പേള്‍ഹാര്‍ബറിലെ വൈദിക രക്തസാക്ഷി

പേള്‍ ഹാര്‍ബര്‍ സ്‌ഫോടനത്തില്‍ മരിച്ച 429 നാവികരില്‍ ഒരാളായ ഫാദര്‍ അലോഷ്യസ്

ദുബുഖയിലെ ലോവ നഗരത്തിലെ ദേവാലയത്തില്‍ ദിവ്യബലി മധ്യേ ആര്‍ച്ച്ബിഷപ്പ് മൈക്കിള്‍ ജാക്കെല്‍ കാസ ഉയര്‍ത്തിയപ്പോള്‍ അത് കണ്ടുനിന്നവരെല്ലാം വികാരഭരിതരായി. 1941 ഡിസംബര്‍ 7ന് ഒക്ലഹോമയില്‍ നങ്കൂരമിട്ടിരുന്ന ഒരു യുദ്ധക്കപ്പലിലാണ് ഈ പാനപാത്രം അവസാനമായി ഉയര്‍ത്തിയത്. നേവി ചാപ്ലയിനായിരുന്ന ഫാദര്‍ അലോഷ്യസ് സ്മിത്തിന്റെ അനുസ്മരണാര്‍ത്ഥമായിരുന്നു ദിവ്യബലി നടത്തിയത്. പേള്‍ഹാര്‍ഹര്‍ ആക്രമണത്തിന്റെ സമയത്ത് സഹപ്രവര്‍ത്തകരെ രക്ഷിക്കുന്നതിനിടയില്‍ വീരമൃത്യു വരിച്ച പുരോഹിതനാണ് അലോഷ്യസ് സ്മിത്ത്. ലോറാസ് കോളജിലെ ക്രിസ്തുരാജന്‍ ദേവാലയത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലി അദ്ദേഹത്തിന്റെ സ്മരാണാര്‍ത്ഥമായിരുന്നു.

പേള്‍ ഹാര്‍ബര്‍ അക്രമണം നടന്ന് എഴുപത്തഞ്ച് വര്‍ഷം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം ഈ വര്‍ഷം കണ്ടെത്തുന്നത്. ലോവയിലെ ക്രിസ്തുരാജന്‍ ദേവാലയത്തിലാണ് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്തിരിക്കുന്നത്. ”ഈ കാസ തിരികെ ലഭിച്ചതിലൂടെ വളരെ അത്ഭുതകരമായ ഒരു സമ്മാനമാണ് നമുക്ക് ലഭിച്ചിരിക്കുന്നത്.” നേവി ചാപ്ലയിന്‍സ് ചീഫായ ഫാദര്‍ ഡാനിയേല്‍ മോഡ് പറയുന്നു. ”പതിനെട്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഈ കാസ ഒക്ലഹോമ നഗരത്തില്‍ നിന്ന് ലഭിക്കുന്നത്. ” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശുദ്ധ ബലി നടക്കുന്ന ദേവാലയത്തിനുള്ളില്‍ എല്ലാ വിധ സൈനികബഹുമതികളും നല്‍കി ഫാദര്‍ അലോഷ്യസിന്റെ ഭൗതികാവശിഷ്ടങ്ങളും വച്ചിട്ടുണ്ടായിരുന്നു.

75 വര്‍ഷം മുമ്പ് സംഭവിച്ചത്

1941 ഡിസംബര്‍ 7-ന് ജാപ്പനീസ് യുദ്ധവിമാനങ്ങള്‍ ഒക്ലഹോമയിലെ പേള്‍ ഹാര്‍ബര്‍ തുറമുഖത്ത് ബോംബ് വര്‍ഷിക്കുമ്പോള്‍ സമയം 7.48. അന്നേദിവസത്തെ ദിവ്യബലി അര്‍പ്പണത്തിന് ശേഷം ഫാദര്‍ അലോഷ്യസ് അപ്പോള്‍ പുറത്തേക്ക് വന്നതേ ഉണ്ടായിരുന്നുള്ളൂ. ഉഗ്രസ്‌ഫോടനം ഉളവാക്കുന്ന എട്ട് ബോംബുകളാണ് ആദ്യം അവര്‍ വര്‍ഷിച്ചത്; ശേഷം ഒന്നുകൂടി. എഴുപത് സെക്കന്റിനുള്ളില്‍ ആ തുറമുഖത്ത് സംഭവിച്ചത് അഞ്ച് ഉഗ്രസ്‌ഫോടനങ്ങള്‍. വെറും പത്ത് മിനിറ്റിനുള്ളില്‍ സ്‌ഫോടനശക്തിയാല്‍ 135 ഡിഗ്രിയില്‍ കപ്പല്‍ ചരിയാന്‍ തുടങ്ങി.

