കോവിഡ് വന്നാൽ ഇവിടെയാരും ‘ഒറ്റയ്ക്കല്ല’; നെല്ലിപ്പാറ കേരളത്തിന് നൽകുന്ന മാതൃക

“അച്ചാ, ഞങ്ങളെ അന്വേഷിക്കാൻ ആളില്ലായിരുന്നെങ്കിൽ ടെൻഷൻ അടിച്ചു മരിച്ചു പോയേനെ” -ഇടുക്കി രൂപതയിലെ നെല്ലിപ്പാറ സെന്റ് സേവിയേഴ്‌സ് ഇടവകയിലെ കോവിഡ് രോഗം വന്ന് ഭേദമായ ഒരു കുടുംബത്തിന്റെ സന്തോഷത്തോടെയുള്ള പ്രതികരണമാണിത്. ഇടവക വികാരി ഫാ. ജോണി ചിറ്റേമാരിയിയുടെ നേതൃത്വത്തിൽ നെല്ലിപ്പാറ ഇടവകക്കാർ, കോവിഡ് രോഗികളായിട്ടുള്ളവർക്ക് നൽകുന്നത് കേരളം മുഴുവൻ പ്രവർത്തികമാക്കാവുന്ന മാതൃകയാണ്. അതിനായി ‘സാന്ത്വനസ്പർശം നെല്ലിപ്പാറ’ എന്ന പേരിൽ ഒരു ടീം പ്രവർത്തിക്കുന്നുണ്ട്. ഈ ടീമിന്റെ പ്രവർത്തനങ്ങൾ നമ്മൾ അറിയേണ്ടത് തന്നെയാണ്. ഇവരുടെ വേറിട്ട പ്രവർത്തന ശൈലിയെ നമുക്കൊന്ന് പരിചയപ്പെടാം.

രണ്ടാംഘട്ട കോവിഡ് വ്യാപനത്തെ തുടർന്നാണ് ‘സാന്ത്വനസ്പർശം നെല്ലിപ്പാറ’ എന്ന ഒരു ടീമിനെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചും വികാരിയച്ചൻ ചിന്തിക്കുന്നത്. കാരണം, അതുവരെ അച്ചൻ ഉള്ള പ്രദേശത്തു കോവിഡ് അത്ര വ്യാപകമായിരുന്നില്ല. ഏപ്രിൽ മാസത്തോടെയാണ് പ്രവർത്തനങ്ങളുടെ തുടക്കം. അതിന് മുൻപ് ഒന്നോ രണ്ടോ രോഗികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അപ്പോൾ ജോണിയച്ചൻ തന്നെ അവരെ വിളിക്കുകയും സംസാരിക്കുകയും സഹായങ്ങൾ നല്കുകയുമൊക്കെ ചെയ്യുമായിരുന്നു. എന്നാൽ, പതിയെ രോഗികളുടെ എണ്ണം കൂടി തുടങ്ങി. അങ്ങനെയാണ് ഒരു ടീം രൂപീകരിക്കുന്നതും പ്രവർത്തനങ്ങൾ ആരംഭിക്കുന്നതും.

