ഇന്നും തുടരുന്ന കുരിശിന്റെ വഴിയും നമ്മൾ ആയിത്തീരേണ്ട സഭയും

ജനുവരി 25 നു ഫ്രാൻസീസ് പാപ്പ പനാമയിൽ യുവജനങ്ങളുടെ കുരിശിന്റെ വഴിയിൽ നടത്തിയ ഹൃദയ സ്പപർശിയായ പ്രഭാഷണം.

ദൈവമേ, കാരുണ്യവാനായ പിതാവേ, ഈ തീരപ്രദേശത്ത് ലോകമെമ്പാടുമുള്ള നിരവധി യുവജനങ്ങളോടൊത്തു നിന്റെ പ്രിയപുത്രന്റെ കുരിശിന്റെ വഴിയിലുടെ ഞങ്ങൾ നിന്നെ അനുയാത്ര ചെയ്തു: നീ ഞങ്ങളെ എത്രമാത്രം സ്നേഹിക്കുന്നു, എത്ര മാത്രം ഞങ്ങളുടെ ജീവിതങ്ങളെ ശ്രദ്ധിക്കുന്നു എന്നു കാണിക്കാൻ നിന്റെ പുത്രൻ നടന്ന വഴി.

കാൽവരിയിലേക്കു യേശു നടന്ന വഴി സഹനത്തിന്റെയും ഏകാന്തതയുടെതുമായിരുന്നു അതു നമ്മുടെ കാലഘട്ടത്തിലും തുടരുന്നു. അലംഭാവവും മരവിപ്പിക്കുന്ന നിസങ്കതയുമുള്ള, ഉപയോഗിക്കുകയും ഉപയോഗിക്കപ്പെടുകയും അവഗണിക്കുകയും അവഗണിക്കപ്പെടുകയും നമ്മുടെ സഹോദരി സഹോദരന്മാരുടെ വേദനകൾക്കുനേരെ കണ്ണടയ്ക്കുകയും നമ്മുടെ സമൂഹത്തിൽ മുറിവേറ്റ മനുഷ്യരൊപ്പം അവൻ നടക്കുകയും സഹിക്കുകയും ചെയ്യുന്നു.

ദൈവമേ നിന്റെ കൂട്ടുകാരായ ഞങ്ങളും നിർവികാരതയും ഉദാസീനതയും കാണിച്ചട്ടുണ്ട്. പല സന്ദർഭങ്ങളിലും ജനക്കൂട്ടത്തിനൊപ്പം ഞങ്ങൾ യാത്ര ചെയ്തു, അതു ഞങ്ങളെ തളർത്തി കളഞ്ഞു. ഞങ്ങളുടെ സഹിക്കുന്ന സഹോദരി സഹോദരന്മാരിൽ നിന്നെ ദർശിക്കാൻ ബുദ്ധിമുട്ടായിരുന്നു. അവരെ കാണാതിരിക്കാൻ ഞങ്ങൾ ഒഴിഞ്ഞുമാറി. അവരെ കേൾക്കാതിരിക്കാൻ ബഹളങ്ങളിൽ ഞങ്ങൾ അഭയം തേടി ,അവർക്കു വേണ്ടി നിലവിളിക്കാതെ ഞങ്ങളുടെ അധരങ്ങളെ ഞങ്ങൾ മൂടികെട്ടി.പ്രലോഭനങ്ങൾ എപ്പോഴും ഒന്നു തന്നെ.വിജയങ്ങളിലും മഹത്വത്തിലും വിജയങ്ങളിലും കൈയ്യടിയിലും സുഹൃത്തുക്കൾ ആകാൻ എളുപ്പമാണ്. ജനപ്രിയനും ജേതാവുമെന്നു കരുതുന്നവരുടെ കൂടെക്കൂടാൻ എളുപ്പമാണ്.

