എൻ്റെ ക്ലാസ്സ് മേറ്റ് എന്നു ഞാൻ അഹങ്കരിക്കുന്നു

  2. നോബിൾ ഫ്രാൻസിസ്, കാഴ്ച്ചയില്ലങ്കിലും ജീവൻ തുടിക്കുന്ന ആ കണ്ണുകളും അവന്റെ നിശ്വാസവും ആ കിടപ്പും ഉണർന്നിരിക്കുമ്പോ ഴെല്ലാം സ്വർഗത്തിലേക്ക് മാത്രം തല ഉയർത്തിയുള്ള ഇരിപ്പും ഇന്നും ജീവനോടെ ഹൃദയത്തിലുണ്ട്. എന്റെ പ്രതിസന്ധികളിൽ നോബിൾ എനിക്ക് തമ്പുരാന്റെ മുമ്പിൽ മദ്ധ്യസ്ഥനായുണ്ട്. 1992 മുതൽ MMB സഹോദരന്മാരോടൊപ്പം നോബിളിനെ ശുശ്രുഷിക്കാനും പരിശീലനം നൽകാനും ഭാഗ്യം തന്നതിൽ ദൈവത്തിന് ആയിരം നന്ദി. ഇത് വലിയൊരു ദൈവാനുഭവത്തിന്റെ ഓർമ ആണ്. നോബിളിന്റെ സാന്നിധ്യം ഇന്നും Emmaus Villa യിൽ സജീവമായുണ്ട്. ഈ കുറിപ്പ് കണ്ടപ്പോൾ എഴുതാതിരിക്കാനായില്ല.
    നോബിളിന്റ സ്വന്തം ജെസിയമ്മ. Sr. Jessy Francis FCC.

  3. ഒരിക്കൽ എമ്മാവൂസ് വില്ലയിലെ സന്ദർശനത്തിൽ നോബിൾ എന്ന കുഞ്ഞിനെ കണ്ടത് , കാണാനോ , കേൾക്കാനോ ജെന്മനാ കഴിവില്ലാത്ത നോബിൾ ആരെങ്കിലും അടുത്ത് വന്നു എന്നറിഞ്ഞാൽ സന്തോഷം പ്രെകടിപ്പിക്കുമായിരുന്നു , സ്വർഗത്തിൽ ജീവിച്ചിരുന്നപ്പോൾ ഭൂമിയിലും മരണശേഷം സ്വർഗ്ഗത്തിലും നമുക്ക് ഒരു വിശുദ്ധനെ ലഭിച്ചു , നോബിളിനെ പൊന്നുപോലെ നോക്കിയ ബ്രദർ സെബിയെയും MMB കോൺഗ്രിഗേഷനിലെ എല്ലാ പ്രിയപ്പെട്ട ശുശ്രുഷരെയും ദൈവം അനുഗ്രഹിക്കട്ടെ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.