സഭൈക്യ പ്രാർത്ഥനകളുടെ മധ്യസ്ഥ

മദർ മരിയ ഗബ്രിയേലക്കു സഭകൾ തമ്മിലുള്ള ഭിന്നതകൾ മൂലം വിഷമിക്കുന്ന ഈശോയുടെ തിരുഹൃദയത്തെ സമാശ്വസിപ്പിക്കണമായിരുന്നു.

എല്ലാ വർഷവും ജനുവരി 18 മുതൽ 25 വരെയാണു കത്തോലിക്കാ സഭ സഭൈക്യ വാരം ആഘോഷിക്കുന്നതു. ഈ അവസരത്തിൽ വി. ജോൺ പോൾ രണ്ടാമൻ പാപ്പ സഭ ഐക്യ പ്രാർത്ഥനയുടെ മാതൃകയായി ചൂണ്ടിക്കാണിക്കുന്ന വാഴ്ത്തപ്പെട്ട മരിയ ഗബ്രിയേലയെ നമുക്കു പരിചയപ്പെടാം. സഭകൾ തമ്മിലുള്ള ഐക്യത്തിനു വേണ്ടി പ്രാർത്ഥിക്കാൻ മാറ്റി വച്ചിരിക്കുന്നത്

1914 ൽ ഇറ്റലിയിലെ സാർദീനി ദ്വീപിലുള്ള ഒരു വലിയ കുടുംബത്തിലായിരുന്നു മരിയ സാഗേഡുവിന്റെ ജനനം. 21-ാം വയസ്സിൽ ട്രാപ്പിസ്റ്റു സന്യാസസഭയിൽ ചേർന്ന അവൾ മരിയ ഗബ്രിയേലാ എന്ന സന്യാസനാമം സ്വീകരിച്ചു. ദൈവ സ്നേഹത്തെ പ്രതി കഠിനമായ ദാരിദ്രത്തിലും സഹനങ്ങളിലും ജീവിച്ച അവർ ദൈവപരിപാലനയിൽ മാത്രം ആശ്രയിച്ചാണ് ജീവിച്ചിരുന്നത്.

മരിയ സന്യാസസഭയിൽ ചേർന്നതിന്റെ പിറ്റേ വർഷം അവളുടെ ആശ്രമശ്രേഷ്ഠ സഭൈക്യത്തിനു വേണ്ടിയുള്ള പ്രാർത്ഥനാ വാരത്തിൽ സിസ്റ്റഴ്സ് പങ്കെടുക്കണമെന്നു നിർദ്ദേശിച്ചു.  ആശ്രമ ശ്രേഷ്ഠയുടെ നിർദ്ദേശം കേട്ടയുടനെ 78 വയസ്സുള്ള സി. ഇമ്മാക്കൂലാത്ത, തന്റെ ശേഷിക്കുന്ന ജീവിതം ക്രിസ്തീയ സഭകളുടെ ഐക്യത്തിനുവേണ്ടി സമർപ്പിക്കാൻ തന്നെ അനുവദിക്കണമെന്നു മദറിനോടപേക്ഷിച്ചു. സഭൈക്യവാരം കഴിഞ്ഞു ഒരു മാസം തികയും മുമ്പേ സിസ്റ്റർ ഇമ്മാക്കൂലാത്ത നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു. ചെറുതെങ്കിലും സിസ്റ്റർ ഇമ്മാക്കൂലാത്തയുടെ മാതൃക മരിയ ഗബ്രിയലയെ ശക്തമായി സ്വാധീനിച്ചിരുന്നു. അടുത്ത വർഷം സഭൈക്യവാരം വന്നപ്പോൾ സഭൈക്യത്തിനു വേണ്ടി തന്റെ ജീവിതം സമർപ്പിക്കാൻ തന്നെ അനുവദിക്കണമെന്ന ആവശ്യവുമായി മരിയ ആശ്രമശ്രേഷ്ഠയുടെ അടുത്തെത്തി. ആഗ്രഹം പോലെ അനുവാദം കിട്ടിയെങ്കിലും അധികം വൈകാതെ തന്നെ അവൾ ക്ഷയരോഗ ബാധിതയായി. ദിനങ്ങൾ കഴിയുംതോറും രോഗം മൂർച്ഛിച്ചുവന്നുവെങ്കിലും ഒരു ആനന്ദ പ്രകാശം എപ്പോഴും അവളിൽ നിന്നു നിർഗളിച്ചിരുന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ അവളും നിത്യതയിലേക്കു യാത്രയായി.

