മരിയൻ മാരത്തോൺ 8: അർജൻറീനയിൽ ലൂഹാനിലെ പരി. കന്യകാമറിയം, നിയോഗം – ആശയവിനിമയ രംഗത്തുള്ളവർ

അർജൻറീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസ് നിന്ന് 43 മൈൽ അകലെ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ മരിയൻ തീർത്ഥാടന കേന്ദ്രമാണ് ലുഹാനിലെ പരിശുദ്ധ കന്യകാമറിയത്തിൻ്റെ തീർത്ഥാടന കേന്ദ്രം (Our Lady of Lujan- Nuestra Senora de Lujan). 1887 ൽ ആരംഭിച്ച ഈ ദൈവാലയത്തിൻ്റെ നിർമ്മാണം 1935 ൽ പൂർത്തിയായി. അർജൻറീന, പരാഗ്വേ, ഉറുഗ്വേ എന്നീ രാജ്യങ്ങളുടെ മദ്ധ്യസ്ഥയാണ് ലുഹാനിലെ മാതാവ്.

1630 ൽ ബ്രസീലിൽ നിന്നു പരിശുദ്ധ കന്യകാമറിയത്തിൻ്റെ രണ്ട് ചെറിയ രൂപങ്ങൾ കൊണ്ടുവന്നതിൽ നിന്നു തുടങ്ങുന്നു ഈ തീർത്ഥാടന കേന്ദ്രത്തിൻ്റെ ഉത്ഭവം. ഐതീഹ്യമനുസരിച്ച്, സുമാമ്പയിൽ (Sumapa) താമസിച്ചിരുന്ന അൻ്റോണിയോ ഫരിയാസ് സാ എന്ന പോർച്ചുഗീസ് പ്രഭു പരിശുദ്ധ കന്യകാമറിയത്തിൻ്റെ ബഹുമാനാർത്ഥം ഒരു ചാപ്പൽ പണിയാൻ തീരുമാനിക്കുന്നു. തൽപ്രകാരം ബ്രസീലിലുള്ള തൻ്റെ സുഹൃത്തിനോട് അമലോത്ഭവ മാതാവിൻ്റെ ഒരു തിരുസ്വരൂപം അയച്ചുതരാൻ ആവശ്യപ്പെടുന്നു. സുഹൃത്ത് രണ്ട് രൂപങ്ങൾ അയച്ചുകൊടുത്തു

ബ്യൂണസ് അയേഴ്സ് തുറമുഖത്ത് എത്തിയ രൂപങ്ങൾ അവ രണ്ട് പെട്ടികളിലാക്കി ഒരു കാളവണ്ടിയിലാക്കി ലക്ഷ്യസ്ഥാനത്തേക്കു കൊണ്ടു പോകുന്നു. മൂന്ന് ദിവസത്തെ യാത്രയ്ക്ക് ശേഷം രാത്രിയിൽ, ലുഹാനിനടുത്തുള്ള സെലായ (Zelaya) പട്ടണത്തിൽ എത്തി വിശ്രമിച്ചു.

പിറ്റേ ദിവസം യാത്ര പുറപ്പെടാൻ ആരംഭിച്ചപ്പോൾ കാളകൾക്ക് വണ്ടി വലിക്കാൻ കഴിഞ്ഞില്ല. രണ്ട് ചെറിയ പെട്ടികളിലെ മാതാവിൻ്റെ തിരുസ്വരുപങ്ങൾ ഒഴികെ കാളവണ്ടിയിലെ  ഒട്ടുമിക്ക സാധനങ്ങളും ഇറക്കിയെങ്കിലും കാളകൾക്ക് വണ്ടി വലിക്കാൻ കഴിഞ്ഞില്ല. അവസാനം അവർ രണ്ട് ചെറിയ പെട്ടികൾ തുറന്നു പരിശോധിച്ചപ്പോൾ അത് മറിയത്തിൻ്റെ വ്യത്യസ്തമായ രണ്ടു രൂപങ്ങളാണു മനസ്സിലാക്കി. അമലോത്ഭവ മാതാവിൻ്റെയും, ഈശോയെ കൈകളിൽ വഹിച്ചുകൊണ്ടിരുന്ന മറിയത്തിൻ്റെയും പ്രതിമകളായിരുന്നു അവ.

