കാരുണ്യത്തിൽ വിരിയേണ്ട സംഭാഷണങ്ങൾ

വത്തിക്കാനിലെ  വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ശനിയാഴ്ച (22 -10 – 16 ) ജൂബിലി വർഷത്തോടനുബന്ധിച്ച് പരിശുദ്ധ പിതാവു ഫ്രാൻസീസ് പാപ്പ നൽകിയ നൽകിയ സന്ദേശം.

പ്രിയ സഹോദരി സഹോദരന്മാരെ, ഗുഡ് മോർണിംഗ്‌ !

നാം വായിച്ചു കേട്ട യോഹന്നാന്റെ സുവിശേഷ ഭാഗത്തിൽ, യേശു സമരിയാക്കാരി സ്ത്രീയെ കണ്ടുമുട്ടുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.  ഈ കൂടിക്കാഴ്ചയിൽ  ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് യേശുവും സ്ത്രീയും തമ്മിലുള്ള യുക്തി സഹജമായ സംഭാഷണമാണ്. ഇതിൽ കാരുണ്യത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാവം -സംവാദത്തിന്റെ –  ഊന്നിപ്പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

പരസ്പരം അറിയുവാനും മറ്റുള്ളവരുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും  സംഭാഷണം വ്യക്തികളെ  പ്രാപ്തരാക്കുന്നു. ഇത് ആദ്യം തന്നെ ബഹുമാനത്തിന്റെ വലിയ അടയാളമാണ് കാരണം, ഇത് വ്യക്തികളെ  ശ്രവിക്കുന്ന മനോഭാവത്തിലേക്കും, സംസാരത്തിൽ ഏർപ്പെട്ടിരിക്കുന്നവരിൽ നിന്ന് നല്ലതു സ്വീകരിക്കാനും നമ്മെ യോഗ്യരാക്കുന്നു.

രണ്ടാമതതായി സംഭാഷണം സ്നേഹത്തിന്റ ഒരു പ്രകാശനമാണ്, വിത്യാസങ്ങൾ അവഗണിക്കാതെ തന്നെ പൊതുനന്മ അന്വേഷിക്കുവാനും, അതിൽ പങ്കുചേരാനും നമ്മെ സഹായിക്കുന്നു. അതിനു പുറമേ സംഭാഷണം നമ്മളെത്തന്നെ മറ്റുള്ളവരുടെ മുമ്പിൽ വയ്ക്കുവാനും, അപരനെ ദൈവ ദാനമായി കണ്ടു കൊണ്ട്  അവനെ അംഗീകരിക്കാനും വെല്ലുവിളിക്കുന്നു. മിക്കപ്പോഴും നമ്മുടെ സഹോദരന്മാർ നമ്മുടെ അടുത്താണ് ജീവിക്കുന്നതെങ്കിലും നമ്മൾ അവരെ കണ്ടുമുട്ടുന്നില്ല, പ്രത്യേകിച്ച് നമ്മുടെ നിലപാടുകൾ മറ്റുള്ളവരുടെ മേൽ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ.

മറ്റുള്ളവരെ കാര്യമായി ശ്രവിക്കാതെ, മറ്റുള്ളവരെ നമ്മൾ ശരിയാണു എന്നു തെളിയിക്കാൻ ബദ്ധപ്പെടുമ്പോൾ നമ്മൾ സംവാദം നടത്തുന്നില്ല. ശരിയായ സംവാദത്തിൽ, നമ്മുടെ സഹോദരനെ ദൈവസാന്നിധ്യത്തിന്റെ അസാധാരണമായ സമ്മാനമായി സ്വീകരിക്കാൻ നിശബ്ദതയുടെ നിമിഷങ്ങൾ ആവശ്യമാണ്.

പ്രിയ സഹോദരി സഹോദരന്മാരെ, സംഭാഷണങ്ങൾ വ്യക്തി ബന്ധങ്ങളിൽ മനുഷ്യത്വം വളർത്തുവാനും തെറ്റിധാരണകൾ തരണം ചെയ്യുവാനും വ്യക്തികളെ സഹായിക്കുന്നു.   നമ്മുടെ കുടുംബങ്ങളിൽ സംഭാഷണത്തിന്റെ വലിയ ആവശ്യമുണ്ട്, മറ്റുള്ളവരെ ശ്രവിക്കാൻ നാം പഠിച്ചാൽ എത്ര എളുപ്പത്തിൽ കുടുംബത്തിലെ പല പ്രശ്നങ്ങളും  പരിഹാരം കണ്ടെത്താൻ കഴിയും! തന്മൂലം ഭർത്താവും ഭാര്യയും തമ്മിലുള്ള ബന്ധങ്ങളിലും, മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധങ്ങളിലും സംഭാഷണ ശീലം ഉണ്ടായിരിക്കണം. അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ നല്ല സംഭാഷണ ശീലമുണ്ടെങ്കിൽ,  ഡയറക്ടർമാരും ജോലിക്കാരും തമ്മിൽ ആരോഗ്യപരമായ സംഭാഷണം ഉണ്ടെങ്കിൽ എത്രമാത്രം സഹായകരവും, ജോലി കാര്യങ്ങളിൽ പുതുമയും കണ്ടെത്താൻ കഴിയും.

