
ലോകമെമ്പാടുമുള്ള കത്തോലിക്കാ സഭയുടെ ചരിത്രം പരിശോധിച്ചാൽ, ജീവിച്ചിരുന്നപ്പോഴും മരണശേഷവും ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയ അനേകം വിശുദ്ധ വ്യക്തിത്വങ്ങളെ കാണാൻ കഴിയും. പ്രാദേശികമായോ അല്ലെങ്കിൽ തങ്ങളുടെ രാജ്യത്തോ മാത്രം പ്രശസ്തരായതിനാൽ, മറ്റു രാജ്യങ്ങളിലുള്ളവർ ഇവരെക്കുറിച്ച് കൂടുതൽ അറിയണമെന്നില്ല. അത്തരത്തിൽ അധികമാരും കേട്ടിരിക്കാൻ സാധ്യതയില്ലാത്ത ഒരു വ്യക്തിയാണ് ബ്രസീലിൽ നിന്നുള്ള വാഴ്ത്തപ്പെട്ട ദൊനിസെറ്റി തവാരസ് ഡി ലിമ.
തൊഴിലവകാശങ്ങൾ നിഷേധിക്കപ്പെട്ട തൊഴിലാളികൾക്കും ദരിദ്രർക്കും വേണ്ടി അശ്രാന്തം പരിശ്രമിച്ചുവെങ്കിലും രോഗശാന്തി നൽകാനുള്ള അദ്ഭുതസിദ്ധി, വായുവിൽ ഉയർന്നുപൊങ്ങൽ (Levitation) തുടങ്ങിയ അമാനുഷിക വരങ്ങളാലാണ് ദൊനിസെറ്റി കൂടുതൽ അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ ഈ പ്രശസ്തി കാരണം 1950-കളിൽ തെക്കൻ ബ്രസീലിലെ അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്ക് ലക്ഷക്കണക്കിന് തീർഥാടകരാണ് ഒഴുകിയെത്തിയത്. സന്ദർശകരുടെ അനിയന്ത്രിതമായ തിരക്ക് നഗരജീവിതത്തെ ബാധിച്ചപ്പോൾ, ജനക്കൂട്ടത്തെ സ്വീകരിക്കുന്നത് നിർത്തണമെന്ന മെത്രാന്റെ നിർദേശം അദ്ദേഹം പൂർണ്ണമനസ്സോടെ അനുസരിച്ചു. പിന്നീട് തന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങൾ ഒരു സാധാരണ ഇടവക വൈദികനായി അദ്ദേഹം ജീവിച്ചുതീർത്തു.
പൗരോഹിത്യത്തിലേക്കുള്ള വഴിത്തിരിവുകൾ
അഭിഭാഷകനായ ട്രിസ്റ്റാവോ തവാരസ് ഡി ലിമയുടെയും അധ്യാപികയായ ഫ്രാൻസിസ്ക കാൻഡിഡ തവാരസ് ഡി ലിമയുടെയും മകനായി 1882 ജനുവരി മൂന്നിനാണ് ദൊനിസെറ്റി ജനിച്ചത്. 16 മക്കളുള്ള ഒരു വലിയ കുടുംബമായിരുന്നു അവരുടേത്. അക്കാലത്ത് തെക്കുകിഴക്കൻ ബ്രസീലിലെ മിനാസ് ഗെറൈസ് സംസ്ഥാനത്തിലെ കാസിയ എന്ന സ്ഥലത്തായിരുന്നു അവർ താമസിച്ചിരുന്നത്. അദ്ദേഹത്തിന് നാലു വയസ്സുള്ളപ്പോൾ കുടുംബം സാവോ പോളോ സംസ്ഥാനത്തെ ഫ്രാങ്ക നഗരത്തിലേക്ക് മാറി.
വെറും 12-ാം വയസ്സിൽ അദ്ദേഹം സെമിനാരിയിൽ ചേർന്നു. അത്രയും ചെറിയ പ്രായത്തിൽ തന്നെ സംഗീതത്തിൽ അസാധാരണമായ അറിവും കഴിവും പ്രകടിപ്പിച്ച ദൊനിസെറ്റി , സെമിനാരിയിലെ സഹപാഠികളുടെ ഓർഗനിസ്റ്റും സംഗീത അധ്യാപകനുമായി മാറി. എന്നിരുന്നാലും, 1900-ൽ പിതാവിന്റെപാത പിന്തുടർന്ന് സൊറോകാബ നഗരത്തിലെ ഒരു സർവകലാശാലയിൽ അദ്ദേഹം നിയമപഠനത്തിന് ചേർന്നു. എന്നാൽ ഈ സമയത്തും തന്റെ പഠനച്ചെലവുകൾ കണ്ടെത്താനായി അദ്ദേഹം സെമിനാരിയിൽ സംഗീതം പഠിപ്പിക്കുന്നത് തുടർന്നുപോന്നു.
