ഉണ്ണീശോയ്ക്ക് പ്രാർത്ഥനയോടെ കാഴ്ച ഒരുക്കി വെളിയനാടിന്റെ കുഞ്ഞു മിഷനറിമാർ

മരിയ ജോസ്

രക്ഷകന്റെ വരവിനായി പഴയ നിയമ ജനത കാത്തിരുന്നത് പോലെ നമ്മുടെ ഉള്ളിലും രക്ഷകൻ വന്നു പിറക്കുന്നതിനായി കാത്തിരിക്കുന്ന സമയം അതാണ് ക്രിസ്തുമസ് കാലം. രാത്രിയിൽ തെളിയുന്ന നക്ഷത്രവും മനോഹരമായ ക്രിസ്തുമസ് ട്രീകളും മനോഹരമായി അണിയിച്ചൊരുക്കുന്ന ഭവനങ്ങളും എല്ലാം ഒരു അതിഥിക്കായി ഉള്ള കാത്തിരിപ്പിന്റെ സൂചനകളാണ്. പാപങ്ങളിൽ നിന്ന് അകന്നു നിന്നും നന്മ ചെയ്തും ഉണ്ണീശോ ആകുന്ന ആ അതിഥിയെ സ്വീകരിക്കുവാനുള്ള ഒരുക്കത്തിലാണ് നാം.

ക്രിസ്തുമസ് ദിനത്തിൽ ആ അതിഥി നമ്മുടെ ഉള്ളിലേയ്ക്ക് എത്തുമ്പോൾ നല്ലൊരു സമ്മാനം കൊടുക്കണ്ടേ? എന്ത് കൊടുക്കും? ഈ രണ്ടു ചോദ്യങ്ങൾക്കുള്ള മനോഹരമായ ഉത്തരം ഒരുങ്ങുകയാണ് അങ്ങ് വെളിയനാട് സെന്റ് സേവിയേഴ്‌സ് ഇടവകയിലെ കുഞ്ഞു മിഷനറിമാരും മതാധ്യാപകരും. എന്താണെന്നല്ലേ ഒരു വചനകാഴ്ചയാണ് ഈ കുഞ്ഞു മിഷനറിമാർ ഒരുക്കുന്നത്. 25 നോമ്പിന്റെ ഈ അവസരത്തിൽ പത്തോളം വരുന്ന മതാധ്യാപകരും കുഞ്ഞു മിഷനറിമാരും ചേർന്ന് പുതിയ നിയമം എഴുതി ബൈൻഡ് ചെയ്ത് ഈശോയുടെ പിറവി ആഘോഷിക്കുന്ന ക്രിസ്തുമസ് ദിനത്തിൽ കാഴ്ചയായി അർപ്പിക്കുകയാണ്.

വചനം മാംസമായി അവതരിച്ച ദൈവ പുത്രന്റെ പിറന്നാൾ ദിനത്തിൽ ഇതിലും നല്ല സമ്മാനം കണ്ടെത്തുവാൻ ഇവർക്കായില്ല. അതിനാൽ തന്നെ ഡിസംബർ ഒന്നാം തീയതി മുതൽ ഈ ക്രിസ്തുമസ് കാഴ്ച തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു മിഷൻലീഗ് കുട്ടികൾ.  പ്രാർത്ഥിച്ചു ഒരുങ്ങി ഈശോയ്ക്ക് കാഴ്ച സമർപ്പിക്കണം എന്ന ആഗ്രഹത്തോടെ നേരത്തെ പേര് നൽകിയ മിഷനറിമാരും അധ്യാപകരും മാത്രമാണ് ഈ സമ്മാനത്തിന് പിന്നിൽ. സ്വന്തം ജീവൻ പോലും നൽകി നമ്മെ പാപത്തിൽ നിന്നും രക്ഷിച്ച തിരുക്കുമാരനു ഒരു സമ്മാനം നൽകുമ്പോൾ അത്രയും ഒരുക്കത്തോടെ, വിശുദ്ധിയോടെ, ത്യാഗത്തോടെ വേണം നൽകുവാൻ എന്ന ചിന്തയാണ് ഇതിനു പിന്നിൽ. ആയതിനാൽ തന്നെ തങ്ങളുടെ ഉണ്ണീശോയ്ക്കായി ഒരു സമ്മാനം ഒരുക്കുകയാണ് ഇവർ പ്രാർത്ഥനയോടെ. ‌

പൊന്നും മീറയും കുന്തിരിക്കവും കാഴ്ചയായി അർപ്പിച്ച പൂജരാജാക്കന്മാരെ പോലെ തങ്ങൾ ആയിരിക്കുന്ന അവസ്ഥകളിൽ നിന്നുകൊണ്ട് ഈ കുഞ്ഞു മിഷനറിമാർ തങ്ങളുടെ ഉണ്ണീശോയ്ക്കുള്ള കാഴ്ച ഒരുക്കുകയാണ്. ക്രിസ്തുമസ് ആഘോഷങ്ങളുടെ ലഹരിയിൽ ലോകം മയങ്ങുമ്പോൾ ഇവർ ഒരുങ്ങുകയാണ് ആത്മീയതയിൽ. ഹൃദയത്തിൽ ഉണ്ണിയീശോയെ സ്വീകരിക്കുവാൻ. നക്ഷത്രങ്ങളോ മിന്നുന്ന ലൈറ്റുകളോ പുൽകൂടുകളോ അല്ല ക്രിസ്തുവാണ് ക്രിസ്തുമസ് ആഘോഷങ്ങളുടെ കേന്ദ്രം എന്ന് തിരിച്ചറിഞ്ഞു കൊണ്ട് നന്മയിലൂടെ നടക്കുകയാണ് ഇവർ. തങ്ങളുടെ കുഞ്ഞു കാഴ്ച അത് ഏറ്റവും മനോഹരമായി ഒരുക്കി, മനോഹരമാക്കി ക്രിസ്തുമസ് ദിനത്തിൽ കാണിക്കയായി പുൽക്കൂട്ടിലേയ്ക്ക് സമർപ്പിക്കുമ്പോൾ അവർക്കുണ്ടാകുന്ന ആത്മീയ ആനന്ദം ലൗകികതയ്ക്കു അപ്പുറത്തേയ്ക്ക് നീളുന്ന വിശുദ്ധിയിലേക്ക് ഇവരുടെ മനസ് തുറക്കുവാൻ കാരണമാകട്ടെ. ആ നിമിഷത്തിനായി നമുക്കും കാത്തിരിക്കാം.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.