സിസ്റ്റൈൻ ചാപ്പലിലെ രഹസ്യങ്ങൾ 

ക്രൈസ്തവ ലോകത്തിന്റെ സ്വകാര്യ അഹങ്കാരമാണ് സിസ്റ്റൈൻ ചാപ്പൽ അഥവാ (കപ്പേള സിസ്റ്റീനാ). രഹസ്യങ്ങളുടെയും നിഗൂഡതകളുടെയും കലവറയാണ്. ആദ്യ കാലങ്ങളിൽ കപ്പേള മാഗ്ന എന്നാണു മാർപാപ്പയുടെ ചാപ്പലുകളിൽ ഒന്നായ സിസ്റ്റൈൻ ചാപ്പൽ അറിയപ്പെട്ടിരുന്നത്. 1475 നും 1481 നും ഇടയിലാണു ഇതു പണി കഴിപ്പിച്ചത്. ഇതിന്റെ പുനരുദ്ധാരണ പണികൾക്കു നേതൃത്വം നൽകിയ സിക്സ്റ്റസ് ആറാമന്റെ പേരിലാണു ഇന്നതു അറിയപ്പെടുന്നത്. സ്വർഗ്ഗാരോപിതയായ മാതാവിനാണു ഈ ദൈവാലയം പ്രതിഷ്ഠിച്ചിരിക്കുന്നത്.

മാർപാപ്പയുടെ സ്വകാര്യ ചാപ്പലാണിത്. ദൃശ്യ ദൈവശാസ്ത്രത്തിന്റെ (visual theology) ഏറ്റവും പൂർണ്ണമായ അവതരണമാണ് ഈ ദൈവാലയത്തിലുള്ളത്. പുതിയ നിയമത്തിലെ പ്രധാന സംഭവങ്ങളെല്ലാം ചിത്രീകരിച്ചിരുന്നതിനാൽ മധ്യ കാലഘട്ടത്തിൽ പാവപ്പെട്ടവരുടെ ബൈബിൾ(Biblia Pauperum -the Bible of the Poor) എന്നാണ് ഇതു അറിയപ്പെട്ടിരുന്നത്.

പഴയ നിയമത്തിൽ സോളമൻ നിർമ്മിച്ച ദൈവാലയത്തിന്റെ അതേ അളവുകളാണു സിസ്റ്റൈൻ ചാപ്പലിനുള്ളത്.

ഈ ചാപ്പലിൽ ചിത്രീകരിച്ചിരിക്കുന്ന മൈക്കലാഞ്ചലയുടെ ചിത്രങ്ങളെല്ലാം കൂടി 11,840 ചതുരശ്ര അടി വരും

1870, മുതൽ മാർപാപ്പയെ തിരെഞ്ഞെടുക്കാൻ കർദ്ദിനാൾമാർ കോൺക്ലേവ് കൂടുന്ന സ്ഥലമാണിത്. ഒരാളെ പുതിയ മാർപാപ്പയായി തിരെഞ്ഞെടുത്താൻ സിസ്റ്റൈൻ ചാപ്പലിലുള്ള ഒരു ചെറിയ മുറിയിലേക്കു അദ്ദേഹത്തെ കൊണ്ടു പോകും , കണ്ണീരിന്റ മുറി “Room of Tears.” എന്നാണു ഇതറിയപ്പെടുക. മുഖ്യ അൾത്താരയുടെ ഇടതു വശത്തായി അന്ത്യവിധിയുടെ ചിത്രീകരണത്തിന്റെ അടിയിലാണു ഈ മുറി. പാപ്പയായി ഒരാൾ തെരെഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്താലും ഉത്തരവാദിത്വത്തിന്റെ ഗൗരവ്വത്താലും വികാരാധീനനായി മാർപാപ്പമാർ ഈ മുറിയിൽ കരഞ്ഞു പോകാറുണ്ട് അതിനാലാണു ഇതു കണ്ണീരിന്റെ മുറി എന്നറിയപ്പെടുക.

യേശു ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാളിൽ മാർപാപ്പമാർ സിസ്റ്റൈൻ ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും കുഞ്ഞുങ്ങൾക്കു മാമ്മോദീസാ നൽകുകയും ചെയ്യുക എന്നത് വളരെക്കാലമായുള്ള പാരമ്പര്യമാണ്.

പേപ്പൽ സിസ്റ്റൈൻ ചാപ്പൽ കൊയർ ( Papal Sistine Chapel Choir,) എന്നാണ് ഇവിടുത്തെ സ്ഥിരമായ ഗായക സംഘം അറിയപ്പെടുക. ഇന്നും സജീവമായ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗായക സംഘമാണിത്.