മൂന്ന് വർഷത്തിന് ശേഷം പൗരോഹിത്യത്തിലേക്ക് മടങ്ങാൻ തീരുമാനിച്ച ദൊനിസെറ്റി, സാവോ പോളോ രൂപതയിൽ ഫിലോസഫിയും തിയോളജിയും പഠിച്ചു. പിന്നീട് 1905-ൽ മിനാസറായിസിലെ പൗസോ അലെഗ്രെ രൂപതയിലേക്ക് മാറുകയും 1908 ജൂലൈ 12-ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. തുടർന്ന് സാവോ കേറ്റാനോ ഇടവകയിൽ സേവനമനുഷ്ഠിക്കാൻ മെത്രാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി.
താമസിയാതെ, അദ്ദേഹത്തിന് പട്ടം നൽകിയ ബിഷപ്പ് ജോവോ ബാറ്റിസ്റ്റ കോറിയ നേരിയെ സാവോ പോളോയിലെ പുതുതായി രൂപീകരിച്ച കാമ്പിനാസ് രൂപതയുടെ തലവനായി മാർപാപ്പ നിയമിച്ചു. എന്നാൽ, യുവാവായ ഫാദർ ദൊനിസെറ്റി തനിക്കും അദ്ദേഹത്തോടൊപ്പം പോകാൻ അനുവാദം ചോദിക്കുകയും ബിഷപ്പ് അത് സമ്മതിക്കുകയും അവിടെ ജഗുരിയുനയിലെ ഹോളി മദർ ഓഫ് ഗോഡ് ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി അദ്ദേഹം സേവനമനുഷ്ഠിക്കുകയും ചെയ്തു. എന്നാൽ ഇത് അദ്ദേഹത്തെ സ്വന്തം കുടുംബത്തിൽ നിന്നും ഏറെ അകറ്റി. കുടുംബത്തിന്റെ അസാന്നിധ്യം പ്രയാസപ്പെടുത്തിയതിനെ തുടർന്ന്, 1909-ൽ കുടുംബത്തോട് അടുത്തുള്ള ഒരു രൂപതയിലേക്ക് അദ്ദേഹം മാറി. അങ്ങനെ റിബെയ്‌റോ പ്രെറ്റോ രൂപതയിലെ വർഗെം ഗ്രാൻഡെ ഡോ സുളിലുള്ള സെന്റ് ആൻസ് ഇടവകയുടെ വികാരിയായി അദ്ദേഹം ചുമതലയേറ്റു.
കമ്മ്യൂണിസ്റ്റ് എന്ന് മുദ്രകുത്തപ്പെടുന്നു
ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ആത്മീയവും ഭൗതികവുമായ പിന്തുണ നൽകിക്കൊണ്ടുള്ള തീവ്രമായ ഇടവക പ്രവർത്തനങ്ങളിലൂടെയാണ് ഫാദർ ദൊനിസെറ്റി അറിയപ്പെട്ടത്. തൊഴിലാളികളുടെ അവകാശങ്ങൾക്കും സാമൂഹിക നീതിക്കും വേണ്ടി അദ്ദേഹം ശബ്ദമുയർത്തിയത് അദ്ദേഹത്തിനെതിരെ വലിയ തോതിലുള്ള കമ്മ്യൂണിസ്റ്റ് ആരോപണങ്ങൾക്ക് കാരണമായി. എന്നാൽ, ആവശ്യത്തിലിരിക്കുന്നവരോടുള്ള അദ്ദേഹത്തിന്റെ കരുണ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ അല്ല, മറിച്ച് വിശുദ്ധ സുവിശേഷത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
തന്റെ ഇടവകാംഗങ്ങളെ കത്തോലിക്കാ വിശ്വാസം പഠിപ്പിക്കുന്നതിലും അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. അക്കാലത്ത് വിശ്വാസികൾ പലപ്പോഴും അന്ധവിശ്വാസങ്ങളും കത്തോലിക്കാ ഇതര ആത്മീയാചാരങ്ങളും കലർന്ന സമ്മിശ്രരീതികളിലേക്ക് വീണുപോയിരുന്നു. എന്നാൽ, അങ്ങനെയുള്ളവരെ അദ്ദേഹം യഥാർഥ കത്തോലിക്കാ വിശ്വാസം പഠിപ്പിക്കുകയും അവരുടെ ഇടയിൽ പരിശുദ്ധ മറിയത്തോടുള്ള ഭക്തി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ ഇടവകയിൽ ആയിരുന്നപ്പോൾത്തന്നെ അദ്ദേഹം ഒരു പുതിയ പള്ളിയും രണ്ട് കപ്പേളകളും നിർമ്മിച്ചു. അതിലൊന്ന് ബ്രസീലിന്റെ മധ്യസ്ഥയായ ഔർ ലേഡി ഓഫ് അപ്പാരസിതയ്ക്കും മറ്റൊന്ന് വിശുദ്ധ ബെനഡിക്ടിനുമായി സമർപ്പിക്കപ്പെട്ടതായിരുന്നു.
