ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള നാല് വസ്തുതകൾ  

ക്രിസ്തു തന്റെ അപ്പസ്തോലൻമാരുമൊത്തുള്ള അന്ത്യത്താഴത്തിന്റെ പ്രതീകാത്മകമായി സ്ഥാപിക്കപ്പെട്ടതാണ് വിശുദ്ധ കുർബാന. പക്ഷെ ദിവ്യകാരുണ്യത്തിൽ യേശു ജീവിക്കുന്നു എന്ന് കത്തോലിക്കർക്ക് ഉറച്ച് വിശ്വസിക്കുവാൻ സാധിക്കുന്നുണ്ടോ എന്നത് സംശയമാണ്. എന്നാൽ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ദിവ്യകാരുണ്യം കേവലം ഒരു പ്രതീകമല്ല, മറിച്ച് യേശുക്രിസ്തു തന്നെയാണ്. ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള നാല് വസ്തുതകൾ:

1. യേശു യഥാർത്ഥത്തിൽ സന്നിഹിതനായിരിക്കുന്നു

കത്തോലിക്കാ തിരുസഭ പഠിപ്പിക്കുന്ന പദങ്ങളിൽ ഒന്നാണ് ‘transubstantiation’ അഥവാ അവസ്ഥാന്തരീകരണം. വിശുദ്ധ കുർബാനയർപ്പണത്തിൽ വൈദികൻ അപ്പവും വീഞ്ഞും വാഴ്ത്തുമ്പോൾ അത് യേശുവിന്റെ ശരീരവും രക്തവുമായി രൂപാന്തരീകരണം പ്രാപിക്കപ്പെടുന്നു.(CCC 1376). വിശുദ്ധ ഗ്രന്ഥത്തെയും പാരമ്പര്യത്തെയും അടിസ്ഥാനപ്പെടുത്തിയാണ് ഈ വിശ്വാസസത്യം നാം മനസ്സിലാക്കുന്നത്. അഭിഷിക്തൻ ആശീർവദിക്കുമ്പോൾ ദൈവത്തിന്റെ പ്രത്യേകമായ ആശീർവാദത്താലാണ്‌ ഇത് സംഭവിക്കുന്നത്.

2. ദിവ്യകാരുണ്യത്തിന്റെ സാന്നിധ്യം പൈശാചിക ശക്തികളെ ഭയപ്പെടുത്തുന്നു

വിശുദ്ധ യാക്കോബ് ശ്ലീഹായുടെ ലേഖനത്തിൽ രണ്ടാം അദ്ധ്യായം പത്തൊൻപതാം വാക്യം ഇപ്രകാരം പറയുന്നു: “ദൈവം ഏകനാണെന്നു നീ വിശ്വസിക്കുന്നു; അത് നല്ലതു തന്നെ. പിശാചുക്കളും അങ്ങനെ വിശ്വസിക്കുന്നു. അവർ ഭയന്ന് വിറയ്ക്കുകയും ചെയ്യുന്നു.” ഒരു പക്ഷെ വിശ്വാസികളായ മനുഷ്യരെക്കാളുപരി പൈശാചിക ശക്തികളായിരിക്കും ദൈവ സാന്നിധ്യം ദിവ്യകാരുണ്യത്തിൽ നിലനിൽക്കുന്നുണ്ടെന്ന് ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത്!

3. വിശുദ്ധ ബൈബിളിൽ ദിവ്യകാരുണ്യത്തെക്കുറിച്ച് വ്യക്തമായി പറയുന്നു

ദിവ്യകാരുണ്യത്തെക്കുറിച്ച് ഏറ്റവും ശക്തമായ പരാമർശം വി. യോഹന്നാൻ ശ്ലീഹായാണ് നൽകുന്നത്. “എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യ ജീവനുണ്ട്. അവസാന ദിവസം ഞാൻ അവനെ ഉയിർപ്പിക്കും. എന്തെന്നാൽ എന്റെ ശരീരം യഥാർത്ഥ ഭക്ഷണമാണ്. എന്റെ രക്തം യഥാർത്ഥ പാനീയവുമാണ്. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു. ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു; ഞാൻ പിതാവ് മൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്ഷിക്കുന്നവൻ ഞാൻ മൂലം ജീവിക്കും. ഇത് സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവനുള്ള അപ്പമാണ്. പിതാക്കൻമാർ മന്നാ ഭക്ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയാണ് ഈ അപ്പം. ഇത് ഭക്ഷിക്കുന്നവൻ എന്നേയ്ക്കും ജീവിക്കും.”(യോഹ 6 : 54 -57 ). ദിവ്യകാരുണ്യത്തെക്കുറിച്ച് യേശുവിന്റെ വാക്കുകൾ ഉദ്ധരിച്ച വിശുദ്ധ യോഹന്നാന്റെ സാക്ഷ്യത്തിനു മറ്റൊരു വിശദീകരണം ആവശ്യമില്ല.

4. ആദിമ ക്രൈസ്തവ സഭയിലുടനീളം യേശുവിന്റെ ശരീരവും രക്തവും ഒരു പ്രതീകം മാത്രമല്ലെന്ന് വിശ്വസിച്ചിരുന്നു

“നശിക്കുന്ന ഭക്ഷണത്തോടോ ഈ ജീവിതത്തിലെ ആനന്ദത്തോടോ എനിക്ക് യാതൊരു അഭിരുചിയുമില്ല. ദാവീദിന്റെ സന്തതിയായ ക്രിസ്തുവിന്റെ മാംസമായ ദൈവത്തിന്റെ അപ്പം എനിക്ക് വേണം. ഒരിക്കലും നശിപ്പിക്കുവാൻ സാധിക്കാത്ത അവന്റെ സ്നേഹത്തിന്റെ രക്തം എനിക്ക് പാനം ചെയ്യണം.” അന്ത്യോക്യയിലെ വി. ഇഗ്‌നേഷ്യസ് ഒന്നാം നൂറ്റാണ്ടിൽ പറഞ്ഞതാണിത്. രണ്ടാം നൂറ്റാണ്ടിൽ വിശുദ്ധ ജസ്റ്റിനും  വി. ഐറേനിയോസും എല്ലാം ഇക്കാര്യത്തെ തന്നെ അവരുടേതായ രീതിയിൽ പറഞ്ഞു വയ്ക്കുന്നുണ്ട്. ആദിമുതൽ തന്നെ നൽകുന്ന സാക്ഷ്യങ്ങളെല്ലാം സത്യമാണ്. ദിവ്യകാരുണ്യത്തിൽ അവിടുന്ന് വസിക്കുന്നു എന്ന ഉറപ്പോടുകൂടി നമുക്കും ആയിരിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.