ചുവർ ചിത്രങ്ങളാൽ പ്രത്യേകിച്ചും മൈക്കലാഞ്ചലയുടെ ചിത്രങ്ങളാൽ പ്രസിദ്ധമാണ് സിസ്റ്റൈൻ ചാപ്പൽ. മുകൾത്തട്ടിലുള്ള ചിത്രങ്ങളും അൾത്താരയുടെ പിന്നിലുള്ള ഭിത്തിയിലുള്ള അന്ത്യവിധിയുടെ ചിത്രീകരണവും ഭുവന പ്രസിദ്ധമാണ്. ഒരു ശില്പി എന്ന നിലയിൽ പ്രസിദ്ധനായിരുന്ന മൈക്കലാഞ്ചലോ മനസ്സില്ലാ മനസ്സോടെ മാർപാപ്പയുടെ നിർബന്ധദ്ധത്തിനു വഴങ്ങിയാണു ചിത്രം ഈ ചിത്രങ്ങൾ വരച്ചത്.

മൈക്കലാഞ്ചലോ മാത്രമായിരുന്നില്ല സിസ്റ്റൈൻ ചാപ്പലിലെ പ്രധാന ചിത്രകാരൻ. സിക്സ്റ്റൂസ് ആറാമൻ പാപ്പ സാന്ദ്രോ ബോട്ടിചെല്ലി, ഡോമിനിക്കോ ഗിർലാന്റിയോ, പിയെത്രോ പെരുജിനോ തുടങ്ങി അന്നത്തെ പ്രമുഖ ചിത്രകാരന്മാരെയാണു ആദ്യം വിളിച്ചിരുന്നത്. ജൂലിയൂസ് രണ്ടാമൻ പാപ്പയാണു മുകൾത്തട്ടിലെ ചിത്രരചനയ്ക്കായി മൈക്കലാഞ്ചലയെ ആദ്യം വിളിക്കുക. അന്ത്യവിധി ചിത്രീകരിക്കാൻ മൈക്കലാഞ്ചലയെ ചുമതലപ്പെടുത്തിയതു ക്ലമന്റ് ഏഴാമൻ പാപ്പയാണ്.

സാധാരണ പറയുന്നതുപോലെ കിടന്നു കൊണ്ടല്ല മൈക്കലാഞ്ചലോ മുകൾത്തട്ടിലെ (സീലിങ്ങിലെ) ചിത്രങ്ങൾ വരച്ചത്. ചിത്രങ്ങൾ വരയ്ക്കാനായി ഭിത്തിയിൽ ദ്വാരങ്ങൾ ഉണ്ടാക്കി അതിൽ മറ്റൊരു പകലത്തട്ടു നിർമ്മിച്ചിരുന്നു അതിൽ നിന്നാണ് അദ്ദേഹം ചിത്രങ്ങൾ വരച്ചത് അല്ലാതെ കിടന്നായിരുന്നില്ല. തീർച്ചയായും ഈ നിൽപ്പിൽ അദ്ദേഹത്തിനു ഒരുപാടു അസ്വസ്ഥകൾ ഉണ്ടായിരുന്നു, അതു വിവരിച്ചു ഒരു കവിത പോലും മൈക്കലാഞ്ചലോ എഴുതിയിട്ടുണ്ട്.

നവോത്ഥാനത്തിനു മുമ്പു വരെ ദൈവപിതാവിനെ മേഘ പാളികൾക്കിടയിലെ കൈ ആയിട്ടായിരുന്നു ചിത്രീകരിച്ചിരുന്നത്. എന്നാൽ സിസ്റ്റൈൻ ചാപ്പലിൽ ദൈവ പിതാവിനെ പേശികളുള്ള വെളുത്ത താടിയുള്ള മനുഷ്യ വ്യക്തിയായി ചിത്രീകരിച്ചിരിക്കുന്നു. ക്രിസ്തീയ കലയിൽ ആദ്യമായിട്ടായിരുന്നു ഗ്രീക്കു ദേവനായ ജൂപ്പിറ്ററിനെപ്പോലെ ദൈവപിതാവിനെ ചിത്രീകരിച്ചത്.

1990 ൽ ഡോ ഫ്രാങ്ക് മേസ്ബെർഗർ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ മൈക്കലാഞ്ചലയുടെ “ആദാമിന്റെ സൃഷ്ടി” യെപ്പറ്റി ഒരു ശാസ്ത്രീയ ലേഖനം പ്രസിദ്ധീകരിച്ചു. അതിൽ പ്രകാരം ആദാമിന്റെ സൃഷ്ടിയിൽ ദൈവത്തിനു ചുറ്റുമുള്ള മാലാഖമാർ, അങ്കികൾ, നിഴലുകൾ എല്ലാം ഒരു മനുഷ്യ തലച്ചേറിന്റെ കൃത്യമായ പരിച്ഛേദമായി സാക്ഷ്യപ്പെടുത്തുന്നു. അതു വഴി പുതിയ മനുഷ്യസൃഷ്ടിയിലെ ദൈവത്തിന്റെ ബുദ്ധികൂർമ്മത മൈക്കലാഞ്ചലോ സൂചിപ്പിക്കുക ആയിരുന്നു.