ആശ്രമ ശ്രേഷ്ഠക്കും ആത്മീയ പിതാവിനും ചുരുക്കം ചില സഹോദരിമാർക്കും അല്ലാതെ മരിയ ഗബ്രിയലയുടെ ദൗത്യത്തെക്കുറിച്ചു അധികം പേരക്കു അറിവുണ്ടായിരുന്നില്ല. മരണ ശേഷം അവളുടെ ബൈബിൾ തുറന്നു നോക്കിയപ്പോൾ യോഹന്നാന്റെ സുവിശേഷം പതിനേഴാം അധ്യായത്തിലെ രണ്ടു വചനങ്ങൾ സവിശേഷമായി മാർക്കു ചെയ്തിരുന്നതായി കാണാൻ സാധിച്ചു .പതിനേഴാം അധ്യായം 20, 22 എന്നിവ ആയിരുന്നു ആ വചനങ്ങൾ.

അവര്‍ക്കുവേണ്ടി മാത്രമല്ല, അവരുടെ വചനം മൂലം എന്നില്‍ വിശ്വസിക്കുന്നവര്‍ക്കുവേണ്ടിക്കൂടിയാണു ഞാന്‍ പ്രാര്‍ഥിക്കുന്നത്‌…

നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന്‌ അങ്ങ്‌ എനിക്കു തന്ന മഹത്വം അവര്‍ക്കു ഞാന്‍ നല്‍കിയിരിക്കുന്നു. (യോഹന്നാന്‍ 17:20 22)

ദൈവത്തിന്റെ വഴികൾ എത്ര നിഗൂഢവും അജ്ഞാതവുമാണ്. മരണശേഷം ലോകത്തിനജ്ഞാതമായിരുന്ന അവളെ ദൈവം ഉയർത്തി. പല സഹോദരിമാർക്കും സ്വപ്നത്തിൽ ദർശനം നൽകി സ്വർഗ്ഗീയ അടയാളങ്ങൾ കാണിച്ചു. താമസിയാതേ തന്നെ അവളുടെ ജീവചരിത്രം ആശ്രമ ശേഷ്ഠ പ്രസദ്ധീകരിച്ചു. അവളുടെ കീർത്തി നാടെങ്ങും പരക്കാൻ തുടങ്ങി. വിവിധ ക്രൈസ്തവ വിഭാഗങ്ങൾ അവളുടെ കബറിടത്തിലേക്കു തീർത്ഥയാത്ര പതിവാക്കി. 1957 ൽ മരിയുടെ കബറിടം തുറന്നപ്പോൾ ദൗതിക ശരീരത്തിനോ വസ്ത്രത്തിനു പോലുമോ കേടുപറ്റിയിരുന്നില്ല. ക്ഷയരോഗം ബാധിച്ചു മരണമടഞ്ഞ ഒരു മൃതശരീരം അഴുകാതിരിക്കുന്നതു ശാസ്ത്രലോകത്തെപ്പോലും അത്ഭുതപ്പെടുത്തി.

അതിലും അതിശയകരം പ്രാർത്ഥിക്കുകയല്ലാതെ മറ്റൊന്നും സഭകൾ തമ്മിലുള്ള ഐക്യത്തിനു വേണ്ടി ചെയ്യാത്ത ഒരാൾ സഭൈക്യ പ്രസ്ഥാനത്തിന്റെ മധ്യസ്ഥ ആയതിലാണ്. പ്രേഷിത രംഗങ്ങളിൽ പോകാതെ വി. കൊച്ചുത്രേസ്യാ പ്രേഷിതരുടെ മധ്യസ്ഥ ആയതു പോലെ തന്നെയാണു മദർ മരിയ ഗബ്രിയലയും.

സാർദീനി ദ്വീപിൽ ജനിച്ചു വളർന്നു അകത്തോലിക്കരായ മറ്റു ക്രൈസ്തവരെ കാണാത്ത മദർ മരിയയ്ക്കു എക്യുമെനിസവുമായി ബന്ധപ്പെട്ടു അധികമൊന്നും താത്വികമായി അറിയുമായിരുന്നില്ല. കത്തോലിക്കാ സഭയിൽ നിന്നു ഭിന്നിച്ചു പോയ ചില സഭകൾ ഉണ്ടെന്നും. സഭകൾ തമ്മിലുള്ള ഭിന്നത ഈശോയുടെ തിരുഹൃദയത്തെ വളരെ വേദനിപ്പിച്ചിരുന്നു എന്നും അവൾക്കു നല്ല ബോധ്യം ഉണ്ടായിരുന്നു.

ഈശോയുടെ തിരുഹൃദയത്തെ സന്തോഷിപ്പിക്കുന്ന സഭൈക്യകൂട്ടായ്മയിൽ വാഴ്ത്തപ്പെട്ട മദർ മരിയ ഗബ്രിയേലയെപ്പോലെ സവിശേഷമായി പ്രാർത്ഥന വഴി നമുക്കും പങ്കുചേരാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