കുട്ടികളുടെ നല്ല സുഹൃത്തുക്കളാകാം ഈ മാർഗ്ഗത്തിലൂടെ

മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം സവിശേഷമായ ഒന്നാണ്. അതുപോലെ തന്നെ സുപ്രധാനമായ ഒന്നാണ് മക്കളുടെ ബെസ്റ്റ് ഫ്രണ്ട് ആയി മാറുക എന്നതും. അവൻ/ അവൾ എന്റെ അടുത്ത ഒന്നും പറയുന്നില്ല എന്ന് പലപ്പോഴും പല മാതാപിതാക്കളും സങ്കടം പറയുന്നത് കാണാൻ കഴിഞ്ഞിട്ടുണ്ട്. ഈ പരാതി മാറ്റാനും കുട്ടികളുടെ നല്ല സുഹൃത്തുക്കളാകാനും മാതാപിതാക്കളെ സഹായിക്കുന്ന ഏതാനും ചില കുറുക്കുവഴികൾ ഇതാ…

1. കുട്ടികളുടെ ഒപ്പം ഉണ്ടാവുക

ഒരു കുട്ടിക്ക് വേണ്ടത് തങ്ങളെ പിന്തുണക്കാൻ ആരെങ്കിലും ഉണ്ടായിരിക്കണം എന്നതാണ്. അവർക്ക് സ്കൂളിൽ പ്രശ്‌നങ്ങളുണ്ടാകാം. അതുമല്ലെങ്കിൽ നിങ്ങളുമായി ചർച്ച ചെയ്യാൻ അവർ ആഗ്രഹിക്കുന്ന എന്തെങ്കിലും പ്രശ്‌നത്തിലൂടെ അവർ കടന്നുപോകുന്നുണ്ടാകാം. ഇത്തരം സന്ദർഭങ്ങളിൽ കുട്ടികൾക്കൊപ്പം ഉണ്ടായിരിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. പ്രശ്നങ്ങളിൽ കുറ്റപ്പെടുത്താതെ, ചേർത്തുനിർത്തുന്ന മാതാപിതാക്കൾ മക്കൾക്കു മുന്നിൽ അവരുടെ മനഃസാക്ഷിസൂക്ഷിപ്പുകാരായി മാറും.

2. അവരോടൊപ്പം സമയം ചിലവഴിക്കുക

പല മാതാപിതാക്കളുടെയും പ്രധാന പ്രശ്നം തങ്ങളുടെ മക്കളുമായി കൂടുതൽ സമയം മാറ്റിവയ്ക്കാൻ കഴിയുന്നില്ല എന്നതാണ്. കുട്ടികളുടെ ഉറ്റസുഹൃത്ത് ആകണമെങ്കിൽ ഈ വിടവ് നികത്തിയേ മതിയാകൂ. നിങ്ങളുടെ തിരക്കേറിയ സമയക്രമത്തിൽ നിന്ന് കുട്ടികളുമായി സമയം ചിലവഴിക്കാൻ സമയം കണ്ടെത്താൻ ശ്രമിക്കുക. മക്കളുടെ കൂടെയിരിക്കാൻ സമയം കിട്ടാത്ത മാതാപിതാക്കൾ, തങ്ങളെ അവഗണിക്കുന്നതായി കുട്ടികൾക്ക് തോന്നുക സ്വാഭാവികം. എപ്പോഴും അവർക്കൊപ്പം ഇരിക്കുക എന്നതിനർത്ഥം, ഒരു പണിയും ചെയ്യാതെ മാറിയിരിക്കുക എന്നല്ല. നിങ്ങൾ ചെയ്യുന്ന ജോലികളിൽ അവരെ ഒപ്പം കൂട്ടുക എന്നാണ്. അത് പാചകമോ, പൂന്തോട്ടപരിപാലനമോ എന്തുമായിക്കൊള്ളട്ടെ. കുട്ടികളെയും ഒപ്പം കൂട്ടുമ്പോൾ അവർക്കും അത് സന്തോഷകരമാകും.

3. നിങ്ങളുടെ ആശയങ്ങൾ അടിച്ചേൽപ്പിക്കരുത്

മാതാപിതാക്കളെന്ന നിലയിൽ നിങ്ങൾക്ക് പല ആശയങ്ങളും അഭിപ്രായങ്ങളും ഉണ്ടാകാം. എന്നാൽ അത് കുട്ടികളുടെമേൽ അടിച്ചേൽപ്പിക്കരുത്. കുട്ടികൾക്ക് അവരുടെ ഇഷ്ടങ്ങളും അഭിപ്രായങ്ങളുമുണ്ട്. അത് മനസിലാക്കി തിരുത്തലുകൾ നൽകുമ്പോൾ അവർ എന്തിനും നിങ്ങൾക്കൊപ്പം നിൽക്കും.

4. അവരുടെ തിരഞ്ഞെടുപ്പുകളെ ബഹുമാനിക്കുക

തൊഴിൽ തിരഞ്ഞെടുക്കുന്നതിനോ, വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനോ ആകട്ടെ, ചില മാതാപിതാക്കൾ ഒരിക്കലും കുട്ടികളെ സ്വന്തം കാര്യങ്ങൾ സ്വയം തിരഞ്ഞെടുക്കാൻ അനുവദിക്കുന്നില്ല. ഈ ശീലം സമയത്തിനനുസരിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുകയും നിങ്ങളുടെ കുട്ടിയുടെ ആത്മവിശ്വാസം കുറക്കുകയും ചെയ്യും. നിങ്ങളുടെ കുട്ടിയുടെ ജീവിതകാര്യങ്ങളിലെ തിരഞ്ഞെടുപ്പുകൾ നടത്താൻ നിങ്ങൾ അവരെ അനുവദിക്കുന്നു എന്ന് ഉറപ്പാക്കുക. നിങ്ങൾക്ക് തീർച്ചയായും അവനെ ഉപദേശിക്കാൻ കഴിയും. പക്ഷേ, അവരുടെ ജീവിതത്തിൽ കാര്യങ്ങൾ അടിച്ചേൽപ്പിക്കുന്ന സ്വഭാവം മാതാപിതാക്കൾ  ഒഴിവാക്കേണ്ട ഒന്നാണ്.

5. കുട്ടികളെ അവരുടെ വഴിക്ക് വിടുക

കുട്ടികൾക്കും തനിച്ചിരിക്കാനും അവരുടേതായ കാര്യങ്ങൾ ചെയ്യാനും സമയം കണ്ടെത്തുന്ന ഘട്ടങ്ങൾ ഉണ്ടാകാം. ആ സമയങ്ങളിൽ അതിന് അവരെ അനുവദിക്കുക. ങ്ങളുടെ കുട്ടി ഒറ്റയ്ക്ക് കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങിയാൽ പരിഭ്രാന്തരാകരുത്. ഇത് ഒരുപക്ഷേ, ഒരു ഘട്ടം മാത്രമാണ്. അത് പതിയെ മാറിവരും. ആ സമയം ബഹളം വയ്ക്കാതെ ശാന്തമായി ആ സമയത്തെ നേരിടുക. ഈ സമയത്ത് അവരെ പ്രകോപിക്കാതിരിക്കുക എന്നതും പ്രധാനപ്പെട്ടതാണ്. ഈ മാർഗ്ഗങ്ങളിലൂടെ കുട്ടികളുടെ നല്ല കൂട്ടുകാരാകാൻ നമുക്ക് കഴിയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.