ഒക്ടോബർ ദൈവമാതൃഭക്തിയിൽ വളരേണ്ട കാലം.

ആത്മീയ ജീവിതത്തിൽ അഭിവൃദ്ധിപ്പെടാൻ ആഗ്രഹിക്കുന്ന വ്യക്തികൾ വളർത്തിയെടുക്കേണ്ട ഒരു സുകൃതമാണ് ദൈവമാതൃഭക്തി. ഇത് അഭ്യസിക്കുവാൻ ഏറ്റവും ഫലപ്രദമായ സമയമാണ് ഒക്ടോബർ മാസം. ജപമാല പ്രാർത്ഥനയിലൂടെ ക്രിസ്തുരഹര്യങ്ങൾ ധ്യാനിക്കുമ്പോൾ നമ്മുടെ ജീവിതവും റോസറി പോലെ (റോസപ്പുക്കളുടെ കൂട്ടം) മറ്റുള്ളവർക്ക് സൗരഭ്യം പകരുന്നതാവും. സാധാരണ രീതിയിൽ ഭക്തിക്ക് മൂന്ന് രൂപങ്ങൾ ഉണ്ട്.

ആരാധന (Latria)
ഉന്നത വണക്കം (Hyperdulia)
വണക്കം( Dulia).

ലത്തീൻ പദമായ ലാത്രിയ (Latria) ദൈവത്തിനു മാത്രം നൽകപ്പെടുന്ന ആരാധനയെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. വിശുദ്ധർക്കും മാലാഖമാർക്കും നൽകപ്പെടുന്ന ആദരവിന് ലത്തീനിൽ ദുളിയാ (Dulia) എന്നു വിളിക്കും. പരിശുദ്ധ കന്യകാമറിയത്തിന് സഭയിൽ നൽകപ്പെടുന്ന ഉന്നതമായ ആദരവിന്(വണക്കത്തിന്)  ഹൈപ്പർ ദൂളിയാ (Hyper Dulia) എന്നാണ് വിശേഷിപ്പിക്കുക. ജപമാലഭക്തിക്കായി പ്രത്യേകം പ്രതിഷ്ഠിതമായ മാസമാണ് ഒക്ടോബർ. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകളിൽ: “ജപമാല എനിക്കേറ്റം ഇഷ്ടപ്പെട്ട പ്രാർത്ഥനയാണ്, മറിയത്തോടു കൂടി യേശുവിന്റെ തിരുമുഖത്തെപ്പറ്റിയുള്ള ധ്യാനാത്മക പ്രാർത്ഥനയാണത്.”

1573 ഒക്ടോബർ എഴാം തീയതി അഞ്ചാം പീയൂസ് മാർപാപ്പ ജപമാല രാജ്ഞിയുടെ തിരുനാളിനു ആരംഭം കുറിച്ചു. ലെപ്പാന്റോ കടലിടുക്കിൽ വച്ച് ക്രിസ്ത്യാനികളും മുഹമ്മദീയരുമായി നടന്ന യുദ്ധത്തിൽ വിജയം ലഭിച്ചതിന്റെ നന്ദി സൂചകമായിട്ടായിരുന്നു ഇത്. ക്ലമന്റ് പതിനൊന്നാമൻ പാപ്പ 1716 ൽ ആഗോള സഭ മുഴുവനായി ഈ തിരുനാൾ ആഘോഷിക്കണമെന്ന് നിർദ്ദേശിച്ചു. 1884 ൽ ലെയോ പതിമൂന്നാമൻ പാപ്പയാണ് ഒക്ടോബർ മാസം ജപമാല മാസമായി പ്രഖ്യാപിച്ചത്. രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം കഴിഞ്ഞു എതാനും വർഷങ്ങളിൽ ജപമാല ഭക്തിക്ക് അല്പം മങ്ങലേറ്റിരുന്നെങ്കിലും പിന്നീടുള്ള വർഷങ്ങളിൽ ഈ ഭക്തി കത്തോലിക്ക സഭയുടെ ഹൃദയത്തിന്റെ ഭാഗമായിത്തന്നെ നിലകൊണ്ടു. റോസറി(rosary)എന്ന പദം റോസാരിയും(rosarium) എന്ന ലത്തീൻ പദത്തിൽ നിന്ന് ഉത്ഭവിച്ചതാണ്. അതിനർത്ഥം റോസപ്പൂക്കളുടെ കൂട്ടം എന്നാണ്. ജപമാല പ്രാർത്ഥനയെ സ്വർഗ്ഗത്തിലുള്ള പരിശദ്ധ അമ്മയ്ക്കു നൽകുന്ന റോസപ്പൂക്കളുടെ ഒരു സമ്മാനമായി നമുക്ക് വിലയിരുത്താം. കൊന്ത എന്ന വാക്ക് യഥാർത്ഥത്തിൽ പോർച്ചുഗീസ് വാക്കാണ്. എണ്ണി പ്രാർത്ഥിക്കാനുള്ള ഉപകരണം എന്നാണതിനർത്ഥം.

