വിശുദ്ധ മരണത്തിനൊരുങ്ങാനുള്ള പത്തുപടികൾ

നവംബർ മാസം മരിച്ചവരെ മാത്രം ഓർക്കേണ്ട മാസമല്ല, മറിച്ച് എല്ലാവർക്കുമുള്ള മരണം വിശുദ്ധമാക്കാൻ സ്വയം ഒരുങ്ങേണ്ട മാസം കൂടിയാണ്. കത്തോലിക്കാ സഭയിലെ വലിയ ഒരു വേദപാരംഗതയും, വൈദീകർക്കും മെത്രാൻമാർക്കും ചില അവസരങ്ങളിൽ മാർപാപ്പയ്ക്കു പോലും ആത്മീയ നിയന്താവായി വർത്തിച്ച സിയന്നായിലെ വിശുദ്ധ കത്രീനാ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നതു ഇപ്രകാരമാണ്: “നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് നിമിഷങ്ങൾ: ഈ നിമിഷവും നമ്മുടെ മരണസമയവുമാണ്.” നന്മനിറഞ്ഞ മറിയമേ എന്ന ജപത്തിലെ അവസാന ഭാഗം -പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്കു വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കേണമേ – ഓർമ്മിപ്പിക്കുന്നതുപോലെ തന്നെ.

മരണമെന്നതു സത്യമാകയാൽ അതു വിശുദ്ധിയോടെയും സന്തോഷത്തോടെയും പ്രാപിക്കുന്നതിനു വേണ്ടി നാം സ്വയം ഒരുങ്ങണം മരണാസന്നരെ അതിനായി ഒരുക്കണം. ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യായെപ്പോലെ ഞാൻ മരിക്കുകയല്ല ജീവനിലേക്കു പ്രവേശിക്കുകയാണ് എന്ന മനോഭാവത്തോടെ  മരണത്തെ കാണുന്നവർക്കു അതു ഒരു അനുഗ്രഹം തന്നെയായിരിക്കും. ദൈവകൃപയിൽ മരിക്കുക എത്രയോ ഭാഗ്യദായകമാണ്. ദൈവകൃപയിൽ മരിക്കുമ്പോൾ നമ്മൾ നിത്യത സ്വന്തമാക്കുകയാണ് അതിനുള്ള പത്തു പടികൾ നമുക്കു കാണാം

1. സമയം അമൂല്യമാണ്

ഓരോ ദിവസവും നമ്മുടെ ജീവിതത്തിലെ അവസാന ദിനം പോലെ കണ്ടു ജീവിച്ച വിശുദ്ധരുടെ മാതൃകകൾ നമ്മൾ അനുകരിക്കണം. ഈ ദിവസം, തൊട്ടടുത്ത മണിക്കൂർ അല്ലങ്കിൽ അടുത്ത നിമിഷം നാം എങ്ങനെയായിരിക്കുമെന്ന് നമ്മൾക്കാർക്കും ഉറപ്പില്ല.  ഈ ഭൂമിയിലുള്ള നമ്മുടെ ജീവിതം അസ്ഥിരവും അനിശ്ചയവുമാണ്. അനുദിന വാർത്തകൾ സമയമെത്താത്ത വേർപാടുകളുടെ കഥകൾ ദിവസവും നമ്മുടെ ചെവികളിൽ എത്തിക്കാറുണ്ട്. മരണത്തെ മുന്നിൽ കണ്ടുള്ള ജീവിതം, പൂർണ്ണതയിലേക്കു വളരാൻ നമുക്കു പ്രചോദനമേകുന്നു.

