സീറോ മലങ്കര ഏപ്രിൽ 23 മത്തായി 10: 16-25 ഉപദേശം

വി. മത്തായിയുടെ സുവിശേഷം പത്താം അധ്യായം, അയക്കപ്പെടുന്ന ശിഷ്യന്മാര്‍ക്കുള്ള ഉപദേശങ്ങളാണ്. പത്താം അധ്യായം 16 മുതല്‍ 25 വരെയുള്ള വാക്യങ്ങളില്‍, അയക്കപ്പെടുന്ന ഈ ശിഷ്യന്മാര്‍ നേരിടേണ്ടിവരുന്ന പീഡനങ്ങളെക്കുറിച്ച് ക്രിസ്തുനാഥന്‍ പഠിപ്പിക്കുന്നതും ഗുരു എന്ന നിലയില്‍ തനിക്ക് ഇത്രമാത്രം സഹിക്കേണ്ടിവന്നുവെങ്കില്‍ ശിഷ്യന്‍ മാറാതെ നിന്നാലും അതുപോലെ തന്നെ സഹിക്കേണ്ടിവരുമെന്ന വലിയ സത്യവും ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ ക്രിസ്തുനാഥന്‍ പഠിപ്പിക്കുന്നു.

പീഡനങ്ങളെ ഭയപ്പെടാതിരിക്കാനുള്ള ആഹ്വാനമാണ് ക്രിസ്തുനാഥന്‍ നല്‍കുക. ക്രിസതുവിനു വേണ്ടി നിലകൊണ്ട അനേകം രക്തസാക്ഷികളുടെ ജീവിതസമര്‍പ്പണത്തിലൂടെയാണ് തിരുസഭ വളര്‍ന്നിട്ടുള്ളത്. അവര്‍ ഭയം കൂടാതെ ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ തയ്യാറായതുകൊണ്ടാണ് തിരുസഭ അതിശീഘ്രം വളര്‍ന്നത്. അനേകം രക്തസാക്ഷികളുടെ രക്തത്തിലും ജീവിതസമര്‍പ്പണത്തിലും അനേകം കോടി മനുഷ്യരുടെ ഇടയില്‍ ക്രിസ്തു പ്രഘോഷിക്കപ്പെട്ടു. ഭയമില്ലാതെ, പ്രതികൂലമായ സാഹചര്യത്തില്‍ ധൈര്യപൂര്‍വ്വം ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ അവര്‍ തയ്യാറായി.

എന്നാല്‍, ഇന്ന് സാഹചര്യങ്ങള്‍ അനുകൂലമല്ല എന്നതിന്റെ പേരില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്ന കാഴ്ചകളാണ് നാം അനുദിനം കാണുന്നത്. നമ്മുടെ വിശ്വാസം പ്രഘോഷിക്കുന്നതില്‍, ജീവിക്കുന്നതില്‍ നാം മായം ചേര്‍ക്കുന്നു എന്നതാണ് വസ്തുത. നിത്യജീവനെക്കുറിച്ചുള്ള ബോധ്യത്തില്‍ ധൈര്യപൂര്‍വ്വം ക്രിസ്തുവിനെ പ്രഘോഷിക്കാനും ക്രിസ്തീയരായി ജീവിക്കാനും നമുക്ക് പരിശ്രമിക്കാം. ഭയപ്പെടാതെ വിട്ടുവീഴ്കള്‍ക്കായി തയ്യാറാകാതെ ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ നമുക്ക് കഴിയട്ടെ.

ഫാ. സിജോ ജെയിംസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.