ജപമാല ക്രിസ്തുമസ് കാലത്തെ ഏറ്റവും മനോഹരമായ പ്രാർത്ഥന

ജപമാല ആഗമനകാലത്തെയും ക്രിസ്തുമസ് കാലത്തെയും അതുല്യമായ ഒരു പ്രാർത്ഥനയാണ്. കത്തോലിക്കർ നെഞ്ചിലേറ്റി ലാളിക്കുന്ന ഒരു പ്രാർത്ഥന. എതു ആരാധനക്രമ കാലഘട്ടത്തിലെയും വളരെ ശക്തമായ ഒരു പ്രാർത്ഥനയാണ്. ക്രിസ്തുമസ് കാലത്തെ ഏറ്റവും യോജ്യമായ പ്രാർത്ഥനയാണ് ജപമാല എന്നതിനു മൂന്നു കാരണങ്ങൾ ഉണ്ട്.

1. ജപമാല നമ്മെ മാതാവിലൂടെ ഈശോയിലേക്കു അടുപ്പിക്കും ആഗമനകാലവും ക്രിസ്തുമസ്കാലവും ക്രിസ്തുവിന്റെ ജനത്തിൽ കേന്ദ്രീകൃതമാണെങ്കിലും അതു തികച്ചും മരിയൻ അധിഷ്ഠിതമാണ്. യേശുവിനു ഉദരത്തിൽ വഹിച്ചുകൊണ്ടു പരിശുദ്ധ കന്യകാമറിയം ആദ്യത്തെ ആഗമനകാലം അതിതീവ്രമായി ആചരിച്ചു. മറിയത്തിന്റെയും യേശുവിന്റെയും ജീവിതം ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഏറ്റവും മഹത്തായ ആവിഷ്കാരമാണ്. ആ അമ്മയെപ്പോലെ യേശുവിന്റെ ഹൃദയ വിചാരങ്ങൾ മനസ്സിലാക്കിയതാരുണ്ട് അതിനാൽ യേശുവിന്റെ ജനത്തിനു ഒരുങ്ങുമ്പോൾ അത് ആഘോഷിക്കാൻ ഏറ്റവും ഉത്തമമായ മാർഗ്ഗം ആ അമ്മയുടെ മധ്യസ്ഥം തേടുകയാണ്.

2. ജപമാല ധ്യാനാത്മകമാണ്. യേശുവിന്റെ ജനത്തിനു മുന്നോടിയായുള്ള ആഴ്ചകൾ മറിയം എങ്ങനെയാണ് ജീവിച്ചതെന്നും നമുക്കു ചിന്തിക്കാനെ കഴിയു. എതൊരു അമ്മയെപ്പോലെ തന്നെ മറിയവും തന്റെ മകന്റെ ജനത്തിനു മുമ്പ് ധാരാളം സ്വപ്നങ്ങളും പ്രതീക്ഷകളും ആകുലതകളും ഉണ്ടായിരുന്നു. അതോടൊപ്പം ഗബ്രിയേൽ മാലാഖയിലൂടെ ദൈവം വെളിപ്പെടുത്തിയ രക്ഷാകര രഹസ്യം ഹൃദയത്തിൽ സംഗ്രഹിക്കാനും മറിയം എന്നും ദത്ത ശ്രദ്ധയായിരുന്നു.  ജപമാല പ്രാർത്ഥന ചൊല്ലുവാൻ സമയം കണ്ടെങ്ങുമ്പോൾ മറിയത്തോടൊപ്പം നമ്മളും ദൈവരഹസ്യങ്ങൾ ധ്യാനിക്കുകയാണ്. ഏതു ജോലി സമയത്തും, യാത്രാവേളകളിലും, വിശ്രമവേളകളിലും നമുക്കു ജപിക്കാൻ കഴിയുന്ന അതുല്യ പ്രാർത്ഥനയാണ്. ക്രിസ്തു രഹസ്യങ്ങൾ ധ്യാന്യാത്മകമായി ജീവിക്കാൻ മറിയത്തെക്കാൾ ഉത്തമമായ മാതൃകയോ, ജപമാലയെക്കാൾ വിശിഷ്ടമായ ആത്മീയ ആയുധമോ ഇല്ല.

3. ക്രിസ്തുമസിന്റെ അർത്ഥം പൂർണ്ണമായി മനസ്സിലാക്കാൻ ജപമാല നമ്മെ സഹായിക്കുന്നു. ജപമാലയിലെ സന്തോഷത്തിന്റെയും ദു:ഖത്തിന്റെയും പ്രകാശത്തിന്റെയും മഹത്വത്തിന്റെയും രഹസ്യങ്ങൾ നാം ധ്യാനിക്കുമ്പോൾ ക്രിസ്തുമസിന്റെ വിഷയങ്ങളിൽ നിന്നു നാം വ്യതിചലിക്കുകയല്ല നാം ചെയ്യുന്നത്. യേശുവിന്റെ ജനനം ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല, അത് ഒന്നാമത്തെ ഒരു പടി ആയിരുന്നു. ഒരു പുൽക്കൂട്ടിൽ ഒരു കുഞ്ഞായി മാത്രമല്ല യേശു ജനിച്ചത്. നമ്മുടെ രക്ഷകനായാണ് അവൻ പിറന്നത്.അതായത് അവൻ പഠിപ്പിക്കാനും, സുഖപ്പെടുത്താനും കുരിശിൽ മരിക്കാനുമാണു ജനിച്ചത്. മരിച്ചവരെ ഉയർപ്പിക്കാനും, പുതിയ ജീവൻ നൽകാനും, സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കാനുമാണ് യേശു മനുഷ്യനായി അവതരിച്ചത്. ആഗമനകാലത്തു ജപമാലയിലെ രഹസ്യങ്ങൾ പ്രാർത്ഥിക്കുമ്പോൾ രക്ഷാകര രഹസ്യങ്ങളിൽ സജീവമായി നാം പങ്കെടുക്കുകയാണ്.

ഈ ക്രിസ്തുമസ് കാലത്തു ഉണ്ണിയേശുവിനെ സ്വീകരിക്കാനായി നമ്മൾ എന്തു ചെയ്താലും ജപമാല പ്രാർത്ഥന ഉൾപ്പെടുത്തിയില്ലങ്കിൽ അതു പൂർണ്ണമാവുകയില്ല, ജപമാല പ്രാർത്ഥനയിലൂടെ മറിയം വഴി ഉണ്ണീയേശുവിലേക്കു വളരുമ്പോൾ ക്രിസ്തുമസ് അനുഗ്രഹദായകമാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.