തോമസിന്റെ ചൂണ്ടുവിരല്‍

തോമസ്‌, നിന്‍റെ വിരല്‍ ഇവിടെ കൊണ്ടുവരിക. എന്‍റെ കൈകള്‍ കാണുക. നിന്‍റെ കൈ നീട്ടി എന്‍റെ പാര്‍ശ്വത്തില്‍ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക (യോഹ. 20:27).

ദൈവപുത്രന്‍റെ മനുഷ്യരോടുള്ള സ്നേഹത്തിന്‍റെ കഥ പറയുന്ന യോഹന്നാന്‍ സുവിശേഷത്തിന്‍റെ അവസാനത്തെപ്പുറം ആകുന്നതിനുമുമ്പ് 20-ാം അധ്യായത്തില്‍ സുവിശേഷകന്‍ യേശുവിലേയ്ക്ക് നോക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്നത് ദിദിമോസ് എന്ന തോമസിലൂടെയാണ്. പന്ത്രണ്ട് പേരില്‍ ഒരുവനും എന്നാല്‍, ഇടയ്ക്കെവിടെയോ അപ്രത്യക്ഷനാവുകയും എന്നാല്‍ തിരിച്ചെത്തുകയും ചെയ്യുന്നവന്‍.

മരണത്തില്‍ നിന്ന് തിരിച്ചെത്തി എന്നുപറയുന്ന ഗുരുവിനെ തനിക്ക് ഒരിക്കല്‍ക്കൂടി കാണണം എന്ന് അദ്ദേഹം വാശിപിടിക്കുന്നു. അതൊടൊപ്പം അവിടുത്തെ മുറിപ്പാടുകള്‍ കൂടി തന്‍റെ കണ്ണിനു മുമ്പില്‍ തെളിയണം എന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. ഒടുവില്‍ ശിഷ്യന്‍റെ പിടിവാശിക്ക് ഗുരു വഴങ്ങി. അങ്ങനെ കാലദേശത്തിന്‍റെ അതിര്‍ത്തികളെ ഭേദിക്കുന്ന ഒരു കണ്ടുമുട്ടലിന്‍റെ ഇടമായിത്തീര്‍ന്നു സെഹിയോന്‍ മാളിക.

യോഹന്നാന്‍ സുവിശേഷകന്‍, തോമസ് യേശുവിനെ സ്പര്‍ശിച്ചെന്നോ ഇല്ലെന്നോ തീര്‍ത്തുപറയുന്നില്ല. മറിച്ച്, “നിന്‍റെ കൈ നീട്ടി എന്‍റെ പാര്‍ശ്വത്തില്‍ വയ്ക്കുക” എന്ന യേശുവിന്‍റെ വാക്കുകള്‍ കേള്‍ക്കേ, “എന്‍റെ കര്‍ത്താവേ.. എന്‍റെ ദൈവമേ..” എന്ന മറുപടിയാണ് തുടര്‍ന്ന് പറയുന്നത്. അതായത് ഗുരുമൊഴികള്‍ കേട്ട് അവിടുത്തെ സ്നേഹത്തിന്‍റെ മുറിവു പതിഞ്ഞ പാര്‍ശ്വത്തിന് നേര്‍ക്ക് കൈയ്യുയര്‍ത്തി, വിരല്‍ചൂണ്ടി നില്‍ക്കുന്നവനായിത്തീരുന്നു തോമസ്. ഏതോ ഒരു പഴയകാലത്തിന്‍റെ ഭൂമികകളില്‍ നിന്ന് ഉയിര്‍ത്തുവന്ന് ദൈവത്തിന്‍റെ ഹൃദയത്തിലേയ്ക്ക് വിരല്‍ചൂണ്ടി നില്‍ക്കുന്നവനായി അദ്ദേഹം. ചരിത്രത്തിന്‍റെ ഇടനെഞ്ചു കീറി പുറത്തുവന്ന്, യേശുവിന്റെ പാര്‍ശ്വത്തിലേയ്ക്ക് തന്‍റെ ചൂണ്ടാണി വിരലുയര്‍ത്തിയുള്ള ഒരു നില്‍പ്പാണിത്.