2. നശ്വരമായ എതിരാളികളെ തിരിച്ചറിയുക

നമ്മുടെ ജീവിത ലക്ഷ്യത്തിൽ – പരിശുദ്ധവും സന്തോഷദായകവുമായ ഒരു മരണം – എത്തിച്ചേരുന്നതിൽ നിന്നു നമ്മളെ പിൻതിരിക്കുന്ന വലിയ തടസ്സങ്ങളും ബന്ധനങ്ങളും എന്താണന്നു നമ്മൾ തിരിച്ചറിയണം. ഒന്നാമത്തെ ശത്രു, ദൈവസ്നേഹത്തിൽ നിന്നും ശുദ്ധീകരണവരപ്രസാദത്തിൽ നിന്നും നമ്മെ അകറ്റുന്ന മാരക പാപങ്ങൾ ആണ്. മാരകമായ പാപവസ്ഥയിൽ  മരിക്കുക എന്നാൽ അതിനേക്കാൾ ഭയാനകമാണ്! നമ്മൾ മാരക പാപത്തിൽ വീണാൽ ഉടൻ തന്നെ കുമ്പസാരക്കൂട്ടിൽ ദൈവസ്നേഹത്തിന്റെ അനന്തതയിൽ കുളിച്ചു കയറുക മാത്രമാണ് പ്രതിവിധി. ആത്മീയരായി മരിച്ചിട്ട് ഒരു ദിവസം പോലും ഉറങ്ങാൻ പോകരുത്. നമ്മുടെ ശരീരത്തിനു അപകടം സംഭവിച്ചാൽ ഉടനടി ആശുപത്രിയിൽ എത്തുന്നതു പോലെ ആത്മാവിനു സംഭവിച്ചാലും കാരുണ്യകൂടു തേടണം.

3. പ്രാർത്ഥന

നമ്മുടെ അനശ്വരമായ ആത്മാവിന്റെ രക്ഷയ്ക്കായി പ്രാർത്ഥനയുടെ പ്രാധാന്യത്തെ സൂചിപ്പിക്കാൻ വേദപാരംഗതനായ വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ഒരു സാരോപദേശം കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്: “കൂടുതൽ പ്രാർത്ഥിക്കുന്നവൻ രക്ഷപെടുന്നു, പ്രാർത്ഥിക്കാത്തവൻ നശിക്കപ്പെടും, കുറച്ചു പ്രാർത്ഥിക്കുന്നവന്റെ രക്ഷ അപായസ്ഥിതിയിലാണ് .”  മറ്റൊരു വാക്കിൽ നമ്മുടെ നിത്യരക്ഷ നമ്മുടെ പ്രാർത്ഥനാ ജീവിതവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. “ശ്വാസകോശങ്ങൾക്കു വായു എത്രമാത്രം പ്രാധാന്യമുള്ളതാണോ, അത്രമാത്രം പ്രാർത്ഥന ആത്മാവിനും ആവശ്യമാണ്.”  ആത്മാവിന്റെ ശ്വാസോച്ഛ്വാസമാണ് പ്രാർത്ഥനാ!

4. ദൈവസാന്നിധ്യത്തിൽ ജീവിക്കുക

വിശുദ്ധ ജീവിതങ്ങളിലെല്ലാം പൊതുവായി കാണാൻ കഴിയുന്ന ഒരു പ്രത്യേകതയാണ് ദൈവത്തിന്റെ സ്നേഹ സാന്നിധ്യത്തിൽ നിരന്തരം ജീവിക്കുക എന്നുള്ളത്. ദൈവസാന്നിധ്യം വിസ്മൃതിയിലാകുന്ന അവസരങ്ങളിലാണ് നാം പാപം ചെയ്യുന്നതെന്ന് ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യാ പഠിപ്പിക്കുന്നു.  അമ്മമാരുടെ കൺ വെട്ടത്ത് കുട്ടികൾ കുസൃതി കാണിക്കാൻ മടിക്കുന്നതു പോലെ ദൈവ സാന്നിധ്യത്തിൽ പാപം ചെയ്യാനും നമ്മൾ മടി കാണിക്കും.

