നിക്കരാഗ്വയിലെ ക്രൈസ്തവ സഭക്കു നേരെ അതിക്രമം തുടർന്ന് ഒർട്ടെഗ ഭരണകൂടം; ഒരുമിച്ചു നിന്ന് വിശ്വാസികൾ

പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ ഭരണകൂടം ക്രൈസ്തവർക്കു നേരെ അഴിച്ചുവിടുന്ന അടിച്ചമർത്തലുകളും പീഡനങ്ങളും വർദ്ധിക്കുന്നു. വർഷങ്ങളായി ക്രൈസ്തവർ തുടർന്നുവരുന്ന പല ആചാരങ്ങൾക്കും സുരക്ഷാകാര്യങ്ങളുടെ പേരിൽ കടിഞ്ഞാണിടുകയാണ് അധികാരികൾ. കഴിഞ്ഞ ദിവസം പരിശുദ്ധ അമ്മയുടെ രൂപം വഹിച്ചുകൊണ്ട് നടത്താനിരുന്ന പ്രദക്ഷിണം തടഞ്ഞിരുന്നു. പ്രദക്ഷിണം നടന്നില്ലെങ്കിലും കത്തീഡ്രൽ ദൈവാലയത്തിൽ നടത്തപ്പെട്ട തിരുക്കർമ്മങ്ങളിൽ ആയിരത്തിലധികം വിശ്വാസികൾ പങ്കെടുത്തു.

കത്തീഡ്രൽ ദൈവാലയത്തിൽ കർമ്മങ്ങളിൽ പങ്കെടുത്ത വിശ്വാസികൾ വത്തിക്കാന്റെയും നിക്കരാഗ്വയുടെയും പതാകകൾ വീശി. ‘പരിശുദ്ധ അമ്മ നിക്കരാഗ്വയുടേതാണ്; നിക്കരാഗ്വ പരിശുദ്ധ അമ്മയുടേതാണ്’ എന്ന് വിശ്വാസികൾ ആവേശപൂർവ്വം വിളിച്ചുപറഞ്ഞു. ‘നിക്കരാഗ്വക്കാരായ നമ്മുടെ ഓരോരുത്തരുടെയും മനസിലും ഹൃദയത്തിലും ഫാത്തിമാ മാതാവിനോടുള്ള സ്നേഹം ആർക്കും ഇല്ലാതാക്കാൻ കഴിയില്ല’ – മനാഗ്വയിലെ ആർച്ചുബിഷപ്പായ കർദ്ദിനാൾ ലിയോപോൾഡോ ബ്രെൻസ് തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

ഞായറാഴ്ച കത്തീഡ്രൽ ദൈവാലയത്തിൽ നടന്ന പരിപാടികൾക്ക് തടയിടാൻ പോലീസ് പരമാവധി ശ്രമിച്ചിരുന്നു. പല ഇടവക വൈദികരെയും കത്തീഡ്രലിലേക്ക് പോകുന്നത് വിലക്കി. പരിശുദ്ധ അമ്മയുടെ രൂപം കൊണ്ടുപോകുന്നതിനായി എത്തിച്ച വാഹനങ്ങളും മറ്റും ഇല്ലാത്ത കാരണങ്ങൾ നിരത്തി പോലീസ് കസ്റ്റഡിയിലെടുത്തു. ഈ അടിച്ചാർത്തലുകളെയൊക്കെ അതിജീവിച്ചാണ് ആയിരക്കണക്കിന് ജനങ്ങൾ നിക്കരാഗ്വയിലെ കത്തീഡ്രലിൽ ഒന്നിച്ചുകൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.