കൈ നീട്ടിയവനും വടി നീട്ടിയവനും

ചരിത്രത്തിന്‍റെ അങ്ങേ ദിക്കില്‍ നിന്നാണ് തോമസിന്‍റെ കടന്നുവരവെന്ന് സ്ഥാപിക്കാന്‍ പാരമ്പര്യത്തിന്‍റെ ഗന്ധമുള്ള ഒരു കഥ വി. ഗ്രന്ഥത്തിന്‍റെ താളില്‍ നിന്നുതന്നെ കൊണ്ടുവരാം. പഴയനിയമത്തിലെ അനേകം സങ്കടയാത്രകളില്‍ ഏറെ തിളക്കവും പഴക്കവും അവകാശപ്പെടാവുന്ന പുറപ്പാട് ഗ്രന്ഥത്തിലെ 14-ാം അധ്യായത്തില്‍, ചെങ്കടലിനും ഫറവോയ്ക്കും ഇടയില്‍ പ്രതിസന്ധിഘട്ടത്തില്‍ അമ്പരന്നു നില്‍ക്കുന്ന ഒരു ജനതയുടെ ചിത്രമുണ്ട്. നിന്ന നില്‍പ്പില്‍ ഒരു അത്താഴവുമുണ്ട്. തിടുക്കത്തില്‍ വാഗ്ദത്തദേശമെന്ന സ്വപ്നഭൂമിയിലേയ്ക്ക് യാത്ര ചെയ്ത കുറെ പാവം മനുഷ്യര്‍ എത്തിപ്പെട്ടത് ചെങ്കടലിന്‍റെ കരയിലാണ്. മറികടക്കാനാകാത്ത ഒരു തടസ്സമായി ചെങ്കടല്‍ നില്‍ക്കുമ്പോള്‍ പുറകില്‍ തിരമാലകളുടെ അലര്‍ച്ചയെക്കാളും വലിയൊരു സ്വരം കേട്ടു. ഫറവോയുടെ നേതൃത്വത്തില്‍ കടന്നുവരുന്ന മരണത്തിന്‍റെ കുതിരക്കുളമ്പടി ശബ്ദമായിരുന്നു അത്.

ജീവിക്കുക എന്ന സാധ്യത അവരുടെ മുമ്പില്‍ അപ്പോള്‍ ഇല്ലായിരുന്നു. മനുഷ്യബുദ്ധിയില്‍ നോക്കിയാല്‍ മരിക്കാന്‍ മാത്രം രണ്ട് വഴികള്‍ മുമ്പില്‍ തെളിഞ്ഞുനില്‍പ്പുണ്ട് – മരണം സ്വയം വരിക്കുക അല്ലെങ്കില്‍ കൊല്ലപ്പെടുക. തീര്‍ച്ചയാക്കപ്പെട്ട മരണത്തിന്‍റെ തുരുത്തില്‍ ദിക്കറിയാതെ നില്‍ക്കേ ദൈവം അവര്‍ക്കു മുമ്പില്‍ മൂന്നാമത്തെ ഒരു സാധ്യത തെളിയിച്ചു. ജീവന്‍റെ വഴി ചെങ്കടലിന്‍റെ നടുവിലൂടെ അവിടുന്ന് കാണിച്ചുകൊടുത്തു. മോശയോട് ദൈവം പറഞ്ഞു: “നിന്‍റെ വടി കയ്യിലെടുത്ത് കടലിനു മീതെ നീട്ടി അതിനെ വിഭജിക്കുക” (പുറ. 14:16). മോശ അപ്രകാരം ചെയ്തു. ഇസ്രയേല്‍ ജനം ആ വഴിയിലൂടെ മറുകര കടക്കുകയും ചെയ്തു.

