സീറോ മലങ്കര ഏപ്രിൽ 27 യോഹ. 15: 18-25 മറ്റൊരു ക്രിസ്തുവായി രൂപപ്പെടുക

“ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ, അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു” (യോഹ. 15:5). മിശിഹായോട് ചേർന്ന് ഫലം പുറപ്പെടുവിക്കാത്തവർക്ക് ലോകത്തെ സ്നേഹിക്കാനോ, ലോകത്തിന്റെ ഭാഗമാകാനോ സാധിക്കില്ല. അതുകൊണ്ട് ലോകം എപ്പോഴും ക്രിസ്തുശിഷ്യരെ വെറുക്കുമെന്ന് തമ്പുരാൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

ലോകത്തിൽ ജീവിക്കുന്നുവെങ്കിലും ലോകത്തിന്റെ ഭാഗമല്ലാതെ ജീവിക്കുക എന്നതാണ് ക്രിസ്തുശിഷ്യൻ/ ശിഷ്യയുടെ വെല്ലുവിളി. ആധുനികലോകത്ത് ക്രിസ്തുശിഷ്യരുടെ ഇടയിൽ കാണുന്ന അപചയം തമ്പുരാനോട് ചേർന്നിരിക്കാൻ പരാജയപ്പെടുന്നു എന്നതാണ്. അവിടുന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു, “എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ല” (യോഹ. 15:5). ക്രിസ്തുശിഷ്യരുടെ പ്രഥമദൗത്യം അവിടുത്തോടുകൂടെ ആയിരിക്കുക എന്നതാണ് (മർക്കോ. 3:16). തമ്പുരാനോട് ചേർന്നിരുന്ന് മറ്റൊരു ക്രിസ്തുവായി രൂപപ്പെടുക.

ഇവിടെയാണ് വി. പൗലോസ് ശ്ലീഹായുടെ വാക്കുകൾക്ക് നമ്മുടെ ജീവിതത്തിൽ അർഥമുണ്ടാകുന്നത്: “ക്രിസ്തു നിങ്ങളിൽ രൂപപ്പെടുന്നതുവരെ വീണ്ടും ഞാൻ നിങ്ങൾക്കുവേണ്ടി ഈറ്റുനോവ് അനുഭവിക്കുന്നു” (ഗലാ. 4:19). ലോകത്തിൽ ജീവിച്ചുകൊണ്ട് അപചയങ്ങളില്ലാതെ തമ്പുരാനെ മുറുകെപ്പിടിച്ച് മറ്റൊരു ക്രിസ്തുവായി രൂപപ്പെടുക എന്നതാണ് ഇന്ന് സുവിശേഷം നമ്മുടെ മുമ്പിൽവയ്ക്കുന്ന വെല്ലുവിളി.

ഫാ. ഡാനിയേൽ കൊഴുവക്കാട്ട് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.