തൊഴിലുടമകളാൽ ചൂഷണം ചെയ്യപ്പെട്ടിരുന്ന പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ നിരന്തരമായ പോരാട്ടം, അന്നാട്ടിലെ രാഷ്ട്രീയ-സാമ്പത്തിക പ്രമാണിമാരുടെ കടുത്ത എതിർപ്പിന് കാരണമായി. ഇതേത്തുടർന്ന് 1926-ൽ ബിഷപ്പ് അദ്ദേഹത്തെ തംബാവുവിലെ സെന്റ് ആന്റണി ഇടവകയിലേക്ക് സ്ഥലം മാറ്റി.
അദ്ഭുതങ്ങളും പ്രശസ്തിയും
പുതിയ സ്ഥലത്തും അദ്ദേഹം തന്റെ ദൗത്യത്തിൽ നിന്ന് പിന്മാറിയില്ല. സുവിശേഷപ്രഘോഷണത്തോടൊപ്പം തന്നെ ദരിദ്രർക്കായുള്ള പ്രവർത്തനങ്ങളും സാമൂഹിക നീതിക്കായുള്ള ശ്രമങ്ങളും അദ്ദേഹം തുടർന്നു. സംരക്ഷിക്കാൻ കുടുംബമില്ലാത്ത പ്രായമായവർക്കായി അദ്ദേഹം ‘സെന്റ് വിൻസെന്റ് ഡി പോൾ ഹോം’ സ്ഥാപിച്ചു. കൂടാതെ, അമ്മമാരുടെയും കുട്ടികളുടെയും സംരക്ഷണത്തിനായുള്ള ഒരു അസോസിയേഷനും ആരംഭിച്ചു.
ഭരണകാര്യങ്ങളിൽ മിടുക്കനായിരുന്നതിനാൽ, അങ്ങേയറ്റം ദാരിദ്ര്യം അനുഭവിച്ചിരുന്ന ആളുകൾക്ക് ഭൂമിയും വീടും വാങ്ങിനൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതേസമയം, പൗരോഹിത്യം സ്വീകരിച്ച നാൾ മുതൽ സ്വന്തം ജീവിതത്തിൽ കടുത്ത ദാരിദ്ര്യം പുലർത്താനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. പുസ്തകങ്ങൾ മാത്രമാണ് തന്റെ ഏക സമ്പാദ്യം എന്ന് അദ്ദേഹം പറയുമായിരുന്നു. തറയിൽ ഒരു മെത്ത വിരിച്ചായിരുന്നു ഉറക്കം. വെറും രണ്ട് ജോഡി വസ്ത്രങ്ങൾ മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ.
തംബാവുവിൽ വച്ചാണ് അദ്ദേഹത്തിന്റെ അദ്ഭുത പ്രവൃത്തികൾ നാടെങ്ങും പ്രശസ്തമായത്. വൈദികന്റെ ആശീർവാദത്തിലൂടെ ദൈവം രോഗം ഭേദമാക്കിയതിനെക്കുറിച്ചും, ഒരേസമയം രണ്ടിടത്ത് പ്രത്യക്ഷപ്പെടാനുള്ള (Bilocation) അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ചും, ആളുകളുടെ ഭൂതകാലത്തെയും വർത്തമാനകാലത്തെയും കുറിച്ചുള്ള അസാധാരണമായ അറിവുകളെക്കുറിച്ചും, കുർബാന ആശീർവാദം നൽകുമ്പോൾ വായുവിൽ ഉയർന്നുപൊങ്ങുന്നതിനെക്കുറിച്ചും വിശ്വാസികൾ സാക്ഷ്യപ്പെടുത്തി. ഇത് അദ്ദേഹത്തിന്റെ പ്രശസ്തി വർധിപ്പിച്ചു. അദ്ദേഹത്തിന്റെ ആശീർവാദം വാങ്ങാനായി ദൂരദേശങ്ങളിൽ നിന്ന് പോലും ആളുകൾ തീർഥാടകരായി ഒഴുകിയെത്തി. എന്നാൽ അദ്ഭുതങ്ങൾ പ്രവർത്തിക്കുന്നത് താനല്ല ദൈവമാണെന്ന് അദ്ദേഹം എപ്പോഴും വിശ്വാസികളെ ഓർമ്മിപ്പിച്ചു; ഈ പ്രത്യേക അനുഗ്രഹങ്ങൾ ലഭിക്കുന്നത് പരിശുദ്ധ അപ്പരസിത മാതാവിന്റെ മാധ്യസ്ഥ്യം വഴിയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ബിഷപ്പിനോടുള്ള അനുസരണ