സ്വയം വരുത്തിവയ്ക്കുന്ന വിനാശത്തിന്‍റെയും ദുരന്തങ്ങളുടെയും നടുവിലാണ് മനുഷ്യവംശം മുഴുവനും ഇന്ന്. ലൗദാത്തോ സീ എന്ന ചാക്രികലേഖനത്തില്‍ ഈ മുന്നറിയിപ്പ് ഫ്രാന്‍സീസ് പാപ്പ കൂടുതല്‍ വ്യക്തമായി മുന്നോട്ട്‌ വയ്ക്കുന്നുമുണ്ട്. ഇതുപോലെ തന്നെ അനേകം വ്യക്തികളും കുടുംബങ്ങളും ഈ പ്രതിസന്ധിയെ പലഘട്ടങ്ങളിലും അഭിമുഖീകരിക്കുന്നുണ്ട്. ഇതേ കാരണം കൊണ്ടുതന്നെ പുതിയനിയമകാലത്തിലെ ജീവനിലേയ്ക്കുള്ള പുതുവഴിയുടെ വക്താവായിത്തീരുകയാണ് തോമസ്‌ എന്ന് നിസ്സംശയം പറയാം.

ചെങ്കടലും ചങ്കിലെ കടലും

വടി കയ്യിലെടുത്ത് കടലിനു മീതെ നീട്ടാന്‍ മോശയോട് കല്‍പിക്കുന്ന ദൈവം തന്നെയാണ് തോമസ്സിനോട് നിന്‍റെ കൈ നീട്ടി എന്‍റെ പാര്‍ശ്വത്തില്‍ വയ്ക്കാന്‍ പറയുന്നത്. ഇവിടെ പിന്‍തലമുറയുടെ ചരിത്രത്തില്‍ നിന്ന് കടന്നുവരുന്നവനാണ് തോമസ്. അന്നത്തെ ചെങ്കടല്‍ ദൈവപുത്രന്‍ ക്രൂശില്‍ ചിന്തിയ ചങ്കിലെ കടല്‍ ആയിത്തീരുന്നുവെന്ന് മാത്രം. മുറിവു പറ്റിയ ലോകത്തിന്‍റെ മുറിവുണക്കാന്‍ ദൈവത്തിന്‍റെ തിരുമുറിവാണ് അഭയമെന്ന് തോമസ്‌ ചൂണ്ടിക്കാണിക്കുകയാണിവിടെ.

ബെനഡിക്ട് 16-ാമന്‍ പാപ്പ സൂചിപ്പിച്ചതു പോലെ, ചരിത്രത്തിന്‍റെ ഉഴുതുമറിക്കപ്പെട്ട വിളഭൂമിയില്‍ വീണ വിത്താണ് ദൈവവചനം. അത് യഥാകാലം ഫലം പുറപ്പെടുവിക്കുക തന്നെ ചെയ്യും. ഉഴുതു മറിക്കപ്പെട്ട, വിണ്ടുപൊളിഞ്ഞ ഭൂമികളിലും ഹൃദയങ്ങളിലും മാംസം ധരിച്ച ദൈവവചനം കടന്നുവരും തീര്‍ച്ച. വിഭജിക്കപ്പെട്ട തിരുശരീര-രക്തങ്ങളെ നോക്കി വിരല്‍ചൂണ്ടി “എന്‍റെ കര്‍ത്താവേ.. എന്‍റെ ദൈവമേ..” എന്ന് ആര്‍ജ്ജവത്തോടെ വിളിച്ചുപറയാന്‍ ഉള്‍ക്കരുത്തുള്ളവരാകണം ഇന്നത്തെ തലമുറയിലെ ക്രിസ്ത്യാനികള്‍ എന്ന് മാര്‍തോമാശ്ലീഹ നമ്മെ പഠിപ്പിക്കുന്നു. കുന്തമുനയേറ്റ് ചങ്ക് തകര്‍ന്നാലും ഉള്ളിലെ വിശ്വാസത്തിന് ഇളക്കം തട്ടുകയില്ലെന്ന് കാണിച്ചുതന്ന നമ്മുടെ പൂര്‍വ്വപിതാവ്  വിരല്‍ചൂണ്ടിയതും ദൈവത്തിന്‍റെ ഹൃദയത്തിനു നേര്‍ക്കാണ്.

