
‘ലോകം മുഴുവന്‍ എന്റെ മരണം ഉറപ്പിച്ച അന്ന്, പാദ്രെ പിയോ എന്റെ പക്കല്‍ വന്നു. എന്നിട്ട് എന്നോട് പറഞ്ഞു, നീ വേഗം സുഖം പ്രാപിക്കും’. വിശുദ്ധ പാദ്രെ പിയോയുടെ നാമത്തില്‍ തന്റെ ജീവിതത്തില്‍ നടന്ന അത്ഭുതത്തെ കുറിച്ച് കൊലേല്ല പറഞ്ഞു. വിശുദ്ധനെക്കുറിച്ചുള്ള ‘എല്‍ മിസ്റ്റേരിയോ ഡെല്‍ പാദ്രെ പിയോ’ (ദി മിസ്ട്രി ഓഫ് പാദ്രെ പിയോ) എന്ന ഡോക്യുമെന്ററിയുടെ റിലീസിന് മുന്‍പായാണ് കൊലേല്ല തന്റെ സാക്ഷ്യം വെളിപ്പെടുത്തിയത്.
കൊലേല്ലക്ക് ഏഴു വയസ്സുള്ളപ്പോഴാണ് ഈ അത്ഭുതം സംഭവിക്കുന്നത്. ഒട്ടും വയ്യാതെ വീട്ടില്‍ കടന്ന കൊലേല്ലയെ അമ്മ മടിയായിരിക്കും എന്ന് കരുതി നിബന്ധിച്ചു സ്‌കൂളില്‍ അയച്ചു. തിരികെ വന്നു കിടന്ന കലോല്ലയ്ക്കു വൈകിട്ട് അമ്മയെ പോലും തിരിച്ചറിയുവാന്‍ കഴിയുമായിരുന്നില്ല. ഉടന്‍ തന്നെ ആശുപത്രില്‍ കൊണ്ടുപോയി. രോഗം സ്ഥിരീകരിക്കുമ്പോള്‍ ബാക്ടീരിയ മൂലമുണ്ടായ അക്യൂട്ട് ഫുള്‍മിനന്റ് മെനിഞ്ചൈറ്റിസ് എന്ന മാരകരോഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലായിരുന്നു കൊലേല്ല. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കൊലേല്ല അധികം താമസിയാതെ തന്നെ ‘കോമ’ സ്റ്റേജിലായി.
വിശുദ്ധ പാദ്രെ പിയോ തന്നെ സ്ഥാപിച്ച ‘കാസാ സൊള്ളിവോ ഡെല്ലാ സോഫ്രെന്‍സാ’ എന്ന ആശുപത്രിയില്‍ ആയിരുന്നു കൊലേല്ലയെ പ്രവേശിപ്പിച്ചിരുന്നത്. കൊലേല്ലയുടെ അമ്മയായ മരിയ ലൂസി വിശുദ്ധ പാദ്രെ പിയോയുടെ കല്ലറയില്‍ പോയി തന്റെ മകന് വേണ്ടി മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് മരിച്ചുവെന്ന് വിധിയെഴുതിയ കൊലേല്ലയ്ക്കുണ്ടായ മാറ്റം ഡോക്ടര്‍മാരെ സ്തബ്ദരാക്കുന്നതായിരുന്നു. വിശുദ്ധന്റെ മധ്യസ്ഥതയാല്‍ അത്ഭുതകരമായി അവന്‍ ജീവിതത്തിലേക്ക് തിരികെ വന്നു.
‘വിഷമിക്കേണ്ട ഉടന്‍ തന്നെ നിന്റെ രോഗം ഭേദമാകും’ എന്ന് വിശുദ്ധന്‍ തന്നോട് സ്വപ്നത്തില്‍ പറഞ്ഞിരുന്നു’ പിന്നീട് കൊലേല്ല വെളിപ്പെടുത്തി. ഈ അത്ഭുതത്തെ തുടര്‍ന്ന് 2002 ജൂണിലാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാദ്രെ പിയോയെ വിശുദ്ധനായി പ്രഖ്യാപിച്ചത്. സിനിമ നിര്‍മ്മാതാവും എഴുത്തുകാരനുമായ ജോസ് മരിയ സാവാല സംവിധാനം ചെയ്തിരിക്കുന്ന ഡോക്യുമെന്ററിയില്‍ കൊലേല്ലയുടെ സാക്ഷ്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.