5. സ്വർഗ്ഗത്തെക്കുറിച്ച് ഇടയ്ക്കിടെ ചിന്തിക്കുക

ലോകത്തിലെ ഏറ്റവും പ്രശസ്തമായ പ്രാർത്ഥതന സ്വർഗ്ഗസ്ഥനായ പിതാവേ അല്ലെങ്കിൽ കർത്തൃപ്രാർത്ഥനയാണ്. വിശുദ്ധ തോമസ് അക്വീനാസിന്റെ വീക്ഷണത്തിൽ ഈ പ്രാർത്ഥന ഏറ്റവും പൂർണമായ പ്രാർത്ഥനയാണ്. തെർത്തുല്യന്റെ അഭിപ്രായത്തിൽ മുഴുവൻ സുവിശേഷത്തിന്റെയും സംഗ്രഹവും. യേശുവിന്റെ ഹൃദയത്തിൽ നിന്നു വന്ന ഈ പ്രാർത്ഥന ആരംഭിക്കുന്നത് “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന അഭിസംബോധനയൊടെയാണ്. സ്വർഗ്ഗത്തെപ്പറ്റിയും അതിന്റെ സന്തോഷം, മഹത്വം, ആനന്ദം, ഇതെപ്പറ്റി ചിന്തിക്കാത്ത ഒരു ദിവസവും നമ്മുടെ ജീവിതത്തിൽ കടന്നു പോകരുത്. നീർച്ചാൽ തേടുന്ന മാൻപേടയെപ്പോലെ സ്വർഗ്ഗത്തിനു വേണ്ടി നിരന്തരം നാം ആഗ്രഹിക്കണം.

6. നിത്യത

നിത്യതയെക്കുറിച്ചു മനസ്സിൽ കാഴ്ചപ്പാടുള്ളവരായിരുന്നു വിശുദ്ധരെല്ലാം. ജീവിതം വളരെ ചെറുതാണന്നു പത്രോസ് ശ്ലീഹാ പഠിപ്പിക്കുന്നു. “പ്രിയപ്പെട്ടവരേ, കർത്താവിന്റെ മുമ്പിൽ ഒരു ദിവസം ആയിരം വർഷങ്ങൾ പോലെയും ആയിരം വർഷങ്ങൾ ഒരു ദിവസം പോലെയുമാണെന്ന കാര്യം നിങ്ങൾ വിസ്മരിക്കരുത്” (2 പത്രോ 3:8) സഭാ പിതാവായ വിശുദ്ധ അഗസ്റ്റിൻ പഠിപ്പിക്കുന്നു: നിത്യതയുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ ജീവിതം ഒരു കൺ ചിമ്മൽപ്പോലെയെയുള്ളു. നിത്യത വിശുദ്ധമായ മരണത്തിനു നമ്മെ സഹായിക്കട്ടെ.

7. ജീവന്റെ അപ്പം

കത്തോലിക്കർക്ക് സ്വർഗ്ഗ കവാടം തുറക്കാനുള്ള താക്കോൽ യേശുവുമായുള്ള ഐക്യമാണ്. മഹത്വീകൃത ശരീരത്തോടെ യേശു സ്വർഗ്ഗത്തിലുണ്ട്. എന്നിരുന്നാലും അവന്റെ മൗതീക ശരീരമായ സഭയിലൂടെ ഭൂമിയിലും യേശു സന്നിഹിതനാണ്. മൗതീക ശരീരത്തിന്റെ ഹൃദയം കൂദാശകളാണ്, കൂദാശകളിൽ ഏറ്റവും മഹത്തരമായത് യേശു തന്നെത്തന്നെ നൽകുന്ന വിശുദ്ധ കുർബാനയാണ്. വിശ്വാസത്തോടും ഭക്തിനിർഭരതയോടുമുള്ള നിരന്തരമായ വിശുദ്ധ കുർബാന സ്വീകരണത്തിലൂടെ പരിശുദ്ധവും സന്തോഷം നിറഞ്ഞതുമായ മരണം നമുക്കു നേടാൻ കഴിയും! വിശുദ്ധ കുർബാന സ്വീകരണത്തിലൂടെ യേശുവിന്റെ തിരു ശരീരരക്തങ്ങൾ സ്വീകരിക്കൽ,  നമ്മുടെ ഇഹലോക ജീവിതത്തിലെ അവസാനത്തെ ഭക്ഷണമാകാൻ നാം തീവ്രമായി ആഗ്രഹിക്കണം. യേശുവിന്റെ ഈ വാക്കുകൾ നമുക്കു മറക്കാതിരിക്കാം: “എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യ ജീവനുണ്ട്. അവസാന ദിവസം ഞാൻ അവനെ ഉയർപ്പിക്കും.” (യോഹ: 6:54)