മറ്റുള്ളവരെ അടക്കി ഭരിക്കുകയും പീഡിപ്പിക്കുകയും വിരട്ടുകയും ചെയ്യുന്ന സംസ്കാരത്തിൽ വീഴുക എത്ര എളുപ്പമാണ്. അതു നിന്റെതു പോലെ ആയിരുന്നില്ല ദൈവമേ: കുരിശിൽ നീ നിന്നെത്തന്നെ സഹിക്കുന്നവരോടും, ഉപേക്ഷിക്കപ്പെട്ടവരോടും താദാത്മ്യപ്പെടുത്തി.

അതു നിന്റെതു പോലെ ആയിരുന്നില്ല നാഥ: കാരണം അനുഗ്രഹത്തിനും ആശ്ലേഷത്തിനും ശ്രദ്ധയ്ക്കു അയോഗ്യരെന്നു ഞങ്ങൾ കരുതിയവരെ നിനക്കു ആശ്ലേഷിക്കണമായിരുന്നു. അവർക്കു അതിന്റെ ആവശ്യമുണ്ടെന്നു പോലും ഞങ്ങൾക്കു തിരിച്ചറിയാൻ സാധിക്കാത്തതു പരിതാപകരമാണ്.

അതു നിന്റെതു പോലെ ആയിരുന്നില്ല നാഥ: നീ കുരിശിൽ എല്ലാ അവസ്ഥകളിലുമുള്ള എല്ലാ യുവജനങ്ങളളെയും ഉത്ഥാനത്തിന്റെ വഴികളിലേക്കു തിരിക്കാൻ നീ അനുയാത്ര ചെയ്തു.

പിതാവേ ഇന്നും നിന്റെ പുത്രന്റെ കുരിശിന്റെ വഴി തുടരുന്നു: ജനിക്കാൻ പോലും അവകാശമില്ലാത്ത കുഞ്ഞുങ്ങളുടെ നിശബ്ദമായ രോദനത്തിൽ, ശൈശവത്തിലെ അവകാശങ്ങൾ കുടുംബത്തിലും വിദ്യാഭ്യസത്തിലും കളിയിലും പാട്ടിലും സ്വപ്നം കാണാൻ പോലും നിഷേധിക്കപ്പെട്ടവരിൽ….

നീതി നിഷേധിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും, മഹത്വം അപഹരിക്കപ്പെട്ടയും ഒന്നും അല്ലാത്തവരായി കരുതുകയു ചെയ്യുന്ന സ്ത്രീകളിൽ ….

വിദ്യാഭ്യാസത്തിന്റെയും നല്ല ജോലിയുടെയും അഭാവത്താൽ എല്ലാ പ്രതീക്ഷകളും പിടിച്ചുപറിക്കപ്പെട്ട യുവജനങ്ങളുടെ സങ്കടം നിറഞ്ഞ കണ്ണുകളിൽ … യുവജനങ്ങളുടെ, ആദർശരഹിതരായ വ്യക്തികളുടെ കെണിയിൽ – ദൈവത്തെ ശുശ്രൂഷിക്കുന്നു എന്നു അവകാശപ്പെടുന്നവരും ഇതിലുണ്ട് – അകപ്പെട്ട നമ്മുടെ കൂട്ടുകാരുടെ മനോ:പീഡയിൽ, നമ്മുടെ ജീവിതങ്ങളിൽ അടിച്ചമർത്തലിന്റയും ക്രൂര കൃത്യങ്ങളുടെയും ദുരുപയോഗത്തിന്റെയും കെണികളിൽ…..

മയക്കുമരുന്നിന്റെയും മദ്യത്തിന്റയും വേശ്യാവൃത്തിയുടെയും മനുഷ്യകടത്തിന്റയും ഫലമായി മരണത്തിന്റെച്ചുഴിയിൽ, എത്തപ്പെട്ട ഭാവി മാത്രമല്ല വർത്തമാനവും ഇല്ലായ്മ ചെയ്യപ്പെട്ട യുവജനങ്ങളിലും കുടുംബങ്ങളിലും നിന്റെ പുത്രന്റെ കുരിശിന്റെ വഴി തുടരുന്നു.