കോവിഡ് രോഗത്തേക്കാൾ ഭീകരം, ഒറ്റപ്പെടൽ

കോവിഡ് ബാധിച്ചവർക്ക് രോഗത്തെക്കാൾ അഭിമുഖീകരിക്കേണ്ട വലിയ പ്രശ്നം ഒറ്റപ്പെടൽ ആണ്. ഇന്നലെ വരെ എല്ലായിടത്തും ഓടിനടന്ന് ജോലി ചെയ്തവർ, എല്ലാവരോടും തമാശകൾ പറഞ്ഞു സംസാരിച്ചവർ പെട്ടെന്ന് ഒരുദിവസം ഒരു മുറിക്കുള്ളിലേക്ക് മാത്രം ഒതുങ്ങുമ്പോൾ ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് വളരെ ഭീകരമാണ്. രോഗത്തെക്കാൾ ഉപരി സാമൂഹികമായ ഈ ഒറ്റപ്പെടൽ കോവിഡ് രോഗികളെ വളരെ ബുദ്ധിമുട്ടിക്കുന്നു. കിറ്റുകളും ഭക്ഷണവുമെല്ലാം സമയാസമയത്ത് കിട്ടുന്നുണ്ടെങ്കിലും ഒറ്റയ്ക്കായി പോകുന്ന ഒരാളെ സംബന്ധിച്ച് അവർക്ക് വേണ്ടത് മറ്റുള്ളവരുടെ സ്നേഹ സാമിപ്യമാണ്, സാന്ത്വനമാണ്, പ്രതീക്ഷ പകരുന്ന വാക്കുകളാണ്. അത് ലഭ്യമാക്കുകയാണ് ‘സാന്ത്വനസ്പർശം നെല്ലിപ്പാറ’ ടീമിലൂടെ ചെയ്യുന്നത്.

ഏകദേശം 32 വയസുമുതൽ 22 വയസ്സുവരെയുള്ള യുവജനങ്ങളാണ് ഇടവകയിലെ കോവിഡ് കാല പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങിയത്. 22 പേരടങ്ങിയ ഒരു ടീമായിട്ടാണ് ഇവരുടെ പ്രവർത്തനം. കെസിവൈഎം പ്രസിഡന്റ് അമൽ ടോജിയുടെ നേതൃത്വത്തിലുള്ള 18 യുവതീ യുവാക്കളും ചേർന്നുള്ള 22 അംഗ ടീമിൽ മുതിർന്നവരുടെയും സാന്നിധ്യമുണ്ട്. കൈക്കാരൻമാരുടെ പ്രതിനിധിയായി സന്തോഷ്‌ മാങ്ങാട്ട്താഴെയും പെൺകുട്ടികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നേതൃത്വം കൊടുക്കുവാനും മദർ സി. അൻസിൻ സി എം സി യും പഞ്ചായത്തിൽ നിന്നുള്ള ആനുകൂല്യങ്ങളും മരുന്നും ലഭ്യമാക്കുന്നതിനായി ഇടവകക്കാരൻ തന്നെയായ പഞ്ചായത്ത്‌ മെമ്പർ അനു വിനേഷ്, എന്നിവരും പങ്കാളികളായി. യുവജനങ്ങളുടെ മാത്രം പ്രവർത്തനമായിട്ടല്ല, ഇടവകയുടെ മുഴുവൻ പ്രവർത്തനമായി ഫാ. ജോണി ഈ സംരംഭത്തെ മാറ്റി. അച്ചൻ തന്റെ ആശയം പറഞ്ഞപ്പോൾ തന്നെ ‘ഞങ്ങൾ റെഡി’ എന്ന മറുപടിയായിരുന്നു യുവജനങ്ങളുടെ ഭാഗത്ത് നിന്നും അച്ചന് ലഭിച്ചത്. ഇപ്പോൾ 22 പേരാണ് ഈ ടീമിൽ പ്രവർത്തിക്കുന്നതെങ്കിലും രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ചും ആവശ്യങ്ങൾ വർദ്ധിക്കുന്നത് അനുസരിച്ചും ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം വിപുലീകരിക്കും.

