മെയ് മാസത്തിലെ മരിയൻ തിരുനാളുകൾ

മെയ് മാസം, മരിയൻ വണക്കത്തിന്റെ മാസമാണ്. ഈ മാസത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രദേശികമായി ആഘോഷിക്കുന്നതും നമ്മിൽ പലർക്കും അറിവില്ലാത്തതുമായ  മരിയൻ തിരുനാളുകളെക്കുറിച്ചുള്ള ഒരു ചെറിയ കുറിപ്പാണിത്.

പോളണ്ടിലെ രാജ്ഞിയായ മറിയത്തിന്റെ തിരുനാൾ (Our Lady Queen of Poland): മെയ് 3

പോളണ്ടിലെ ഭരണഘടന പ്രഖ്യപനം നടന്ന 1791 മെയ് മൂന്നിന്റെ ഓർമ്മയ്ക്കായി ഒൻപതാം പീയൂസ് പാപ്പ 1923-ൽ മെയ് മാസം മൂന്നാം തീയതി പോളണ്ടിലെ പോളണ്ടിലെ രാജ്ഞിയായ മറിയത്തിന്റെ തിരുനാൾ പ്രഖ്യാപിച്ചു.

ലെബനോന്‍ മാതാവിന്റെ തിരുനാൾ (Our Lady of Lebanon): മെയ് മാസത്തിലെ ആദ്യ ഞായർ

1908 ലെബനോണിലെ ഹരിസ്സാ എന്ന സ്ഥലത്തെ മലമുകളിൽ മെഡിറ്റേറിയൻ സമുദ്രത്തിനഭിമുഖമായി പരിശുദ്ധ കന്യകാമറിയത്തിന്റെ ഒരു ദൈവാലയം പണികഴിപ്പിച്ചു. ലെബനോനിലെ മാരനോയിറ്റ് പാത്രിയർക്കീസ് “ലെബനോനിലെ മറിയം” എന്ന പേരിൽ ഈ ദൈവാലയം കൂദാശ ചെയ്യുകയും മെയ് മാസം ആദ്യ ഞായറാഴ്ച ലെബനോൻ മതാവിന്റെ തിരുനാൾ സ്ഥാപിക്കുകയും ചെയ്തു.

യൂറോപ്പിലെ രാജ്ഞിയായ മറിയത്തിന്റെ തിരുനാൾ (Our Lady of Europe): മെയ് 5

യൂറോപ്പിലെ മറിയം എന്ന പേരിൽ യൂറോപ്പിനെ മറിയത്തിനു പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു ദൈവാലയം ജിബ്രാൾട്ടാറിലുണ്ട്. യൂറോപ്യൻ ദിവസം എന്നറിയപ്പെടുന്ന മെയ് 5-ന് 1970 മുതൽ ഈ തിരുനാൾ ആഘോഷിക്കുന്നു.

പോംപിയിലെ ജപമാല മാതാവിന്റെ തിരുനാൾ (Our Lady of the Rosary of Pompeii): മെയ് 8

ജപമാല റാണിയുടെ സ്മരണയ്ക്കായി 1883-ൽ വാ. ബർത്തോളോ ലോങ്ങോ ഇറ്റലിയിലെ നേപ്പിൾസിനടുത്തുള്ള പോംപിയിൽ ഒരു ദൈവാലയം പണിതു. അവിടെ പ്രതിഷ്ഠിച്ച മറിയത്തിന്റെ ചിത്രം വഴി നിരവധി അത്ഭുതങ്ങൾ സംഭവിച്ചു. മെയ് എട്ടാം തീയതി തന്നെ ഒരു പെൺകുട്ടിക്ക് രോഗസൗഖ്യം ലഭിച്ചു എന്ന് ചരിത്രത്തിൽ വായിക്കുന്നു.

