ഇറ്റലിയിലെ അത്ഭുതം

പറയാന്‍ പോകുന്നത് പന്ത്രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ഒരു അസാധാരണമായ മഹാത്ഭുതത്തിന്റെ കഥയാണ്. അതായത് ഏകദേശം 1200 വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഇപ്പോഴും ഈ മഹാത്ഭുതത്തിന്റെ തിരുശേഷിപ്പ് അവശേഷിക്കുന്നു എന്നതും മറ്റൊരത്ഭുതമാണ്. ക്രിസ്തുവിന്റെ തിരുശരീരവും രക്തവും ഇപ്പോഴും ഇറ്റലിയിലെ ലാഞ്ചിയാനോയിലെ ഒരു ദേവാലയത്തില്‍ അരുളിക്കയുടെ ഉള്ളില്‍ സൂക്ഷിച്ചിട്ടുണ്ട്!

ഈ അത്ഭുതത്തിന്റെ അടിസ്ഥാനമെന്തെന്ന് ഇതുവരെയും ശാസ്ത്രലോകത്തിന് കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല എന്ന വസ്തുതയും ശ്രദ്ധാര്‍ഹമാണ്. 1970-71 കാലഘട്ടങ്ങളില്‍ ശാസ്ത്രജ്ഞര്‍ ഈ പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരുന്നു.

ക്രിസ്തുമതം എത്തിച്ചേരുന്നതിന് മുമ്പുള്ള സമയത്ത് ലാന്‍സിയാനോ നഗരത്തിന്റെ പേര് അനക്‌സാം എന്നായിരുന്നു. പിന്നീടാണ് അനക്‌സാം ലാഞ്ചിയാനോ ആയി മാറിയത്. പുരാതന കഥ അനുസരിച്ച് കുരിശില്‍ കിടന്ന ക്രിസ്തുവിന്റെ നെഞ്ചില്‍ കുന്തം കൊണ്ട് കുത്തി മുറിവേല്‍പ്പിച്ച റോമന്‍ ശതാധിപന്റെ സ്വദേശം ലാഞ്ചിയാനോ ആയിരുന്നു. കാഴ്ചയില്‍ വൈകല്യം ഉള്ളവനായിരുന്നു ആ ശതാധിപന്‍. ക്രിസ്തുവിന്റെ നെഞ്ചില്‍ കുത്തിയ സമയത്ത് അവിടെ നിന്ന് രക്തവും വെള്ളവും പുറപ്പെട്ട് എന്ന് തിരുവെഴുത്തുകള്‍ പറയുന്നുണ്ട്. എന്നാല്‍ ക്രിസ്തുവിന്റെ രക്തം പുരണ്ട കൈകള്‍ കൊണ്ട് അയാള്‍ സ്വന്തം കണ്ണുകളില്‍ സ്പര്‍ശിച്ചപ്പോള്‍ അയാളുടെ കാഴ്ചാ വൈകല്യം സുഖപ്പെട്ടു. അയാള്‍ പൂര്‍ണ്ണമായും കാഴ്ചയുള്ളവനായി മാറി. ഈ സംഭവത്തെത്തുടര്‍ന്ന് ശതാധിപന് മാനസാന്തരം സംഭവിക്കുകയും അവസാനം അയാള്‍ ക്രിസ്തുവിന് വേണ്ടി രക്തസാക്ഷി ആകുകയും ചെയ്തു എന്ന് ചരിത്രം പറയുന്നു.

അത്ഭുതം

എട്ടാം നൂറ്റാണ്ടിലെ ഒരു ദിനം. ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു കൊണ്ടിരുന്നത് ഒരു ബസീലിയന്‍ സന്യാസ പുരോഹിതനായിരുന്നു. എല്ലാ ദിവസവും ചെയ്യുന്നതും പോലെ സാധാരണ രീതിയില്‍ തന്നെ അദ്ദേഹം കുര്‍ബാന അര്‍പ്പണം ആരംഭിച്ചു.  വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടയില്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശരീരവും രക്തവുമായി അപ്പവും വീഞ്ഞും മാറുമോ എന്ന് ആ വൈദികന് സംശയം ഉദിച്ചു.  ഇതെന്റെ ശരീരം, വാങ്ങി ഭക്ഷിക്കുവിന്‍ ഇതെന്റെ രക്തം വാങ്ങിക്കുടിക്കുവിന്‍ എന്ന് അപ്പവും വീഞ്ഞും കയ്യിലെടുത്ത് പറഞ്ഞു. ആ നിമിഷം അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശരീരവും രക്തവുമായി മാറി.

ഈ സംഭവത്തെക്കുറിച്ച് ലാന്‍സിയാനോയിലെ ചരിത്രക്കുറിപ്പില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു, ‘മറ്റുള്ളവര്‍ ഈ അത്ഭുതത്തെ എങ്ങനെ സ്വീകരിക്കും എന്നതിനെക്കുറിച്ച് ആ വൈദികന് ആശങ്കയുണ്ടായിരുന്നു. ഒരു നിമിഷം ഈ ദൈവിക അത്ഭുതത്തെ വിശ്വസിക്കണോ വേണ്ടയോ എന്ന് സംശയിച്ച് നിന്നു. അവസാനം ഭയം വെടിഞ്ഞ് സന്തോഷത്തോടെ പ്രതികരിക്കാന്‍ തീരുമാനിച്ചു. പിന്നീട് വിശ്വാസികളോടായി ഇപ്രകാരം പറഞ്ഞു. പ്രിയപ്പെട്ട വിശ്വാസികളെ ദൈവം ഒരു മഹാത്ഭുതത്തിലൂടെ നമ്മുടെ വിശ്വാസത്തെ കൂടുതല്‍ ആഴപ്പെടുത്തിയിരിക്കുന്നു. നമ്മള്‍ കണ്ടു വിശ്വസിക്കുന്നതിനായി അവിടുന്ന് തന്റെ ശരീരരക്തങ്ങള്‍ നമുക്കായി നല്‍കിയിരിക്കുന്നു. നമ്മുടെ ദൈവമായ കര്‍ത്താവിന്റെ രക്തവും മാംസവും ഇതാ.’

ഈ വാക്കുകള്‍ കേട്ട് ബലിപീഠത്തിലേക്ക് ഓടിയെത്തിയ വിശ്വാസികള്‍ ഒരേ സമയം ഭയപ്പെടുകയും അത്ഭുതപ്പെടുകയും ചെയ്തു. ചിലര്‍ കണ്ണുനീര്‍ വാര്‍ത്തു നിലവിളിച്ചു കൊണ്ടേയിരുന്നു. മറ്റ് ചിലര്‍ ദൈവത്തോട് കരുണയ്ക്കായി പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്നു. ഇനി ചിലര്‍ ചെയ്തത് അവര്‍ കണ്ട അത്ഭുതം മറ്റുള്ളവരോട് പറയാന്‍ പോകുക എന്നതായിരുന്നു. സ്വര്‍ണം പൂശിയ വെള്ളി പേടകത്തിലാണ് രക്തവും മാംസവുമായി മാറിയ തിരുവോസ്തി സൂക്ഷിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.