ജപമാലയുടെ ഉത്ഭവത്തിന് നീണ്ട ഒരു ചരിത്രമുണ്ട്. പല കാലഘട്ടങ്ങളിലൂടെ വികസിച്ചതാണ് ഈ ഭക്ത കൃത്യം. ക്രിസ്തുവിനു മുമ്പുതന്നെ ജപമണികൾ പ്രാർത്ഥനയ്ക്കായി ഉപയോഗിക്കുന്ന പതിവുണ്ടായിരുന്നു. ഹൈന്ദവ മഹർഷിമാർ  തങ്ങളുടെ പ്രാർത്ഥനയ്ക്കായി പ്രത്യേകം തയ്യാറാക്കിയ രുദ്രാക്ഷ മുത്തുകൾ ഉപയോഗിച്ചിരുന്നു. ക്രൈസ്തവ പാരമ്പര്യത്തിൽ ആദിമ ആശ്രമ നിവാസികൾക്ക് ദിവസവും 150 സങ്കീർത്തനങ്ങളും പ്രാർത്ഥനയ്ക്കായി ഉരുവിടുന്ന പതിവുണ്ടായിരുന്നു. അത് എണ്ണി തിട്ടപ്പെടുത്താൻ അവരുടെ മടിശീലയിൽ 150 മുത്തുകൾ സൂക്ഷിച്ചിരുന്നു. ഇത് പിന്നീട് ഒരു ചരടിലെ 150 കെട്ടുകളായി. അവസാനം തടികൊണ്ടുള്ള 150 ജപമണികൾ കോർത്ത ഒരു മാലയായി രൂപാന്തരം പ്രാപിച്ചു.   അത്മായ ജനങ്ങൾക്ക് 150 സങ്കീർത്തനങ്ങളും മനപാഠമാകാൻ ബുദ്ധിമുട്ടായതിനാൽ സങ്കീർത്തനങ്ങൾക്ക് പകരം ദിവസവും 150 സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന ചെല്ലുന്ന ശീലം പരിശീലിച്ചു. പിന്നീട് പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ 150 നന്മ നിറഞ്ഞ മറിയം ജപിക്കുന്ന പാരമ്പര്യം ആരംഭിച്ചു.  അവരും പ്രാർത്ഥനയ്ക്കായി ജപമണികൾ ഉപയോഗിച്ചിരുന്നു.

നന്മ നിറഞ്ഞ മറിയമെ എന്ന പ്രാർത്ഥനയ്ക്ക് രണ്ട് ഭാഗങ്ങളുണ്ട്.
ഒന്നാമത്തേത് മാലാഖയുടെ അഭിവാദനം, രണ്ടാമത്തേത്  സ്ത്രീകളിൽ നി അനുഗ്രഹീത, നിന്റെ ഉദരഫലവും അനുഗ്രഹീതം എന്ന എലിസബത്തിന്റെ വാക്കുകൾ. പതിമൂന്നാം നൂറ്റാണ്ടിൽ നാലാം ഊർബൻ പാപ്പമാണ് ഉദരഫലമായ “ഈശോ “എന്ന നാമം കൂട്ടിച്ചേർത്തത്.

വി. ബർണ്ണദീൻ 1427 ലാണ്  പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ എന്ന പ്രാർത്ഥനാ രൂപപ്പെട്ടത്തിയത്. പാപികളായ ഞങ്ങൾക്കു വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ എന്ന ഭാഗം 1571 ലെ ലൊപ്പാന്റോ യുദ്ധത്തിനു ശേഷം തിരുസ്സഭ കൂട്ടിച്ചേർത്തതാണ്.