ആദ്യം ഈശോയെ കൈകളിൽ വഹിച്ച മറിയത്തിൻ്റെ രൂപം നീക്കം ചെയ്തെങ്കിലും  അപ്പോഴും കാളകൾക്ക് അനങ്ങാൻ കഴിഞ്ഞില്ല. പിന്നീട് അമലോത്ഭവ മാതാവിൻ്റെ രൂപം വണ്ടിയിൽ നിന്നു മാറ്റിയപ്പോൾ വണ്ടി മുന്നോട്ടു നീങ്ങി എന്നാണ് ഐതീഹ്യം. സംഭവമറിഞ്ഞു ഒത്തുകൂടിയ വിശ്വാസികൾ മറിയത്തിൻ്റെ പ്രതിമ അവിടെ തന്നെ സൂക്ഷിക്കാൻ തീരുമാനിച്ചു, അതിൽ പ്രകാരം മറിയത്തിൻ്റെ രൂപം അടുത്തുള്ള  റോസെൻഡോ ഒറമാസ് എന്ന വൈദീകൻ്റെ വീട്ടിലേക്ക് മാറ്റി, മറിയത്തിനായി അദ്ദേഹം അവിടെ ഒരു ചാപ്പൽ നിർമ്മിച്ചു. 1763-ൽ ഈ തിരുസ്വരുപം ലുഹാൻ  നഗരത്തിലെ വലിയ ദേവാലയത്തിലേക്ക് മാറ്റി. 1930-ൽ  പന്ത്രണ്ടാം പീയൂസ് മാർപാപ്പ ഈ മരിയൽ തീർത്ഥാടന കേന്ദ്രത്തെ ബസിലിക്കാ പദവിയിലേക്ക് ഉയർത്തി.  രണ്ടാമത്തെ മരിയൻ തീരുസ്വരൂപം സുമാമ്പയിൽ തന്നെ പ്രതിഷ്ഠിച്ചിരിക്കുന്നു.

ബസിലിക്കായുടെ രണ്ടു പ്രധാന ഗോപുരങ്ങൾക്ക് 106 മീറ്റർ വീതം ഉയരമുണ്ട്. ഫ്രഞ്ച് ഗോതിക് ശൈലിയിലാണ് ഉൾഭാഗം നിർമ്മിച്ചിരിക്കുന്നത്. രണ്ടടി ഉയരം മാത്രമുള്ള കളിമണ്ണിൽ ചുട്ടെടുത്ത പരിശുദ്ധ കന്യകാമറിയത്തിൻ്റെ തിരുസ്വരൂപത്തിൽ ശുദ്ധ സ്വർണ്ണത്തിൽ നിർമ്മിച്ച കിരീടമുണ്ട്. രൂപം നശിക്കാതിരിക്കാൻ 1887 ൽ വെള്ളി കൊണ്ടുള്ള ആവരണം നിർമ്മിച്ചു. അർജൻ്റീനയുടെ ദേശീയ പതാകയുടെ നിറങ്ങളായ വെള്ള നിറത്തിലുള്ള കുപ്പായവും നീല നിറത്തിലുള്ള മേലങ്കിയുമാണ് പരിശുദ്ധ മറിയത്തെ സാധാരണ അണിയിക്കുന്നത്.

