വിളവിനേക്കാള്‍ വലിയ വേലി

”സ്ത്രീ സര്‍പ്പത്തോടു പറഞ്ഞു: തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലങ്ങള്‍ ഞങ്ങള്‍ക്ക് ഭക്ഷിക്കാം. എന്നാല്‍ തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുകയോ തൊടുകപോലുമോ അരുത്. ഭക്ഷിച്ചാല്‍ നിങ്ങള്‍ മരിക്കും എന്ന് ദൈവം പറഞ്ഞിട്ടുണ്ട്” (ഉത്പത്തി 3:3).

റബ്ബി ഹിയ്യാ ചോദിക്കുന്നു, ഹവ്വ പറഞ്ഞതു നേരോ? വൃക്ഷത്തിന്റെ ഫലം തിന്നരുതെന്നല്ലേ ദൈവം പറഞ്ഞി ട്ടുള്ളൂ; അല്ലാതെ തൊടരുത് എന്ന് കല്പിച്ചിട്ടുണ്ടോ? ഇല്ല. അങ്ങനെ പറഞ്ഞിട്ടില്ല. ഉത്പത്തി 2:16-17: ”അവിടുന്ന് അവനോട് കല്പിച്ചു: തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. എന്നാല്‍ നന്മതിന്മ കളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും.” റബ്ബി ഹിയ്യ പഠിപ്പിക്കുന്നു, ഇത്തരം അവതരണ സാധ്യതള്‍ ഉള്ളതുകൊണ്ടാണ് സുഭാഷിതങ്ങള്‍ പഠിപ്പിക്കുന്നത് (30:6): ”അവിടുത്തെ വാക്കുകളോട് ഒന്നും കൂട്ടിച്ചേര്‍ക്കരുത്; അങ്ങനെ ചെയ്താല്‍ അവിടുന്ന് നിന്നെ കുറ്റപ്പെടുത്തും; നീ നുണയനാവുകയും ചെയ്യും.” അതെ; വിളവിനേക്കാള്‍ വലിയ വേലി വേണ്ട; അങ്ങനെ ചെയ്താല്‍ വേ ലി പൊളിഞ്ഞുവീണ് വിളവ് നശിക്കും.

സര്‍പ്പത്തോടുള്ള സംഭാഷണത്തില്‍ ദൈവം പറയാത്ത കാര്യം കൂട്ടിച്ചേര്‍ത്തതില്‍ ഹവ്വ തെറ്റുകാരിയാണോ അല്ലയോ എന്നതല്ല പ്രധാന വിഷയം. പഴം തിന്നുന്നതു വിലക്കിക്കൊണ്ട് ദൈവം സംസാരിച്ചത് ആദത്തോടാ യിരുന്നു. ആദം ഹവ്വയോട് ഇക്കാര്യം കൂട്ടിചേര്‍ത്തു പറഞ്ഞതാകാം. ദൈവകല്പനയെ ഒന്നു ബലപ്പെടുത്തണം എന്നേ ആദം ഉദ്ദേശിച്ചു കാണുകയുള്ളൂ. ഇനി അതല്ല, ഹവ്വ തന്നെ ഇത് കൂട്ടിച്ചേര്‍ത്തതാണെങ്കില്‍ ഒരുപക്ഷേ പഴം തിന്നുന്ന കാര്യം മാത്രമല്ല, ആ മരത്തോട് അടുക്കാന്‍പോലും ഉദ്ദേശമില്ല എന്ന് അവള്‍ വെളിവാക്കി യതാകാം. എന്തുതന്നെയായാലും ദൈവകല്പനക്ക് കൊടുത്ത ആ ‘പര്‍വ്വതീകരണം’ വിനയായി മാറി എന്നാ ണ് റബ്ബിമാരുടെ വ്യഖ്യാനങ്ങള്‍.

ആ മരത്തെ തൊടരുത് എന്ന ദൈവം പറയാത്ത നിബന്ധനയാണ് ഹവ്വായെ വീഴ്ത്താന്‍ സര്‍പ്പം ഉപയോഗിച്ച തത്രേ. സര്‍പ്പം ഹവ്വായെ ആ മരത്തിന്റെ ചുവട്ടിലേക്ക് തള്ളിയിട്ടു. അവള്‍ ആ മരത്തെ തൊട്ടു. പക്ഷേ അവ ള്‍ മരിച്ചില്ല. ഇതുകണ്ട് സര്‍പ്പരൂപനായ സാത്താന്‍ പറഞ്ഞു, ദൈവം പറഞ്ഞതുപോലെയൊന്നുമല്ല കാര്യങ്ങള്‍. നീ മരത്തെ തൊട്ടല്ലോ. നീ മരിച്ചില്ല. പഴം തിന്നാലും നീ മരിക്കില്ല. നിനക്കത് തിന്നാം. അങ്ങനെ ഹവ്വയുടെ യുക്തിയെ സര്‍പ്പം കീഴടക്കി. വിളവിനേക്കാല്‍ വലുതായി കെട്ടിപ്പൊക്കിയ വേലി അവളുടെമേല്‍ മറിഞ്ഞു വീണു. ദൈവം പറഞ്ഞതിനേക്കാള്‍ അധികമായി കൂട്ടിച്ചേര്‍ത്ത പ്രമാണം തന്നെ അവളെ തോല്‍പിച്ചുകളഞ്ഞു എന്ന് സാരം.