സിസ്റ്റൈൻ ചാപ്പലിന്റെ നിർമ്മാണം തുടങ്ങി 1536 വരെ അൾത്താരക്കു പിന്നിലുള്ള ഭിത്തിയിൽ മോശയുടെയും ഈശോയുടെയും ജീവിതത്തിലെ പ്രധാന സംഭവങ്ങളുടെ ഒരു പരമ്പര ഉണ്ടായിരുന്നു. അന്ത്യവിധിയുടെ ചിത്രീകരണത്തിനായി അവയെല്ലാം മായ്ച്ചുകളയേണ്ടി വന്നു. അതിനാൽ ധാരാളം വിമർശനങ്ങൾ മൈക്കലാഞ്ചലോ നേരിടേണ്ടി വന്നു.

കാഴ്ചക്കാർക്കു മുകളിലായി ഒരല്പം ചെരിഞാണു അന്ത്യവിധി ചിത്രീകരിച്ചിരിക്കുന്നത്. ദൈവശക്തിയോടുള്ള ബഹുമാനവും ഭയവും കാഴ്ചക്കാർക്കുണ്ടാക്കുക എന്നതാണ് ലക്ഷ്യം. ചാപ്പലിലുള്ള മറ്റു ചിത്രകാരന്മാരുടെ ചിത്രങ്ങളിൽ നിന്നു വിത്യസ്തമായി അന്ത്യവിധിയിലെ ചിത്രങ്ങളിലെ മനുഷ്യരെ പേശികളോടുകൂടി വളഞ്ഞ രീതിയിൽ, മധ്യത്തിൽ ക്രിസ്തുവിനോടു ചേർന്നു നിൽക്കുന്ന മറിയത്തെപ്പോലും അപ്രകാരമാണു ചിത്രീകരിച്ചിരിക്കുന്നത്.

അന്ത്യവിധിയിലെ പ്രധാന ചിത്രം വിധിയാളനായ ക്രിസ്തു തന്നെ. ക്രിസ്തുവിനെ ഇതിൽ യുവാവായും കായിക ക്ഷമതയുള്ളവനുമായി ചിത്രീകരിച്ചിരിക്കുന്നു. ഇടതു വശത്തേക്കും നരകത്തിലെ സഹനങ്ങളിലേക്കുള്ള അവന്റെ നോട്ടം കർശനവും ഉഗ്രവുമാണ്. കാരുണ്യത്തിന്റെ സമയം കഴിഞ്ഞിരിക്കുന്നു. നീതി നിർവ്വഹിക്കേണ്ട സമയമാണിത്. അർഹതയില്ലാത്തവരെ നിത്യാഗ്നിയിലേക്കു എറിയാനുള്ള സമയം.

വലതു വശത്തു ക്രിസ്തുവിന്റെ പാദത്തിനടിയിൽ വിശുദ്ധ ബർത്തി ലൊമിയോ. ബർത്തിലൊമിയോയുടെ ഒരു കൈയിൽ തന്നെ ജിവനോടെ തോലുരിയലിനു വിധേയമാക്കിയ കത്തിയും മറുകൈയിൽ തൊലിയും പിടിച്ചിരിക്കുന്നു. ത്വക്കിൽ കാണുന്നതു മൈക്കലാഞ്ചലയുടെ തന്നെ ചിത്രമാണ്.

ഒരു വാഖ്യാനം അനുസരിച്ചു ചിത്രം വരയ്ക്കുന്നതിനിടയിൽ മൈക്കലാഞ്ചലയെ വേട്ടയാടിയിരുന്ന ഒരാത്മാമായും . വിശ്വാസത്തിൽ മൈക്കലാഞ്ചലോ അനുഭവിച്ച പ്രതിസന്ധി യായും കാണുന്നു. ചുവർചിത്രം വരയ്ക്കാൻ മൈക്കലാഞ്ചലോ നിർബന്ധിതനായതിനാൽ ജോലി ചെയ്യുക എന്നതിനെക്കാൾ ജീവനോടെ തൊലി ഉയിരുക ആയിരുന്നു എന്നു മറ്റു ചിലർ വാഖ്യാനിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.