നിന്റെ വസ്ത്രങ്ങൾ അവർ ഭാഗിച്ചെടുത്തതു പോലെ ദൈവമേ അവരുടെ മഹത്വവും ഭിന്നിപ്പിക്കപ്പെടുകയും ദുരുപയോഗിക്കപ്പെടുകയും ചെയ്യുന്നു. ഭാവി സ്വപ്നം കാണാനും രൂപപ്പെടുത്തുവാനും കഴിവു നഷ്ടപ്പെട്ടു വിഷണ്ണനായി നമ്മുടെ കാലഘട്ടം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വേദനാസംഹാരിയായ വിരമിക്കലും വഴിമാറ്റവും തിരഞ്ഞെടുത്തു തലകുനിച്ച മുഖവുമായി നിൽക്കുന്ന യുവജനങ്ങളിൽ നിന്റെ പുത്രന്റെ കുരിശിന്റെ വഴി തുടരുന്നു.

നിരാശ നിറഞ്ഞ എകാന്തതയിൽ അവഗണിക്കപ്പെടുകയും ഉപേക്ഷിക്കപ്പെട്ടുകയും ചെയ്ത മുതിർന്നവരിൽ…. അവർക്കു നൽകാൻ കഴിയുന്ന വലിയ ജ്ഞാനത്തെ അവഗണിച്ചും നിശബ്ദമാക്കിയും രാജ്യവും വേരും സംസ്കാരവും മറ്റുള്ളവരാൻ അപഹരിക്കപ്പെട്ട ആദിവാസികളിൽ അതു ഇന്നു തുടരുന്നു.

ആകാശത്തിലും ഭൂമിയിലുമുള്ള മലിനീകരണത്താൻ, വരൾച്ചയാൻ, ജല ദൂഷണത്താൽ അനിയന്ത്രിതമായ ഖനനത്താൽ മുറിവേറ്റ നമ്മുടെ അമ്മയായ ഭൂമിയുടെ ദീനരോദനത്തിൽ നിന്റെ പുത്രന്റെ കുരിശിന്റെ വഴി തുടരുന്നു.

കരയാനും സഹനങ്ങളാൽ ഹൃദയം ചലിപ്പിക്കാനും കഴിവു നഷ്ടപ്പെട്ട സമൂഹത്തിൻ അതു ഇന്നും തുടരുന്നു. ശരിയാണ് പിതാവേ, ഈ മുഖങ്ങളിലെ സഹനങ്ങൾ കുരിശിൽ വഹിച്ചു യേശു കുരിശിന്റെ യാത്ര തുടരുന്നു. കാരണം ശ്രദ്ധയില്ലാത്ത ലോകം അതിന്റെ സ്വന്തം ചാപല്യത്തിന്റെ നാടകത്തിൽ പിടിക്കപ്പെടുന്നു.

ദൈവമേ ഞങ്ങൾ എന്തു ചെയ്യണം ?

യേശുവിനോടു എങ്ങനെയാണു നാം പ്രതികരിക്കുക? അവനെ സഹിക്കുന്നവനും യാത്ര ചെയ്യുന്നവനുമായി നമ്മുടെ കൂട്ടുകാരായ അഭയാർത്ഥികളിൽ അദൃശ്യനായി നാം കണ്ട അപരിചിതൽ അവനെ കാണുമ്പോൾ എങ്ങനെയാണു നാം പ്രതികരിക്കുക? ? കാരുണ്യ വാനായ പിതാവേ, നിസ്സഹായകരും സഹിക്കുകയും ചെയുന്ന ദരിദ്രരിൽ ദരിദ്രരായവരെയും ഉപേക്ഷിക്കപ്പെട്ടവരുമായ നമ്മുടെ സഹോദരി സഹോദരന്മാരിൽ ഞങ്ങൾ നിന്നെ ആശ്വസിപ്പിക്കുകയും അനുയാത്ര ചെയ്യുകയും ചെയ്യാറുണ്ടോ ?