പ്രതിവർഷം അറുപതു ലക്ഷം ജനങ്ങൾ സന്ദർശിക്കുന്ന മരിയൻ തീർത്ഥാടന കേന്ദ്രമാണിത്. ഒക്ടോബറിലെ ആദ്യ ഞായാഴ്ചയ്ക്കു മുമ്പോ ശേഷമോ സാധാരണ രീതിയിൽ പത്തു ലക്ഷത്തോളം യുവജനങ്ങൾ ബ്യൂണസ് ഐറിസിൽ നിന്നു 68 കിലോമീറ്റർ കാൽ നടയായി ലുഹാനിലെ മാതാവിൻ്റെ സവിധത്തിൽ എത്തുന്നു. ലുഹാനിലെ മരിയൻ തീർത്ഥാടന കേന്ദ്രത്തിലെ പ്രധാന തിരുനാൾ ദിനങ്ങൾ മെയ് മാസം എട്ടാം തീയതിയും ഡിസംബർ മാസം എട്ടാം തീയതിയുമാണ്.

മരിയൻ മാരത്തോൺ പ്രാർത്ഥന 8: നിയോഗം – ആശയവിനിമയ രംഗത്തുള്ളവർ

1. തിരി കൊളുത്തുക

(പരിശുദ്ധ കന്യകാമറിയത്തിൻ്റെ തിരുസ്വരൂപത്തിൻ്റെ മുമ്പിലോ ഛായചിത്രത്തിൻ്റെ മുമ്പിലോ തിരി കത്തിച്ചു കൊണ്ടാരംഭിക്കുക)

2. തിരുവചന ഭാഗം വായന: ലൂക്കാ 18: 1- 8

(വിശുദ്ധ ലൂക്കാ സുവിശേഷം പതിനെട്ടാം അധ്യായം ഒന്നു മുതൽ എട്ടുവരെയുള്ള തിരുവചന ഭാഗം വായിക്കുക)

ഭഗ്‌നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ യേശു അവരോട്‌ ഒരു ഉപമ പറഞ്ഞു:

ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരുന്യായാധിപന്‍ ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു.

ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള്‍ വന്ന്‌ അവനോട്‌, എതിരാളിക്കെതിരേ എനിക്കു നീതി നടത്തിത്തരണമേ എന്നപേക്‌ഷിക്കുമായിരുന്നു.

കുറേ നാളത്തേക്ക്‌ അവന്‍ അതു ഗൗനിച്ചില്ല. പിന്നീട്‌, അവന്‍ ഇങ്ങനെ ചിന്തിച്ചു: ഞാന്‍ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല.

എങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ടു ഞാന വള്‍ക്കു നീതിനടത്തിക്കൊടുക്കും. അല്ലെങ്കില്‍, അവള്‍ കൂടെക്കൂടെ വന്ന്‌ എന്നെ അസഹ്യപ്പെടുത്തും.

കര്‍ത്താവ്‌ പറഞ്ഞു: നീതിരഹിതനായ ആ ന്യായാധിപന്‍ പറഞ്ഞതെന്തെന്ന്‌ ശ്രദ്‌ധിക്കുവിന്‍.

അങ്ങനെയെങ്കില്‍, രാവും പകലും തന്നെ വിളിച്ചു കരയുന്നതന്റെ തെരഞ്ഞെടുക്കപ്പെട്ട വര്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന്‌ അതിനു കാലവിളംബം വരുത്തുമോ?

അവര്‍ക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?

3. വിചിന്തനം പങ്കുവയ്ക്കുക

(വചന വായനയ്ക്കു ശേഷം അല്പം നിശബ്ദ വിചിന്തനത്തിനുള്ള സമയം അനുവദിക്കുക. കാർമ്മികൻ താഴെ പറയുന്നതോ തത്തുല്യമായ മറ്റെതെങ്കിലും വ്യഖ്യാനം നൽകുക.)