perl-harbour

കപ്പലിലുണ്ടായിരുന്ന യാത്രക്കാരെ ഒരു കപ്പലിലെ പീരങ്കി ദ്വാരത്തിലേക്ക് തള്ളിക്കയറ്റി രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു ഫാദര്‍ അലോഷ്യസ് അപ്പോള്‍. ആ കപ്പലിലെ യാത്രക്കാരില്‍ ഒരാളായിരുന്നു ബോബ് ബേണ്‍സ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അഭിമുഖത്തില്‍ ഈ സംഭവങ്ങളെക്കുറിച്ച് ബോണ്‍സ് ഓര്‍മ്മിക്കുകയും ചെയ്യുന്നുണ്ട്. ”ഞാനറിയുന്നതില്‍ വച്ച് ഏറ്റവും മഹത്വമുള്ള വ്യക്തിയായിരുന്നു ഫാദര്‍ അലോഷ്യസ്. അദ്ദേഹത്തെ പരിചയപ്പെട്ടതില്‍ ഞാന്‍ അഭിമാനിക്കുന്നു.” ബേണ്‍സ് അനുസ്മരിക്കുന്നു. ഒരു ഡസന്‍ ജനങ്ങളെയാണ് ഫാദര്‍ അലോഷ്യസ് രക്ഷപ്പെടുത്തിയത്. സ്‌ഫോടനത്തില്‍ മരിച്ച 429 നാവികരില്‍ ഒരാളായി ഫാദര്‍ അലോഷ്യസും. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസരത്തില്‍ കൊല്ലപ്പെട്ട കത്തോലിക്കാ പുരോഹിതന്‍ കൂടിയാണ് ഫാദര്‍ അലോഷ്യസ്.

ജന്മനാട്ടില്‍ തന്നെ പുരോഹിതനായി

ഒക്‌ടോബര്‍ 5 നാണ് ഫാദര്‍ സ്മിത്തിന്റെ ഭൗതിക ശരീരവും അടക്കം ചെയ്ത ശവമഞ്ചം അദ്ദേഹത്തിന്റെ ഇടവകയില്‍ എത്തിയത്. ഡിസംബര്‍ 4നാണ് ഫാദര്‍ അലോഷ്യസിന്റെ ജനനം. പത്ത് സഹോദരങ്ങള്‍ക്കൊപ്പമാണ് ഇദ്ദേഹം വളര്‍ന്നത്. കൊളംബിയ കോളജില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയതിന് ശേഷം റോമില്‍ വൈദികപഠനത്തിനായി ചേര്‍ന്നു. 1935-ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം നേവി ചാപ്ലയിന്‍ പദവിയിലാണ് ആദ്യമെത്തിയത്.

ഫാദര്‍ സ്മിത്തിന്റെ മരുമകനാണ് ദെല്‍ സ്മിത്ത്. ഇപ്പോള്‍ അദ്ദേഹത്തിന് 82 വയസ്സുണ്ട്. ഫാദര്‍ സ്മിത്തിന്റെ മരണം തങ്ങളുടെ കുടുംബത്തിന് താങ്ങാനാകാത്തതായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ‘ഫാദര്‍ അല്‍’ എന്നായിരുന്നു കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്നത്. ”എല്ലാവര്‍ക്കും ഇഷ്ടമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭൗതിക അവശിഷ്ടം തിരികെയെത്തിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ ദൈവത്തോട് നന്ദി പറയുന്നു.” ദെസ് സ്മിത്തിന്റെ വാക്കുകള്‍.

ഇപ്പോള്‍ 95 വയസ്സ് പ്രായമുള്ള സ്റ്റാമേയര്‍ തന്റെ കളിക്കൂട്ടുകാരനായ ഫാദര്‍ അലോഷ്യസിനെക്കുറിച്ച് ഓര്‍മ്മിക്കുന്നു. ”അദ്ദേഹത്തിന്റെ ആദ്യ വിശുദ്ധ കുര്‍ബാന സമര്‍പ്പണത്തില്‍ പങ്കാളിയാകാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. ഞാന്‍ ചെറിയ കുട്ടി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഒപ്പം ചെക്കേഴ്‌സ് കളിക്കുമായിരുന്നു. എന്നേക്കാള്‍ പത്ത് വയസ്സിന് മുതിര്‍ന്ന ആളായിരുന്നു ഫാദര്‍ അലോഷ്യസ്.” സ്റ്റാമേയര്‍ ഫാദര്‍ അലോഷ്യസിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിടുന്നു. ”അദ്ദേഹമായിരുന്നു ഞങ്ങളുടെ മാതൃകാ പുരുഷന്‍. മുഖത്തെപ്പോഴും പുഞ്ചിരിയുളള ഒരു വൈദികന്‍. എല്ലാവരുടെയും മികച്ച സുഹൃത്തു കൂടിയായിരുന്നു അദ്ദേഹം.”

429 പേരാണ് ഒക്ലഹോമയിലെ അക്രമണത്തില്‍ കൊല്ലപ്പെട്ടത്. വളരെ കുറച്ച് പേരെ മാത്രമേ തിരിച്ചറിയാന്‍ സാധിച്ചിരുന്നുള്ളൂ. 388 പേരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. 1947-ല്‍ ഫാദര്‍ സ്മിത്തിന്റെ സ്മരണയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ് ക്രൈസ്റ്റ് ദ് കിംഗ് ചാപ്പല്‍. ഫാദര്‍ സ്മിത്തിന്റെ വ്യക്തിപരമായ വസ്തുക്കളും അന്ന് സ്‌ഫോടനത്തില്‍ തകര്‍ന്ന കപ്പലിന്റെ അവശിഷ്ടങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. മരം കൊണ്ടുണ്ടാക്കിയ കൊന്ത, മെഡലുകള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു. ”ഒരു ക്രൈസ്തവനെന്ന നിലയില്‍ തന്റെ ദൗത്യം പൂര്‍ത്തീകരിച്ച വ്യക്തിയാണ് ഫാദര്‍ അലോഷ്യസ് സ്മിത്ത്. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് അദ്ദേഹം തന്റെ ജീവന്‍ ബലി കഴിച്ചത്.” വിശുദ്ധ ബലിയില്‍ നേവി ആര്‍ച്ച്ബിഷപ്പ് തിമോത്തി ബ്രോഗ്‌ളിയോ അഭിപ്രായപ്പെട്ടു.

സുമം തോമസ്‌ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.