കെറുവീൻകാരനായ ശിമയോനെപ്പോലെ – സമാധന ദൂതരായി, പാലം പണിയുന്നവരായി, സാഹോദര്യത്തിന്റെ പുളിമാവായി – കുരിശിന്റെ ഭാരം വഹിക്കാൻ നമ്മൾ സഹായിക്കുന്നുണ്ടോ ?

മറിയത്തെപ്പാലെ കുരിശിന്റെ ചുവട്ടിൽ നാം നിൽക്കുന്നുണ്ടോ?

ധീര സ്ത്രീയായ മറിയത്തിലേക്കു നമുക്കു നോക്കാം. കുരിശിന്റെ ചുവട്ടിൽ നിന്നു അവളുടെ നിശ്ചയദാർഢ്യത്തോടും ധൈര്യത്തോടും കൂടെ പിൻതിരിയലോ വ്യാമോഹമോ ഇല്ലാതെ എങ്ങനെ നിൽക്കാം എന്നു പഠിക്കാം. അവളുടെ മകന്റെ, നിന്റെ പുത്രന്റ  സഹനങ്ങളിൽ അവൾ അനുയാത്ര ചെയ്തു. ഒറ്റ നോട്ടം കൊണ്ട് അവൾ അവനെ സഹായിക്കുകയും അവളുടെ ഹൃദയത്തിൽ സംരക്ഷിക്കുകയും ചെയ്തു.  അവന്റെ സഹനങ്ങളിൽ അവൾ പങ്കു ചേർന്നു എങ്കിലും അതിൽ പരവശയായില്ല. “അങ്ങനെയാകട്ടെ” എന്നരുമായ ശക്തയായ വനിതയായിരുന്നു അവൾ.  സഹായിക്കുകയും അനുയാത്ര ചെയ്യുകയും സംരക്ഷിക്കുകയും  ആശ്ലേഷിക്കുകയും ചെയ്യുന്നവൾ .പ്രത്യാശയുടെ വലിയ കാവൽക്കാരിയാണ് മറിയം.

നമുക്കും അതുപോലുള്ള ഒരു സഭയാകാം സഹായിക്കുകയും അനുയാത്ര ചെയുകയും   നമ്മുടെ വശങ്ങളിൽ നടക്കുന്ന  ക്രിസ്തുമാരുടെ  ജീവിതങ്ങളിലും കുരിശുകളിലും    “ഇതാ ഞാൻ ” എന്നു പറയാൻ കഴിയുകയും ചെയ്യുന്ന സഭ. 

മറിയത്തിൽ നിന്നു,   തങ്ങളുടെ മക്കളെയും കൊച്ചു മക്കളെയും  അവരുടെ പ്രശ്നങ്ങളിൽ സഹായിക്കുന്നതു അവസാനിപ്പിക്കാതെ ക്ഷമയോടും സ്ഥിരതയോടും കൂടി  “അങ്ങനെയാകട്ടെ ” എന്നു പറയാൻ  കഴിയുന്ന നിരവധി അമ്മമാരും അപ്പൻമാരും വല്യപ്പന്മാരുടെയും  ജീവിതം നമുക്കു പഠിക്കാം.

മറിയത്തിൽ നിന്നു തിരസ്കരണത്തിന്റെയും ദുരുപയോഗത്തിന്റെയും നിന്ദനത്തിന്റെയും  ആക്രമണത്തിന്റെയും സംസ്കാരത്തിന്റെ  നടുവിൽ നിശബ്ദരായി നിൽക്കാൻ വൈമന്യസ്യം കാണിക്കുകയും   അവസരങ്ങൾ  ഉണ്ടാക്കാനും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാനും കഠിനധ്വാനം ചെയ്തവരോടു  ” അതേ ” എന്നു പറയാൻ കഴിയുന്ന ശക്തി നമ്മൾ പഠിക്കുന്നു.

