ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ജൂലൈ 20

1968 ജൂലൈ 20 നാണ് ആദ്യ സ്പെഷ്യൽ ഒളിമ്പിക്സ് നടന്നത്. ചിക്കാഗോയിലെ സോൾജ്യർ ഫീൽഡിലായിരുന്നു അത്. ബുദ്ധിപരിമിതികളുള്ള ആയിരത്തോളം അത്ലറ്റുകളാണ് ആദ്യ സ്പെഷ്യൽ ഒളിമ്പിക്സിൽ പങ്കെടുത്തത്. ബുദ്ധിപരിമിതികളുള്ളവർ സമൂഹത്തിന്റെ നിഴലിൽ ജീവിച്ചിരുന്ന കാലത്താണ് അവരെ മുഖ്യധാരയിലേക്കെത്തിക്കാൻ ഇത്തരമൊരു ശ്രമമുണ്ടായത്. രണ്ടാം ലോകമഹായുദ്ധാനന്തരം 1950-60 കാലഘട്ടങ്ങളിൽ യൂറോപ്പ്, നോർത്ത് അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന ഗവേഷണങ്ങൾ ബുദ്ധിപരിമിതരായവരിൽ പുതിയ കഴിവുകൾ വികസിപ്പിക്കാൻ കായികപ്രവർത്തനങ്ങൾക്കു കഴിയുമെന്നു കണ്ടെത്തി. ഇതാണ് സ്പെഷ്യൽ ഒളിമ്പിക്സിന്റെ പിറവിയിലേക്കു നയിച്ച സുപ്രധാന കാരണങ്ങളിലൊന്ന്.

1969 ജൂലൈ 20 നാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയത്. അന്ന് രാവിലെ 09.27 ന് യാത്രികരിലൊരാളായിരുന്ന ആൽഡ്രിൻ ലൂണാർ മൊഡ്യൂളിലേക്കു പ്രവേശിച്ചു. ഒരുമണിക്കൂറിനു ശേഷം ആംസ്ട്രോങ് കൂടി പ്രവേശിച്ച ശേഷം ഉച്ചകഴിഞ്ഞ് 02.12 ന് കോളിൻസ് ലൂണാർ മൊഡ്യൂളിൽ നിന്ന് കമാൻഡ് മൊഡ്യൂൾ വേർപെടുത്തി. ആംസ്ട്രോങായിരുന്നു ലൂണാർ മൊഡ്യൂൾ നിയന്ത്രിച്ചിരുന്നത്. വൈകിട്ട് 04.18 ന് ഹൂസ്റ്റണിലെ റേഡിയോയിൽ ആംസ്ട്രോങിന്റെ ആദ്യ സന്ദേശമെത്തി. ഈഗിൾ പറന്നിറങ്ങി എന്നതായിരുന്നു ആ സന്ദേശം. രാത്രി 10.56 ന് ഗോവണി വഴി ചന്ദ്രോപരിതലത്തിലിറങ്ങി ആദ്യ ചുവടുവച്ച് അദ്ദേഹം ചരിത്രപ്രസിദ്ധമായ ആ വാചകം ലോകത്തോടു പറഞ്ഞു – “മനുഷ്യന് ഒരു ചെറിയ കാൽവയപ്, മനുഷ്യരാശിക്ക് വലിയൊരു കുതിച്ചുചാട്ടം.” ആംസ്ട്രോങ് ഇറങ്ങി 20 മിനിറ്റിനു ശേഷമാണ് ആൽഡ്രിൻ ചന്ദ്രോപരിതലത്തിലിറങ്ങിയത്. പ്രശാന്തതയുടെ സമുദ്രം എന്നാണ് ചന്ദ്രനിൽ അപ്പോളോ 11 ഇറങ്ങിയ സ്ഥലത്തിന്റെ പേര്. ചാന്ദ്രദൗത്യം പൂർത്തിയാക്കി ആംസ്ട്രോങും ആൽഡ്രിനും തിരികെ എത്തുന്നതുവരെ കോളിൻസ് കമാൻഡ് മൊഡ്യൂളിൽ ചന്ദ്രനെ ഭ്രമണം ചെയ്യുകയായിരുന്നു.

മെയ്വഴക്കം കൊണ്ട് ലോകം കീഴടക്കിയ ചൈനീസ് ആയോധനകലാ വിദഗ്ധനും പ്രശസ്ത സിനിമാതാരവുമായിരുന്ന ബ്രൂസ് ലീ അന്തരിച്ചത് 1973 ജൂലൈ 20 നായിരുന്നു. 32 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ പ്രായം. ഹോങ്കോങ്ങിലെ ഒരു നാടകക്കമ്പനിയിലെ ഹാസ്യനടനായിരുന്ന ലീ ഹോയ് ചുന്നിന്റെയും ഭാര്യ ഗ്രേസിന്റെയും മകനായി 1940 നവംബർ 27 ന് അമേരിക്കൻ ഐക്യനാടുകളിലെ സാൻ ഫ്രാൻസിസ്കോയിലുള്ള ജാക്സൺ സ്ട്രീറ്റ് ആശുപത്രിയിലാണ് ബ്രൂസ് ലീ ജനിച്ചത്. ന്യൂയോർക്കിൽ നാടകം അവതരിപ്പിക്കാനെത്തിയതായിരുന്നു ലീയുടെ പിതാവ്. ലീഹോയിചുൻ ചില ചൈനീസ് സിനിമകളിലെ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. കൈക്കുഞ്ഞായിരിക്കുമ്പോൾ തന്നെ സിനിമയിലെത്താൻ അത് ബ്രൂസിനെ സഹായിച്ചു. തുടർന്ന് ബാലനടനായി ശ്രദ്ധേയനായ ലീ 18 വയസ്സായപ്പോഴേക്കും ഇരുപതോളം ചലച്ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. നേപ്പാളി സംസ്കാരത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ആരംഭിച്ച ഗെയിം ഓഫ് ഡെത്ത് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കെയായിരുന്നു ലീയുടെ അപ്രതീക്ഷിത അന്ത്യം. മരണത്തിനു പിറ്റേന്ന് സിയാറ്റിലിലെ ലേക് വ്യൂ സെമിത്തേരിയിൽ വൻ ജനാവലിയുടെയും സിനിമാലോകത്തെ മഹാരഥന്മാരുടെയും സാന്നിധ്യത്തിൽ ബ്രൂസ് ലീയുടെ സംസ്കാരം നടന്നു.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.