സഭ എന്നും ഏതൊരു വ്യക്തിയുടെയും പ്രധാനമായ ആവശ്യങ്ങൾ മനസ്സിലാക്കാനും, പൊതുനന്മയുടെ സാക്ഷാത്കാരത്തിനായി സംഭാവന ചെയ്യുവാനും, എല്ലാക്കാലങ്ങളിലുമുള്ള സ്ത്രീ പുരുഷന്മാരോടും സംഭാഷണശൈലിയിലാണ്.

നമ്മൾ  പ്രപഞ്ചമെന്ന വലിയ ദാനത്തെക്കുറിച്ചും,  നമ്മുടെ പൊതു ഭവനമായ അതു കാത്തു സൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചും ചിന്തിക്കണം,
അതുപോലുള്ള മുഖ്യ വിഷയങ്ങളിൽ സംഭാഷണം ഒഴിവാക്കാനാവത്താ അത്യാവശ്യകമാണ്.

മതങ്ങൾ തമ്മിലുള്ള സംവാദത്തെക്കുറിച്ചും, മനുഷ്യരുടെ ഇടയിലുള്ള അഗാധമായ സത്യം കണ്ടെത്താനുള്ള അവയുടെ ദൗത്യത്തെക്കുറിച്ചും, സമാധാനത്തിന്റെയും    ബഹുമാനത്തിന്റെയും സാഹോദര്യത്തിന്റെയും ശൃഖംലയ്ക്ക്  സംഭാവന ചെയ്യുവാനും നമ്മൾ പരിശ്രമിക്കണം.(cf. Encyclical Laudato Si’,201).

അവസാനമായി എല്ലാ രീതിയിലുള്ള സംഭാഷണങ്ങളും, എല്ലാവരെയും കണ്ടുമുട്ടുന്ന, എല്ലാവരിലും അവന്റെ നന്മയുടെ വിത്തു വിതയ്ക്കുന്ന ദൈവസ്നേഹത്തിന്റെ വലിയ പ്രകാശനങ്ങളാണ്. അങ്ങനെ ഒരുവനു ദൈവത്തിന്റെ സൃഷ്ടിപരമായ കഴിവിൽ പങ്കുകാരാകാൻ സാധിക്കുന്നു.

സംഭാഷണങ്ങൾ ഭിന്നതയുടെയും തെറ്റിധാരണകളുടെയും മതിലുകൾ ഇടിച്ചു തകർക്കുന്നു. അത് ആശയവിനിമയത്തിന്റെ പാലങ്ങൾ സൃഷ്ടിക്കുന്നു, ആരെയും അവന്റെ കൊച്ചു ലോകത്തിൽ ഒറ്റപ്പെടുവാൻ അനുവദിക്കുന്നില്ല.
യേശുവിന് സമരിയാക്കാരി സ്ത്രീയുടെ ഹൃദയത്തിൽ എന്താണന്ന് നല്ലതുപോലെ അറിയാമായിരുന്നു എന്നിട്ടും അവൻ, അവൾ തന്നെത്തന്നെ പ്രകടിപ്പിക്കുന്നതിന് തടസ്സം നിന്നില്ല, മറിച്ച് അവന്റെ ജീവിതത്തിന്റെ രഹസ്യത്തിലേക്ക് പ്രവേശിക്കുന്നു .ഈ പഠനം നമുക്കും സാധുവാണ്. സംഭാഷണത്തിലൂടെ ദൈവകാരുണ്യത്തിന്റെ അടയാളങ്ങൾ വളർത്തുവാനും  അവയെ ആതിഥ്യമര്യാദയുടെയും ബഹുമാനത്തിന്റെയും ഉപകരണങ്ങൾ ആക്കാനും നമുക്ക് കഴിയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.