കാരുണ്യമാകണം മതങ്ങളുടെ പാത

കാരുണ്യത്തിന്റെ ജൂബിലിയാഘോഷങ്ങളിലാണ് ആഗോളസഭ. നവംബര്‍ 20-നാണ് ഈ ആഘോഷങ്ങളുടെ സമാപന ദിനം. ഈ അവസരത്തില്‍ മതങ്ങള്‍ കാരുണ്യത്തിന്റെ പ്രചാരകരാകണം എന്നാണ് ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം.

”വാക്കുകളിലൂടെയല്ല, പ്രവര്‍ത്തികളിലൂടെയാകണം മതങ്ങള്‍ കാരുണ്യത്തെ പ്രഘോഷിക്കേണ്ടത്. ദൈവത്തിന്റെ നന്മയ്ക്കും കാരുണ്യത്തിനും മതങ്ങള്‍ സാക്ഷികളാകണം. സ്‌നേഹവും സാഹോദര്യവും പങ്കുവയ്ക്കലും കാരുണ്യത്തിന്റെ പ്രകടമായ ഭാവങ്ങളാണ്. കാരുണ്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കേണ്ടത് മതങ്ങളുടെ കടമയാണ്. തങ്ങളുടെ യഥാര്‍ത്ഥമായ അന്തരാത്മാവ് സ്‌നേഹമായിരിക്കണം.” പാപ്പ ഉദ്‌ബോധിപ്പിച്ചു.

വത്തിക്കാനിലെ ക്ലെമന്റൈന്‍ ഹാളില്‍ നവംബര്‍ 3-ാം തീയതി വ്യാഴാഴ്ച രാവിലെ നടന്ന വിവിധ മതപ്രതിനിധികളുടെ രാജ്യാന്തര കൂട്ടായ്മയിലാണ് പാപ്പാ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചത്. മതനേതാക്കളുടെ സംഗമത്തില്‍ ക്രൈസ്തവര്‍, യഹൂദര്‍, മുസ്ലീങ്ങള്‍, ബുദ്ധമതക്കാര്‍, ഹിന്ദുക്കള്‍ എന്നിങ്ങനെ വിവിധ മതസ്ഥരായി 200-പേര്‍ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.