8. സ്നേഹത്തിന്റെയും നൽകലിന്റെയും ഒരു ജീവിതം നയിക്കുക

നമ്മളിൽ നിന്നു ശ്രദ്ധമാറ്റി ദൈവത്തിലും, നമ്മുടെ സഹോദരി സഹോദരന്മാരിലും ദർശിക്കുന്ന ദൈവത്തിലേക്കു നമ്മൾ ശ്രദ്ധ തിരിക്കണം. യേശു പറയുന്നു:  “എന്റെ ഏറ്റവും എളിയ ഈ സംഹാദരന്മാരിലൊരുവന് നിങ്ങൾ ഇതു ചെയ്തു കൊടുത്തപ്പോൾ എനിക്കു തന്നെയാണു ചെയ്തു തന്നത്.” (മത്താ. 25:40) ദൈവസ്നേഹത്താലും സഹോദരസ്നേഹത്താലും എരിഞ്ഞിരുന്നവരായിരുന്നു വിശുദ്ധർ. ഒരു പക്ഷേ  ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖ വനിതയായ കൽക്കത്തായിലെ വിശുദ്ധ മദർ തേരേസായുടെ വെല്ലുവിളി ഇപ്രകാരമാണ്: “മുറിപ്പെടുത്തുന്നതു വരെ നമ്മൾ ദാനം ചെയ്യണം.”

9. ആധുനിക വിഗ്രഹങ്ങളിൽ നിന്നും ഭ്രമങ്ങളിൽ നിന്നും കാത്തുസൂക്ഷിക്കുക

മോശയുടെ കാലഘട്ടത്തിൽ സുവർണ്ണകാളകുട്ടിയെ ആരാധിച്ചതായിരുന്നു വിഗ്രഹാരാധന. എന്നാൽ ഈ നവയുഗത്തിൽ എണ്ണമറ്റ സുവർണ്ണ വിഗ്രഹങ്ങൾ നമുക്കു കാണാൻ കഴിയും: ലഹരി വസ്തുക്കൾ, ലൈംഗീക അരാജകത്വം, സമ്പത്ത്, അധികാരം, തുടങ്ങി നിരവധി വസ്തുക്കളും വ്യക്തികളും. അതിനാൽ വിശുദ്ധ ലൂയിസ് മോൺഫോർട്ട് അദ്ദേഹത്തിന്റെ “മറിയത്തോടുള്ള ശരിയായ ഭക്തി” എന്ന പുസ്തകത്തിൽ ഈശോയ്ക്കും മാതാവിനും നമ്മളെത്തന്നെ നൽകുന്നതിനു മുമ്പ് ലോക കാര്യങ്ങളിൽനിന്നു നമ്മുടെ ഹൃദയങ്ങളെ  മുഴുവനായും പിൻതിരിപ്പിക്കണമെന്നു പഠിപ്പിക്കുന്നു.

10. പരിശുദ്ധ മറിയത്തിന്റെ കരങ്ങളിൽ മരിക്കുക

വിശുദ്ധവും സന്തോഷദായകവുമായ മരണം പ്രാപിക്കാൻ പരിശുദ്ധ മറിയത്തോടുള്ള സ്നേഹം അത്യാവശ്യമാണ്. നമ്മൾ എല്ലാവരും സ്വർഗ്ഗത്തിൽ പോകണമെന്നും നിത്യതയിൽ പരിശുദ്ധ ത്രിത്വത്തെ മഹത്വപ്പെടുത്തണമെന്നുമുള്ളതു പരിശുദ്ധ അമ്മയുടെ വലിയ ആഗ്രഹമാണ്. പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്കു വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ എന്നു ജപമാല പ്രാർത്ഥനയിൽ നമ്മൾ യാചിക്കുമ്പോൾ അമ്മയുടെ കരങ്ങളിൽ കിടന്നു മരിക്കാനുള്ള നമ്മുടെ ആഗ്രഹത്തിന്റെ ബഹിർസ്ഫുരണമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