എല്ലാം പര്‍വതീകരിച്ച് അവതരിപ്പിക്കുന്നവരുണ്ട്. പത്തുപേരെയുള്ളൂ എങ്കിലും വലിയ ആള്‍ക്കൂട്ടമായിരുന്നു എന്ന് പറയുന്നവര്‍. ചെറിയ എതിര്‍പ്പുകളെ വലിയ തിരിച്ചടികളായി കാണുന്നവര്‍. ചെറിയ കുസൃതികളെ പ്പോലും വലിയ കുരുത്തക്കേടായി എണ്ണുന്നവര്‍. ഇഷ്ടക്കാരെ വല്ലാതെ പൊക്കിയും ഇഷ്ടമില്ലാത്തവരെ ചവുട്ടി താഴ്ത്തിയും സംസാരിക്കുന്നവര്‍.ഇങ്ങനെ എല്ലാം പെരുപ്പിച്ച് കാട്ടാന്‍ ജന്മവാസനയുള്ളവരുണ്ട്. അക ത്തേക്കോ പുറത്തേക്കോ വളഞ്ഞിരിക്കുന്ന ദര്‍പ്പണം പോലെയുള്ള മനസ്സുള്ളവര്‍. ഒരിക്കലും വസ്തുക്കളെ അവയുടെ യഥാര്‍ത്ഥ വലുപ്പത്തില്‍ കാണാന്‍ പറ്റാതെ പോകുന്നത് ഒരു ദുര്യോഗമാണ്. വസ്തുവിനെക്കാള്‍ വലിയ വേലി കെട്ടുന്നവര്‍ ആ വേലിക്കടിയില്‍ത്തന്നെ പെടാന്‍ സാധ്യതയുണ്ട്.

വേദപുസ്തകവും വിശ്വാസപാരമ്പര്യവും പറയുന്നതിനെ മറികടക്കുംവിധം ദൈവത്തിന്റെ പേരില്‍ സംസാരി ക്കുന്നത് അപകടകരമാണ്. വിശ്വാസവിഷയങ്ങളുടെ പര്‍വ്വതീകരിച്ച വ്യഖ്യാനങ്ങളിലും ധാര്‍മ്മിക നിയമങ്ങള്‍ ഫരിസേയര്‍ക്കുതുല്യം അവതരിപ്പിക്കുന്നതിലുമൊക്കെ ഇത് സംഭവിക്കാം.നിയമത്തിന്റെ അന്തസത്ത മറന്ന് മനുഷ്യവിരുദ്ധമായി അവയെ വ്യാഖ്യാനിച്ചവരെ എത്ര രൂക്ഷമായാണ് ഈശോ എതിര്‍ത്തിരുന്നത് എന്ന് നാമോര്‍ക്കണം. സംരക്ഷിക്കേണ്ട മൂല്യങ്ങളേക്കാള്‍ വലിയ സദാചാരനിയമത്തിന്റെ വേലി കെട്ടിപ്പൊക്കിയവരെ യാണ് ഈശോ ചെറുത്തത്.വിലകുറഞ്ഞ പരിപാടികള്‍കണ്ട് ടെലവിഷനുമുമ്പില്‍ സമയം പാഴാക്കുന്നത് ഒഴിവാക്കേണ്ടതുതന്നെയാണ്. എന്നാല്‍ ടെലവിഷന്‍ വീട്ടില്‍ കയറ്റിക്കൂടാ എന്നുപറയുന്നത് പര്‍വതീകരണ വാസനയുള്ള ഹവ്വയുടെ മക്കളാണ്. പഴയനിയമത്തിലെ ശുദ്ധിയുടെ നിയമങ്ങള്‍ അതേപടി ഇക്കാലത്ത് പാലിക്കണം എന്നാവശ്യപ്പെടുന്ന ക്രൈസ്തവര്‍ ഈ ഗണത്തില്‍പെടുന്നു. ഉദാഹരണത്തിന്, പന്നി മാംസം ഭക്ഷിക്കരുത് (നിയമാ.14:8).തീക്ഷ്ണവിശ്വാസം നല്ലതുതന്നെ; പക്ഷേ ഒരുവന്‍ ദൈവിക നിയമങ്ങളെയും ദൈവവചനത്തെയും കടത്തിവെട്ടാന്‍ തുടങ്ങുമ്പോള്‍ തീവ്രവാദിയായി മാറുന്നു. അവര്‍ സൂക്ഷിക്കണം; അവരെയും സൂക്ഷിക്കണം.

ഡോ. മാത്യു ഇല്ലത്തുപറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.