ജാതിമത – ഇടവക ഭേദമന്യേ എല്ലാവർക്കും സംലഭ്യർ

“അച്ചന്റെ ഇടവകയിൽ എത്ര വീടുകൾ ഉണ്ട്?” ചോദ്യത്തിനുള്ള മറുപടി അതിശയിപ്പിക്കുന്നതായിരുന്നു. “325 ഇടവകക്കാരും 70 -ഓളം ഹൈന്ദവ കുടുംബങ്ങളും ആണ് ഇവിടുള്ളത്” -നെല്ലിപ്പാറയെന്ന കൊച്ചു ഗ്രാമത്തിലെ ജാതി മത ഭേദമന്യേ എല്ലാവരും ഈ വൈദികന് സ്വന്തമാണ്. കോവിഡ് ബാധിച്ചവർ ആരാണേലും ആവശ്യക്കാർ ആരുണ്ടേലും നെല്ലിപ്പാറ ഇടവകയിലെ ജോണിയച്ചന്റെ നേതൃത്വത്തിലുള്ള ടീം അവരുടെ അടുത്തെത്തും. അതിന് സ്വന്തം ഇടവകക്കാരെന്നോ, അടുത്തുള്ള ഇടവകക്കാരെന്നോ അക്രൈസ്തവരെന്നോ ഉള്ള ഒരു വ്യത്യാസവുമില്ല. കോവിഡ് ബാധിച്ചവരാണോ, അവർക്കുള്ള കിറ്റും സഹായവും ലഭ്യമാക്കിയിരിക്കും ഇവർ. അവരെയെല്ലാം ഫോണിൽ വിളിച്ച് ആവശ്യമായ മാനസിക സപ്പോർട്ടും നൽകും.

‘കോവിഡല്ല അച്ചാ പ്രശ്‌നം, ഒറ്റപ്പെടലാണ്’

കോവിഡ് വന്നവർക്കും ക്വാറന്റീനിൽ ഇരുന്നവർക്കും ഉള്ള പ്രധാനപ്പെട്ട ബുദ്ധിമുട്ട് കോവിഡ് രോഗമല്ല, മറിച്ച് ഒറ്റപ്പെടലാണ്. അത് വ്യക്തമായി തിരിച്ചറിഞ്ഞതുകൊണ്ടാണ് ഫാ. ജോണി അകലെ ആയിരുന്നുകൊണ്ട് ‘രോഗികളോടൊപ്പം’ ആയിരിക്കുവാൻ പരിശ്രമിച്ചത്. അതിന്റെ ഉത്തരമാണ് ‘സാന്ത്വനസ്പർശം നെല്ലിപ്പാറ’ എന്ന ടീമിന്റെ ഉദ്ഭവം.

“കോവിഡ് വന്നവർ ഭേദമായ ശേഷം റോഡിൽ കൂടി പോകുന്നത് കണ്ടാൽ പോലും ആളുകൾ മുഖം തിരിച്ച് മാറിക്കളയും. ഇത്തരം ഒറ്റപ്പെടൽ അനുഭവിക്കുമ്പോഴാണ് നിങ്ങൾ വിളിക്കുകയും അന്വേഷിക്കുകയും ധൈര്യപ്പെടുത്തുകയും ഒക്കെ ചെയ്തത്. അത് ഞങ്ങൾക്ക് വലിയ ആശ്വാസമായി.” – ‘സാന്ത്വനസ്പർശം’ ടീമിന്റെ ഫലം അനുഭവിച്ചവർ പറയുന്നു.

യുവജനങ്ങളായ പെൺകുട്ടികളുടെ പ്രവർത്തനങ്ങൾ

രോഗികളായവരെ ആദ്യം വികാരിയച്ചൻ ഫോണിൽ വിളിക്കും. എന്നിട്ട് അച്ചൻ അവരോട് പറയും “യുവജനങ്ങൾ നിങ്ങളെ വിളിക്കും. എന്തേലും ആവശ്യങ്ങൾ ഉണ്ടേൽ പറഞ്ഞാൽ മതിയാകും.” അതിന് ശേഷം പെൺകുട്ടികളുടെ ഗ്രൂപ്പിനെ വിളിച്ച് രോഗികളായവരുടെ ആവശ്യങ്ങൾ അന്വേഷിക്കാനായി ഏൽപ്പിക്കുന്നു. ആരൊക്കെ ഏതൊക്കെ വീട്ടിലേക്ക് വിളിക്കണം എന്നുള്ളത് വാട്സ്ആപ് ഗ്രൂപ്പിൽ മദറിന്റെ നിർദ്ദേശപ്രകാരം അറിയിക്കും. ഇവർ മാറി മാറി ആയിരിക്കും ഓരോ വീട്ടിലേക്കും ഫോൺ വിളിക്കുന്നത്. കൂടുതൽ ആവശ്യക്കാരായ രോഗികളെ മദറിനെ ഏൽപ്പിക്കും. അവരുടെ ആവശ്യങ്ങൾ അറിഞ്ഞു അവരെ സഹായിക്കുകയും ചെയ്യും. രോഗികളെ കുറിച്ചുള്ള റിപ്പോർട്ട് ഗ്രൂപ്പിൽ അറിയിക്കുകയും വേണം.