പ്രിയ സഹോദരി സഹോദരന്മാരേ, പകർച്ചവ്യാധിയുടെ സമയം നമ്മുടെ ജീവിതത്തെ സാരമായി ബാധിച്ചു. പരീക്ഷണങ്ങളുടെ ഈ സമയം വിശ്വാസത്തിനു സാക്ഷ്യം വഹിക്കുവാനും പ്രത്യാശ പരിപോഷിപ്പിക്കുവാനും ആത്മീയവും ശാരീരികവുമായ കാരുണ്യ പ്രവർത്തങ്ങളിൽ ഏർപ്പെടാനുമുള്ള നല്ല അവസരമാണ്.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്നാലും മരണസമയത്തും ശവസംസ്കാര ശുശ്രൂഷയിൽ പോലും അവരോടൊപ്പം സന്നിഹിതരായാൽ കഴിയാത്തതിൻ്റെ തീവ്ര ദുഃഖം നമ്മളിൽ ചിലരിൽ തങ്ങി നിൽക്കുന്നു. കുടുബപരവും സാമൂഹികവുമായ ബന്ധങ്ങൾ കഠിനമായ പരീക്ഷണങ്ങൾക്കു വിധേയമായി. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും കുടുബങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു. ഈ അനുഭവങ്ങളിൽ, ആദിമ ക്രൈസ്തവ സമൂഹം എന്തു ചെയ്തു എന്ന്  അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ മനോഹരമായി വിവരിച്ചിരിക്കുന്നു. “സഭ അവനുവേണ്ടി ദൈവത്തോടു തീക്‌ഷണമായി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു” (അപ്പ. പ്രവ 12 : 5). നമ്മുടെ യാചനകൾ കേൾക്കാനായി ദൈവസന്നിധിയിലേക്കു നമ്മുടെ പ്രാർത്ഥനകൾ ഉയർത്താം.

4. പരിശുദ്ധ മാതാവിൻ്റെ സ്തുതിക്കായുള്ള ഒരു ഗാനം ആലപിക്കുക

5. ജപമാല പ്രാർത്ഥന ചൊല്ലുക

നമ്മൾ ഇപ്പോൾ കത്തിച്ച തിരി മഹാവ്യാധിയുടെ അവസാനത്തിനായി പ്രാർത്ഥിക്കാൻ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഓർമ്മപ്പെടുത്തുന്നു. ഈ പ്രാർത്ഥനാലയത്തിൽ ജാഗ്രതയോടെ വ്യാപരിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു. ശരീരികമായി സന്നിഹിതമാകാൻ കഴിയില്ലങ്കിലും ആത്മീയമായി സ്വഭവനങ്ങളിലും ജോലി സ്ഥലങ്ങളിലും ഇടവക സമൂഹങ്ങളിലും ഇരുന്നു കൊണ്ട് ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തോടു ഈ പരീക്ഷണ കാലങ്ങൾ അതിജീവിക്കാനായി നമുക്കു മദ്ധ്യസ്ഥം തേടാം.

നമുക്കു പ്രാർത്ഥിക്കാം

ഓ പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾ നിൻ്റെ സംരക്ഷണം തേടി നിൻ്റെ പക്കൽ വരുന്നു. ഓ ഭാഗ്യവതിയും മഹത്വപൂർണ്ണയുമായ കന്യകയേ, ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളുടെ അപേക്ഷകളെ നീ തള്ളിക്കളയരുതേ, എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ വിടുവിപ്പിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ

പ്രിയ സഹോദരി സഹോദരന്മാരെ, പരിശുദ്ധ പിതാവിനോടുള്ള  ഐക്യത്തിൽ വലിയ പരീക്ഷണങ്ങളുടെ ഈ നാളുകളിൽ ആദിമ ക്രൈസ്തവ സമൂഹങ്ങളെപ്പോലെ പരിശുദ്ധ കന്യകാമറിയത്തിൻ്റെ മദ്ധ്യസ്ഥതയിലുടെ നമ്മളെ അലട്ടുന്ന കോവിഡ് എന്ന മഹാവ്യാധി അവസാനിക്കുന്നതിനായി നമ്മുടെ പ്രാർത്ഥനകള ദൈവസന്നിധിയിലേക്ക് ഉയർത്താം.