തോമസിന്റെ കൈ ഉയര്‍ന്നു നില്‍ക്കുന്നത് ദൈവത്തിന്‍റെ കാരുണ്യത്തിന്‍റെ നേര്‍ക്കാണ്. മുറിക്കപ്പെട്ട തിരുവോസ്തിയുടെ അരികിലേയ്ക്കാണ് അദ്ദേഹം മനുഷ്യവംശത്തെ മുഴുവന്‍ ക്ഷണിക്കുന്നതും. യുഗാന്ത്യത്തോളം മനുഷ്യവംശത്തെ നയിക്കാന്‍ തക്ക ശക്തി മുറിക്കപ്പെട്ട ആ ഹൃദയത്തിനുണ്ടെന്നുള്ള അദ്ദേഹത്തിന്‍റെ വിശ്വാസം എല്ലാ തലമുറകള്‍ക്കും മുമ്പില്‍ സാക്ഷ്യമായിത്തന്നെ നിലകൊള്ളുന്നു. ക്രൈസ്തവധര്‍മ്മത്തിന്‍റെ പ്രവാചബോധത്തിന്‍റെ ആത്മാവ് കുടികൊള്ളുന്നതും ദിവ്യകാരുണ്യത്തിലാണല്ലോ. അവിടെ കാലത്തിനപ്പുറവും നിലകൊള്ളാനുള്ള ഉള്‍ക്കരുത്തിന്‍റെ നിക്ഷേപവുമുണ്ട്.

കൈ നീട്ടേണ്ടവരും കൈ കെട്ടുന്നവരും

ഇന്നത്തെ കാലവും ആഗ്രഹിക്കുന്നത് തോമസിനെപ്പോലുള്ള തലമുറകളെയാണ്. സത്യത്തെ ചൂണ്ടിക്കാണിക്കാനും സത്യബോധത്തിന് മുറിവേറ്റിരിക്കുന്നു എന്ന് ലോകത്തോട് വിളിച്ചുപറയാനും തക്ക ഉള്‍ക്കാഴ്ചയുള്ള ദീര്‍ഘദര്‍ശികള്‍ ഇവിടെ പുനര്‍ജ്ജനിക്കേണ്ടിയിരിക്കുന്നു. പഴയകാലത്തിന്‍റെ രക്ഷയുടെ വാതിലുകളില്‍ നിന്ന് ഉയിര്‍ത്തുവന്ന് പുതിയകാലത്തിന്‍റെ വക്താക്കളാകേണ്ടവരാണവര്‍. രക്തത്തിന്‍റെയും കണ്ണുനീരിന്‍റെയും കറപുരണ്ട മരണത്തിന്‍റെ തെരുവുകളില്‍ നിന്ന് രക്ഷയുടെ പാതയിലേക്ക് ചരിത്രത്തെ നയിക്കാന്‍ കരുത്തുള്ളവരാകണം അവര്‍.

മനുഷ്യവംശത്തിന്‍റെ ചൂഷണരീതികള്‍ കുത്തിമുറിവേല്‍പിച്ചതെല്ലാം സത്യത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും പ്രാപഞ്ചികമാനങ്ങളെ തന്നെയായിരുന്നു എന്ന തിരിച്ചറിവില്‍ മനുഷ്യബോധത്തിന്‍റെ അഹന്തയ്ക്കു മുകളിലാണ് അവര്‍ ചുവടുറപ്പിക്കുന്നത്. സ്ത്രീയും പ്രകൃതിയും കര്‍ഷകനും തുടങ്ങി മൂല്യത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും നേര്‍രൂപങ്ങള്‍ എല്ലാം ചൂഷണത്തിനും കവര്‍ച്ചയ്ക്കും കൊലപാതകത്തിനും വിധിക്കപ്പെടുന്നു എന്ന വസ്തുതയും ഇവിടെയുണ്ട്.