കോവിഡ് നെഗറ്റീവ് ആയി കഴിയുമ്പോഴും വികാരിയച്ചൻ വിളിക്കും. ആരെങ്കിലും മരണപ്പെടുന്ന ഒരു സാഹചര്യമുണ്ടായാൽ ഈ ഗ്രൂപ്പ് തന്നെ മുൻകൈ എടുത്ത് മൃതസംസ്ക്കാരം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യും. ഇങ്ങനെ മൃതസംസ്‌ക്കാരം നടത്തിയ വീട്ടുകാർ ശുശ്രൂഷകൾക്ക് ശേഷം വന്ന് അച്ചനോട് പറയുകയുണ്ടായി. “സ്വന്തം വീട്ടിൽ ഒരാൾ മരിച്ചാൽ പോലും ഇതുപോലെ ആരും ചെയ്യുകയില്ല. ആരുമില്ലാത്ത ഒരു സമയത്ത് നിങ്ങൾ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഈ സംഭവം ഞങ്ങൾ ഒരിക്കലും മറക്കില്ല” അത്രമാത്രം ഹൃദയത്തിൽ പതിഞ്ഞിരുന്നു ആ നിസഹായാവസ്ഥയിൽ ഇടവകയിൽ നിന്നും അവർക്ക് ലഭിച്ച സപ്പോർട്ട്. കാരണം, ഇവരുടെ വീട്ടിലെ എല്ലാവരും ക്വാറന്റീനിൽ ഇരിക്കുമ്പോഴാണ് വീട്ടിലെ വല്യപ്പച്ചൻ കോവിഡ് ബാധിച്ച് മരിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ ഇടവക ഒറ്റക്കെട്ടായി അവരോടൊപ്പം നിന്നും. ‘നിങ്ങൾ തനിച്ചല്ല, ഞങ്ങളുണ്ട് കൂടെ’ എന്ന് തന്റെ പ്രവർത്തികൾക്കൊണ്ട് തെളിയിക്കുകയും ചെയ്തു.

കോവിഡ് ഭേദമാകുന്നത് വരെയല്ല, ക്വാറന്റൈൻ കഴിയുന്നത് വരെ

സാധാരണ കോവിഡ് രോഗികളെ ശുശ്രൂഷിക്കാൻ ആവശ്യമായ സാധനങ്ങളും കിറ്റും പല ഇടവകയിലും സർക്കാരിന്റെ ഭാഗത്ത് നിന്നും ഒക്കെ നൽകി വരുന്നുണ്ട്. എന്നാൽ, നെല്ലിപ്പാറ ഇടവകക്കാർ അങ്ങനെയല്ല. കോവിഡ് മാറി അവരുടെ ക്വാറന്റൈൻ കഴിയുന്നത് വരെ ഇവർ ഒപ്പമുണ്ട്. സാമ്പത്തികമായി ഉള്ളവരെന്നോ ഇല്ലാത്തവരെന്നോ ഉള്ള യാതൊരു വ്യത്യാസവും ഇവിടെയില്ല. കോവിഡ് രോഗികൾ ഉള്ള വീടാണെന്നറിഞ്ഞാൽ പിറ്റേദിവസം വീടിന്റെ മുൻപിൽ കിറ്റ് എത്തിയിരിക്കും. സാമ്പത്തിക വേർതിരുവുകൾ ഇവിടില്ല.