1950-കളുടെ തുടക്കത്തിൽ തീർഥാടകരുടെ എണ്ണം വൻതോതിൽ വർധിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാനും ആശീർവദിക്കാനുമായി റെക്ടറിക്ക് മുന്നിൽ ഒരു പ്രത്യേക വേദി തന്നെ നിർമ്മിക്കേണ്ടി വന്നു. 1955-ൽ തീർഥാടകർക്ക് തന്റെ അവസാന പരസ്യ ആശീർവാദം നൽകുന്നത് വരെ ഇത് തുടർന്നു. ഭക്തരുടെ അനിയന്ത്രിതമായ ഒഴുക്ക് ആ ചെറിയ നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെയാകെ തകിടം മറിച്ചു; 1955 മെയ് വരെയുള്ള ആറ് മാസത്തിനുള്ളിൽ മാത്രം മൂന്ന് ദശലക്ഷം (30 ലക്ഷം) സന്ദർശകരാണ് അവിടെയെത്തിയത്. ചില ദിവസങ്ങളിൽ ഒരൊറ്റ ദിവസം കൊണ്ട് രണ്ട് ലക്ഷത്തോളം ആളുകൾ അദ്ദേഹത്തെ കാണാൻ എത്തിയിരുന്നു.
ഇത് തുടരാൻ കഴിയാത്ത സാഹചര്യമായതോടെ, തീർഥാടനം തടയാൻ സംസ്ഥാന സർക്കാർ ബിഷപ്പിന് മേൽ സമ്മർദ്ദം ചെലുത്തി. തുടർന്ന് ബിഷപ്പ് ഫാദർ ദൊനിസെറ്റിയോട് സംസാരിക്കുകയും ജനക്കൂട്ടത്തെ സ്വീകരിക്കുന്നതും അദ്ഭുതങ്ങൾ പ്രവർത്തിക്കുന്നതും നിർത്താൻ അദ്ദേഹം സമ്മതിക്കുകയും ചെയ്തു. എങ്കിലും നഗരത്തിൽ തിരക്കുണ്ടാക്കാത്ത രീതിയിലുള്ള തന്റെ ദൈനംദിന ഇടവക പ്രവർത്തനങ്ങൾ അദ്ദേഹം തുടർന്നു.
1955 മെയ് 30-നാണ് അദ്ദേഹം വേദിയിൽ നിന്ന് ജനക്കൂട്ടത്തിന് തന്റെ അവസാന പരസ്യ ആശീർവാദം നൽകിയത്. അന്ന് അദ്ദേഹം പറഞ്ഞു: “എന്റെ സ്നേഹം എപ്പോഴും കത്തോലിക്കാ വിശ്വാസത്തോടായിരുന്നു, എന്റെ മേലധികാരികളെ അനുസരിച്ച് ജീവിക്കാനാണ് ഞാൻ എപ്പോഴും ശ്രമിച്ചത്. എന്റെ അവസാന ശ്വാസം വരെ ഞാൻ അത് തന്നെ ചെയ്യും […] സമാധാനത്തോടെ കണ്ണുകൾ അടച്ച്, ഞാൻ സേവിച്ച എന്റെ ദൈവത്തിന്റെ സാന്നിധ്യത്തിൽ നിത്യതയിലേക്ക് കണ്ണ് തുറക്കാൻ ഞാൻ ആഗ്രഹിക്കുന്നു. റോമിലുള്ള മാർപാപ്പ മുതൽ ഇവിടെയുള്ള എന്റെ ബിഷപ്പ് വരെയുള്ള ഓരോ മേലധികാരികളിലും ഞാൻ ദൈവത്തെ തന്നെയാണ് കാണുന്നത്.”
ആറ് വർഷത്തിന് ശേഷം, തന്റെ 79-ാം വയസ്സിൽ വാർദ്ധക്യസഹജമായ കാരണങ്ങളാൽ ഫാദർ ദൊനിസെറ്റി അന്തരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം വിശുദ്ധിയിലേക്കുള്ള പ്രശസ്തി നാടെങ്ങും പടരുകയും, 1992-ൽ വിശുദ്ധ പദവിയിലേക്കുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. തുടർന്ന് 2019 നവംബർ 23-ന് അദ്ദേഹത്തെ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.




