വത്തിക്കാന്റെ പരമോന്നത നീതിപീഠത്തിലേക്ക് സാൻ ഫ്രാൻസിസ്കോ ആർച്ച്ബിഷപ്പിനെ നിയമിച്ച് ലെയോ പതിനാലാമൻ പാപ്പ

സാൻ ഫ്രാൻസിസ്കോ ആർച്ച്ബിഷപ്പ് സാൽവറ്റോർ കോർഡിലിയോണിനെ വത്തിക്കാന്റെ പരമോന്നത കോടതിയായ അപ്പസ്തോലിക് സിഗ്നേച്ചറയിലെ പുതിയ അംഗമായി ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. അഞ്ച് വർഷത്തെ കാലാവധിയിലേക്കാണ് 70-കാരനായ ആർച്ച്ബിഷപ്പ് കോർഡിലിയോണിന് നിയമനം നൽകിയിരിക്കുന്നത്.

വത്തിക്കാനിലെ ഉദ്യോഗസ്ഥ പുനഃസംഘടനയുടെ ഭാഗമായി ജൂലൈ 25-നാണ് മാർപാപ്പ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വത്തിക്കാൻ നീതിപീഠത്തിലെ അംഗമായി പ്രവർത്തിക്കുമ്പോഴും അദ്ദേഹം സാൻ ഫ്രാൻസിസ്കോ ആർച്ച്ബിഷപ്പ് പദവിയിൽ തുടരും. അമേരിക്കൻ കത്തോലിക്കാ സഭാനേതൃത്വത്തിലെ പ്രമുഖ യാഥാസ്ഥിതിക ശബ്ദവും, സമലിംഗ വിവാഹ നിയമങ്ങൾക്കെതിരെ പരസ്യമായി സംസാരിക്കുകയും രണ്ടാം വത്തിക്കാൻ കൗൺസിലിന് മുൻപുള്ള പാരമ്പര്യ ലത്തീൻ കുർബാന നടപ്പിലാക്കുന്നതിനായി വാദിക്കുകയും ചെയ്യുന്ന വ്യക്തിയുമാണ് കോർഡിലിയോൺ.

“എന്നെ അപ്പസ്തോലിക് സിഗ്നേച്ചറയിലെ അംഗമായി നിയമിച്ചതിൽ പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പയോട് ഞാൻ ആഴമായ നന്ദി രേഖപ്പെടുത്തുന്നു. സഭയിലെ എല്ലാ പദവികളും ക്രിസ്തുവിനും അവിടുത്തെ ജനങ്ങൾക്കും സുവിശേഷ ദൗത്യത്തിനും വേണ്ടി സമർപ്പിക്കപ്പെട്ടതാണെന്ന പൂർണ്ണ ബോധ്യത്തോടെയും ഉത്തരവാദിത്തത്തോടെയും ഞാൻ ഈ ചുമതല ഏറ്റെടുക്കുന്നു”- തന്റെ പുതിയ നിയമനത്തെക്കുറിച്ച് ആർച്ച്ബിഷപ്പ് കോർഡിലിയോൺ എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം മുൻഗാമിയായ ഫ്രാൻസിസ് പാപ്പയേക്കാൾ തങ്ങളുടെ ആത്മീയ-ഭരണ കാഴ്ചപ്പാടുകളോട് ലെയോ പതിനാലാമൻ മാർപാപ്പ കൂടുതൽ തുറന്ന സമീപനം പുലർത്തുന്നുണ്ടെന്ന് വിശ്വസിക്കുന്ന യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗങ്ങൾക്കിടയിൽ ഈ വാർത്ത വലിയ താല്പര്യമുണർത്തിയിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യയശാസ്ത്ര ദിശയിലേക്ക് മാത്രം വിരൽ ചൂണ്ടാത്ത നിരവധി സുപ്രധാന നിയമനങ്ങൾ ലെയോ മാർപാപ്പ അടുത്തകാലത്തായി നടത്തിയിട്ടുണ്ട്. ജൂൺ മാസത്തിൽ, യാഥാസ്ഥിതിക കത്തോലിക്കാ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ള ഇഡബ്ള്യൂടിഎൻ(EWTN) ന്യൂസിന്റെ പ്രസിഡന്റ് മോണ്ട്സെ അൽവരാഡോയെ വത്തിക്കാന്റെ ആശയവിനിമയ വകുപ്പ് (Dicastery for Communication) തലപ്പത്തേക്ക് പാപ്പ നിയമിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.