വി. യൗസേപ്പിന്റെ അഞ്ച് വ്യാകുലങ്ങളും അതിനോട് ചേർന്നുള്ള അഞ്ച് സന്തോഷങ്ങളും

പരിശുദ്ധ ദൈവമാതാവിന്റെ ഏഴ് വ്യാകുലതകളെക്കുറിച്ച് നാം ധ്യാനിക്കാറുണ്ട്. സമാനമായ രീതിയിൽ ഈശോയുടെ വളര്‍ത്തുപിതാവെങ്കിലും ഏതൊരു സാധാരണക്കാരെയും പോലെ വ്യാകുലതകളും വ്യസനങ്ങളും വി. യൗസേപ്പിനുമുണ്ടായിരുന്നു. എന്നാൽ, ദൈവത്തിന്റെ പ്രത്യേക ഇടപെടൽ കൊണ്ട് അവയെല്ലാം അദ്ദേഹത്തിന് സന്തോഷമായി ഭവിക്കുകയും ചെയ്തു. അവ ഏതൊക്കെയെന്ന് നോക്കാം…

ഒന്ന്: കാലിത്തൊഴുത്തിൽ ഈശോയ്ക്ക് പിറക്കേണ്ടിവന്നത്. അൽപം വൃത്തിയുള്ളൊരിടത്ത് തന്റെ കുഞ്ഞിന് പിറക്കാൻ കഴിഞ്ഞില്ലല്ലോ, അങ്ങനെയൊരു സ്ഥലം ആരും നൽകിയില്ലല്ലോ എന്ന ദുഃഖം വി. യൗസേപ്പിനെ അലട്ടിയിരുന്നു. എന്നാൽ തന്റെ കുഞ്ഞിനെ കാണാനും ആരാധിക്കാനും ആട്ടിടയരും കിഴക്കു നിന്നുള്ള ജ്ഞാനികളുമെല്ലാം എത്തിയപ്പോൾ അദ്ദേഹം ആ ദുഃഖം മറന്ന് സന്തോഷിച്ചു.

രണ്ട്: ഈശോ ഭാവിയിൽ അനുഭവിക്കേണ്ടിവരുന്ന പീഡകളെക്കുറിച്ച് ഈശോയെ ദേവാലയത്തിൽ കാഴ്ചവച്ച സമയത്ത് പ്രവാചകനായ ശിമയോൻ പറഞ്ഞപ്പോൾ വി. യൗസേപ്പ് അത്യധികം വേദനിച്ചു. എന്നാൽ, ഈശോ സര്‍വ്വലോകത്തിനും പ്രകാശമാകുമെന്നും ഇസ്രായേൽ ജനത്തിന്റെ മഹത്വത്തിന് നിദാനമാകുമെന്നും ശിമയോൻ കൂട്ടിച്ചേര്‍ത്തപ്പോൾ ആ വേദനയും മാറിപ്പോയി.

മൂന്ന്: പിഞ്ചുകുഞ്ഞിനെയും കൊണ്ട് മരുഭൂമിയിലൂടെ ഈജിപ്തിലേക്ക് പലായനം ചെയ്യേണ്ടിവന്നതാണ് വി. യൗസേപ്പിന്റെ മറ്റൊരു ദുഃഖം. എന്നാൽ ഈജിപ്തിൽ നല്ല സ്വീകരണം ലഭിച്ചതും ഈശോയ്ക്ക് അവിടെ വളരാൻ സാധിച്ചതും അദ്ദേഹത്തിന് ആശ്വാസമായി.

നാല്: പന്ത്രണ്ടാം വയസ്സില്‍ ഈശോയെ കാണാതെപോയതും മൂന്ന് ദിവസം അവിടുത്തെ തേടി അലഞ്ഞതുമാണ് വി. യൗസേപ്പിന്റെ ജീവിതത്തിലെ മറ്റൊരു വേദന. എന്നാൽ, ദേവാലയത്തിൽ അവിടുത്തെ കണ്ടെത്തിയതും പിന്നീട് ജ്ഞാനത്തിലും പ്രായത്തിലും ഈശോയെ വളർത്താൻ സാധിച്ചതും ആ ദുഃഖവും മറക്കാൻ വി. യൗസേപ്പിനെ സഹായിച്ചു.

അഞ്ച്: മരണസമയത്ത് ഈശോയോടും പരിശുദ്ധ മറിയത്തോടും വിടപറയേണ്ടി വന്ന സമയമായിരുന്നു മറ്റൊരു പ്രതിസന്ധി. എന്നാൽ, ഈ ലോകത്തിലെ ഏറ്റവും പരിശുദ്ധരായ രണ്ടുപേരുടെ സാന്നിധ്യത്തിൽ മരിക്കാൻ സാധിച്ചത് വി. യൗസേപ്പിനെ സന്തോഷിപ്പിച്ചു.

അങ്ങനെ എത്ര വ്യാകുലതകൾ ജീവിതത്തിലുണ്ടായാലും ദൈവത്തിനു മുന്നിൽ നീതിമാനായ ഒരു വ്യക്തിക്ക് സന്തോഷിക്കാനുള്ള ഒരു കാരണവും അതോടൊപ്പം തന്നെ ദൈവം നൽകുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് വി. യൗസേപ്പ്.