ചൈനയിലെ മാതാവിന്റെ തിരുനാൾ (Our Lady of China): മെയ് മാസത്തിലെ രണ്ടാം ശനി

1924 ചൈനയിലെ മെത്രാന്മാര്‍ ചൈനയെ പരിശുദ്ധ കന്യകാമറിയത്തിനു പ്രതിഷ്ഠിച്ചു. 1973 മുതൽ മദേഴ്സ് ഡേ-യ്ക്കു തലേദിവസം ചൈനാ മാതാവിന്റെ തിരുനാൾ ചൈനയിൽ ആഘോഷിക്കുന്നു.

ഫാത്തിമാ മാതാവിൻ്റെ തിരുനാൾ (Our Lady of Fatima): മെയ് 13 

പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ കന്യകാമറിയം ഇടയ കുട്ടികളായ ലൂസിയാ ഫ്രാൻസിസ്കോ, ജസീന്താ എന്നിവർക്കു ആറു തവണയാണ് 1917 മെയ് 13 മുതൽ ഒക്ടോബർ 13 വരെയുള്ള കാലയളവിൽ പ്രത്യക്ഷപ്പെട്ടത്.

പലരും പതിമൂന്ന് ഒരു അശുഭ സംഖ്യയായി കണക്കാക്കുന്നു. പതിമൂന്നു പലപ്പോഴും അനർത്ഥം കൊണ്ടുവരും എന്ന മിഥ്യാധാരണ ചില മനുഷ്യ മനസ്സുകളിലുണ്ട്. ആ ധാരണ മാനവ ചരിത്രത്തിൽ നിന്നു മാറ്റിയെടുക്കാൻ പരിശുദ്ധ മറിയം ആഗ്രഹിച്ചിരുന്നു. ദൈവീക പദ്ധതികൾ പൂർത്തീകരിക്കാൻ തീയതിയോ ദിവസമോ പ്രശ്നമല്ലെന്ന സത്യം മറിയം  നമ്മളെ പഠിപ്പിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ ഫാത്തിമയിലെ ആറു ദർശനങ്ങളിലും ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ മറിയം കുട്ടികളോടും അതുവഴി ലോകം മുഴുവനോടും ആവശ്യപ്പെടുന്നു.

കാരുണ്യമാതാവിന്റെ തിരുനാൾ (Our Lady of Mercy): മെയ് 22

ഇറ്റലിയിലെ ബോവേഞ്ഞൊ (Bovegno) എന്ന സ്ഥലത്ത് 1527 മെയ് മാസം 22-ാം തീയതി പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെടുകയും ധാരാളം വിശ്വാസികൾക്ക് രോഗസൗഖ്യവും കൃപാവരങ്ങളും നൽകി. അതിന്റെ ഓർമ്മയ്ക്കായി അവിടെയൊരു ദൈവാലയം നിർമ്മിക്കുകയും കാരുണ്യമാതാവിന്റെ തിരുനാൾ ആഘോഷിക്കുവാനും ആരംഭിച്ചു.

ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ തിരുനാൾ (Our Lady Help of Christians): മെയ് 24

ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തോടുള്ള ഭക്തി പ്രചുരപ്രചാരത്തിലാക്കിയത് അഞ്ചാം പീയൂസ് പാപ്പയും വി. ജോൺ ബോസ്കോയുമാണ്. 1808-ല്‍ നെപ്പോളിയൻ ക്രൈസ്തവരായ തടവുകാരെ മോചിപ്പിച്ചതിന്റെ ഓർമ്മയ്ക്കായി പീയൂസ് ഏഴാമൻ പാപ്പയാണ് മെയ് 24-ന് ഈ തിരുനാൾ ആഘോഷിക്കാൻ തുടങ്ങിയത്.

സുഖപ്രസവത്തിന്റെ മറിയം (Our Lady of Good Delivery): മെയ് 29

പശ്ചിമ യൂറോപ്പിൽ മെയ് മാസം 29-ന് സുഖപ്രസവവത്തിന്റെ മാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നു. ഗർഭാവസ്ഥയിലെ സങ്കീർണ്ണതകളിൽ നിന്നു മോചനം ലഭിക്കാൻ നിരവധി ഗർഭിണികൾ സുഖപ്രസവത്തിന്റെ മാതാവിനോട് സവിശേഷമായി പ്രാർത്ഥിക്കുന്നു.

ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.