ടോയ്ലറ്റിൽ ഉപേക്ഷിക്കപ്പെട്ട നിധി!

ഫാ. ജെൻസൺ ലാസലെറ്റ്
ഫാ. ജെൻസൺ ലാസലെറ്റ്

ആശുപത്രിയിലെ ടോയ്ലറ്റ് ക്ലീൻ ചെയ്യാൻ ചെന്നവരാണ് അത് ശ്രദ്ധിച്ചത്; ക്ലോസറ്റിൽ ഒരു കുഞ്ഞ് കിടന്ന് പിടയ്ക്കുന്നു. ചലിക്കുന്ന പാദങ്ങൾ കണ്ടപ്പോൾ അവർ അതിനെ വലിച്ചെടുത്തു. തലയുടെ കുറച്ചുഭാഗം അറ്റുപോയിരുന്നു. ബാക്കി ഭാഗങ്ങളിലെല്ലാം മുറിപ്പാടുകളും. ജീവൻ മാത്രം ബാക്കി നിന്ന ആ ശരീരത്തിൽ, ദൈവത്തിൻ്റെ ആത്മാവുണ്ടെന്നറിയാൻ ആ കുഞ്ഞിനെ ഉപേക്ഷിച്ചവർക്ക് എന്തുകൊണ്ടോ സാധിച്ചില്ല.

കാഴ്ചയുടെ ലോകത്തിലേയ്ക്ക് പിച്ചവച്ചു തുടങ്ങിയ സുവിശേഷത്തിലെ അന്ധനെപ്പോലെയായിരുന്നു അവര്‍. അവന് മനുഷ്യരെ കാണാമായിരുന്നു; എന്നാൽ അവർ കാണപ്പെട്ടത് മരങ്ങളെപ്പോലെയായിരുന്നു. പിന്നീട് ക്രിസ്തുവിൻ്റെ ഒരു തുടർസ്പർശം ഏറ്റപ്പോഴാണ് അവന് മനുഷ്യരെ മനുഷ്യരായി കാണാൻ കഴിഞ്ഞത് (Ref: മർക്കോ. 8:22-26).

അതു തന്നെയാണ് ഈ കാലഘട്ടത്തിൻ്റെ പ്രശ്നവും. കാഴ്ചയുണ്ടെന്നു കരുതുന്ന പലർക്കും മനുഷ്യരെ മനുഷ്യരായി കാണാൻ സാധിക്കുന്നില്ല. മൃഗങ്ങൾക്ക് കൊടുക്കുന്ന വിലപോലും ഇന്ന് മനുഷ്യനില്ല. മുരുകൻ കാട്ടാക്കട പാടിയതുപോലെ…

“മങ്ങിയ കാഴ്ച്ചകൾ കണ്ടുമടുത്തു
കണ്ണടകൾ വേണം…
കണ്ണടകൾ വേണം…” എന്നു പാടേണ്ട സ്ഥിതി തന്നെയാണിന്നും. പലർക്കും വേണം ദൈവിക കാഴ്ചകൾ സമ്മാനിക്കുന്ന പുതിയ തരം കണ്ണടകൾ!

നേരത്തെ സൂചിപ്പിച്ച ആ കുഞ്ഞ് വളർന്നു. വയനാട്ടിലെ തോണിച്ചാലുള്ള എം.എം.ബി. ബ്രദേഴ്സാണ്, അവരുടെ എമ്മാവൂസ് വില്ലയിൽ സ്നേഹവും കരുതലും നൽകി ആ കുഞ്ഞിനെ വളർത്തിയത്. ഇരുത്തിയാൽ ഇരിക്കും. അങ്ങോട്ടും ഇങ്ങോട്ടും ആടും. സംസാരമില്ല. മറ്റു ചലനങ്ങളില്ല. എന്നാൽ എല്ലാം അറിഞ്ഞുകൊണ്ട്… 28 വയസു വരെ അവൻ ജീവിച്ചു. 1986 ഡിസംബർ 15-ന് ജനിച്ച് 2014 മാർച്ച് 3-ന് നിര്യാതനായ ആ വ്യക്തിയുടെ പേരാണ് നോബിൾ ഫ്രാൻസിസ്.

കേട്ടതനുസരിച്ച് വികാരനിർഭരമായ മൃതസംസ്കാരമായിരുന്നു അവൻ്റേത്. പിന്നീട് പലരും അവൻ്റെ കുഴിമാടത്തിൽ വന്ന് പ്രാർത്ഥിച്ച് അനുഗ്രഹങ്ങൾ വാങ്ങിയത്രെ. കുഞ്ഞുങ്ങളില്ലാത്ത പല ദമ്പതികൾക്കും അവൻ്റെ മദ്ധ്യസ്ഥതയാൽ ദൈവം കുഞ്ഞുങ്ങളെ നൽകി. ചിലർക്ക് ഇരട്ടക്കുഞ്ഞുങ്ങളും മറ്റു ചിലർക്ക് ഒരു പ്രസവത്തിൽ മൂന്നു മക്കളെ വരെ ലഭിച്ചുവത്രെ.

കാറ്റും കോളും പേമാരിയും വസന്തയുമെല്ലാം ഏറിവരുന്ന ഈ നാളുകളിൽ ഒരു സഹായത്തിനുവേണ്ടി പലരും കൈനീട്ടുമ്പോൾ, മനുഷ്യനെ മനുഷ്യനായിക്കാണാനുള്ള കാഴ്ചയ്ക്കുവേണ്ടി നമുക്കു പ്രാർത്ഥിക്കം.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.