ഇന്നേ ദിനം പ്രത്യേകമായി, അർജൻറീനയിൽ ലുഹാനിലെ പരിശുദ്ധ കന്യകാമറിയത്തിൻ്റെ തീർത്ഥാടന കേന്ദ്രത്തോട് ചേർന്ന് ആശയവിനിമയ രംഗത്തുള്ളവരെ സമർപ്പിച്ചു നമുക്കു പ്രാർത്ഥിക്കാം.

പരിശുദ്ധ കന്യകാമറിയത്തിൻ്റെ ചിത്രത്തിനു മുമ്പിൽ എരിയുന്ന ഈ തിരികൾ നമ്മുടെ അന്ധകാരത്തിൻ്റെ നിമിഷങ്ങളെ പ്രകാശിപ്പിക്കുകയും വെളിച്ചത്തിൻ്റെ പുതിയ അരുണോദയത്തിലേക്കു നമ്മുടെ ജീവിതങ്ങളെ പരിവർത്തനം ചെയ്യുകയും ചെയ്യട്ടെ.

(ഇപ്പോൾ നമുക്കു ജപമാല പ്രാർത്ഥന ജപിക്കാം. ജപമാലയുടെ അവസാനം ലുത്തിനിയാ, മരിയൻ ഗീതങ്ങൾ എന്നിവ  പാടാവുന്നതാണ്.)

6. പ്രാർത്ഥന

ഓ പരിശുദ്ധ ദൈവ മാതാവേ, ഞങ്ങൾ നിൻ്റെ സംരക്ഷണം തേടി വരുന്നു. ലോകം മുഴുവൻ കഷ്ടപ്പാടുകൾക്കും ഉത്കണ്ഠകൾക്കും ഇരയായിരിക്കുന്ന ഈ ദാരുണ സാഹചര്യത്തിൽ, ദൈവമാതാവും ഞങ്ങളുടെ അമ്മയുമായ നിൻ്റെ പക്കലേക്കു ഞങ്ങൾ ഓടി വരുകയും നിൻ്റെ സംരക്ഷണത്തിൽ അഭയം തേടുകയും ചെയ്യുന്നു.

കന്യകാമറിയമേ, കോറോണ വൈറസ് തീർക്കുന്ന പകർച്ചവ്യാധിക്കിടയിൽ നിൻ്റെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരേ തിരിക്കണമേ. അസ്വസ്ഥരായവരെയും പ്രിയപ്പെട്ടവരുടെ വേർപാടുമൂലം വിലപിക്കുന്നവരെയും ആശ്വസിപ്പിക്കണമേ. പ്രിയപ്പെട്ടവരുടെ രോഗം മൂലം ആകുലചിത്തരായിരിക്കുന്നവരോടും രോഗം പടരാതിരിക്കാൽ പ്രിയപ്പെട്ടവരിൽ നിന്നു അകന്നു  നിൽക്കുന്നവരോടും നീ ചേർന്നു നിൽക്കണമേ. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളാലും സമ്പദ് വ്യവസ്ഥയും തൊഴിലില്ലായ്മയും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളാൽ വിഷമിക്കുന്നവരിൽ  നീ പ്രത്യശ നിറയ്ക്കണമേ.