ഉപേക്ഷിക്കപ്പെട്ടവരെയും തങ്ങളുടെ നാടും വേരുകളും കുടുംബങ്ങളും ജോലികളും ഉപേക്ഷിക്കാൻ നിർബദ്ധിക്കപ്പെട്ടിരിക്കുന്നവരെയും എങ്ങനെ സ്വീകരിക്കാമെന്നു മറിയത്തിൽ നിന്നു നമ്മൾ പഠിക്കുന്നു.

മറിയത്തെപ്പോലെ, സ്വീകരിക്കുകയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഉൾച്ചേർക്കുകയും ചെയ്യുന്ന സംസ്കാരത്തെ പരിപോഷിപ്പിക്കുന്ന സഭയായി നമ്മൾ തീരണം.  ആ സഭ ആരെയും അപമാനിക്കില്ല . അഭയാർത്ഥികളെ സമൂഹത്തിനു ഭീഷണിയായി ചിത്രീകരിക്കുന്ന അർത്ഥശ്യൂന്യവും നിരുത്തരവാദിത്വപരവുമായ  വിധിന്യായത്തിൽ ഉൾപ്പെടില്ല.

അവളിൽ നിന്നു കുരിശിന്റെ ചുവട്ടിൽ എങ്ങനെ നിൽക്കാം എന്നു നമുക്കു പഠിക്കാം. അടയക്കപ്പെട്ട ഹൃദയമായല്ല മറിച്ചു  മറ്റുള്ളവരെ അനുഗമിക്കുന്ന അവരോടു ആർദ്രതയും ഭക്തിയും   പ്രദർശിപ്പിക്കുന്ന, കാരുണ്യത്തോടും ബഹുമാനത്തോടും മനസ്സിലാക്കലോടും സംവേദനക്ഷമതയോടും പ്രതികരിക്കുന്ന ഹൃദയത്തോടെ നിൽക്കാൻ പഠിക്കാം.

മുതിർന്നവരെ ബഹുമാനിക്കുകയും വിലമതിക്കുകയും അവർക്കു അവകാശപ്പെട്ട സ്ഥാനം നൽകുകയും ചെയ്യുന്ന ഓർമ്മയുള്ള സഭയായി നമ്മൾ മാറണം 

മറിയത്തപ്പോലെ  ” നിൽക്കുക ” എന്നാൽ എന്നാണ് അർത്ഥമാക്കുന്നത് എന്നു നമ്മൾ പഠിക്കണം.   ദൈവമ , കുരിശിൻ ചുവട്ടിൽ നിൽക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ, എല്ലാ കുരിശിന്റെ ചുവട്ടിലും. ഈ രാത്രിയിൽ ഞങ്ങളുടെ കണ്ണുകളും ഹൃദയങ്ങളും തുറക്കുകയും അരക്ഷിതാവസ്ഥയിൽ നിന്നും തളർച്ചയിൽ നിന്നും ഭയത്തിൽ നിന്നും നിരാശയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. ഇതാ ഞാൻ, നിന്റെ പുത്രന്റെയും മറിയത്തിന്റെയും തങ്ങളുടെ ഹൃദയങ്ങളിൽ നിന്റെ രാജ്യത്തിനു സ്വാഗതമോതുവാൻ ആഗ്രഹിക്കുന്ന  എല്ലാ പ്രിയപ്പെട്ട ശിഷ്യരുടെയും കൂടെ നിൽക്കുന്നു എന്നു പറയാൻ ഞങ്ങളെ പഠിപ്പിക്കണമേ.

(ഫ്രാൻസീസ് പാപ്പയുടെ സന്ദേശത്തിന്റെ സ്വതന്ത്ര വിവർത്തനം ജയ്സൺ കുന്നേൽ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.