
ഓഫീസിലെ തിരക്കുകളും വ്യക്തിപരമായ ടെൻഷനുകളും കാരണം പലപ്പോഴും കടുത്ത മാനസിക സമ്മർദത്തിലൂടെയായിരിക്കും മാതാപിതാക്കൾ കടന്നുപോകുന്നത്. എന്നാൽ ആ ടെൻഷനും ദേഷ്യവും തീർക്കാനുള്ള ഇടമായി മക്കളെ കാണുന്നത് അവരുടെ സ്വഭാവ രൂപീകരണത്തെയും മാനസിക വളർച്ചയെയും സാരമായി ബാധിക്കും.
കുട്ടികളുമായി ആശയവിനിമയം നടത്തുക എന്നത് പലപ്പോഴും നാം വിചാരിക്കുന്നത്ര എളുപ്പമുള്ള കാര്യമല്ല. കുട്ടികളുടെ തലത്തിലേക്ക് ഇറങ്ങിനിന്ന് സംസാരിക്കാൻ മാതാപിതാക്കൾക്ക് കഴിയാതെ വരുമ്പോഴാണ് പലപ്പോഴും അവർ നമ്മിൽ നിന്നും അകന്നുപോകുന്നത്. ഇതിനു പിന്നിലെ പ്രധാന കാരണങ്ങളും നമ്മൾ വരുത്തുന്ന ചില തെറ്റുകളും എന്തെല്ലാമെന്ന് നോക്കാം.
1. ടെൻഷനും ദേഷ്യവും കുട്ടികളിൽ അടിച്ചേൽപ്പിക്കരുത്
മാതാപിതാക്കൾ തങ്ങളുടെ ദേഷ്യവും കോപവും കുട്ടികൾക്ക് മുന്നിൽ പ്രകടിപ്പിക്കുമ്പോൾ, അവർ അതിനെ അതേ രീതിയിൽ തിരിച്ചുകാണിക്കാൻ തുടങ്ങും. ചില കുട്ടികൾ ഭയം കാരണം മാതാപിതാക്കളിൽ നിന്നും ക്രമേണ അകന്നുപോകാനും ഇടയാകും. കുട്ടികളുടെ മുന്നിൽ ദേഷ്യം പ്രകടിപ്പിക്കുന്നതിന് പകരം അവരോടൊപ്പമുള്ള സന്തോഷനിമിഷങ്ങളിലൂടെ ആ മാനസിക സമ്മർദത്തെ മറികടക്കാൻ ശ്രമിക്കുക.
2. ഭീഷണിയും അധികാരവും ഒഴിവാക്കുക
കോപവും അധികാരവും ആജ്ഞാസ്വഭാവവും ഉപയോഗിച്ച് കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നത് ദോഷം ചെയ്യും. ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും നിങ്ങൾ പറയുന്ന കാര്യങ്ങൾ അവർ തൽക്കാലത്തേക്ക് അനുസരിച്ചേക്കാം എന്നാൽ അത് ഒരിക്കലും ശാശ്വതമല്ല. സംസാരത്തിൽ സ്നേഹവും വാത്സല്യവും നിലനിർത്തുക. കുട്ടികളോട് സംസാരിക്കുമ്പോൾ മുഖത്ത് അനിഷ്ടമോ വെറുപ്പോ പ്രകടമായാൽ അത് അവരിൽ നിന്നുള്ള നെഗറ്റീവ് പ്രതികരണത്തിന് കാരണമാകും.
3. കുട്ടികളെ ചെറുതായി കാണരുത്
മക്കളുടെ കഴിവുകളെ കുറച്ചുകാണുന്ന രീതിയിലുള്ള സംസാരമോ പെരുമാറ്റമോ ഒരിക്കലും ഉണ്ടാകരുത്. ഇത് കുട്ടികളിലെ ആത്മവിശ്വാസം പൂർണ്ണമായും തകർത്തു കളയും. പ്രായത്തിനനുസരിച്ചുള്ള പക്വതയോടെ കാര്യങ്ങൾ വിലയിരുത്താൻ അവരെ പ്രാപ്തരാക്കുക.
4. കുട്ടികളുടെ വിഷമങ്ങൾ ക്ഷമയോടെ കേൾക്കുക
കുട്ടികൾക്ക് അവരുടെ വികാരങ്ങളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും സ്വതന്ത്രമായി സംസാരിക്കാനുള്ള അവസരം നൽകുക. “എന്റെ സുഹൃത്ത് ഇന്ന് എന്നെ കളിയാക്കി” എന്നൊക്കെ അവർ വന്നു പറയുമ്പോൾ അത് നിസ്സാരമായി തള്ളിക്കളയാതെ മുഴുവൻ കാര്യങ്ങളും കേൾക്കാനുള്ള ക്ഷമ മാതാപിതാക്കൾ കാണിക്കണം. വികാരങ്ങൾ താൽക്കാലികമാണെന്ന് തിരിച്ചറിഞ്ഞ് ആത്മവിശ്വാസമുള്ള വ്യക്തികളായി മക്കളെ വളർത്താൻ ശ്രമിക്കാം.




