തൊഴിലാളി ദിനത്തിൽ വിശുദ്ധ യൗസേപ്പിതാവ് പകരുന്ന മാതൃക

വി.യൗസേപ്പിന്റെ സഹായം അഭ്യർഥിച്ച ‘ഒരു കാര്യം പോലും എനിക്കു നടക്കാതിരുന്നിട്ടില്ല’ എന്ന് ആവിലായിലെ വി. അമ്മത്രേസ്യ സാക്ഷ്യപ്പെടുത്തുന്നുണ്ട്. തൊഴിലാളിദിനത്തിൽ വി. യൗസേപ്പിതാവ് പകരുന്ന മാതൃക നമുക്കോർമ്മിക്കാം. തുടർന്നു വായിക്കുക.

മെയ് ഒന്ന് ലോക തൊഴിലാളി ദിനം. ഈ ദിവസം തന്നെയാണ് ആഗോള കത്തോലിക്കാ സഭ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും ആഘോഷിക്കുന്നത്. തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആചരിക്കുവാൻ ഏറ്റവും ഉചിതമായ ദിനം തൊഴിലാളി ദിനം തന്നെയാണ്. കാരണം ഒരു സാധാരണക്കാരനെ പോലെ അനുദിനം ജോലി ചെയ്തു ഒരു കുടുംബത്തിന്റെ കഷ്ടതകൾ മുഴുവൻ യൗസേപ്പിതാവിനോളം മനസിലാക്കിയ, തൊളിലാളികളെ മനസിലാക്കിയ വേറാരും കാണില്ലല്ലോ.

യൗസേപ്പിതാവിനെ കുറിച്ച് ബൈബിൾ വളരെയധികം കാര്യങ്ങൾ ഒന്നും തന്നെ പറയുന്നില്ല. എന്നാൽ നിശബ്ദനായി ദൈവപുത്രന്റെ വളർത്തുപിതാവായി അദ്ദേഹം നൽകിയ വലിയ ഒരു മാതൃക ഉണ്ട്. ആ മാതൃകയാണ് സംതൃപ്തിയുടെ മാതൃക. ഇന്നത്തെ ലോകം തേടേണ്ടതും സ്വായത്വമാകേണ്ടതും യൗസേപ്പിതാവിന്റെ ഈ മാതൃക തന്നെയാണ്. കാരണം ഒന്നും തികയാതെ, എല്ലാത്തിലും പരിഭവവും കുറവുകളും മാത്രം കണ്ടെത്തുന്ന ഒരു ലോകമാണ് നമുക്ക് ചുറ്റും ഉള്ളത്. ഒന്നിലും സംതൃപ്തമല്ലാത്ത ജീവിതം കൂടുതൽ ആവശ്യങ്ങളിലേയ്ക്കും ആകുലതകളിലേയ്ക്കും നയിക്കുന്നു. ഇത് നമ്മെ കൊണ്ടെത്തിക്കുന്നത് പലപ്പോഴും നിരാശയിലേയ്ക്കായിരിക്കും.

എന്നാൽ ഇതിൽ നിന്നും വ്യത്യസ്തനായി യൗസേപ്പിതാവ് ശാന്തനായിരുന്നു. ആ ശാന്തത അദ്ദേഹത്തിൻറെ തൊഴിലിലും കുടുംബത്തിലും വ്യാപിച്ചിരുന്നു. സമ്പത്തിനോട് ആഗ്രഹമില്ലാത്തവനായിരുന്നു വി.യൗസേപ്പ് പിതാവ്. തന്റെ തൊഴിലിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് അദ്ദേഹം തൃപ്തനായി ജീവിച്ചു. ആ സംതൃപ്തി ആയിരുന്നു അവരെ സമാധാനപരമായി മുന്നോട്ട് പോകുവാൻ സഹായിച്ചത്. ഒപ്പം ഓരോ തൊഴിലും അതിന്റേതായ മാന്യതയും അന്തസും ഉണ്ടെന്ന വലിയ ഓർമ്മപ്പെടുത്താലും നസ്രത്തിലെ ഈ തച്ചൻ പകരുന്നുണ്ട്.

വി. യൗസേപ്പ് അനുകമ്പയുള്ള മനുഷ്യനും സർവ്വോപരി ദൈവേഷ്ടത്തിനുസരിച്ച് പ്രവർത്തിക്കുന്നവനുമായിരുന്നു. തന്റെ കുടുംബത്തിന്റെ അഭിവൃദ്ധിയ്ക്ക് വേണ്ടി അദ്ദേഹം പ്രവർത്തിച്ചു. കുടുംബത്തിന് വേണ്ടി അധ്വാനിച്ചു. കുടുംബത്തോടൊപ്പം പ്രാർഥിച്ചു. ശാന്തനായി വിനീതനായി ദൈവത്തിന്റെ ഹിതം പ്രവർത്തിച്ചു. തന്റെ തൊഴിലിനോട് അങ്ങേയറ്റം ആത്മാർഥത പുലർത്തി. വിശുദ്ധ യൗസേപ്പിതാവ് പകർന്ന ഈ മാതൃകകൾ ഒരു തൊഴിലാളി ദിനം കൂടെ കടന്നു പോകുമ്പോൾ നമ്മുടെ ഓർമ്മയിൽ തെളിയണം.

വി.യൗസേപ്പിന്റെ സഹായം അഭ്യർഥിച്ച ‘ഒരു കാര്യം പോലും എനിക്കു നടക്കാതിരുന്നിട്ടില്ല’ എന്ന് ആവിലായിലെ വി.അമ്മത്രേസ്യ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിനാൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ കുടുംബങ്ങൾ വിശുദ്ധിയിൽ നിറയാൻ, മാന്യമായ തൊഴിലും വേതനവും ലഭിക്കുവാൻ, അതിലൂടെ കുടുംബങ്ങളിൽ ശാന്തിയും സമാധാനവും നിറയാൻ നമുക്ക് അവിടുത്തോട് മാധ്യസ്ഥ്യം യാചിക്കാം.

റ്റിന്റു തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.