1214 ൽ പരി. കന്യകാമറിയം വി. ഡോമിനിക്കിനു പ്രത്യക്ഷപ്പെടുകയും ജപമാല ഭക്തി പ്രചരിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ചെയ്താൽ ആൽബിജെനേസിയൻ പാഷണ്ഡതയിൽ നിന്നു വളരെപ്പേരെ മാനസാന്തരപ്പെടുത്തോമെന്നും, അദ്ദേഹം സ്ഥാപിച്ച ഡോമിനിക്കൻ സഭ അഭിവൃദ്ധിപ്പെടുമെന്നും പരി. മറിയം ഡോമിനിക്കിനോട് വാഗ്ദാനം ചെയ്തു. വി. ഡോമിനിക് തന്റെ ശിഷ്ടകാലം ജപമാല ഭക്തി പ്രചരിപ്പിക്കുന്നതിനു മാറ്റിവച്ചു. അതിനായി അദ്ദേഹം ഒരു ജപമാല സഖ്യം (Rosary Confraternity) സ്ഥാപിച്ചു.

നൂറു വർഷങ്ങൾക്ക് ശേഷം വാഴ്‌ത്തപ്പെട്ട അലൻ ഡി. റോച്ച്, (Blessed Alan de la Roche) ഡോമിനിക്കിന്റെ പ്രവർത്തനങ്ങൾ തുടർന്നു.  ജപമാലയെ 10 നന്മ നിറഞ്ഞ മറിയവും ഒരു സ്വർഗ്ഗസ്ഥനായ പിതാവും  അടങ്ങുന്ന രഹസ്യമായി ക്രമീകരിച്ചത് അദേഹമാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ ധ്യാന വിഷയമായി ക്രിസ്തുവിന്റെ ദിവ്യരഹസ്യങ്ങൾ ഓരോ രഹസ്യത്തോടും കൂട്ടിച്ചേർത്തു. ജപമാല പ്രാർത്ഥന ദൈവവചനാധിഷ്ഠിതമായി ധ്യാനപൂർവ്വം ജപിക്കാൻ ദിവ്യരഹസ്യങ്ങൾ സഹായിച്ചു.

2002 ഒക്ടോബർ 16 ന് കന്യകാമറിയത്തിന്റെ ജപമാല എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പ്രകാശത്തിന്റെ രഹസ്യങ്ങൾ ജപമാലയിൽ കൂട്ടിച്ചേർത്തു.

1917 ൽ പരി. കന്യാകാ മറിയം പോർച്ചുഗലിലെ ഫാത്തിമായിൽ ലൂസീ, ജസീന്താ, ഫ്രാൻസീസ് എന്നീ മുന്ന് ഇടയ കുട്ടികൾക്ക് പ്രത്യക്ഷപ്പെടുകയും ജപമാല രാജ്ഞിയായി വെളിപ്പെടുത്തുകയും ചെയ്തു. ദിവസവും ജപമാല ചൊല്ലാൻ കുട്ടികളോട് മാതാവ് ആവശ്യപ്പെട്ടു.

വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ ജപമാലക്ക് മൂന്നു തരത്തിലുള്ള ലക്ഷ്യങ്ങൾ ഉള്ളതായി പഠിപ്പിക്കുന്നു: “ആത്മീയ ധ്യാനാത്മകത, അഗാധമായ മനനം, ഭക്ത നിയോഗം”. കന്യകാമറിയത്തിന്റെ ജപമാല എന്ന അപ്പസ്തോലിക ലേഖനത്തിൽ ജോൺ പോൾ രണ്ടാമൻ പാപ്പാ ഇങ്ങനെ എഴുതി. “ജപമാലയ്ക്ക് വ്യക്തമായും മരിയൻ സ്വഭാവമുണ്ടെങ്കിലും അത് ക്രിസ്തു കേന്ദ്രീകൃതമായ പ്രാർത്ഥനയാണ്. സുവിശേഷത്തിന്റെ അന്തസത്ത മുഴുവനും അതിൽ അടങ്ങിയിരിക്കുന്നു. രക്ഷകൻ  മറിയത്തിന്റെ ഉദരത്തിൽ മനുഷ്യാവതാരമെടുത്തപ്പാൾ അവൾ പാടിയ സതോത്രഗീതത്തിന്റെ പ്രതിധ്വനിയാണ് ജപമാല”.

പരിശുദ്ധ അമ്മയുടെ വിദ്യാലയത്തിൽ യേശുവിന്റെ തിരുമുഖത്തെക്കുറിച്ച് ധ്യാനിച്ച് ഒക്ടോബർ മാസത്തിൽ ദൈവമാതൃഭക്തിയിൽ നമുക്ക് വളരാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.