ദൈവമാതാവും ഞങ്ങളുടെ അമ്മയുമായ മറിയമേ, ഈ മഹാവ്യാധി അവസാനിക്കുവാനും പ്രത്യാശയും സമാധാനവും പുതുതായി ഉദയം ചെയ്യുവാനും കരുണയുള്ള പിതാവായ ദൈവത്തോടു ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. രോഗികളുടെയും അവരോടു ബന്ധപ്പെട്ട കുടുംബങ്ങളുടെയും ആശ്വാസത്തിനും അവരുടെ ഹൃദയങ്ങളിൽ ആത്മവിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും കിരണങ്ങൾ വിരിയുവാനും കാനായിൽ നിൻ്റെ ദിവ്യ സുതനോടു അപേക്ഷിച്ചുപോലെ ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണമേ. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി അപകട സാധ്യതകളൾ നിറഞ്ഞ അത്യാഹിത വിഭാഗങ്ങളിൽ മുൻനിരയിൽ ശുശ്രൂഷ ചെയ്യുന്ന ഡോക്ടർമാരെയും നേഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും സന്നദ്ധ പ്രവർത്തകരെയും  സംരക്ഷിക്കണമേ. അവരുടെ വീരോചിതമായ പരിശ്രമങ്ങളെ സഹായിക്കുകയും അവർക്കു ആരോഗ്യവും മഹാമനസ്കതയും  ശക്തിയും നൽകുകയും ചെയ്യണമേ.

ദുഃഖിതരുടെ ആശ്വാസമായ മറിയമേ, ദുരിതത്തിലകപ്പെട്ടിരിക്കുന്ന നിൻ്റെ എല്ലാ മക്കളെയും ആശ്വസിപ്പിക്കുകയും ദൈവം തൻ്റെ സർവ്വശക്തമായ കരം നീട്ടി ഭയാനകമായ ഈ പകർച്ചവ്യാധിയിൽ നിന്നു മോചനം നൽകുന്നതിനായി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമേ, അതുവഴി സാധാരണ ജീവിതത്തിലേക്കു ഞങ്ങൾ മടങ്ങി വരട്ടെ. രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി ഞങ്ങളുടെ ജീവിതയാത്രയിൽ വിളങ്ങി ശോഭിക്കുന്ന മാധുര്യവും സ്നേഹവും കരുണയും നിറഞ്ഞ പരിശുദ്ധ അമ്മേ, ഞങ്ങളെത്തന്നെ നിനക്കു ഞങ്ങൾ  ഭരമേല്പിക്കുന്നു. ആമ്മേൻ

7. സമാപന പ്രാർത്ഥന

പ്രിയ സഹോദരി സഹോദരന്മാരെ, ഇന്നേ ദിനം പരിശുദ്ധ കന്യകാമറിയത്തിൻ്റെ കരങ്ങളിലൂടെ പ്രത്യേകമായി അർജൻറീനയിൽ ലുഹാനിലെ പരിശുദ്ധ കന്യകാമറിയത്തിൻ്റെ തീർത്ഥാടന കേന്ദ്രത്തോട് ചേർന്ന് ആശയവിനിമയ രംഗത്തുള്ളവരെയും നാം ദൈവത്തിനു സമർപ്പിച്ചുവല്ലോ. നമ്മുടെ യാചനകൾ അവിടുന്നു ശ്രവിക്കുകയും അവ സാധിച്ചുു തരുകയും ചെയ്യട്ടെ.

8. എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥന

എത്രയും ദയയുള്ള മാതാവേ/ നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‌‌/ നിന്‍റെ സഹായം തേടി/ നിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍/ ഒരുവനെയെങ്കിലും/ നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല/ എന്ന്‌ നീ ഓര്‍ക്കണമെ. കന്യകളുടെ രാജ്ഞിയായ കന്യകേ/ ദയയുള്ള മാതാവെ/ ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ടു/ നിന്‍റെ തൃപ്പാദത്തിങ്കല്‍/ ഞാന്‍ അണയുന്നു‍. വിലപിച്ചു കണ്ണുനീര്‍ ചിന്തി/ പാപിയായ ഞാന്‍/ നിന്‍റെ ദയാധിക്യത്തെ കാത്തു കൊണ്ട്‌/ നിന്‍റെ സന്നിധിയില്‍/ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ/ എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ/ ദയാപൂര്‍വ്വം കേട്ടരുളേണമെ, ആമ്മേന്‍.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.