ചരിത്രത്തിന് നടുവില്‍ എഴുന്നേറ്റുനിന്ന് ദൈവത്തിന് നേര്‍ക്ക് കൈ നീട്ടേണ്ടവര്‍ കൈകെട്ടി നില്‍ക്കുന്നതാണ് ഇന്നത്തെ കാലം നേരിടുന്ന ദുരവസ്ഥ. കൈനീട്ടി നില്‍ക്കേണ്ടവര്‍ കൈകെട്ടി നില്‍ക്കുമ്പോള്‍ ലോകം മരണത്തെയും നാശത്തേയും മുന്നില്‍ കാണേണ്ടി വരും. യെമനില്‍ വെച്ച് വെടിയുണ്ടകള്‍ക്കിരയായ നാല് സന്യാസിനികളെക്കുറിച്ച് സംസാരിക്കവേ ഫ്രാന്‍സീസ് പാപ്പ പറഞ്ഞു: “അവര്‍ മരിച്ചത് കൊലയാളികളുടെ വെടിയുണ്ടകള്‍ക്കിരയായി അല്ല, ആഗോളീകരിക്കപ്പെട്ട നിസ്സംഗതയുടെ ഇരകളാണവര്‍.” മാരകമായ നിസ്സംഗതയില്‍ നിന്ന് ലോകം വിമോചിപ്പിക്കപ്പെടേണ്ടിയിരിക്കുന്നുവെന്ന് വ്യക്തം.

അതിനാല്‍ തോമസ്‌ നിലയുറപ്പിക്കുന്നത് നമുക്കെതിരെ കൂടിയാണ്. നിരപരാധികളുടെ രക്തം വീണു നനയുന്ന മണ്ണില്‍ ശാന്തമായി മൗനത്തിലും മയക്കത്തിലും തുടരുന്ന നമുക്കെതിരെ. തെരുവുനായുടെ കടിയേറ്റ് രക്തം വാര്‍ന്ന് വികൃതമായ മുഖവുമായി നില്‍ക്കുന്ന അയല്‍പക്കത്തെ കുടിലിലെ കൊച്ചുകുഞ്ഞിന്‍റെ കരച്ചില്‍ മുതല്‍ പീഡിപ്പിക്കപ്പെട്ടും വിരൂപമാക്കപ്പെട്ടും അവഹേളിക്കപ്പെട്ടും നമ്മുടെ തെരുവുകളില്‍ ചീഞ്ഞളിഞ്ഞു തീരുന്ന മൃതദേഹങ്ങളുടെ രോദനങ്ങളും അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ ഒന്നുമറിയാത്തമട്ടില്‍ മാറിനടക്കുന്ന നമുക്കെതിരെ തന്നെ.

അമ്മമാരുടെ ഗര്‍ഭപാത്രങ്ങളില്‍  വച്ച് നിഗൂഢമായി തുടച്ചുനീക്കപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങളുടെയും യുദ്ധത്തിലും ലഹളകളിലും വിപ്ലവങ്ങളിലും ഒരു ചോരപ്പാട് മാത്രമായി അവശേഷിപ്പിക്കപ്പെടാവുന്ന അനേകം മനുഷ്യരുടെയും നോവുള്ള ഈ ഭൂമിയില്‍ നമുക്ക് ഒരിക്കലും നിസ്സംഗരായി നില്‍ക്കാന്‍ സാധിക്കില്ല. ഇവര്‍ക്കിടയില്‍ പുതിയ കാലത്തിന്‍റെ തോമസുമാരുമുണ്ട്. യേശുനാമത്തിനു വേണ്ടി ജീവന്‍ വെടിയുന്നവര്‍. അവരെക്കൂടി തോമസിന്‍റെ രക്തസാക്ഷിത്വം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

വ്യാമോഹത്തിന്‍റെ നിറപ്പകിട്ടുകളില്‍ മയങ്ങി നൃത്തം ചെയ്യേണ്ടവരല്ല നമ്മള്‍. മൂല്യങ്ങളുടെ നിലപാട് തറയില്‍ ഉറച്ചുനിന്ന് ദൈവത്തിനു നേര്‍ക്ക് കൈ നീട്ടി ഉറച്ചുനില്‍ക്കേണ്ടവരാണ് നാം. വി. ഗ്രന്ഥത്തിന്‍റെ താളില്‍ ഇന്നും തോമസ്‌ അതേ നില്‍പ്പ് തുടരുന്നുണ്ട്. ഇനിയും ആ നില്‍പ്പ് തുടരുക തന്നെ ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.