‘സാന്ത്വനസ്പർശം നെല്ലിപ്പാറ’ ടീമിന്റെ പ്രവർത്തനങ്ങൾ

1. ഒരു കുടുംബം ക്വാറന്റൈനിൽ ആണെന്ന് അറിഞ്ഞാൽ എത്രയും വേഗം അവിടെയെത്തി മുട്ട, ചെറുനാരങ്ങ, ഡെറ്റോൾ, അരി, പലവ്യഞ്ജനങ്ങൾ എന്നിവയടങ്ങിയ ഒരു കിറ്റ് എത്തിച്ചു കൊടുക്കുന്നു. ഒരു കുടുംബത്തിന് ഒരാഴ്ച ആവശ്യം ഉള്ള സാധനങ്ങൾ അതിലുണ്ടാകും. ഇതുവരെ ഇടവകാംഗങ്ങളും അല്ലാത്തവരുമായ 13 പേരുടെ വീടുകളിൽ ഇപ്രകാരം കിറ്റ് കൊടുത്തിട്ടുണ്ട്. അതിനുള്ള പണം പള്ളിയിൽ നിന്ന് തന്നെയാണ് എടുക്കുന്നത്.

2. ടീമിലെ പെൺകുട്ടികൾ മാറി മാറി എല്ലാ ദിവസവും ക്വാറന്റൈനിൽ ഇരിക്കുന്നവരുടെ വീടുകളിൽ വിളിച്ച് വിശേഷം അന്വേഷിക്കുന്നു.

3. ആശുപത്രിയിൽ പോകേണ്ടത് ഉൾപ്പെടെ എന്ത് സാഹചര്യം ഉണ്ടായാലും അത് ഈ ടീം ചെയ്തു കൊടുക്കുന്നു.

4. പഞ്ചായത്തിൽ നിന്നും മരുന്നും മറ്റ് സഹായങ്ങളും വീട്ടിൽ എത്തിച്ചു കൊടുക്കുന്നു.

കോവിഡ് രോഗികൾ, വീട്ടിൽ അടച്ചിട്ട് ഇരിക്കുമ്പോൾ അവരുടെ ആവശ്യങ്ങൾ ചെയ്തുതരാൻ ഒരു ഇടവക സമൂഹം മുഴുവനും പുറത്ത് കാത്ത് നിൽപ്പുണ്ട് എന്നൊരു ഉറപ്പ് ലഭ്യമാക്കുന്നു. അതിനാൽ, അവർക്കും ഈ ടീം ചില നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.

1. അപ്രതീക്ഷിതമായി എന്തോ സംഭവിച്ചതുപോലെ ആകുലത വേണ്ട.

2. ഏതാവശ്യവും എപ്പോൾ വേണമെങ്കിലും ടീം അംഗങ്ങളെ മടി കൂടാതെ അറിയിക്കുക

3. ആവശ്യത്തിന് വിശ്രമിക്കുകയും രുചി നോക്കാതെ ഭക്ഷണം കഴിക്കുകയും സമയത്ത് മരുന്ന് എടുക്കുകയും ചെയ്യുക.

4. കുടുംബാംഗങ്ങളെ കൂടുതൽ സ്നേഹിക്കാനും പ്രാർത്ഥിക്കാനും ഉള്ള അവസരം ആയി ഈ അവസ്ഥയെ കാണുക.

5. ‘എന്നിൽ നിന്ന് ആർക്കും രോഗം പകരില്ല’ എന്നുള്ള നിർബന്ധ ബുദ്ധി ഓരോ രോഗിയും സൂക്ഷിക്കുക. മാനസിക അടുപ്പം സൂക്ഷിക്കുകയും എല്ലാവരുമായി സ്നേഹദൂരം പാലിക്കുകയും മാസ്ക് ഉപയോഗിക്കുകയും ചെയ്യുക.

5. ക്വാറന്റൈനിൽ ഇരിക്കേണ്ട ദിവസങ്ങൾ എന്തായാലും ഇരുന്നേ പറ്റൂ. അതിനാൽ ആ ദിവസങ്ങൾ ആസ്വദിക്കുക.

