രാജ്യത്ത് മൺസൂൺ വീണ്ടും ശക്തി പ്രാപിക്കുന്നു

ഏകദേശം മൂന്ന് ആഴ്ചത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് മൺസൂൺ വീണ്ടും ശക്തി പ്രാപിക്കുന്നു. ഉത്തരേന്ത്യൻ, മധ്യേന്ത്യൻ, കിഴക്കൻ ഇന്ത്യകളിൽ ശക്തമായ കാലാവസ്ഥ രൂപപ്പെട്ടതോടെ കടുത്ത ചൂടിൽ നിന്നും ജനങ്ങൾക്ക് ആശ്വാസമാവുകയാണ്. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

അതേസമയം ഒഡീഷ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹിമാലയൻ മേഖലകളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. ഈ സീസണിലെ ആദ്യത്തെ മൺസൂൺ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിട്ടുണ്ട്. ഇത് പശ്ചിമ ബംഗാൾ–വടക്കൻ ഒഡീഷ തീരത്തേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഒഡീഷ, ജാർഖണ്ഡ്, പടിഞ്ഞാറൻ ഇന്ത്യ, കേരളം എന്നിവിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കും. ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ ഗംഗാ സമതല പ്രദേശങ്ങളിലും മഴ ശക്തമാകും. ജൂലൈ ഒൻപതു മുതൽ രാജ്യത്തിന്റെ പല ഭാഗങ്ങളും വരൾച്ചാതുല്യമായ അവസ്ഥയിലായിരുന്നു. ജൂലൈ 27 വരെ രാജ്യത്ത് പെയ്ത മഴയിൽ 16.2 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. പുതിയ മഴയോടെ ഈ കുറവ് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.