നവംബര്‍ 30: മത്താ 4:18-22 കടല്‍ക്കരയിലെ ആകര്‍ണം

ഈശോ വന്നു വിളിച്ചയുടനെ ഇറങ്ങിപ്പുറപ്പെട്ട കുറേ നിരക്ഷര ദരിദ്രര മുക്കുവരായിട്ടാണ് ശിഷ്യന്‍മാര്‍ ചിത്രീകരിക്കപ്പെട്ടുപോരുന്നത്. എന്നാല്‍ അവര്‍ തങ്ങളുടെ ഇന്നലെയും ഇന്നും നാളെയും ഉപേക്ഷിച്ചാണ് ഈശോയുടെ ഒപ്പം ഇറങ്ങിത്തിരിക്കുന്നതെന്ന കാര്യം നമ്മള്‍ ഓര്‍ക്കാറില്ല. ഇന്നലെകളില്‍ നിന്നും സ്വരുക്കൂട്ടിയ ആസ്തിയായ വള്ളം എന്‍റെ ഇന്നത്തെ അസ്തിത്വമായ പിതാവും കുടുംബവും നാളെത്തെ അന്നം തേടിത്തരേണ്ട വല എന്നതൊക്കെ ഉപേക്ഷിക്കല്‍ ക്ഷിപ്രസാധ്യമല്ല. ഈശോയോട്  ആകര്‍ഷണം തോന്നുകയും ഈശോ ആകര്‍ഷിക്കുകയും ചെയ്യുക എന്നിങ്ങനെ വിളിയുടെ ദ്വിമാന ഘടകങ്ങള്‍ ചേരുമ്പോഴാണ് ദൈവവിളി യാഥാര്‍ഥ്യമാവുന്നത്. ഈശോ ആകര്‍ഷിച്ചിട്ടും ഈശോയോട് ആകര്‍ഷണം തോന്നാതെ പോയ ധനികനായ യുവാവ്, ഈശോയോട് ആകര്‍ഷണം തോന്നിയിട്ടും ഈശോ ശിഷ്യനായി ആകര്‍ഷിക്കാതിരുന്ന പിശാചില്‍ നിന്നും വിമുക്തനാക്കപ്പെട്ടവന്‍ എന്നിവരില്‍ നിന്നുമൊക്കെ വ്യത്യസ്ഥമായി ഈ ശിഷ്യരില്‍ ഇവ രണ്ടും ഒരേ പോലെ യാഥാര്‍ഥ്യമാവുന്നു. പത്രോസിന്‍റെ സഹോദരനായ വി. അന്ത്രയോസ് ശ്ളീഹായെ അനുസ്മരിക്കുന്ന ഈ ദിവസം നല്ല ദൈവവിളികള്‍ക്കായി നമുക്ക് പ്രാര്‍ഥിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.