ഒരു കുർബാനയ്ക്കായി ദാഹിക്കുന്ന കൊച്ചുഗ്രാമം

ഒരു വർഷം മുൻപാണ് ഇവർക്കിവിടെ കുർബാന ലഭിച്ചത്. കുഞ്ഞുങ്ങൾക്കു മാമോദീസ നൽകാൻ പോലും അച്ചന്മാരെ ലഭിക്കാറില്ല. ഇവിടം സന്ദർശനത്തിനെത്തുന്നത് വല്ലപ്പോഴുമുള്ള കൊള്ളക്കാരാണ്. മഡഗാസ്‌ക്കർ മിഷൻ വിശേഷങ്ങൾ വായിക്കാം.

ബെത്താലത്താല ഇടവകയോടു പുതുതായി ചേർക്കപ്പെട്ട അഞ്ചു പള്ളികളിൽ ഒന്നാണ് അനിവുറാനു ഗ്രാമത്തിലെ ഫാത്തിമ മാതാ ദേവാലയം. ഇതിനെ ഒരു ദേവാലയം എന്നു വിളിക്കാമോ എന്നറിഞ്ഞു കൂടാ. ഒരു വർഷം മുൻപാണ് ഇവർക്കിവിടെ അവസാന കുർബാന ലഭിച്ചത്.

20 കിലോമീറ്റർ അകലെയുള്ള മസ്യക്കാപ്പി ഗ്രാമത്തിൽ നമുക്കു പള്ളിയുണ്ട്.  അവിടെ നിന്നും   പിന്നെയും പത്ത് കിലോമീറ്റർ അകലെയുള്ള  ഫാത്തിമ മാതാവിൻ്റെ ദേവാലയത്തിലെത്താനുള്ള  വാഹനം വഞ്ചിയാണ്. ഇവിടെ മൂന്നുനദികൾ ഒരുമിച്ചു ചേരുന്നു.

പുതിയ സ്ഥലമാണ്. ഗ്രാമക്കാർ വഞ്ചി തയ്യാറാക്കിയിട്ടുണ്ട്. പക്ഷേ, അഞ്ചു പേരെ വഹിക്കാനുള്ള കഴിവേ  വഞ്ചിക്കുള്ളു. മാത്രമല്ല അനങ്ങാതെ അവിടം വരെ ഇരിക്കണം. അതു കൊണ്ടല്പം മടിയുണ്ട്.

നദിക്കരയിൽ സംശയിച്ചു നില്ക്കുമ്പോൾ  ഒരപരിചിതൻ ദൈവദൂതനായി  വന്നു പറഞ്ഞു; അവരുടെ ബോട്ട് അനിവുറാനു ഗ്രാമത്തിൻ്റെ അരികിൽ ഞാങ്ങണ ശേഖരിക്കാൻ പോകുന്നുണ്ട് എന്ന്. സൗജന്യമായി ഞങ്ങളെ കൊണ്ടുപോകാനും വൈകിട്ട് തിരികെ  എത്തിക്കാനും  അവർ തയ്യാറാണ്. തമ്പുരാൻ കനിഞ്ഞു. മാതാവു മധ്യസ്ഥം വഹിച്ചിട്ടുണ്ടാകും.

രാവിലെ  ആറുമണിക്കു യാത്ര തിരിച്ച ഞങ്ങൾ ഒമ്പതരക്കു തന്നെ ലക്ഷ്യത്തിലെത്തി. അനിവുറാനു എന്നു വച്ചാൽ വെള്ളത്തിനു മധ്യത്തിലുള്ളത് എന്നാണർത്ഥം. ധാരാളം മത്സ്യങ്ങളുള്ള ഗ്രാമം.

2000-ൽ ആശിർവദിക്കപ്പെട്ട  ഇവരുടെ പള്ളിയുടെ  ചുമരെല്ലാം നശിച്ചു തുടങ്ങിയിട്ടുണ്ട്. 2022 ഡിസംബറിലാണ് ഒരച്ചൻ ഇവിടെ അവസാനം വന്നത്. അവരുടെ കുഞ്ഞുങ്ങൾക്കു മാമോദീസ നൽകാൻ പോലും അച്ചന്മാരെ ലഭിക്കാറില്ല. അവിടം സന്ദർശനത്തിനെത്തുന്നത് വല്ലപ്പോഴുമുള്ള കൊള്ളക്കാരാണ്. സാഹചര്യങ്ങൾ കൊണ്ടു് മങ്ങി പോയെങ്കിലും ഇപ്പോഴും എരിഞ്ഞുക്കൊണ്ടിരിക്കുന്ന വിശ്വാസതീഷ്ണത അവിടെ കണ്ടു.

ഏശയാ പ്രവാചകൻ എഴുതിയിരിക്കുന്നത് ഇവരെക്കുറിച്ചു ശരിയാണ്:

“ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്‌തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്‌ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല (ഏശയ്യാ 40: 31).

അതു കൊണ്ടു, ക്ഷീണമുണ്ടായിരുന്നുവെങ്കിലും അവരുടെ ഭവനങ്ങൾ സന്ദർശിക്കാനും വെഞ്ചിരിക്കാനും ഞങ്ങൾ സമയം കണ്ടെത്തി. ജനം സന്തോഷ ചിത്തരായി.  ആദ്യമായി കാണുന്നതാണെങ്കിലും വലിയവർക്കോ കുട്ടികൾക്കോ യാതൊരു അപരിചിതത്വവുമില്ല.

പള്ളിക്കകത്ത് അത്യാവശ്യം സാധനങ്ങളൊക്കെയുണ്ട്. ചുമരിൽ ഫാത്തിമ മാതാവിൻ്റെ ചിത്രം ആരോ വരച്ചു ചേർത്തിട്ടുണ്ട്. എണ്ണത്തിൽ അധികമില്ലെങ്കിലും ചിലർ അഞ്ചും എട്ടും കിലോമീറ്റർ നടന്നാണ് കുർബാനക്കെത്തിയത്.

ഉച്ചഭക്ഷണം കഴിഞ്ഞപ്പോൾ  പുഴക്കരികിൽ അവർ ഞങ്ങളെ കൊണ്ടു വന്നാക്കി. ബോട്ടു വരുന്നതുവരെ കിടന്നു വിശ്രമിക്കാൻ  അവിടെ മരത്തണലിൽ  പായയും അവർ വിരിച്ചിരുന്നു!

ഒരു മണിക്കൂർ കാത്തിരുന്നപ്പോളേക്കും അടുത്ത ആശ്വാസത്തിനു വക നൽകി, ഒരു ബോട്ട് ഒഴുക്കിനെതിരെ വരുന്നതു കണ്ടു.

ഒരു സ്വപ്നം കണ്ടു ഉണർന്നതുപോലെ വൈകിട്ട് ആറുമണിക്കു മുൻപു തന്നെ ഞങ്ങൾ ബെത്താലത്താലയിൽ തിരിച്ചെത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.