സമൂഹത്തോടും ഇവർ ചില കാര്യങ്ങൾ നിർദ്ദേശിക്കുന്നുണ്ട്

1. ഇന്നല്ലെങ്കിൽ നാളെ ഞാനുൾപ്പെടെ നമുക്കെല്ലാം കോവിഡ് വരാം. അതിനാൽ രോഗം പ്രതീക്ഷിക്കുക.

2. ആർക്കെങ്കിലും രോഗം വന്നാൽ പള്ളിയിൽ അറിയിക്കണം.

3. അടുത്ത വീടുകളിൽ ആർക്കെങ്കിലും രോഗം വന്നിട്ടുണ്ടെങ്കിൽ അവരെ വിളിച്ചു വിശേഷങ്ങൾ തിരക്കണം. ഒരു രോഗിക്ക് പോലും ഒറ്റപ്പെടുത്തപ്പെട്ട ഫീലിംഗ് ഉണ്ടാകരുത്.

4. എല്ലാവർക്കും തന്നെ രോഗം വരാമെങ്കിലും ഓരോരുത്തരും രോഗം വരാതെ പരമാവധി ശ്രദ്ധിക്കണം. കുറെയധികം പേർക്ക് ഒരുമിച്ചു വരികയും അവരിൽ കുറച്ച് പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്താൽ സർക്കാറിനോ നമുക്കോ ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും. അതിനാൽ ജാഗ്രത പാലിക്കുക.

വേണ്ടത് രോഗത്തിന്റെ ചികിത്സയെക്കാള്‍ ഉപരി ആത്മവിശ്വാസം 

“കോവിഡ് രോഗികളായ ആളുകൾക്ക് വേണ്ടത് യഥാർത്ഥത്തിൽ രോഗത്തിന്റെ ചികിത്സയല്ല, ആത്മവിശ്വാസം ആണ്. രോഗികൾക്ക് ‘ഇനിയെങ്ങനെ ഞങ്ങൾ മുൻപോട്ട് പോകും’ എന്നുള്ള അമിതമായ ആശങ്ക ഉണ്ട്. ഈ സാഹചര്യത്തിൽ അവർക്ക് ആത്മവിശ്വാസം പകരണം. ഒരു കിറ്റ് കൊടുക്കുക എന്നതല്ല. അതിനേക്കാൾ ഉപരിയായി അവരോടൊപ്പം ആയിരിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം. ആരും ഒറ്റപ്പെട്ടവരല്ല, എല്ലാവരും സ്നേഹിക്കപ്പെടേണ്ടവർ തന്നെയാണ്. ഇതാണ് ഞങ്ങളുടെ ലക്‌ഷ്യം” -അച്ചൻ വെളിപ്പെടുത്തുന്നു.

ഈ കോവിഡ് കാലഘട്ടത്തിൽ ‘ആരും ഒറ്റയ്ക്കല്ല, എല്ലാവരും സ്നേഹിക്കപ്പെടേണ്ടവർ’ എന്ന വലിയ സന്ദേശം നെല്ലിപ്പാറ ഇടവകക്കാർ നമുക്ക് നൽകുന്നുണ്ട്. ആരെയും മാറ്റി നിറുത്താതെ, വലുപ്പ ചെറുപ്പ വ്യത്യാസം നോക്കാതെ ഒരു നാട് മുഴുവനും ഒറ്റക്കെട്ടായി കോവിഡിനെതിരെ പോരാടുമ്പോൾ ഇവർ പകർന്നു തരുന്നത് വലിയ മാതൃകയാണ്. വളർന്നു വരുന്ന തലമുറയ്ക്ക് എന്നും മനസ്സിൽ കോറിയിടാവുന്ന സ്നേഹത്തിന്റെ ഉദാത്ത മാതൃക.

സി. സൗമ്യ DSHJ

തയ്യാറാക്കിയത്:  സൗമ്യ മുട്ടപ്പിള്ളിൽ DSHJ

4 COMMENTS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.